വിവർത്തനം
പ്രിയപ്രഭോ, പൂർവ്വജന്മദുഷ്കൃതികളുടെ ഫലങ്ങളൊക്കെ ക്ഷമയോടെ അനുഭവിച്ചുകൊണ്ട്, മനസാ വാചാ കർമ്മണാ അങ്ങയെ സാദരം പ്രണമിച്ചുകൊണ്ട് അങ്ങയുടെ അഹൈതുകമായ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരുവൻ മോക്ഷത്തിനർഹനാണ്. കാരണം അതവന്റെ ന്യായമായ അവകാശമായി ഭവിച്ചിരിക്കുന്നു.
ഭാവാർത്ഥം
നിയമാനുസൃതമായി ജനിച്ച പുത്രൻ ജീവനോടെ ഇരുന്നാൽ മാത്രം മതി പിതാവിന്റെ സ്വത്തിനവകാശിയാകാൻ. അതുപോലെ ഭക്തിയോഗത്തിന്റെ നിയന്ത്രണതത്ത്വങ്ങൾ നാലും പിന്തുടർന്നുകൊണ്ട് കൃഷ്ണാവബോധത്തി ജീവിച്ചാൽ മാത്രം മതിയാകും പരമപുരുഷന്റെ കാരുണ്യത്തിനർഹനാകാനെന്ന് ശ്രീല ശ്രീധര സ്വാമി തന്റെ ഭാഷ്യത്തിൽ വിവരിക്കുന്നു. എന്നു വെച്ചാൽ അയാൾ ഭഗവാന്റെ ധാമത്തിലേക്കുയർത്തപ്പെടുമെന്നു തന്നെ.
ഒരു ഭക്തൻ പൂർവ്വജന്മകർമ്മങ്ങളുടെ ദുരിതഫലങ്ങൾ വേദനയോടെ അനുഭവിക്കുമ്പോഴും ആത്മാർത്ഥതയോടെ ഭഗവാന്റെ കാരുണ്യത്തിനു കാക്കുന്നുവെന്നാണ് സുസമീക്ഷമാണ എന്ന വാക്ക് സൂചിപ്പിക്കുന്നത്. തന്നിൽ പൂർണമായും ശരണമടഞ്ഞാൽ പിന്നെ ആ ഭക്തന് പൂർവ്വജന്മകർമ്മ ഫലം അനുഭവിക്കേണ്ടിവരികയില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നു. എന്നിരുന്നാലും ആ ഭക്തന്റെയുള്ളിൽ പൂർവ്വജന്മത്തിലെ പാപമനഃസ്ഥിതിയുടെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടാകാമെന്നതിനാൽ, പൂർവ്വജന്മപാപഫലമെന്നു തോന്നിയേക്കാവുന്ന ചില ശിക്ഷകൾ കൊണ്ട്, ഭഗവാൻ അവന്റെയുള്ളിലെ സുഖഭോഗ പ്രവണതയുടെ അവസാനത്തെ കറകളും കൂടി തുടച്ചു മാറ്റുന്നു. ഭഗവാനെക്കൂടാതെ ആഹ്ലാദിക്കുവാനുള്ള ജീവാത്മാവിന്റെ പ്രവണത തിരുത്താൻ വേണ്ടിയാണ് ഭഗവാൻ പ്രപഞ്ചസൃഷ്ടി നടത്തിയതുതന്നെ. അപ്പോൾ ഒരു പാപത്തിനു നൽകുന്ന ശിക്ഷ അതു ചെയ്യാനിടയാക്കിയ മാനസികാവസ്ഥയെ തടയാൻ വേണ്ടി പ്രത്യേകം ക്രമീകരിച്ചതാവും. ഭഗവത്സേവനത്തിന് തന്നെ സമർപ്പിച്ച് കഴിഞ്ഞ ഭക്തനാണെങ്കിൽപ്പോലും അയാൾ കൃഷ്ണാവബോധത്തിൽ പരിപൂർണ്ണനാകുന്നതുവരെ, ഭൗതിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ അയാളിൽ അല്പമൊക്കെ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ആ ബാക്കി നിൽക്കുന്ന സുഖതൃഷ്ണയെയും കൂടി ദുരീകരിക്കാൻ വേണ്ടി ഭഗവാൻ ചില പ്രത്യേക സന്ദർഭങ്ങൾ സൃഷ്ടിക്കും. കർമ്മഫലം മൂലമുണ്ടാകുന്നതല്ല ഒരാത്മാർത്ഥ ഭക്തനു നേരിടുന്ന ഈ സങ്കടം. എന്നു മാത്രമല്ല ഈ ഭൗതികലോകം മുഴുവനായി വിട്ടെറിഞ്ഞ്, ഭഗവദ്ധാമത്തിലേയ്ക്ക് മടങ്ങാനുള്ള ത്വര അയാളിൽ ജനിപ്പിക്കാൻ ഭഗവാൻ ചൊരിയുന്ന പ്രത്യേക കരുണയാണത്. ഒരു ആത്മാർത്ഥ ഭക്തൻ ഭഗവാന്റെ വാസസ്ഥാനത്തേക്ക് തിരിച്ചുപോകാനായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനാലയാൾ ഭഗവാൻ നൽകുന്ന കരുണാപൂർവ്വമായ ശിക്ഷ സസന്തോഷം സ്വീകരിച്ച്, തുടർന്നും മനസാ വാചാ കർമ്മണാ ഭഗവാനെ സാദരം പ്രണമിക്കുകയും ചെയ്യും. എല്ലാ യാതനകളെയും ഭഗവാനുമായി നേരിട്ടു ബന്ധപ്പെടാൻ വേണ്ടി നൽകുന്ന ചെറിയൊരു വിലയായി കരുതുന്ന യഥാർത്ഥ ഭക്തൻ, ഭഗവാന്റെ ഉത്തമദാസൻ, ദായഭാക് എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ തീർച്ചയായും ഭഗവാന്റെ ന്യായമായ അവകാശിയായ പുത്രനായിത്തീരും. അഗ്നിയായിത്തീർന്നാലല്ലേ സൂര്യനെത്തൊടാൻ പറ്റൂ? അതുപോലെ തീവ്രമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകാതെ പരിശുദ്ധിയുടെ പരമപൂർണ്ണതയായ കൃഷ്ണനെ സമീപിക്കാനാവില്ല. പുറമേയ്ക്ക് യാതനയായി കാണപ്പെട്ടാലും യഥാർത്ഥത്തിലത് ഭഗവാൻ സ്വന്തം കൈയാൽ ചെയ്യുന്ന ചികിത്സാവിധിയാണ്.
(ശ്രീമദ് ഭാഗവതം 10-14-8 ( വിവർത്തനം & ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .