ഭൂയ ഏവ വിവിത്സാമി ഭഗവാനാത്മമായയാ
യഥേദം സൃജതേ വിശ്വം ദുർവിഭാവ്യമമധീശ്വരൈഃ
വിവർത്തനം
ശ്രേഷ്ഠരായ ദേവന്മാർക്കുപോലും അചിന്ത്യമായ ഈ ആശ്ചര്യജനകമായ പ്രപഞ്ചങ്ങളെ അവ്വണ്ണം പരമദിവോത്തമ പുരുഷൻ, അദ്ദേഹത്തിന്റെ സ്വകീയ ശക്തികളാൽ എപ്രകാരമാണ് സൃഷ്ടിക്കുന്നതെന്ന് വിശദമാക്കിത്തരണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു.
ഭാവാർഥം
ദർശനവിശേഷമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള പരമപ്രധാനമായ ചോദ്യം, ജിജ്ഞാസുവായ ഓരോ മനസ്സിലുമുറിക്കുന്നു. ആകയാൽ, പരമദിവ്യോത്തമ പുരുഷന്റെ, ഭഗവാന്റെ സർവ കർമങ്ങളെയുംകുറിച്ച് സ്വന്തം ആത്മീയഗുരുവിൽ നിന്നും അറിയേണ്ടുന്ന പരീക്ഷിത്ത് മഹാരാജാവിനെ പോലൊരു വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം, അത്തരമൊരു അന്വേഷണം ഒട്ടും അസാധാരണമല്ല. എല്ലാ അസാധാരണ കാര്യങ്ങളെക്കുറിച്ചും നാം വിദ്വാനായ വ്യക്തിയിൽനിന്നും അന്വേഷിച്ചറിയേണ്ടതുണ്ട്. സൃഷ്ടിയെ സംബന്ധിച്ച ചോദ്യവും, ഉചിതനായ വ്യക്തിയോട് ആരായേണ്ട അത്തരം ചോദ്യങ്ങളിൽ ഒന്നാണ്. ആകയാൽ ആത്മീയഗുരു, ശ്രീ ശുകേദവ ഗോസ്വാമിയുമായി ബന്ധപ്പെടുത്തി മുമ്പു പ്രസ്താവിച്ചപോലെ, സർവജ്ഞനായ ഒരുവൻ ആയിരിക്കണം. അപ്രകാരമായാൽ, ഭഗവാനെ അടിസ്ഥാനമാക്കി ശിഷ്യന് അജ്ഞമായതെല്ലാം, യോഗ്യനായ ആത്മീയ ഗുരുവിൽനിന്നും അന്വേഷിച്ചറിയാം. ഇവിടെ പ്രായോഗിക ദൃഷ്ടാന്തമായി പരീക്ഷിത്ത് മഹാരാജാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതാരംഭത്തിൽ (ജന്മാദസ്യ) നാമേവരും മനസ്സിലാക്കിയതുപോലെ, നാം കാണുന്നതൊക്കെയും ഭഗവദ്ശക്തിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പരീക്ഷിത്ത് മഹാരാജാവിന് മുമ്പേ അറിയാമായിരുന്നു. അതിനാൽ, സൃഷ്ടിയെന്ന പ്രക്രിയയെക്കുറിച്ചറിയാൻ അദ്ദേഹം ആഗ്രഹിച്ചു. സൃഷ്ടിയുടെ ഉൽപ ത്തിയെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അല്ലാത്തപക്ഷം,
അസാധാരണമായ പ്രപഞ്ചത്തെ പരമദിവ്യോത്തമ പുരുഷൻ, അദ്ദേഹത്തിന്റെ വിഭിന്ന ശക്തികളാൽ സൃഷ്ടിച്ചത് എപ്രകാരമാണെന്ന് അദ്ദേഹം അന്വേഷിക്കുമായിരുന്നില്ല. സൃഷ്ടി ഏതോ ഒരു സൃഷ്ടികർത്താവാൽ സൃഷ്ടിക്കപ്പെട്ടതാണെന്നും, അല്ലാതെ, താനേ ഉണ്ടായതല്ലെന്നും അറിയാം. പ്രായോഗിക ലോകത്ത് ഒരു വസ്തുവും താനേ ഉണ്ടായതായ ഒരു അനുഭവവും നമുക്കില്ല. സൃഷ്ടിപരമായ ശക്തി സ്വതന്ത്രവും, വൈദ്യുതി പ്രവർത്തിക്കുന്നതുപോലെ സ്വയം പ്രവർത്തിക്കുന്നതുമാണെന്ന് വിഡ്ഢികൾ പറയുന്നു. എന്നാൽ വൈദ്യുതിപോലും, ഏതോ ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്ന വൈദ്യുതി നിലയത്തിലെ എഞ്ചിനീയർ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. അപ്രകാരം ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ചുമതലയുള്ള എഞ്ചിനീയറുടെ മേൽനോട്ടത്തിൽ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്നു. സൃഷ്ടിയുമായി ബന്ധപ്പെട്ട ഭഗവദ്മേൽനോട്ടം ഭഗവദ്ഗീത(9.10)യിൽ പോലും സൂചിപ്പിച്ചിരിക്കുന്നു. പരമപുരുഷന്റെ അത്തരം അസംഖ്യം ശക്തികളിൽ ഒന്നിന്റെ ആവിഷ്കരണമാണ് ഭൗതിക ശക്തിയെന്ന് അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. അനുഭവജ്ഞാനം ലഭിച്ചിട്ടില്ലാത്ത ഒരു ബാലൻ, ഇലക്ട്രോണിക്സിന്റെയും, വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റനേകം കൗതുകകരമായ വസ്തുക്കളുടെയും അവ്യക്തിഗത പ്രവൃത്തികളിൽ അത്ഭുത പരതന്ത്രനായിത്തീർന്നേക്കാമെങ്കിലും, അത്തരം പ്രവൃത്തികളുടെ പിന്നിൽ അതിനു കാരകമായ ശക്തിയെ സൃഷ്ടിക്കുന്ന ഒരു മനുഷ്യൻ ഉണ്ടെന്ന് അനുഭവജ്ഞാനമുള്ള ഒരുവൻ തിരിച്ചറിയുന്നു. അതുപോലെ, ലോകത്തിലെ പണ്ഡിതരും, ദാർശനികരും വിശ്വപ്രപഞ്ചത്തിന്റെ നിരാകാരസൃഷ്ടിയെക്കുറിച്ച്, മാനസിക ഊഹാപോഹത്താൽ നിരവധി കാൽപ്പനിക സിദ്ധാന്തങ്ങൾ അവതരിപ്പിച്ചാൽത്തന്നെയും, വൈദ്യുതോത്പാദനത്തിനു പിന്നിൽ വൈദ്യുതി നിലയത്തിലെ എഞ്ചിനീയറുള്ളതുപോലെ, സൃഷ്ടി ക്കു പിന്നിൽ ഭഗവദ്കരങ്ങളാണെന്ന് ഭഗവദ്ഗീതാ അധ്യയനത്തിലൂടെ, ബുദ്ധിയുള്ള ഭഗവദ്ഭക്തന് മനസ്സിലാക്കാൻ കഴിയും. ഗവേഷണ വിദ്യാർഥി സകലതിന്റെയും കാരണങ്ങളെയും ഫലങ്ങളെയും കണ്ടെത്തുന്നു. എന്നാൽ ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, അതുപോലെ മഹത്വമുള്ള മറ്റ് ദേവന്മാർ എന്നീ ഗവേഷക പണ്ഡിതർ, ചിലപ്പോഴൊക്കെ ഭഗവാന്റെ സൃഷ്ടി പരമായ ശക്തിയെ ദർശിച്ച് അന്ധാളിച്ചുപോയിട്ടുണ്ട്. ആകയാൽ, നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന നിസ്സാരന്മാരായ ലൗകിക പണ്ഡിതന്മാരെക്കുറിച്ചെന്തു പറയാനാണ്? പ്രപഞ്ചത്തിലെ വിഭിന്ന ഗ്രഹങ്ങളിൽ,വിഭിന്ന ജീവിതസാഹചര്യങ്ങളാകയാലും, ഒരു ഗ്രഹം മറ്റുള്ളവയെ അപേക്ഷിച്ച് ശ്രേഷ്ഠമായതിനാലും, അതാതു ഗ്രഹങ്ങളിലെ ജീവസത്തകളുടെ തലച്ചോറുകൾക്കും നിയതമായ (സ്പഷ്ടമായ) വ്യത്യസ്ത മൂല്യങ്ങളുണ്ട്. ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ, ഈ ഭൂലോകത്തിലെ നിവാസികൾക്ക്, അചിന്ത്യമായ ആയുസ്സുളള ബ്രഹ്മലോകത്തിലെ നിവാസികളുടെ ആയുസ്സ്യമായി സാമ്യപ്പെടുത്തിയാൽ, അത് ഭൂലോകത്തിലെ ഒരു മഹാശാസ്ത്രജ്ഞനും സങ്കൽപ്പിക്കുവാൻ പോലും കഴിയാത്തയാണെന്ന് ഒരുവന് മനസ്സിലാക്കാൻ കഴിയും. അവ്വണ്ണം ശ്രേഷ്ഠ ബുദ്ധിശക്തിയുള്ള, അഥവാ ഉന്നത മസ്തിഷ്ക മൂല്യാങ്കമുള്ള ബ്രഹ്മദേവൻ പോലും അദ്ദേഹത്തിന്റെ മഹത്തായ ബ്രഹ്മ-സംഹിതയിൽ ഇപ്രകാരം പറയുന്നു.
ഈശ്വരഃ പരമഃ കൃഷ്ണഃ
സദ്-ചിദ്-ആനന്ദ വിഗ്രഹഃ
അനാദി ആദിർ ഗോവിന്ദ
സർവ-കാരണ-കാരണം
ഭഗവദ്ഗുണങ്ങളുള്ള അനവധി വ്യക്തിത്വങ്ങളുണ്ടെങ്കിലും, ആരും കൃഷ്ണനേക്കാൾ അതീതരല്ല. ആകയാൽ അദ്ദേഹം പരമോന്നതനാകുന്നു. അദ്ദേഹം പരമപുരുഷനും, നിത്യനും, ജ്ഞാനസമ്പൂർണനും, പരമാനന്ദസ്വരൂപനും, ആദിഭഗവാനായ ഗോവിന്ദനും, സർവ കാരണങ്ങളുടെയും പരമകാരണവുമാകുന്നു.
ശ്രീകൃഷ്ണ ഭഗവാൻ സർവകാരണങ്ങളുടെയും പരമകാരണമാണെന്ന് ബ്രഹ്മദേവൻ അംഗീകരിക്കുന്നു. എന്നാൽ, ഈ നിസ്സാര ഗ്രഹത്തിലെ തീരെ ചെറിയ മസ്തിഷ്കമുള്ള വ്യക്തികൾ ഭഗവാനെ അവരിലൊരുവനായി കരുതുന്നു. സർവസ്വവും (സമ്പൂർണവും) അദ്ദേഹമാണെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അരുളിചെയ്യുമ്പോൾ, സൈദ്ധാന്തിക ദാർശനികരും, ലൗകിക വാദപ്രതിവാദക്കാരും അദ്ദേഹത്തെ ഭർത്സിക്കുന്നു ഭഗവാൻ ഖിന്നനായി ഇപ്രകാരം അരുളി ചെയ്യുന്നു.
അവജാനന്തി മാം മൂഢാ
മാനുഷീം തനും ആശ്രിതം
പരം ഭാവം അജാനന്തോ
മമ ഭൂത-മഹേശ്വരം
“ഞാൻ മനുഷ്യരൂപത്തിൽ അവതരിക്കുമ്പോൾ മൂഢന്മാർ എന്നെ നിന്ദിക്കുന്നു. പ്രത്യക്ഷമായ സർവതിന്റെയും മേലുള്ള എന്റെ പരമ ആധിപതത്തെക്കുറിച്ചും, എന്റെ അതീന്ദ്രിയ സ്വഭാവത്തെക്കുറിച്ചും അവർക്കറിഞ്ഞുകൂടാ. (ഭ.ഗീ. 9.11). രാജാവിനാൽ നിയോഗിക്കപ്പെട്ട മന്ത്രിമാരെപ്പോലെ, ലൗകികമായ കാര്യങ്ങളെ നിർവഹിക്കുന്ന, അഥവാ നിയന്ത്രിക്കുന്ന സൃഷ്ടിക്കപ്പെട്ട അതിശക്തരായ ദേവന്മാർ, അഥവാ ഭൂതങ്ങളാണ് ബ്രഹ്മാവും, ശിവനും എന്നിരിക്കെ, മറ്റ് ദേവന്മാരെക്കുറിച്ച് പറയാനുണ്ടോ മന്ത്രിമാർ, അഥവാ ഭരണനിർവാഹകർ ഈശ്വരന്മാരോ, നിയന്താക്കളോ ആകാം. എന്നാൽ പരമപുരുഷൻ (പരമോന്നതഭഗവാൻ), മഹേശ്വരൻ അഥവാ നിയന്താക്കളുടെ സ്രഷ്ടാവ് ആകുന്നു. അൽപ്പജ്ഞാനികളായ വ്യക്തികൾ ഇതേക്കുറിച്ച് അജ്ഞരാണ്. മാത്രവുമല്ല, ഭഗവാൻ, അദ്ദേഹത്തിന്റെ അഹൈതുകമായ കാരുണ്യത്താൽ പലപ്പോഴും മനുഷ്യരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിക്കുകയാൽ, അദ്ദേഹത്തെ നിന്ദിക്കുന്നതിനുള്ള സാഹസം അവർ കാട്ടുന്നു. ഭഗവാൻ മനുഷ്യനെപ്പോലെയല്ല. അദ്ദേഹം സച്-ചിദ്-ആനന്ദ-വിഗ്രഹ (സച്ചിദാനന്ദ), അഥവാ പരമദിവ്യോത്തമ പുരുഷനാകുന്നു. അദ്ദേഹത്തിന്റെ ശരീരവും ആത്മാവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശക്തിയും, ശക്തനും അദ്ദേഹം തന്നെയാകുന്നു.
തന്റെ ആത്മീയഗുരുവായ ശ്രീ ശുകദേവ ഗോസ്വാമിയോട് പരീക്ഷത്ത് മഹാരാജാവ്, ശ്രീകൃഷ്ണ ഭഗവാന്റെ വൃന്ദാവനത്തിലെ ലീലകളെക്കുറിച്ച് വർണിക്കുവാൻ ആവശ്യപ്പെട്ടില്ല. അദ്ദേഹം ആദ്യം ഭഗവദ്സൃഷ്ടിയെക്കുറിച്ച് ശ്രവിക്കാനാണ് ആഗ്രഹിച്ചത്. രാജാവ്, നേരെ ശ്രീകൃഷ്ണ ഭഗവാന്റെ ലീലകളെക്കുറിച്ച് ആദ്യം ശ്രവിക്കണമെന്ന് ശ്രീ ശുകദേവ ഗോസ്വാമി ഉപദേശിച്ചില്ല. മരണം ആസന്നമായ പരീക്ഷിത്ത് മഹാരാജാവിന് സമയം വളരെ കുറവായതിനാൽ, ഭാഗവതപാരായണം ഉപജീവന മാർഗമായി സ്വീകരിച്ചവർ സാധാരണ ചെയ്യുന്നതുപോലെ, എല്ലാകാര്യങ്ങളെയുംകുറിച്ചുള്ള കുറുക്കുവഴിയായിക്കരുതി, ശ്രീ ശുകദേവ ഗോസ്വാമിക്ക്, സ്വാഭാവികമായും നേരെ ദശമസ്കന്ധത്തിന്റെ വിവരണത്തിലേക്ക് കടക്കാൻ സാധ്യമായിരുന്നു. എന്നാൽ രാജാവോ, ശ്രീമദ് ഭാഗവതത്തിന്റെ മഹാപ്രഭാഷകനോ, ഭാഗവത സംഘാടകരെപ്പോലെ നേരെ ദശമസ്കന്ധത്തിലേക്ക് കടക്കാതെ, ഭാവിയിലെ ഭാഗവത പഠിതാക്കളും, ശ്രോതാക്കളും ഭാഗവതപാരായണ ശ്രവണ നടപടിക്രമത്തിൽനിന്നും പാഠം ഉൾക്കൊള്ളാനായി, ക്രമാനുഗതമായ ശ്രീമദ് ഭാഗവത കഥാകഥന ശ്രവണത്തിലേർപ്പെട്ടു. ഭഗവാന്റെ ബാഹ്യശക്തിയുടെ നിയന്ത്രണത്തിലുള്ളവർ, അന്യഥാ, ഭൗതിക ലോകത്തുള്ളവർ, ഭഗവാന്റെ ബാഹ്യശക്തി, പരമദിവോത്തമപുരുഷന്റെ ആദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്ന് ആദ്യം മനസ്സിലാക്കണം. അതിനുശേഷം ഭഗവാന്റെ അന്തരംഗശക്തിയുടെ പ്രവൃത്തികൾക്കുള്ളിൽ പ്രവേശിക്കാൻ ഒരുവൻ യത്നിക്കട്ടെ. ലൗകികവാദികളിൽ ഏറിയകൂറും ശ്രീകൃഷ്ണ ഭഗവാന്റെ ബഹിരംഗശക്തിയായ ദുർഗാദേവിയുടെ ഉപാസകരാണ്. എന്നാൽ, ദുർഗാദേവി ഭഗവാന്റെ ഛായാശക്തിയാണെന്ന് അവർക്കറിഞ്ഞുകൂടാ. ഭഗവദ്ഗീത (9.10) യിൽ സ്ഥിരീകരിച്ചിരിക്കുന്നതുപോലെ, ദുർഗാദേവിയുടെ അത്ഭുതകരമായ ഭൗതിക ക്രിയകളുടെ പുറകിൽ ഭഗവാന്റെ ആദേശമുണ്ട്. ദുർഗാശക്തി, ഗോവിന്ദന്റെ ആജ്ഞപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, അദ്ദേഹത്തിന്റെ അനുമതി കൂടാതെ, ശക്തയായ ദുർഗാദേവിക്ക് ഒരു തൃണത്തെപ്പോലും ചലിപ്പിക്കാൻ കഴിയില്ലെന്നും ബ്രഹ്മസംഹിത ഊന്നിപ്പറയുന്നു. ആകയാൽ, ഒരു പുതുഭക്തൻ, ഭഗവാന്റെ അന്തരംഗശക്തിയാൽ അവതരിപ്പിക്കപ്പെട്ട അതീന്ദ്രിയ ലീലകളിലേക്ക് നേരെ കടക്കാതെ, ഭഗവാന്റെ സൃഷ്ടിപരമായ ശക്തിയെ സംബന്ധിക്കുന്ന പ്രക്രിയയെക്കുറിച്ച് ആരാഞ്ഞുകൊണ്ട് പരമപുരുഷൻ എത്രത്തോളം മഹത്വമുള്ളവനാണെന്ന് മനസ്സിലാക്കട്ടെ! ഭഗവാന്റെ കൽപ്പക ശക്തിയെക്കുറിച്ചും, അതിലുള്ള ഭഗവദ്കരങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ചൈതന്യചരിതാമൃതത്തിലുമുണ്ട്. ഭഗവാൻ കൃഷ്ണൻ എത്രത്തോളം മഹത്വമുള്ളവനാണെന്നതിനെക്കുറിച്ചുള്ള ജ്ഞാനത്തെ അവഗണിക്കുന്നതിനാലുള്ള നിഗൂഢ വിപത്തിനെ തീരെ ഗൗരവമായ ശ്രദ്ധ അത്യന്താപേക്ഷിതമാണെന്ന് ചൈതന്യചരിതാമൃതത്തിന്റെ രചയിതാവ് പുതുഭക്തന്മാർക്ക് മുന്നറിവു നൽകുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ മഹാത്മ്യം മനസ്സിലാക്കുമ്പോൾ മാത്രമേ ഒരുവന് അദ്ദേഹത്തിൽ അപഞ്ചലമായ വിശ്വാസം ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം, സാധാരണക്കാരെപ്പോലെ മഹാന്മാരും ശ്രീകൃഷ്ണ ഭഗവാനെ അനേകം പ്രബല ദേവന്മാരിൽ ഒരുവനായോ, അല്ലെങ്കിൽ ചരിത്രപുരുഷനായോ, അതുമല്ലെങ്കിൽ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായോ മാത്രമേ മനസ്സിലാക്കുകയുള്ളൂ. ഉൽക്കൃഷ്ടമായ ആദ്ധ്യാത്മിക വിദ്യ മുമ്പേ തന്നെ സ്വയം സ്വായത്തമാക്കിയവർക്ക്, വൃന്ദാവനത്തിലെയും, ദ്വാരകയിലെയും ഭഗവാന്റെ അതീന്ദ്രിയലീലകൾ ആസ്വാദ്യങ്ങളാണ്. പരീക്ഷിത്ത് മഹാരാജാവിന്റെ സ്വഭാവത്തിൽ നമുക്ക് കാണാൻ കഴിയുംപോലെ, ആനുക്രമികമായ സേവനാന്വേഷണത്തിലൂടെ സാധാരണക്കാരനും അത്തര മൊരു അതീന്ദ്രിയതലത്തിൽ എത്താൻ കഴിഞ്ഞേക്കാം.
(ശ്രീമദ് ഭാഗവതം 2/4/6 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .