Thursday, October 19, 2023
ആത്മസാക്ഷാത്കാരം
സ്വ ആത്മാവിനെ സംബന്ധിച്ച അജ്ഞാനമാണ് ഭൗതികജ്ഞാനം അർത്ഥമാക്കുന്നത്. ആത്മാവിനെ സംബന്ധിച്ച യഥാർത്ഥ ജ്ഞാനത്തെ, അന്വേഷിച്ചറിയുന്നതിനെയാണ് തത്ത്വശാസ്ത്രം വിവക്ഷിക്കുന്നത്. ആത്മസാക്ഷാത്കാരം ഇല്ലാത്ത തത്ത്വശാസ്ത്രം ശുഷ്കമായ പ്രകല്പനം മാത്രമാകുന്നു. ശ്രീമദ് ഭാഗവതം ആത്മാവിനെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം പകർന്നുനൽകുന്നു. മാത്രവുമല്ല, ശ്രീമദ് ഭാഗവത ശ്രവണത്തിലൂടെ ഭൗതികാസക്തിയിൽനിന്നും സ്വതന്ത്രനാകാനും, അതിൻ പ്രകാരം നിർഭയതാസമ്പൂർണമായ രാജ്യത്തിൽ പ്രവേശിക്കാനും കഴിയുന്നു. ഈ ഭൗതിക ലോകം ഭീതി നിർഭരമാകുന്നു. ഒരു തടവറയിലെന്നപോലെ ഇതിലെ തടവുകാർ സദാ ഭയവിഹ്വലരായിരിക്കുന്നു. കാരാഗൃഹത്തിലെ നിയമാനുശാസനങ്ങൾ ധിക്കരിക്കാനുള്ള അവകാശം തടവുപുള്ളികൾക്കില്ല. കാരാഗൃഹ നിയമനിഷേധം ജയിൽ ജീവിതകാലയളവ് ദീർഘിപ്പിക്കുന്നു. (അതായത്, പുനർജന്മമാകുന്ന വേറൊരു ശരീരത്തിൽ ഒരു നിശ്ചിത കാലഘട്ടത്തേക്കുള്ള ഭൗതിക ജീവിതം.) അതേപോലെ, ഈ ഭൗതികാസ്തിത്വത്തിൽ നാം സദാ ഭീതി പൂണ്ടവരാകുന്നു. ഈ ഭീതാവസ്ഥയെ ഉത്കണ്ഠ എന്നു വിശേഷിപ്പിക്കുന്നു. ഭൗതിക ജീവിതത്തിലുള്ള ഏവരും, വൈവിധ്യമാർന്ന എല്ലാ ജീവിവർഗങ്ങളും പ്രകൃതിനിയമങ്ങൾ ലംഘിച്ചോ, ലംഘിക്കാതെയോ തികച്ചും ഉത്കണ്ഠാകുലരാണ്. "വിമോചനം', അഥവാ മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ നിരന്തര ഉത്കണ്ഠയിൽ നിന്നുള്ള ആശ്വാസം ലഭിക്കലാകുന്നു. ഉത്കണ്ഠ ഭഗവാന്റെ ഭക്തിയുത സേവനമായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഇത് സാധ്യമാകുന്നത്. ശ്രീമദ് ഭാഗവതം ഭൗതികമായ ഉത്കണ്ഠയെ ആത്മീയ തലത്തിലേക്കു മാറ്റുന്നു. ശ്രീ വ്യാസദേവന്റെ ശ്രേഷ്ഠനായ പുത്രൻ ആത്മ സാക്ഷാത്കാരം സിദ്ധിച്ച ശുകദേവ ഗോസ്വാമിയെപ്പോലുള്ള ജ്ഞാനികളായ ദാർശനികരുടെ സംസർഗത്താലാണ് ഇത് സാധ്യമായിത്തീരുന്നത്. മഹാരാജാവ് പരീക്ഷിത്ത്, അദ്ദേഹത്തിന് മൃത്യു സംഭവിക്കുമെന്ന ബ്രാഹ്മണ ശാപം അറിഞ്ഞതിനുശേഷം, ശുകദേവ ഗോസ്വാമിയുടെ സംസർഗത്താലുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുകയും, അപ്രകാരം അഭികാമ്യമായ ഫലം സംപ്രാപ്തമാക്കുകയും ചെയ്തു. ശ്രീമദ് ഭാഗവത പാരായണം തൊഴിലായി സ്വീകരിച്ചവർ നടത്തുന്ന സപ്താഹ വായനകൾ ഇതിന്റെ ഒരു അനുകരണം മാത്രമാണ്. അതു കേട്ടുകൊണ്ടിരിക്കുന്ന വിഡ്ഢികൾ ധരിച്ചിരിക്കുന്നത്, ഈ ശ്രവണം കൊണ്ട് മായാ ബന്ധനത്തിൽനിന്നും മുക്തരാകാമെന്നും, നിർഭയത ലഭിക്കുമെന്നുമാണ്. അത്തരത്തിലുള്ള അനുകരണ ഭാഗവത ശ്രവണം യഥാർത്ഥ ഭാഗവത ശ്രവണത്തിന്റെ ഒരു വികൃത രൂപം മാത്രമാണ്. അപഹാസ്യരും അത്യാർത്തി പിടിച്ചവരുമായ ആളുകളുടെ ഭാഗവത സപ്താഹ പ്രദർശനത്താൽ ആരുംതന്നെ വഴിതെറ്റിക്കപ്പെടരുത്. അത്തരം പ്രകടനങ്ങൾക്കൊണ്ട് അവരുടെ ഭൗതിക സുഖങ്ങൾ വ്യവസ്ഥാപിതമാക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.
(ശ്രീമദ് ഭാഗവതം 1.12.28 - ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്