Home

Wednesday, January 31, 2024

എന്തു കൊണ്ട് ശ്രീ രാമചന്ദ്ര ഭഗവാൻ സീതാ ദേവിയെ ഉപേക്ഷിച്ചു?

 





എന്തു കൊണ്ട് ശ്രീ രാമചന്ദ്ര ഭഗവാൻ സീതാ ദേവിയെ ഉപേക്ഷിച്ചു?


ചോദ്യം: രാമായണത്തിൽ, സീതാ ദേവിക്കെതിരെ അലക്കുകാരൻ തെറ്റായ വാദങ്ങൾ ഉന്നയിച്ചപ്പോൾ എന്തു കൊണ്ട് ഭഗവാൻ രാമൻ സീതാ ദേവിയെ ഉപേക്ഷിച്ചു?


ഉത്തരം: ആദ്യത്തെ കാര്യം, ശ്രീരാമചന്ദ്ര ഭഗവാൻ സീതാ ദേവിയെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. നിഷ്കാസനം ചെയ്യുക എന്നാൽ ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ ഒന്നും ഇല്ലാതെ രാജ്യത്തിൽ നിന്നും പുറത്താക്കി വനത്തിലേക്ക് അയക്കുക എന്നർത്ഥം. കൈകേയി മാതാവിന്റെ നിർദേശ പ്രകാരം ശ്രീരാമ ഭഗവാന് സംഭവിച്ചത് ഇതായിരുന്നു. എന്നാൽ ശ്രീരാമൻ സീതാ ദേവിയെ വാത്മീകി മുനിയുടെ ആശ്രമത്തിലേക്ക് അയക്കുവാനാണ് നിർദേശം നൽകിയത്. അവിടെ അഭിവന്ദ്യനായ വാത്മീകി മുനി സീതാ ദേവിയെ ആരതി ഉഴിഞ്ഞു കൊണ്ട് സ്വീകരിക്കുകയും, കൂടാതെ മുതിർന്ന ആശ്രമവാസികളായ സ്ത്രീകൾ സ്നേഹപൂർവം പരിചരിക്കുകയും ചെയ്തു. ആ ആശ്രമം ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യത്തിൽ അദ്ദേഹത്തിന്റെ സംരക്ഷണയിൽ ആയതു കൊണ്ട് തന്നെ സീതാ ദേവിയെ ഉപേക്ഷിച്ചു എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഭഗവാൻ സീതാദേവിക്ക് പരോക്ഷമായി ഭക്ഷണം, വസ്ത്രം, പാർപ്പിടം, സംരക്ഷണം എന്നിവ നൽകി.


ഇനി നിങ്ങൾ ചോദിക്കാം: എന്തു കൊണ്ട് ഭഗവാൻ സീതാ ദേവിയെ സ്വന്തം കൊട്ടാരത്തിൽ നിന്നും ആശ്രമത്തിലേക്ക് അയച്ചു എന്ന്.


ഇത് മനസ്സിലാക്കാൻ. നാം രാമായണം നൽകുന്ന വൈദിക സംസ്കാരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കണം. വൈദിക സംസ്കാരം അനുസരിച്ചു എല്ലാ ബന്ധങ്ങളും, സ്ഥാനമാനങ്ങളും ഭഗവാനും, ഭഗവാന്റെ മക്കൾക്കും നൽകുവാനുള്ള സേവനത്തിനായുള്ള അവസരങ്ങളായാണ് കരുതുന്നത്. ശ്രീരാമചന്ദ്ര ഭഗവാൻ തന്റെ പത്നിക്ക് നേരെ ഉള്ള ആരോപണം കേട്ടപ്പോൾ, അതൊരു ധാർമിക പ്രശ്നമായി കണക്കാക്കി. ഒരു ധാർമ്മിക പ്രശ്നം രണ്ട് രീതിയിൽ പരിഹരിക്കാം. അവ രണ്ടും ധാർമ്മികമായ പരിഹാരങ്ങൾ ആണ്. എന്നാൽ ഒരു സദാചാരപരമായ പ്രശ്‌നത്തിൽ രണ്ട് മാർഗങ്ങൾ ആണ് ഉള്ളത്, ഒന്ന് സദാചാരപരവും മറ്റൊന്ന് സദാചാരവിരുദ്ധവും. എന്നാൽ ഇവിടെ ധാർമ്മികപരമായ പ്രതിസന്ധി ആയതിനാൽ, ഒരാൾക്ക് ഉയർന്ന വിജ്ഞാനം ആവശ്യമാണ്. അതുവഴി ഉയർന്ന ധാർമിക തത്വത്തിന് കുറഞ്ഞ ധാർമ്മിക തത്വത്തെക്കാൾ പ്രാധാന്യം നൽകുന്നു. അതിനാൽ ഇവിടെ മനുഷ്യ രൂപത്തിൽ അവതരിച്ച ഭഗവാൻ ഒരു ഉത്തമ മനുഷ്യന്റെ ഭാവത്തിൽ നമുക്ക് എങ്ങനെ ധാർമ്മിക പ്രതിസന്ധികളെ നേരിടാം എന്നു കാണിച്ചു തരുന്നു. ഒരു ഉത്തമ ഭർത്താവെന്ന നിലയിൽ ഭഗവാൻ തന്റെ ഭാര്യയെ സംരക്ഷിക്കുവാൻ ബാധ്യസ്ഥനാണ്. എന്നാൽ ഒരു രാജാവെന്ന നിലയിൽ, തന്റെ പ്രജകൾക്ക് ആദ്ധ്യാത്മിക പുരോഗതിക്കായുള്ള ധാർമികമായ ശിക്ഷണം നൽകണം എന്നതും അദ്ദേഹത്തിന്റെ കർത്തവ്യം ആണ്. സാധാരണയായി ജനങ്ങൾ സ്വന്തം ഭാര്യ, കുട്ടികൾ, ഗൃഹം, സ്വത്ത് എന്നിവയോട് ആസക്തരാണ്. അതിനാൽ ഒരു രാജാവിന്റെ കടമ സ്വന്തം ജനങ്ങളെ നിസ്സംഗത്വം എന്താണെന്ന് പഠിപ്പിക്കുകയും, അവരെ ആദ്ധ്യാത്മിക പുരോഗതിയിലേക്കും, വൈരാഗ്യത്തിലേക്കും എത്തിക്കുക എന്നതുമാണ്. അതിനാലാണ് ശ്രീരാമൻ രാജാവെന്ന നിലയിലുള്ള തന്റെ ധർമ്മം ഭർതൃധർമ്മത്തെക്കാൾ പ്രധാനം ആണെന്ന് കരുതികൊണ്ട് തന്റെ മക്കൾക്ക്(പ്രജകൾ) വേണ്ടി ഭാര്യയയോടുള്ള സ്നേഹം ത്യജിച്ചത്. എന്നാൽ അദ്ദേഹം ഭർത്താവെന്ന നിലയിൽ തന്റെ ധർമ്മം ഒരിക്കലും പരിത്യജിച്ചില്ല. അദ്ദേഹം സീതാ ദേവിയെ തന്റെ നേരിട്ടുള്ള സംരക്ഷണയിൽ നിന്നും പരോക്ഷമായ സംരക്ഷണയിലേക്ക്, ആശ്രമത്തിലേക്ക് അയക്കുകയാണ് ചെയ്തത്. സീതാ മാതാവ്, അദ്ദേഹത്തിന്റെ ഹൃദയം മനസ്സിലാക്കുകയും, അത് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ഭാഗമായിതീരുകയും ചെയ്തു. നിർഭാഗ്യവശാൽ, നമുക്ക് വേണ്ടി അദ്ദേഹം പ്രവൃത്തിച്ച ഈ ത്യാഗത്തെ അഭിനന്ദിക്കുന്നതിൽ നാം പരാജയപ്പെട്ടു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Friday, January 12, 2024

ഭഗവദ്സേവനത്തിന്റെ മാഹാത്മ്യം



സകലതും ഭഗവാനല്ലാതെ മറ്റൊന്നുമല്ല എന്നാകുമ്പോൾ, ഭഗവാനെ ആരാധിക്കുന്നത് വ്യർഥമാണെന്ന് വ്യക്തിശൂന്യവാദികൾ വാദിക്കുന്നു. എന്നാലും, വ്യക്തിഗതവാദികൾ ഭഗവാനെ അത്യന്തം കൃതജ്ഞതാബോധത്തോടെയും, ഭഗവദ്ശരീരത്തിൽനിന്നും ആവിർഭവിച്ച ഘടകങ്ങളെ ഉപയോഗപ്പെടുത്തിയും ആരാധിക്കുന്നു. ഫലങ്ങളും, പൂക്കളും ഭൂമിദേവിയുടെ ശരീരത്തിൽനിന്നും ലഭിക്കുന്നവയാണ്. എങ്കിലും, വിവേകിയായ ഭക്തൻ, ഭൂമിയിൽനിന്നും ലഭിച്ച (ഉൽപത്തിയായ) ഘടകപദാർഥങ്ങളാൽ ഭൂമിമാതാവിനെ ആരാധിക്കുന്നു. അതുപോലെ, ഗംഗാമാതാവിനെ ഗംഗാജലത്താലും ആരാധിക്കുന്നു. എന്നിരുന്നാലും, ഉപാസകൻ അത്തരം ആരാധനാഫലങ്ങളെ അനുഭവിക്കുന്നു. ഭഗവദ്‌ശരീരത്തിൽനിന്നും ഉൽപത്തിയായ ഘടകങ്ങളാലാണ് ഭഗവദ് ആരാധനയും നിർവഹിക്കപ്പെടുന്നത്. എന്നിരുന്നാലും, സ്വയം ഭഗവദ്‌ശരീരത്തിൻ്റെ ഒരു അംശമായ ആരാധകൻ ഭഗവദ്‌ഭക്തിയുതസേവനത്തിൻ്റെ ഫലം പ്രാപ്‌തമാക്കുന്നു. അതേ സമയം അവ്യക്തിഗതവാദി സ്വയം ഭഗവാനായി തെറ്റായി അനുമാനിക്കൂന്നു. വ്യക്തിഗതവാദി അത്യന്തം കൃതജ്ഞതയാൽ ഭക്തിയുതസേവനത്തിൽ ഭഗവാനെ ആരാധിക്കുകയും ഭഗവാനിൽനിന്നും യാതൊന്നും വിഭിന്നമല്ലെന്ന് പൂർണമായും മനസ്സിലാക്കുകയും ചെയ്യുന്നു. ആകയാൽ, എല്ലാം ഭഗവദ്സേവനത്തിൽ അർപ്പിക്കാൻ ഭക്തൻ യത്നിക്കുന്നു. എന്തെന്നാൽ, സർവവും ഭഗവാൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ആർക്കും ഒന്നുംതന്നെ തന്റേതെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും അവൻ അറിയുന്നു. ഏകത്വം (അദ്വൈത ഭാവം) എന്ന പൂർണാഭിജ്ഞമായ സങ്കൽപ്പം ആരാധകനെ ഭഗവദ്‌പ്രേമയുതസേവനത്തിൽ വ്യാപൃതനായിരിക്കുവാൻ സഹായിക്കുന്നു. അതേസമയം, അവ്യക്തിഗതവാദി അനനുയോജ്യമായ ഗർവുള്ളവനാകയാൽ ഭഗവാനാൽ സ്വീകരിക്കപ്പെടാതെ എന്നെത്തേക്കും അഭക്തനായിത്തന്നെ നിലകൊള്ളുന്നു.



(ശ്രീമദ് ഭാഗവതം 2.6.23 /  ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ശ്രീ നിബാർക്ക ആചാര്യൻ

 


ശ്രീ നിംബാർക്ക ആചാര്യൻ കുമാരസമ്പ്രദായത്തിലെ പ്രധാന ആചാര്യനാണ്. അദ്ദേഹം എ.ഡി. 11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം ദ്രാവിഡക്ഷേത്രത്തിൽ, ഗോദാവരീതീരത്ത് ഇന്നത്തെ ആന്ധ്രപ്രദേശത്തിലാണ് ജനിച്ചത്. തൈലംഗ ബ്രാഹ്മണനായിരുന്ന അരുണമുനിയുടേയും ജയന്തി ദേവിയുടേയും പുത്രനായി ജനിച്ചു. മാതാപിതാക്കൾ അദ്ദേഹത്തെ നിയമാനന്ദനെന്ന് നാമകരണം ചെയ്തു. പതിനാറു വയസ്സിനുള്ളിൽ തന്നെ നിയമാനന്ദൻ വേദങ്ങളിലും ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടി.


നിംബാർക്കാചാര്യൻ ത്രിദണ്ഡിസമ്പ്രദായത്തിലെ സന്യാസിയായിരുന്നു. അദ്ദേഹം തൻ്റെ ദ്വൈതാദ്വൈതം പ്രചരിപ്പിക്കാൻ ധാരാളം കൃതികൾ രചിച്ചു. വൃന്ദാവനത്തിൽ ഗോവർധനത്തിനടുത്തുള്ള നിംബഗ്രാമത്തിലാണ് അദ്ദേഹം കൂടുതലും സമയം ചിലവഴിച്ചത്. ബില്വപ്രകാശമെന്ന ഒരു ഗ്രാമത്തിൽ കുറേ ബ്രാഹ്മണർ മഹാദേവനെ ആരാധിക്കുകയായിരുന്നു. അതിൽ നിംബാർക്കനുമുണ്ടായിരുന്നു. ശിവന് ബില്വവൃക്ഷത്തിൻ്റെ ഇലകൾ സമർപ്പിച്ചുകൊണ്ടവർ അദ്ദേഹത്തെ ആരാധിച്ചു. എപ്രകാരം വിഷ്‌ണുവിന് തുളസീദളം പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ ശിവന് ബില്വവൃക്ഷത്തിൻ്റെ ഇലകൾ വളരെ പ്രിയപ്പെട്ടതാണ്. ആരാധന നടത്തിയ ബ്രാഹ്മണരിൽ നിംബോർക്കൻ വളരെ ശ്രദ്ധാലുവായി പൂജയിൽ ഏർപ്പെട്ടതിനാൽ ശിവൻ പ്രീതിപ്പെട്ട് അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.



നിംബാർക്കന് ദർശനം നൽകിയ ശിവൻ ഇപ്രകാരം പറഞ്ഞു, "അല്ലയോ നിംബോർക്കാ, ഈ ഗ്രാമത്തിൻ്റെ അതിർത്തിയിൽ വില്വവൃക്ഷങ്ങളുടെ ഒരു വനമുണ്ട്. അവിടെ ചതുർകുമാരന്മാർ തപ്പസ്സിലേർപ്പെട്ടിരിക്കുകയാണ്. അവരുടെ കാരുണ്യത്താൽ നിനക്ക് ദിവ്യജ്ഞാനം പ്രാപ്‌തമാകും. അവരാണ് നിന്റെ ആധ്യാത്മികഗുരുജനങ്ങൾ. അവർക്ക് സേവനമർപ്പിക്കുന്നതിലൂടെ നിനക്ക് അമൂല്യമായതെല്ലാം ലഭ്യമാകും." ഇത്രയും പറഞ്ഞശേഷം ശിവൻ അപ്രത്യക്ഷനായി.



നിംബാർക്കൻ ഉടൻ തന്നെ അവിടെ ചെല്ലുകയും ചതുർകുമാരന്മാരെ തിരയുകയും ചെയ്തു. അന്ത്യത്തിൽ അദ്ദേഹത്തിനവർ ദർശനം നല്‌കി. സൂര്യനെപ്പോലെ തേജസ്വികളായിരുന്ന അവർ ഒരു വൃക്ഷത്തിൻകീഴിൽ ഇരിക്കുകയായിരുന്നു. അവർക്ക് അഞ്ചു വയസ്സു പ്രായമേ തോന്നിയുള്ളൂ. അവർ ധ്യാനത്തിലായിരുന്നു.


നിംബാർക്കന് ദർശനം നൽകിക്കൊണ്ടവർ അദ്ദേഹത്തിൻ്റെ ആഗമനോദ്ദേശ്യത്തെക്കുറിച്ചു തിരക്കി. നിംബാർക്കൻ അവരെ സാഷ്ടാംഗം പ്രണമിച്ചശേഷം വളരെ വിനമ്രനായി തന്നെ പരിചയപ്പെടുത്തി.



അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് സനത്കുമാരൻ പറഞ്ഞു, "കലിയുഗം കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് അറിയാവുന്ന കരുണാമയനായ പരമപുരുഷഭഗവാൻ തന്നോടുള്ള ഭക്തിയുതസേവനം പ്രചരിപ്പിക്കുന്നതിനായി ചില വിശിഷ്ട വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. രാമാനുജൻ, മാധ്വൻ, വിഷ‌സ്വാമി, പിന്നീട് താങ്കളുമാണ് ആ വിശിഷ്ട വ്യക്തിത്വങ്ങൾ. രാമാനുജനെ ലക്ഷ്‌മീദേവിയും മാധ്വനെ ബ്രഹ്മദേവനും വിഷ്‌ണുസ്വാമിയെ രുദ്രദേവനും ശിഷ്യനായി സ്വീകരിച്ചു. താങ്കൾക്ക് നിർദ്ദേശങ്ങൾ തരാനുള്ള നിയോഗം ഞങ്ങളുടേതാണ്. ഞാൻ രചിച്ച സനത്‌കുമാരസംഹിതയിലെ നിർദ്ദേശങ്ങളനുസരിച്ച് താങ്കൾ  ഭക്തിയുതസേവനം പ്രചരിപ്പിച്ചാലും...



ഇതു കേട്ട നിംബാർക്കൻ അത്യന്തം സന്തുഷ്ടനായി. ഉടൻ തന്നെ അദ്ദേഹം ഗംഗാസ്നാനം നടത്തി മന്ത്രദീക്ഷയ്ക്ക് തയ്യാറായി. സനത്‌കുമാരന്മാർ അദ്ദേഹത്തിന് രാധാകൃഷ്‌ണമന്ത്രം ഉപദേശിച്ചു. ഭാവമാർഗത്തിലൂടെ രാധാകൃഷ്‌ണന്മാരെ ഭജിക്കുന്ന പ്രക്രിയയും അദ്ദേഹത്തിന് ഉപദേശിച്ചു. - (നവദ്വീപധാമ മാഹാത്മ്യത്തിൽ നിന്ന്)


സനകാദികൾ പൂജിച്ചുവന്ന സാളിഗ്രാമശില നിംബോർക്കന് നൽകപ്പെട്ടു. ഇന്നും നിംബാർക്കസമ്പ്രദായത്തിൽ ആ സാളിഗ്രാമശില പൂജിക്കപ്പെട്ടുവരുന്നു.


നിംബാർക്കാചാര്യൻ്റെ പ്രധാനകൃതികൾ താഴെപ്പറയുന്നവയാണ്:

🔹 വേദാന്താപാരിജാതസൗരഭം (ബ്രഹ്മസൂത്രത്തിൻ്റെ ഭാഷ്യം)


🔹 വേദാന്തകാമധേനു ദശശ്ലോകി


🔹 മന്ത്രരഹസ്യഷോഡശി


🔹 പ്രപന്ന കൽപവല്ലി


🔹 രാധാഷ്ടകം


🔹പ്രാതസ്‌മരണാദിസ്തോത്രം


നിംബാർക്കാചാര്യൻ ശ്രീ ശ്രീ രാധാകൃഷ്‌ണമാരെ ഭജിക്കുന്നതിന് വളരെയധികം പ്രാധാന്യം നൽകി. അദ്ദേഹത്തിൻ്റെ ദ്വൈതാദ്വൈതവും ചൈതന്യമഹാപ്രഭുവിൻ്റെ അചിന്ത്യഭേദാഭേദതത്ത്വവും തമ്മിൽ ധാരാളം സാമ്യതകളുണ്ട്.


നിംബാർക്കാചാര്യനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹത്തിൻ്റെ ജനനവും തിരോഭാവവും കൃത്യമായി രേഖപ്പെടുത്തിയതായി അറിവില്ല. അദ്ദേഹം എ.ഡി. 11-ാം നൂറ്റാണ്ടിലോ, 12-ാം നൂറ്റാണ്ടിലോ ആണ് ജീവിച്ചിരുന്നതെന്ന് ചരിത്രഗവേഷകർ പറയുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് കൃത്യമായി ആരും രേഖപ്പെടുത്തിയിട്ടില്ല എന്ന വിവരവും ഈയവസരത്തിൽ പറഞ്ഞുകൊളളുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Wednesday, January 10, 2024

വേദങ്ങളുടെ ഉദ്ദേശ്യം


ഇതേപോലെ വേദങ്ങൾ ശ്രവണത്തിലൂടെയാണ് മനസ്സിലാക്കിയിരുന്നത്. പുസ്‌തകങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ 5000 വർഷങ്ങൾക്ക് മുമ്പ് കലിയുഗത്തിൻ്റെ ആരംഭത്തോടുകൂടി ഇവ എഴുതപ്പെട്ടു. ആദ്യം അഥർവ്വവേദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ വ്യാസദേവൻ ഈ ഒരൊറ്റ വേദത്തെ നാലായി പകുത്ത് തൻ്റെ ശിഷ്യന്മാരെ ഓരോന്നിൻ്റെയും അധികാരികളാക്കി. അതിന് ശേഷം അദ്ദേഹം സാധാരണക്കാർക്ക് മനസ്സിലാകത്തക്ക വിധത്തിൽ മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയവ എഴുതി. എന്നാൽ ഇവയുടെയൊക്കെ തത്ത്വം ഒന്നുതന്നെയാകുന്നു.


മഹാപ്രഭു പറയുന്നത് വേദങ്ങളുടെ പ്രഥമമായ ഉദ്ദേശം 'സംബന്ധ' എന്നാണ്. ഈശ്വരനുമായുള്ള നമ്മുടെ ബന്ധം. വേദാന്ത സൂത്ര(1.1.1) പറയുന്നു. 'ജന്മാദി അസ്യയഥാ' എന്ന്. എല്ലാം ദൈവത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്നു എന്നാണ് ഇതിനർത്ഥം.


ഈ നമ്മളടക്കം ദൈവത്തിൻ്റെ സൃഷ്ടിയാകുന്നു. അതുകൊണ്ട് ദൈവത്തെ 'അച്ഛൻ' അല്ലെങ്കിൽ പിതാവ് എന്ന് വിളിക്കുന്നു. ഇത് എല്ലാ മതക്കാരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. ഇനി അച്ഛനും, മക്കളും തമ്മിലുള്ള ബന്ധം എന്താണ്? പിതാവിനെ ചൂഷണം ചെയ്യുകയാണോ പുത്രൻ്റെ കർത്തവ്യം? മറ്റ് യാതൊരു ഉത്തരവാദിത്വങ്ങളും അവനില്ലേ? പുത്രന് കാര്യഗൗരവം സംജാതമാകുന്നതോടെ പിതാവിനെ സ്നേഹിക്കേണ്ട കടമ തനിക്കുണ്ടെന്ന് അവൻ മനസ്സിലാക്കുന്നു. അച്ഛൻ തനിക്ക് വേണ്ടി എന്തൊക്കെ ചെയ്തിരിക്കുന്നു. അദ്ദേഹത്തിൻ്റെ സമ്പാദ്യത്തിൻ്റെ ഫലമാണ് ഞാൻ ആസ്വദിക്കുന്നത്. ആയതിനാൽ അദ്ദേഹത്തെ ബഹുമാനിക്കുക എന്നുള്ളത് എൻ്റെ കടമയാകുന്നു. ഈശ്വരന്റെ തത്ത്വ സംഹിതക്ക് വിപരീതമായി പ്രവർത്തിക്കുന്നവർ അധമരാണ്. 'നമാം ദുഷ്‌കൃതിനോ മൂഢാ പ്രപദ്യന്തെ നരാധമ' (ഭ.ഗീ. 7.5) ഇതിൽ ഉപയോഗിച്ചിരുന്ന, സംസ്കൃത പദങ്ങൾ മൂഢ(കഴുത), ദുഷ്‌കൃതിന, നരാധമ(മനുഷ്യരിൽ അധമരായവർ) എന്നിവയാണ്. മനുഷ്യകുലം ഈശ്വരനെ അംഗീകരിക്കാനുള്ളതാണ്. മൃഗങ്ങൾക്ക് ദൈവം ഉണ്ടെന്നും എല്ലാം ദൈവത്തിൽ നിന്നും ജനിക്കുന്നതാണെന്നുമുള്ള അറിവ് സ്വായത്തമാക്കാൻ കഴിവില്ല. അവർക്ക് പുരാണഗ്രന്ഥങ്ങൾ വായിക്കാനാവില്ല. നിർദ്ദേശങ്ങളൊന്നും ശ്രവിക്കാനുമാവില്ല. ഈ ഗ്രന്ഥങ്ങളൊക്കെ മനുഷ്യകുലത്തിന് മാത്രമായിട്ടുള്ളവയാകുന്നു. ആയതിനാൽ ഇവയുടെ അധികാരികതയിൽ സംശയാലുക്കളായി ഈശ്വരൻ എന്ന പരമസത്യത്തെ അംഗീകരിക്കാത്തവർ നിശ്ചയമായും ഇരുകാലി മൃഗങ്ങളാണ്.


ഭഗവദ്ഗീത ഇത്തരക്കാരെ 'നാരാധമ' എന്ന് വിശേ ഷിപ്പിച്ചിരിക്കുന്നു. നമ്മൾ പുരോഗതി കൈവരിക്കുന്നു എന്ന് വിളംബരം ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥ അവസ്ഥ താഴോട്ടേക്കുള്ള പതനമാണ്.



വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം


ഇന്നലെ ഒരു പയ്യൻ വന്ന് പറയുകയാണ് “ആരാണ് ദൈവം ? ദൈവം ഞാനാകുന്നു' എന്നൊക്കെ. കാഴ്‌ചയിൽ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരനെപ്പോലെയുണ്ട് അയാൾ. എന്നാൽ സ്വായത്തമാക്കിയിരിക്കുന്നത് ഇത്തരം അറിവാണ്. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥലക്ഷ്യം മനുഷ്യവർഗത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണെങ്കിലും ആധുനിക വിദ്യാഭ്യാസം അവനെ താഴ്‌ചയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ആത്മീയ ഉന്നതിയിലേക്ക് കുട്ടികൾ പോയിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ ചില രക്ഷകർത്താക്കൾക്ക് അത് പരിഭ്രമം ജനിപ്പിക്കുന്നു. സ്വാമിജീ നിങ്ങൾ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നത് എന്നതാണ് അവരുടെ മതം.


സ്വാമിജി പറയുന്നത് നീ പുകവലിക്കരുത്, ചായ കഴിക്കരുത്, സ്ത്രീകളുമായി അസന്മാർഗിക പ്രവൃത്തികളിൽ ഏർപ്പെടരുത്, ഒരു ഭക്തനാകൂ എന്നൊക്കെയാണ്. എന്നാൽ മുകളിൽ പറഞ്ഞതരം രക്ഷകർത്താക്കൾ പറയുന്നത് 'ഇതൊക്കെ അപകടമാണ്' എന്നാണ്. നേരെമറിച്ച് ഇത്തരം ദുർപ്രവൃത്തികൾ ചെയ്യാനുള്ള ഉപദേശം കൊടുക്കുമ്പോൾ അവർക്കത് സ്വീകാര്യമാകുന്നു. ഇ

താണ് ഇന്നത്തെ അവസ്ഥ. എന്ത് ചെയ്യാൻ പറ്റും? ഏറ്റവും താഴേക്കിടയിലുള്ള ഒരു മനുഷ്യസമുദായത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഈ വസ്‌തുത നാം എപ്പോഴും ഓർക്കണം. ഇത് ഒരു പ്രത്യേക രാജ്യത്തിലെ മാത്രം അവസ്ഥയല്ല. നേരെമറിച്ച് ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതിവിശേഷം. പരിപാവയോ, സമൂഹത്തിനെയോ ചൂണ്ടിക്കാണിച്ചല്ല ഞാൻ ഇപ്രകാരം പറയുന്നത്. ഈ കലിയുഗത്തിന്റെ പ്രത്യേകത യാണിത്. മായയുടെ പ്രഭാവം ശക്തമായതുകൊണ്ട് നാം വളരെയേറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.


വിശുദ്ധഗ്രന്ഥങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.


ചൈതന്യമഹാപ്രഭു പറയുന്നത് ദൈവവുമായുള്ള നമ്മുടെ നഷ്ടപ്പെട്ടുപോയ ബന്ധം നമ്മൾ പുനഃസ്ഥാപിക്കണം എന്നാണ്. അതാണ് സംസ്ക്കാരം. ബന്ധം ശാശ്വതമായി ഉള്ളതാണ്. പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ‌ ഭഗവാനെ എങ്ങിനെയോ നമ്മൾ വിസ്മരിച്ചിരിക്കുന്നു. അതുകൊണ്ട് ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ പാവനഗ്രന്ഥങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു - കൃഷ്ണനുമായുള്ള നിൻ്റെ ബന്ധം ശാശ്വതമാണ്. അത് മറന്നതുകൊണ്ടാണ് നീ ദുരിതങ്ങൾ അനുഭവിക്കുന്നത്' എന്ന്.


ഭയം ദ്വിതീയ അഭിനിവേഷതാ... (ഭാഗവതം 11.2.37) എന്ന ശ്ലോകം നമ്മൾ ചർച്ചചെയ്‌തിരിക്കുന്നു. പരമസത്യത്തെ മറന്നതുകൊണ്ട് നമ്മൾ ദുഃഖിക്കേണ്ടിവരുന്നു. 'വിപര്യയോ സ്മൃതി' ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഓർമ തലതിരിഞ്ഞുപോയി എന്നതുകൊണ്ട് നിങ്ങളിൽ ദുഃഖം ഉളവാകുന്നു. എന്നാൽ ചിന്താധാരയെ മാറ്റാൻ ജനങ്ങൾ തയ്യാറല്ല. അവരുടെ ആത്മഗതം 'നമുക്ക് യോജിച്ചുപോകാം. നിയമങ്ങളുണ്ടാക്കാം, പുതിയ പാർട്ടികൾ രൂപീകരിച്ച് ദൈവത്തെ വെല്ലുവിളിക്കാം' എന്നൊക്കെയാണ്.


കൃഷ്‌ണനുമായുള്ള എൻ്റെ നഷ്ടമായ ബന്ധം പുനഃ സ്ഥാപിക്കണം, വാസുദേവ സർവ്വം ഇതി സമഹാത്മ സുദുർലഭ (ഭ.ഗീ. 7.19) ഭഗവാനിൽ ശരണാഗതിപ്രാപിപിച്ചുകൊണ്ട് ഒരു മഹാത്മാവായി ജീവിക്കണം. ഈ ശരണാഗതിയാണ് ഭക്തി. സർവ്വശക്തനായ പിതാവിന്റെ പുത്രന്മാരാണ് നാമെല്ലാം. എത്രയോ കാലങ്ങളായി നമ്മൾ അനുസരണക്കേട് കാണിക്കുന്നു. ഇനിയും അത് പാടില്ല. ആധുനികലോകം എന്ന് പറയപ്പെടുന്ന ഈ ഭൗതികലോകത്തിൽ നിവസിക്കുന്ന ജനങ്ങൾ ഭഗവാന്റെ അനുസരണയുള്ള മക്കളായി മാറപ്പെടുമ്പോൾ അവിടെ സമാധാനം നിലനിൽക്കുന്നു. എന്നാൽ ഇന്ന് ആരും നിയമങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ല. സ്വയം ദൈവമായാണ് എല്ലാവരും കഴിയുന്നത്.



ചിട്ടയുള്ള ജീവിതം


അടുത്ത ശ്ലോകം ഇതാണ് 'അഭിധേയ നാമ ഭക്തി പ്രേമ പ്രയോജന പുരുഷാർത്ഥ ശിരോമണി പ്രേമമഹാധന' ഭക്തിയുതസേവനത്തെ അഭിധേയ എന്ന് വിശേഷിപ്പിക്കാൻ കാരണം ഈ പ്രക്രിയ നമ്മുടെ പരമോന്നത ലക്ഷ്യമായ കൃഷ്‌ണപ്രേമം സാധ്യമാക്കുന്നു എന്നുള്ളത് കൊണ്ടാണ്. ഇതാണ് ജീവാത്മാവിന്റെ അമൂല്യമായ ധനം. ഇപ്രകാരം ഭാവ്യമായ ആത്മീയ സേവയുടെ തലത്തിൽ ഒരുവൻ എത്തിപ്പെടുന്നു.


ഭക്തി എന്നാൽ വളരെ ചിട്ടയോടെയുള്ള ജീവിതത്തിലൂടെ നഷ്ടപ്പെട്ടുപോയ ഭഗവാനുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിച്ച് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. 'അഭിദേയ നാമ ഭക്തി, പ്രേമ പ്രയോജന' ഈശ്വരനുമായി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ലെങ്കിൽ എന്താണ് അവസ്ഥ? എപ്പോഴും നാം ദുരിതത്തിലായിരിക്കും. എല്ലാവരും സമൃദ്ധിയുടെയും, സമാധാനത്തിന്റെയും പാതയിലേക്കാണ് ഉറ്റുനോക്കുന്നത്. എന്താണ് സമാധാനത്തിന്റെ അടിസ്ഥാനം? സമാധാനത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹിക്കാതെ ആർക്കെങ്കിലും സമാധാനം സ്വായത്തമാക്കാൻ പറ്റുമോ? പറ്റില്ല. എന്നാൽ എങ്ങിനെ ഇത് സാധ്യമാകും? ആയതിനാൽ നാം ദൈവത്തെ സ്നേഹിക്കുകയാണെങ്കിൽ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നതാണ്. അല്ലാത്ത പക്ഷം നമുക്ക് ആരെയും സ്നേഹിക്കാൻ പറ്റില്ല. ഇന്ത്യയിൽ സാധാരണയായി കൂട്ടുകുടുംബമാണ് നിലവിലിരിക്കുന്നത്. അച്ഛനമ്മാരുടെ നിർദ്ദേശത്തിനും, താത്പര്യത്തിനും അനുസരിച്ചാണ് മക്കൾ വിവാഹിതരാകുന്നത്. വിവാഹിതയായി ഒരു പെൺകുട്ടി ഭർതൃഗൃഹത്തിൽ വരുന്നതോടെ അവിടെയുള്ള എല്ലാവരുമായും ബന്ധം സ്ഥാപിക്കുന്നു. കേന്ദ്രബിന്ദു അവളുടെ ഭർത്താവാണ്. എല്ലാറ്റിനും ഒരു കേന്ദ്രബിന്ദു ഉണ്ടാവണം. ദൈവമാകുന്ന കേന്ദ്രബിന്ദുവിനെ നിങ്ങൾ സ്നേഹിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും ഇഷ്ടപ്പെടാൻ തുടങ്ങുന്നു. ജനങ്ങളെയും, രാജ്യത്തെയും, സമുദായത്തെയും മറ്റെല്ലാറ്റിനെയും സ്നേഹിക്കാൻ പറ്റുന്നു. അതാണ് വസ്‌തുത. എന്നാൽ ജനങ്ങൾ മറ്റൊരുതരത്തിലാണ് ചിന്തിക്കുന്നത്. എന്തിന് ഞാൻ ദൈവത്തെ സ്നേഹിക്കണം.? ഞാൻ എൻ്റെ കുടുംബത്തെയും, രാജ്യത്തെയും സ്നേഹിക്കും. ഇത്തരത്തിലാണ് അവരുടെ നിലപാട്. എന്നാൽ ഇത് അസംഭവ്യമാണ്. കാരണം കേന്ദ്രബിന്ദുവിനെ അവർ പരിഗണിക്കുന്നില്ല. 'ഹരവ് അഭക്തസ്യ കുതോ മഹത് ഗുണ' (ഭാഗവതം 5.8.12) ഭഗവാനെ സ്നേഹിക്കാത്തവരിൽ യാതൊരു നല്ല ഗുണങ്ങളും ഉടലെടുക്കുന്നില്ല. കാരണം? 'മനോരഥേസനാതി ധാവതോ ബഹി. മനോവ്യാപാരങ്ങളിൽ മുഴുകി ഭൗതിക പ്രകൃതിയുടെ മോഹവലയത്തിൽ പെട്ടു അവർ നിലം പതിക്കുന്നു. എത്രമാത്രം ഭൗതികമായോ, വിദ്യാഭ്യാസ പരമായോ ഉന്നതിയിൽ നിവസിക്കുകയാണെങ്കിലും ശ്രീമദ് ഭാഗവതം പറയുന്നു ഇവർക്ക് യാതൊരു സദ്ഗുണങ്ങളും ഉണ്ടാവില്ല എന്ന്. ചൈതന്യചരിതാമൃതത്തിൽ പറഞ്ഞ ഭക്തൻ്റെ 26 ഗുണങ്ങളെപ്പറ്റി നമ്മൾ സംസാരിച്ചു. ഭക്തിയുതസേവനത്തിൽ മുന്നേറുന്നതോടെ എല്ലാ നല്ല ഗുണങ്ങളും ഭക്തനിൽ ഉടലെടുക്കുന്നു. പ്രത്യേക ശ്രമം ഇതിനാവശ്യമില്ല. ഇങ്ങിനെയല്ലെങ്കിൽപ്പിന്നെ കൃഷ്ണാവബോധത്തിൻ്റെ അർത്ഥം എന്താണ്? ഇത് ശാസ്ത്രമാണ്. നിയമങ്ങളൊക്കെ പാലിച്ച് ഒരു ഭക്ത നായി ജീവിക്കുമ്പോൾ അയാളിൽ സദ്‌ഗുണങ്ങളെല്ലാം അത്യധികം ശോഭയോടെ പ്രകാശം പരത്തുന്നു. ഇത് നമുക്ക് ദർശിക്കാവുന്നതാണ്. ഈ ഗുണങ്ങളൊക്കെ ഉടലെടുക്കുമ്പോൾ നിങ്ങൾ സ്വാഭാവികമായും നിങ്ങളുടെ രാജ്യത്തെയും, ജനങ്ങളെയും സ്നേഹിക്കുന്ന ആളായി മാറുന്നു.


എന്നാൽ എല്ലാവരും ഇപ്രകാരം ആവുന്നില്ല. ചുരുങ്ങിയത് ഒരു പത്തുശതമാനം ജനങ്ങൾ കൃഷാവബോധ പ്രക്രിയ സ്വീകരിക്കുകയാണെങ്കിൽ ഈ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. ചാണക്യപണ്ഡിതൻ പറയുന്നത് 'വരം ഏക ഗുണി പുത്ര ന ച മൂർഖ ഷതൈർ അപി' എന്നാണ്. " നൂറ് വിഡ്ഢികൾ ജനിക്കുന്നതിലും ഭേദം ഒരു സദ്പുത്രൻ ഉണ്ടാവുന്നതാണ്." ഇപ്രകാരം ആകാശത്ത് നിരവധി ചന്ദ്രന്മാർ ഉദിക്കേണ്ട ആവശ്യമില്ല. അന്ധകാരം ഇല്ലാതാക്കാൻ ഒരു ചന്ദ്രൻ ധാരാളം മതിയാകും.



മനുഷ്യജന്മത്തിൻ്റെ ഉദ്ദേശ്യം


ആധുനിക സംസ്‌കാരം ദൈവരഹിതമാണ്. വളരെ ചെറിയ ഒരു ശതമാനം ജനങ്ങൾ കൃഷ്ണാവബോധ പ്രക്രിയ സ്വീകരിക്കുന്ന പക്ഷം അത് മനുഷ്യസമൂഹത്തെ സമാധാനത്തിൽ കൊണ്ടുചെന്നെത്തിക്കും. അല്ലാത്തപക്ഷം ഇത് സാധ്യമല്ല തന്നെ. മഹാപ്രഭു പറയുന്നു 'അഭിദേയ നാമ ഭക്തി പ്രേമ പ്രയോജന'. പ്രയോജന എന്നാൽ അത്യന്താപേക്ഷിതമായത് എന്നർത്ഥം. ചൈത്യമഹാപ്രഭുവിൻ്റെ ശിക്ഷണം പ്രേമ പുമാർത്ഥോ മഹാൻ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യജന്മത്തിൻ്റെ ഉദ്ദേശം എന്താണ്? അദ്ദേഹം പറയുന്നു "മനുഷ്യജന്മത്തിൻ്റെ ലക്ഷ്യം ഭഗവദ് പ്രേമം സ്വായത്തമാക്കുക' എന്നതാണ്. ഇത് മാത്രമേ മനുഷ്യനെ പൂർണതയിൽ എത്തിക്കുകയുള്ളൂ.


ശ്രീനാഥ ചക്രവർത്തി എന്ന ആചാര്യൻ ചൈതന്യ മഹാപ്രഭുവിന്റെ അവതാരലക്ഷ്യം വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു 'ആരാധ്യോ ഭഗവാൻ വ്രജേഷ തനയ' പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ശ്രീകൃഷണൻ ആരാധിക്കപ്പെടേണ്ട രൂപമാണ്. അദ്ദേഹം മാത്രമെ ആരാധ്യനായുള്ളൂ. അതേപോലെ കൃഷ്‌ണൻ്റെ ധാമമായ വൃന്ദാവനവും ആരാധിക്കപ്പെടേണ്ടതാണ്. ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ആരാധന ഏതാണ്? 'രമ്യാകശ്ചിത് ഉപാസനാ വ്രജ വധു വർഗേനയാ കൽപിത' വൃന്ദാവനത്തിലെ ഗോപികമാരുടെ ആരാധനയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. അവരിൽ യാതൊരു മാലിന്യങ്ങളുമില്ല. എല്ലായ്പ്പോഴും അവരുടെ മനസ്സിൽ കൃഷ്ണ‌ൻ മാത്രമേയുള്ളൂ. കൃഷ്ണൻ പൂറത്തേക്ക് പോകുമ്പോൾ ഗോപികമാരുടെ മനസ്സ് നീറുകയാണ്. അതിലോലമായ കൃഷ്‌ണൻ്റെ പാദങ്ങൾ വൃന്ദാവനത്തിലെ കല്ലും, മുള്ളും തട്ടി വേദനിക്കില്ലേ എന്നാണ് അവർ സങ്കടപ്പെടുന്നത്. തങ്ങളുടെ ഗൃഹങ്ങളിൽ ഇരുന്നുകൊണ്ട് അവർ എല്ലായ്‌പ്പോഴും കൃഷ്‌ണനെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകിയിരിക്കുകയാണ്. ഇതാണ് കൃഷ്‌ണാവബോധം. ഇവർ വേദാന്തികളോ, ബ്രാഹ്മണരോ, വിദ്യാസമ്പന്നരോ അല്ല. വെറും കന്നുകാലികളെ മേയ്ക്കുന്ന സാധാരണ പെൺകിടാങ്ങൾ മാത്രം. എന്നാൽ അവർക്ക് കൃഷ്‌ണനോടുള്ള സ്നേഹം ആണ് ഏറ്റവും മഹത്തായ ആരാധനയായി ചൈതന്യമഹാപ്രഭു നിർദ്ദേശിക്കുന്നത്.


കൃഷ്ണനെ ഗ്രഹിക്കാനുള്ള ഉറവിടം എന്താണ്? ശ്രിനാഥ ചക്രവർത്തി പറയുന്നത് അമലപുരാണം എന്നറിയപ്പെടുന്ന ഭാഗവതം ആണെന്നാണ്. ശ്രീമദ് ഭാഗവതം പഠിക്കുകയാണെങ്കിൽ ഇപ്പറഞ്ഞ എല്ലാകാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്നു. ശാസ്ത്രം ശ്രീമദ് ഭാഗവതം, ഏറ്റവും ഉന്നതമായ ആരാധന വൃന്ദാവനത്തിലെ ഗോപികമാർ പ്രകടമാക്കിയത്, ആരാധനാപാത്രം ഭഗവാൻ കൃഷ്‌ണൻ, ജീവിതത്തിന്റെ ആവശ്യം ഭഗവദ് സ്നേഹം ലഭ്യമാക്കുക എന്നത്. ചൈതന്യമഹാപ്രഭുവിൻ്റെ ആഗമനത്തിൻ്റെ ആകെത്തുക ഇത്രയുമാണ്. അതുകൊണ്ട് മഹാപ്രഭുപറയുന്നു "പുരുഷാർത്ഥ ശിരോമണി പ്രേമമഹാധന. ഇക്കാലത്ത് ജനങ്ങൾ മറ്റുപല ലക്ഷ്യങ്ങളുമാണ്. പണ്ടുകാലങ്ങളിൽ വേദസാഹിത്യങ്ങളുടെ ഉദ്ദേശം ജനങ്ങളെ ധർമിഷ്ഠരാക്കുക എന്നതായിരുന്നു. ഈ ആധുനിക കാലത്തും സംസ്കാരമുള്ള ഏത് രാജ്യത്തും ഏതെങ്കിലും തരം ധർമത്തിൽ വിശ്വസിച്ച് ജീവിക്കുന്ന ജനതയെ കാണാം. ഇത്തരത്തിലല്ലാതെ സമ്പത്തും സമാധാനവും കൈവരിക്കാൻ പറ്റുകയില്ല. ഇതായിരിക്കണം മനുഷ്യസമൂഹത്തിൻ്റെ ലക്ഷ്യം.


ധർമിഷ്ഠരായാൽ മാത്രമേ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ. സാമ്പത്തിക സുരക്ഷിതത്ത്വം എന്തിനായിട്ടാണ് ആവശ്യം? അപ്പോൾ മാത്രമേ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധ്യമാവുകയുള്ളൂ. സമാധാനം നിറഞ്ഞ ഒരു സമൂഹത്തിൽ കൂടി മാത്രമേ മോക്ഷപ്രാപ്‌തി സാധ്യമാകൂ. ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് കാര്യങ്ങളാണ് സാധാരണയായി മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം. എന്നാൽ ചൈതന്യമഹാപ്രഭു പറയുന്നു. 'ഇതൊക്കെ ശരിതന്നെ' എന്നാൽ പ്രേമ പുമാർത്ഥോ മഹാൻ. "ഇതൊക്കെ ഉണ്ടെങ്കിലും ഭഗവദ് സ്നേഹമില്ലെങ്കിൽ എല്ലാം അസംബന്ധം തന്നെ. അതുകൊണ്ട് ദൈവത്തെ സ്നേഹിക്കാൻ ശ്രമിക്കുക. അപ്പോൾ എല്ലാം ശരിയായിക്കൊള്ളും. ഇതാണ് മഹാപ്രഭുവിൻ്റെ സന്ദേശം. വീണ്ടും അദ്ദേഹം പറയുന്നു നമുക്ക് ദൈവവുമായുള്ള ബന്ധം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം. എന്നിട്ട് അതിനനുസരിച്ചായിരിക്കണം നമ്മുടെ കർമം. ഇതാണ് ഭക്തി. ഇപ്രകാരം നമുക്ക് ജീവിതത്തിൻ്റെ പരമമായ പൂർണതയായ ഭഗവദ് പ്രേമം കൈവരിക്കാനും അതിലൂടെ നമ്മുടെ മനുഷ്യജന്മം സഫലമാക്കാനും സാധിക്കുന്നതാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ഭയം


 

അഭയം


 

അഭയം


 

അഭയം

 


നിർഭയം


 

Thursday, January 4, 2024

ഡാർവിൻ അബദ്ധങ്ങൾ




ശ്രീല പ്രഭുപാദവാണി

ഡാർവിൻ അബദ്ധങ്ങൾ


1975 ജൂലൈയിൽ ചിക്കാഗോയിൽ വച്ച് ശ്രീല എ.സി.ഭക്തിവേദാന്തസ്വാമി പ്രഭുപാദരും ചില ശിഷ്യന്മാരും തമ്മിൽ പ്രഭാതസവാരിക്കിടെ നടന്ന സംഭാഷണത്തിൽ നിന്ന്.


🔆🔆🔆🔆🔆


ശ്രീല പ്രഭുപാദർ : ഡാർവിൻ എവിടെ നിന്നാണ് തുടങ്ങുന്നത്?


ഭക്തൻ : അയാൾ സമുദ്രത്തിൽ നിന്നാണ് തുടങ്ങുന്നത്. മത്സ്യം പോലുള്ള ഏതോ ഒരു ജീവി കരയിലേക്ക് വന്നെന്നും വായു ശ്വസിച്ചു തുടങ്ങിയെന്നുമാണ് അയാൾ പറയുന്നത്.


ശ്രീല പ്രഭുപാദർ : സമുദ്രം എവിടെ നിന്നും വരുന്നു?


ഭക്തൻ : അയാൾ പറയുന്നില്ല.



ശ്രീല പ്രഭുപാദർ : അപ്പോൾ അയാളുടെ വാദം പൂർണമല്ല.


ഭക്തൻ : തുടക്കത്തിൽ ഈ ഗ്രഹത്തിൽ വലിയൊരു ഇളകിമറിയൽ ഉണ്ടായി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സമുദ്രങ്ങൾ ഇളകിമറിഞ്ഞു, പിന്നീട് ചില മിന്നൽ പിണറുകൾ ഉണ്ടായി.


ശ്രീല പ്രഭുപാദർ : മിന്നൽ എവിടെ നിന്നാണുണ്ടായത്? സമുദ്രം എവിടെ നിന്നുദ്ഭവിച്ചു ? എവിടെ അയാളുടെ തത്ത്വശാസ്ത്രം ? അത് ഊഹാപോഹമാണ്.


ഭക്തൻ : എല്ലാം ഒരു പുരാതനമായ സ്ഫോടനത്തിൽ നിന്ന് തുടങ്ങിയെന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : അപ്പോൾ ഞാൻ അതേ ചോദ്യം ആവർത്തിക്കുന്നു - സ്ഫോടനം എവിടെ നിന്ന് വന്നു ?


ഭക്തൻ : ശൂന്യ സമയത്ത് (ടൈം സീറോ) സ്ഫോടനം ഉണ്ടായി എന്നാണവർ പറയുന്നത്. (ചിരിക്കുന്നു)


ശ്രീല പ്രഭുപാദർ : ശൂന്യ സമയമോ ?


ഭക്തൻ : സമയം തുടങ്ങിയത് ടൈം സീറോയിലാണത്രേ. അതിനുമുൻപ് എന്തുണ്ടായി എന്ന ചോദ്യം യുക്തിസഹജമല്ല എന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : എന്തുകൊണ്ട് ?


ഭക്തൻ : ആ ചോദ്യം ചോദിക്കാൻ തന്നെ പാടില്ലെന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : അല്ല, അവർ ദുഷ്‌കൃതികളാണ്. അവർ പൂജ്യത്തിൽ നിന്ന് തുടങ്ങുന്നു. പക്ഷേ പൂജ്യത്തിൽ നിന്നെങ്ങനെ തുടങ്ങാൻ കഴിയും ?


ഭക്തൻ : അപ്പോൾ എല്ലാറ്റിൻ്റേയും തുടക്കം ശൂന്യതയിൽ നിന്നാണെന്ന് വരും.


ശ്രീല പ്രഭുപാദർ : അതു തത്ത്വശാസ്ത്രമല്ല.


ഭക്തൻ : അനാദിയായ പദാർത്ഥത്തിൻ്റെ ഭീമമായ ഒരു കൂമ്പാരത്തിൽ നിന്നാണ് അതു തുടങ്ങിയതെന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : വീണ്ടും അതേ ചോദ്യം ഉയരുന്നു - പദാർത്ഥം എവിടെ നിന്ന് വന്നു?


ഭക്തൻ : അതു യാദൃശ്ചികമായി ഉണ്ടായതാണെന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : അതാണ് ദുഷ്‌കൃതിസ്വഭാവം. എവിടെയാണ് യാദൃശ്ചികത? ഒന്നും യാദ്യശ്ചികമല്ല. സംഭവിക്കുന്നതെല്ലം കാരണവും പരിണാമവുമാണ്. ആദിയിൽ ദൈവം അഥവാ ദൈവത്തിൻ്റെ വചനം ഉണ്ടായി എന്നാണ് ബൈബിൾ പറയുന്നത്. അപ്പോൾ ദൈവമുണ്ടായിരുന്നു. അതാണ് തുടക്കം. നമ്മുടെ തത്ത്വശാസ്ത്രത്തിലും അതു തന്നെയാണ് തുടക്കം. ശ്രീമദ് ഭാഗവതം പ്രമാണം നൽകുന്നു : 'ജന്മാദ്യസ്യ യതഃ..... അഹം ഏവാസം ഏവാഗ്രേ.... ഭഗവദ് ഗീതയിൽ - അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർത്തതേ. ഇതാണ് നമ്മുടെ തത്ത്വശാസ്ത്രം. എല്ലാം തുടങ്ങുന്നത് ദൈവത്തിൽ നിന്നാണ്. അപ്പോൾ നിങ്ങൾക്ക് ചോദിക്കാം, "ദൈവം എവിടെ നിന്ന് വന്നു?" പക്ഷേ അതാണ് ദൈവം ദൈവത്തിന് മറ്റൊരു കാരണമില്ല. അവിടുന്നാണ് യഥാർത്ഥകാരണം. അനാദിർ ആദിർ. അവിടുന്നിന് ആദിയില്ല, പക്ഷേ എല്ലാറ്റിൻറേയും ആദിയാണ്. ബ്രഹ്മാവിന്റെ വാക്യങ്ങളിൽ ദൈവത്തെക്കുറിച്ചു നൽകിയിട്ടുള്ള വിവരണം അങ്ങനെയാണ് : അനാദിർ ആദിർ ഗോവിന്ദഃ - ആ ആദിയാണ് യഥാർത്ഥപുരുഷനായ ഗോവിന്ദൻ, കൃഷ്ണൻ. ഇതു നമുക്ക് വൈദിക ഇതിഹാസത്തിൽ കാണാം. ബ്രഹ്മാവ് തുടക്കത്തിലുണ്ട്. അദ്ദേഹം ദേവനാണ്, പ്രഥമ ദേവൻ.


കൃഷ്ണൻ പറയുന്നു, 'അഹം ആദിർ ഹി ദേവാ നാം'. ദേവന്മാരുടെ അസ്‌തിത്വത്തിന് കാരണം കൃഷ്ണനാണ്. ബ്രഹ്മാവിൻ്റെ കാരണവും കൃഷ്‌ണൻ തന്നെ. അതാണ് നമ്മുടെ തത്ത്വശാസ്ത്രം. നാം പൂജ്യത്തിൽ നിന്നോ യാദ്യശ്ചികമായ സംഭവത്തിൽ നിന്നോ തുടങ്ങുന്നില്ല.


ഭക്തൻ : ഡാർവിൻ ഒരിക്കലും വൈദികതത്ത്വശാസ്ത്രം മനസ്സിലാക്കാൻ തുനിഞ്ഞില്ല.


ശ്രീല പ്രഭുപാദർ : ഇല്ല, അയാൾ ഊഹാപോഹങ്ങൾ നടത്തുകയായിരുന്നുവെന്ന് സ്വയം സമ്മതിച്ചിട്ടുണ്ട്. അയാൾ തത്ത്വചിന്തകനല്ല, ഊഹാപോഹക്കാരനാണ്. അയാൾ സമ്മതിച്ചിട്ടുണ്ട്: "ഇതെൻ്റെ ഊഹമാണ്, ഞാൻ ഇങ്ങനെ ചിന്തിക്കുന്നു."


ഭക്തൻ : ജീവന്റെ ഉൽഭവത്തെക്കുറിച്ചാണ് അയാൾ തന്റെ ഊഹാപോഹങ്ങൾ തുടങ്ങിയത്.


ശ്രീല പ്രഭുപാദർ : എവിടെയായാലും ഊഹാപോഹങ്ങൾ ശാസ്ത്രവുമല്ല, തത്ത്വവാദവുമല്ല.


ഭക്തൻ : വേദങ്ങൾ ഊഹാപോഹങ്ങളാണ് എന്നാണ് അവർ പറയുന്നത്. ഉപനിഷത്തുകൾ ഊഹാപോഹങ്ങളാണ് എന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : അല്ല, അല്ല, അത് ഊഹാപോഹങ്ങളല്ല. ശ്രീ ഈശോപനിഷത്തു പറയുന്നു: “ഈശാവാസ്യം ഇദം സർവം'. എല്ലാം തുടങ്ങുന്നത് ഈശനിൽ നിന്നാണ്, പരമനിയന്താവിൽ നിന്നാണ്. വേദങ്ങളിലെവിടെയാണ് ഊഹാപോഹങ്ങൾ ?


ഭക്തൻ : വേദങ്ങൾ മനുഷ്യനാൽ എഴുതപ്പെട്ടവയാണെന്നും ആകയാൽ അവ വികലമാണെന്നും അവർ പറയുന്നു.


ശ്രീല പ്രഭുപാദർ : എന്താണ് നിങ്ങളുടെ തത്ത്വശാസ്ത്രം ? അതു മനുഷ്യൻ രചിച്ചതാണ്. എന്താണതിന്റെ മൂല്യം? അത് ഊഹാപോഹങ്ങൾ മാത്രമാണ്. വേദങ്ങൾ മനുഷ്യൻ രചിച്ചതാണെന്ന് നാം പറയുന്നില്ല. അവ ദിവ്യമായ സ്രോതസ്സിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഭഗവാൻ്റെ വാക്കുകൾ 'അപൗരുഷേയം' എന്നറിയപ്പെടുന്നു, അവ ഉദ്ഭവിക്കുന്നത് ലൗകികനായ ഏതെങ്കിലും വ്യക്തിയിൽ നിന്നല്ല എന്നതാണ് അതു സൂചിപ്പിക്കുന്നത്.


അവർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, നാം അതംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ഒരാൾ പറയുന്നവെന്നിരിക്കട്ടെ, "നിങ്ങളുടെ അച്ഛന്റെ പേർ ഇതാണ്" എന്ന്. എന്റെ അച്ഛൻ്റെ പേരെന്താണെന്ന് പറയാൻ അയാൾക്കെന്ത് അയാൾ ആധികാരികതയാണുള്ളത് ? എനിക്ക് നന്നായി അറിയാം.


ഇവരുടെ അഭിപ്രായവും അങ്ങനെ തന്നെയാണ്:"നിങ്ങളുടെ പിതാവിൻ്റെ പേർ ഇതാണ്." അതൊരു നല്ല അഭിപ്രായമാണോ ? എൻ്റെ അച്ഛന്റെ പേരിന്നതാണെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും ? അതു ദുഷ്കൃതിയായ ബുദ്ധിയല്ലേ ? നിങ്ങൾക്കെൻ്റെ കുടുംബത്തെക്കുറിച്ച് ഒന്നും അറിയില്ല, എന്നിട്ടും നിങ്ങൾ എന്റെ അച്ഛന്റെ പേരിന്നതാണെന്ന് പറഞ്ഞാൽ അതി ലെന്തു യുക്തിയാണുള്ളത്?


ഭക്തൻ : ഡാർവിൻ എല്ലുകളും ചില പുരാവസ്‌തു സംബന്ധിയായ തെളിവുകളും പ്രദർശിപ്പിച്ചു എന്നതാണ് അയാളുടെ സിദ്ധാന്തത്തിൻ്റെ പ്രമാണം.


ശ്രീല പ്രഭുപാദർ : അയാൾ എല്ലാ എല്ലുകളും കണ്ടിരിക്കാൻ സാധ്യതയില്ല. അയാൾ എല്ലുകൾ നിരീക്ഷിച്ചാണ് പഠനങ്ങൾ നടത്തിയതെങ്കിൽ എളുപ്പത്തിൽ തന്നെ എനിക്ക് പറയാൻ കഴിയും, അയാളെപ്പോലെയുള്ള ഒരു വ്യക്തിക്ക് എല്ലാ എല്ലുകളും കാണാൻ കഴിയുകയില്ല. അതാണ് എൻ്റെ വെല്ലുവിളി. 'കോടാനുകോടി വർഷങ്ങൾക്ക് മുൻപ്' എന്നയാൾ പറയുന്നു, പക്ഷേ അയാൾ അൻപതു വർഷമാണ് ജീവിച്ചിരുന്നത്. അയാളെങ്ങനെ എല്ലാ എല്ലുകളും കാണും? അയാൾ പരിമിതികളുള്ള ഒരു വ്യക്തിയാണ്.


ഭക്തൻ : എല്ലാ എല്ലുകളും കണ്ടെത്തിയിട്ടില്ലെന്നവർ സമ്മതിക്കുന്നുണ്ട്, പക്ഷേ അവർ കണ്ടെത്തിയ എല്ലുകൾ അഖണ്ഡ്യമായ തെളിവുകളാണ് എന്നാണവർപറയുന്നത്.


ശ്രീല പ്രഭുപാദർ : അവർക്കതുപറയാൻ കഴിയില്ല. നിങ്ങൾ എല്ലാ എല്ലുകളും കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ ചില എല്ലുകൾ കാണ്മാനില്ലെന്നാണവർ തന്നെ പറയുന്നത്. ആകയാൽ അവരുടെ സിദ്ധാന്തം എപ്പോഴും അപൂർണമായിരിക്കും.


ഭക്തൻ : ഈ വർഷം തന്നെ അവർ മനുഷ്യൻ്റെ തലയോട്ടിയേക്കാൾ ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു തലയോട്ടി കണ്ടെത്തി.


ശ്രീല പ്രഭുപാദർ : അതു ശരി തന്നെ, പക്ഷേ എല്ലാ തലയോട്ടികളും കണ്ടെത്തി എന്നവർക്ക് പറയാൻ കഴിയില്ല. അവർ ഊഹിക്കുകയാണ് - ലക്ഷോപലക്ഷം വർഷങ്ങളുടെ അന്തരമുണ്ടെന്ന്.


ഭക്തൻ : നഷ്‌ടപ്പെട്ടുപോയ ആ കണ്ണിയാണ് ഏറ്റവും നിർണായകമെന്നും അവർതന്നെ പറയുന്നുണ്ട്.


ശ്രീല പ്രഭുപാദർ : അപ്പോൾ അതു ശാസ്ത്രമല്ല. അതുകൊണ്ടാണ് അവർ ദുഷ്കൃതികളാണെന്ന് നാം പറയുന്നത്. മറ്റു ദുഷ്‌കൃതികൾ അവരെ വിശ്വസിക്കുകയും ചെയ്യുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Tuesday, January 2, 2024

ഹരി നാമാമൃതം



ഒരു ഭക്തൻ ഈ ജീവിതത്തിൽത്തന്നെ കൃഷ്ണാവബോധത്തിൽ പരിപൂർണനാകാൻ പരിശ്രമിക്കണം, എന്തുകൊണ്ടെന്നാൽ, കൃഷ്ണനെയും അദ്ദേഹത്തിൻ്റെ ഉപദേശങ്ങളെയും അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ഈ ശരീരം ത്യജിച്ചതിനു ശേഷം ഭഗവദ് ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. ഏതെങ്കിലും വിധത്തിലുള്ള പതനം സംഭവിച്ചാൽപോലും കൃഷ്‌ണാവബോധ പരിശീലനം വൃഥാവിലാകില്ല. ഉദാഹരണത്തിന്, അജാമിളൻ അവൻ്റെ ബാല്യകാലത്ത് അവന്റെ പിതാവിന്റെ മേൽനോട്ടത്തിൽ നാരായണ നാമം ജപിക്കാൻ പരിശീലിച്ചു. പക്ഷേ പിന്നീട്, അവന്റെ യൗവന കാലത്ത് അവൻ മദ്യപാനിയും, സ്ത്രീലമ്പടനും, തെമ്മാടിയും, മോഷ്‌ടാവുമായി അധഃപതിച്ചു. എന്നിരുന്നാലും, താൻ നാരായണനെന്നു പേരിട്ട പുത്രനെ വിളിക്കുന്നതിന് നാരായണ നാമം ഉച്ചരിച്ചതിലൂടെ, പാപകർമങ്ങളിൽ മുഴുകിയിരുന്നവനായിട്ടുപോലും അവന് പതനത്തിൽ നിന്ന് വീണ്ടും ഉന്നതിയുണ്ടായി. അതുകൊണ്ട് ഏതു പരിതസ്ഥിതിയിലും ഹരേ കൃഷ്‌ണ മന്ത്രം ജപിക്കാൻ നാം മറക്കരുത്. അത്, ഗജേന്ദ്രന്റെ ജീവിതത്തിൽ കണ്ടതു പോലെ ഏത് മഹാവിപത്തിലും നമുക്ക് തുണയേകും.


(ശ്രീമദ് ഭാഗവതം 8.3.1 ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്