ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സർവേ
സ ശാന്തിമാപ്നോതി ന കാമകാമീ
വിവർത്തനം
എപ്പോഴും നിറയ്ക്കപ്പെട്ടുകൊണ്ടിരിക്കിലും ഉൾക്ഷോഭമില്ലാത്ത, സമുദ്രത്തിലേക്ക് നദികളെന്നപോലെ, നിരന്തരം തന്നിലേക്ക് ഒഴുകിയെത്തുന്ന ആഗ്രഹങ്ങളാൽ പ്രക്ഷുബ്‌ധനാകാത്ത മനുഷ്യന് മാത്രമാണ് ശാന്തി ലഭിക്കുന്നത്, മറിച്ച് ആ ആഗ്രഹങ്ങളെ നിറവേറ്റാൻ യത്നിക്കുന്നവനല്ല.
ഭാവാർത്ഥം:
അതിവിപുലമായ സമുദ്രത്തിൽ എന്നും വെള്ളം നിറഞ്ഞു കിടക്കുന്നു. എന്നിട്ടും, എപ്പോഴും വിശേഷിച്ചും വർഷകാലത്ത് അധികമധികം വെള്ളം അതിലൊഴുകിച്ചേരുകയും ചെയ്യുന്നു. എങ്കിലും സമുദ്രം ഒരേ മട്ടിൽത്തന്നെ സ്ഥിതിചെയ്യുന്നു. അത് ശാന്തമാണ്, കരകവിഞ്ഞൊഴുകുന്നുമില്ല. കൃഷ്‌ണാവബോധമുണർന്ന ഒരാളെക്കുറിച്ചും ഇതാണ് വാസ്തവം. ശരീരമുള്ള കാലത്തോളം ഇന്ദ്രിയസുഖങ്ങൾക്ക് വേണ്ടിയുള്ള അതിൻ്റെ അഭിലാഷങ്ങളും തുടരും. സ്വയംതൃപ്തനായ ഭക്തനെ ഇവയ്ക്ക് ക്ഷോഭിപ്പിക്കാനാവില്ല. കൃഷ്‌ണാവബോധമുറച്ചവന് ആവശ്യങ്ങളില്ല; ഭഗവാൻ ഭക്തൻ്റെ ഭൗതികാവശ്യമെന്തും നിറവേറ്റുന്നു. സമുദ്രത്തെപ്പോലെയാണ് അയാൾ; സദാ പരിപൂർണ്ണൻ. പുഴവെള്ളം പോലെ ആഗ്രഹങ്ങൾ തന്നിലേക്ക് ഒഴുകിയേക്കാം. എങ്കിലും അവൻ ഇന്ദ്രിയാഭിലാഷങ്ങളാൽ തെല്ലും കുലുക്കപ്പെടാതെ സ്വകർമ്മനിരതനായിത്തന്നെയിരിക്കും.
ആഗ്രഹങ്ങളുണ്ടായാൽപ്പോലും വിഷയസുഖ പൂരണത്തിനുള്ള പ്രവണത തീരെ ഇല്ലാതാവുകയാണ് കൃഷ്‌ണാവബോധമാർന്ന ഭക്തൻ്റെ പ്രധാന ലക്ഷണം. അതീന്ദ്രിയപ്രേമഭരിതമായ ഭഗവദ്സേവനത്താൽ സംതൃപ്തനാകയാൽ ഭക്തന് സമുദ്രത്തെപ്പോലെ അക്ഷോഭ്യനായി ശാന്തിനേടാൻ കഴിയും. ഭൗതികമായ വിജയം മാത്രമല്ല, മുക്തിലാഭംവരെയുള്ള അഭിലാഷങ്ങളെ നിറവേറ്റിക്കൊണ്ടിരിക്കുന്നവർക്കാകട്ടെ, ഒരിക്കലും ശാന്തി ലഭ്യമല്ല. ഫലത്തിനു വേണ്ടി പ്രവർത്തിക്കുന്നവരും, മോക്ഷേച്ഛുക്കളും, നിഗൂഢശക്തികൾ നേടാൻ ഉദ്ദേശിക്കുന്ന യോഗികളുമെല്ലാം ആഗ്രഹനിവൃത്തി കൈവരാത്തതുകൊണ്ട് എപ്പോഴും ദുഃഖിതരാണ്. കൃഷ്‌ണാവബോധമാർന്നയാളാകട്ടെ, ഭഗവദ്സേവനംകൊണ്ട് സംതൃപ്‌തനാണ്. തനിക്ക് നിറവേറ്റാനായി ഒരാഗ്രഹവുമില്ല. വാസ്‌തവത്തിൽ അയാൾ ഭൗതിക ബന്ധനത്തിൽ നിന്നുള്ള മോചനം കൂടി ആഗ്രഹിക്കുന്നില്ല. കൃഷ്ണ ഭക്തന്മാർക്ക് ഭൗതികാഭിലാഷങ്ങളേതുമില്ല. അതുകൊണ്ട് അവർക്ക് പരിപൂർണ്ണമായ ശാന്തി ലഭിക്കുന്നു.
(ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 2/70 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment