പരമദിവ്യോത്തമപുരുഷനാൽ അര ഡസനോളം ശ്ലോകങ്ങളാൽ ഏറ്റവും രത്നച്ചുരുക്കമായി അരുളിചെയ്യപ്പെട്ട ഭാഗവതം ഭഗവാന്റെ ശക്തമായ പ്രതിനിധീകരണമാണ്. അദ്ദേഹം പരം, അഥവാ പരിപൂർണൻ ആകയാൽ, ഭഗവദ്ശാസ്ത്രം, അഥവാ ഭാഗവതത്തിൽനിന്നും അഭിന്നനാണ്. ബ്രഹ്മാവ്, ഭഗവാനിൽനിന്നും നേരിട്ട് ഈ ഭഗവദ്ശാസ്ത്രം (ഭാഗവതജ്ഞാനം) സ്വീകരിക്കുകയും, അത് യഥാരൂപത്തിൽ നാരദന് പകർന്നുനൽകുകയും ചെയ്തു. അനന്തരം ബ്രഹ്മാവിൽനിന്നും പകർന്നുകിട്ടിയ ഭാഗവതത്തെ വിസ്തരിപ്പിക്കാൻ ശ്രീ നാരദൻ, ശ്രീ വ്യാസദേവനോട് നിർദേശിച്ചു. ആകയാൽ, വാദപ്രതിവാദം നടത്തുന്ന ഭൗതികവാദികളുടെ, അഥവാ ലൗകികരായ വഴക്കാളികളുടെ മാനസിക ഊഹാപോഹങ്ങളല്ല പരമപുരുഷൻ്റെ, അഥവാ പരമോന്നത ഭഗവാനെ സംബന്ധിക്കുന്ന അതീന്ദ്രിയ ജ്ഞാനം, നേരെമറിച്ച്, ഭൗതിക ഗുണങ്ങളുടെ അധികാരപരിധിക്കപ്പുറുത്തുള്ള പരിശുദ്ധവും ശാശ്വതവും പരിപൂർണവുമായ ജ്ഞാനമാണത്. ആയതിനാൽ, ഭാഗവത പുരാണം, അതീന്ദ്രിയ ശബ്‌ദരൂപത്തിലുള്ള ഭഗവാൻ്റെ പ്രത്യക്ഷ അവതാരമാകുന്നു. മാത്രവുമല്ല, ഭഗവാനിൽനിന്നും ബ്രഹ്മാവിലേക്കും, ശ്രീ ബ്രഹ്മദേവനിൽനിന്നും നാരദനിലേക്കും, ശ്രീ നാരദനിൽനിന്നും വ്യാസദേവനിലേക്കും, വ്യാസദേവനിൽനിന്നും ശുകദേവ ഗോസ്വാമിയിലേക്കും, ശ്രീ ശുകദേവ ഗോസ്വാമിയിൽനിന്നും മറ്റുള്ളവരിലേക്കും അവരോഹണം ചെയ്യുന്ന ഗുരുശിഷ്യപരമ്പരയിലുള്ള യഥാർഥ ഭഗവദ്പ്രതിനിധിയിൽനിന്നും ഒരുവൻ ഈ അതീന്ദ്രിയ ജ്ഞാനം സ്വീകരിക്കണം. വേദവൃക്ഷത്തിൻ്റെ പരിപക്വമായ ഫലം, ഉയർന്ന വൃക്ഷശാഖയിൽനിന്നും പൊടുന്നനെ ഭൂമിയിൽ നിപതിച്ച് ചിന്നഭിന്നമാകാതെ, ഒരുകൈയിൽനിന്ന് മറ്റൊന്നിലേക്ക് പതിയെ കൈമാറ്റം ചെയ്‌താണ് ഭൂമിയിൽ അവതരിച്ചിട്ടുള്ളത്. അക്കാരണത്താൽ, മുകളിൽ പ്രസ്‌താവിച്ചപോലെ, ഭഗവദ്ശാസ്ത്രം, അഥവാ ഭാഗവതജ്ഞാനം ഗുരുശിഷ്യശ്രേണിയിലുള്ള യഥാർഥ പ്രതിനിധിയിൽനിന്നും ശ്രവിക്കാത്തപക്ഷം, ഭഗവദ്ശാസ്ത്രത്തിന്റെ, ഭാഗവതജ്ഞാനത്തിൻ്റെ സാരം ഗ്രഹിക്കുകയെന്നത് ഒരുവന് പ്രയാസമേറിയ കർമമായി അനുഭവപ്പെടും. ശ്രോതാക്കളുടെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി ജീവനോപായം കണ്ടെത്തുന്ന ഭാഗവത പ്രഭാഷകരിൽനിന്നും ഭാഗവതം ഒരിക്കലും ശ്രവിക്കരുത്.
(ശ്രീമദ് ഭാഗവതം 2/7/51/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment