ശരത്ചന്ദ്രഭ്രാന്തിം സ്‌ഫുരദമലകാന്തിം ഗജഗതിം
ഹരിപ്രേമോന്മത്തം ധൃതപരമസത്ത്വം സ്മിതമുഖം
സദാ ഘൂർണ്ണൻനേത്രം കരകലിതവേത്രം കലിഭിദം
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (1)
ആരുടെ തിളങ്ങുന്ന വദനം ശരത്കാലചന്ദ്രപ്രഭയെ പരിഹസിക്കുന്നുവോ, ആരുടെ നിർമ്മല ശരീരവർണ്ണം മിന്നിത്തിളങ്ങുന്നുവോ, ആരുടെ ഗമനം ഒരു മദയാനയുടെ പോലെയാണോ, ആരാണോ കൃഷ്‌ണപ്രേമത്താൽ എപ്പോഴും ഉന്മത്തനായിരിക്കുന്നത്. ആരാണോ ശുദ്ധ ആത്മീയശക്തിയുടെ മൂർത്തീകരണമായിരിക്കുന്നത്. ആരുടെ മുഖത്താണോ എപ്പോഴും മൃദുമന്ദഹാസമുള്ളത്, ആരുടെ കണ്ണുകളാണോ കൃഷ്‌ണപ്രേമം ആഗിരണം ചെയ്കയാൽ എപ്പോഴും അങ്ങുമിങ്ങും ഭ്രമണം ചെയ്യുന്നത്. ആരുടെ പദ്‌മകരമാണോ ഒരു ദണ്ഡത്താൽ അലങ്കൃതമായിരിക്കുന്നത്. കൂടാതെ ആരാണോ നാമസങ്കീർത്തന നിർവ്വഹണം കൊണ്ട് കലിയുഗത്തിൻ്റെ സ്വാധീനത്തെ ഭേദിക്കുന്നത്. ആ കൃഷ്ണഭക്തിവൃക്ഷത്തിൻ്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
രസാനാം ആഗാരം സ്വജനഗണ സർവ്വസ്വമതുലം
തദീയൈക പ്രാണപ്രതിമ വസുധാജാഹ്നവിപതിം
സദാ പ്രേമോന്മാദം പരമവിദിതം മന്ദമനസാം
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (2)
എല്ലാ രസങ്ങളുടെയും പ്രധാന അവലംബമായ, സ്വന്തം ഭക്തർക്ക് എല്ലാമെല്ലാമായ, താരതമ്യത്തിന്നപ്പുറത്തായ, സ്വന്തം ജീവനെക്കാളധികം പ്രിയപ്പെട്ടതായി വസുധയും ജാഹ്നവീദേവിയും കരുതുന്ന അവരുടെ നാഥനായ, കൃഷ്ണപ്രേമത്താൽ എപ്പോഴും ഉന്മത്തനായ, അല്‌പബുദ്ധികൾക്കുമാത്രം അറിയപ്പെടാത്തവനായ, കൃഷ്‌ണഭക്തിവൃക്ഷത്തിന്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
ശചീസൂനു പ്രേഷ്‌ഠം നിഖിലജഗദിഷ്ടം സുഖമയം
കലൗ മജ്ജത് ജീവോദ്ധരണകരണോദ്ദാമകരുണം
ഹരേർ വ്യാഖ്യാനാദ് വാ ഭവജലധി ഗർവോന്നതിഹരം
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (3)
ശചീനന്ദനൻ ശ്രീചൈതന്യമഹാപ്രഭുവിന് എറ്റവും പ്രിയപ്പെട്ടവനായ, സമസ്‌തപ്രപഞ്ചത്താലും ആരാധിക്കപ്പെടുന്നവനായ, ആനന്ദത്തിൻ്റെ മൂർത്തീകരണമായ ആരുടെ കാരുണ്യമാണോ കലിയുഗത്തിൽ മുങ്ങിത്താഴുന്ന ആത്മാക്കളെ രക്ഷിക്കാൻ ഹേതുവാകുന്നത്, ആരാണോ ഹരിനാമസങ്കീർത്തനം നടത്തിക്കൊണ്ട് ആവർത്തിച്ചുള്ള ജനനമരണമാകുന്ന സംസാരസാഗരത്തിൻ്റെ അതിരുകവിഞ്ഞ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നത്. ആ കൃഷ്ണഭക്തിവൃക്ഷത്തിൻ്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
അയേ ഭ്രാതർ നൃണാം കലികലുഷിനാം കിം നു ഭവിതാ
തഥാ പ്രായശ്ചിത്തം രചയ യദനായാസതമിമേ
വ്രജന്തി ത്വാം ഇത്ഥം സഹ ഭഗവതാ മന്ത്രയതി യോ
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (4)
'അല്ലയോ സഹോദരാ ഗൗരാംഗാ, കലിയുഗത്തിലെ പാപാത്മാക്കളുടെ ഗതി എന്തായിരിക്കും? അവർ എങ്ങനെ ഉദ്ധരിക്കപ്പെടും? ദയവുചെയ്‌ത് അവർക്ക് താങ്കളെ എളുപ്പത്തിൽ നേടുവാൻ കഴിയുംവിധം ഒരു പദ്ധതി ആസൂത്രണം ചെയ്താലും' എന്നു ശ്രീചൈതന്യമഹാപ്രഭുവിനോടു പറഞ്ഞ കൃഷ്‌ണഭക്തിവൃക്ഷത്തിൻ്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
യഥേഷ്ടം രേ ഭ്രാതഃ! കുരു ഹരിഹരിധ്വാനമനിശം
തതോ വഃ സംസാരാബുധി തരണദായോ മയി ലഗേത്
ഇദം ബാഹുഫോടൈർ അടതി രടയൻ യഃ പ്രതിഗൃഹം
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (5)
ബംഗാളിലുടനീളം സഞ്ചരിച്ചുകൊണ്ട് ഓരോ വീട്ടുപടിക്കലുമെത്തി ബാഹുക്കൾ ഉയർത്തിപ്പിടിച്ചുകൊണ്ട് 'അല്ലയോ സഹോദരരേ, ഒരു സങ്കോചവും എതിർപ്പുമില്ലാതെ നിങ്ങളെല്ലാവരും കൂട്ടുചേർന്ന് നിരന്തരം ഹരിനാമം ചൊല്ലുക! അങ്ങനെ ചെയ്താൽ ഭൗതികാസ്തിത്വമാകുന്ന സാഗരത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തുകൊള്ളാം' എന്നു പറഞ്ഞ കൃഷ്ണഭക്തിവൃക്ഷത്തിന്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
ബലാത് സംസാരാംഭോനിധി ഹരണ കുംഭോദ്ഭവമഹോ
സതാം ശ്രേയ സിന്ധുന്നതികുമുദബന്ധും സമുദിതം
ഖലശ്രേണീ സ്ഫൂർജിത് തിമിരഹരസൂര്യപ്രഭമഹം
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (6)
ആരാണോ ആവർത്തിച്ചുള്ള ജനനമരണസാഗരത്തെ ശക്തിയോടെ വിഴുങ്ങുന്ന അഗസ്ത‌്യമുനിയെപ്പോലുള്ളത്, ആരാണോ പുണ്യാത്മാക്കളുടെ ക്ഷേമമാകുന്ന ഭാവസാഗരത്തെ അലയടിപ്പിക്കുന്ന ഉദയപൂർണ്ണചന്ദ്രനാകുന്നത്, പിന്നെ ആരാണോ സ്വന്തം പ്രകാശരശ്‌മികളാൽ വിവിധതരം അധമന്മാരാൽ ഉണ്ടാക്കപ്പെട്ട അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യനാകുന്നത്. ആ കൃഷ്ണഭക്തിവൃക്ഷത്തിൻ്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
നടന്തം ഗായന്തം ഹരിമനുവദന്തം പഥി പഥി
വ്രജന്തം പശ്യന്തം സ്വമപി ന ദയന്തം ജനഗണം
പ്രകുർവ്വന്തം സന്തം സകരുണദൃഗന്തം പ്രകലനാദ്
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (7)
ആരാണോ ബംഗാളിലെ എല്ലാ വഴികളിലൂടെയും 'ഹരിബോൽ!', 'ഹരിബോൽ!' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗാനമാലപിച്ചു നൃത്തംചെയ്‌തത്, പിന്നെ സ്വയം തങ്ങൾക്കുപോലും കരുണ കാണിക്കാതിരിക്കുന്നവരെ സ്നേഹപൂർവ്വം കരുണതുളുമ്പുന്ന കടക്കൺവീക്ഷണങ്ങളാൽ ആരാണോ അനുഗ്രഹിച്ചത്. ആ കൃഷ്‌ണ ഭക്തിവൃക്ഷത്തിന്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
സുബിഭ്രാണം ഭ്രാതുഃ കരസരസിജം കോമളതരം
മിഥോ വക്താലോകോച്ഛലിത പരമാനന്ദഹൃദയം
ഭ്രമന്തം മാധുര്യരഹഹ! മദയന്തം പുരജനാൻ
ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി (8)
തൻ്റെ സഹോദരനായ ശ്രീഗൗരാംഗമഹാപ്രഭുവിൻ്റെ പരമമൃദുവായ കരപത്മത്തെ ഗ്രഹിച്ചുകൊണ്ട് രണ്ടുസഹോദരന്മാരും പരസ്പരം മുഖാമുഖം ഉറ്റുനോക്കുമ്പോൾ ആരുടെ ഹൃദയമാണോ പരമാനന്ദത്താൽ കരകവിഞ്ഞൊഴുകിയത്, പിന്നെ ആരാണോ സ്വന്തം മധുരിമയാൽ നഗരവാസികൾക്ക് ആനന്ദം പകർന്നുകൊണ്ട് അങ്ങുമിങ്ങും വിഹരിച്ചത്, ആ കൃഷ്ണഭക്തിവൃക്ഷത്തിൻ്റെ വേരായ ശ്രീനിത്യാനന്ദപ്രഭുവിനെ ഞാൻ നിരന്തരം ആരാധിക്കുന്നു.
രസാനാം ആധാരം രസികവര സദ്‌വൈഷ്‌ണവധനം
രസാഗാരം സാരം പതിത തതിതാരം സ്‌മരണതഃ
പരം നിത്യാനന്ദാഷ്ടകമിദം അപൂർവ്വം പഠതി യഃ
തദങ്ഘ്രിദ്വന്ദ്വാബ്ജം സ്‌ഫുരതു നിതരാം തസ്യ ഹൃദയേ (9)
ഭക്തിരസത്തിന്റെ കലവറയായ, ഏറ്റവും ഉന്നതരായ രസികവൈഷ്‌ണവന്മാരുടെ മഹാനിധിയായ, രസങ്ങളുടെ സംഭരണിയും പരമശക്തിയുള്ളതുമായ ഈ അഭൂതപൂർവ്വമായ നിത്യാനന്ദാഷ്ടകത്തെ സ്നേഹനിറവോടെ ചൊല്ലുന്ന ഒരുവന്റെ ഹൃദയത്തിൽ ശ്രീനിത്യാനന്ദപ്രഭു അവിടുത്തെ പാദാരവിന്ദങ്ങളെ സ്ഥാപിക്കുവാൻ ഇടയാകട്ടെ. ശ്രീനിത്യാനന്ദപ്രഭുവിൻ്റെ ശ്രേഷ്‌ഠഗുണങ്ങളുടെ സ്‌മരണമാത്രം കൊണ്ടുതന്നെ ഒരു പതിതാത്മാവിനുപോലും ഇതു മുക്തി നൽകുന്നു.
ഈ അഷ്ടകം 'ശിഖരിണി' എന്ന വൃത്തത്തിൽ ആലപിക്കപ്പെടേണ്ടതാണ്.
മലയാള പരിഭാഷ: ഇസ്കോൺ കൊച്ചി (2016)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment