Home

Monday, March 4, 2024

ചൈതന്യ മഹാപ്രഭുവിൻ്റെ പാർഷദർ നാമാചാര്യൻ ഹരിദാസ് ഠാക്കൂർ

 


ചൈതന്യ മഹാപ്രഭുവിൻ്റെ പാർഷദർ നാമാചാര്യൻ ഹരിദാസ് ഠാക്കൂർ



രിചികസ്യ മുനേ പുത്രോ നാമ്ന ബ്രഹ്മൻ മഹാതപഃ

പ്രഹ്ലാദേന സമം ജാതോ ഹരിദാസാഖ്യകോ'പി സൻ


"ഹരിദാസ് ഠാക്കൂർ ബ്രഹ്മമഹാതപൻ്റെയും പ്രഹ്ലാദൻ്റെയും കലർന്നുള്ള അവതാരമാണ് (ഗൗര ഗണോദ്ദേശ ദീപിക 93)


ഹരിദാസ് ഠാക്കൂർ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ബ്രഹ്മാവ് ഹരിദാസ് ഠാക്കൂർ ആയി അവതരിച്ചതെങ്ങനെയെന്ന് ശ്രീല ഭക്തിവിനോദ ഠാക്കൂർ നവദ്വീപമാഹാത്മ്യത്തിൽ വിശദീകരിക്കുന്നുണ്ട്. ദ്യാപരയുഗത്തിൽ ശ്രീകൃഷ്‌ണൻ നന്ദന ന്ദനനായി അവതരിച്ചപ്പോൾ ബ്രഹ്മാവ് പശുക്കളേയും ഗോപന്മാരേയും ഒരുവർഷക്കാലത്തേയ്ക്ക് ഒളിപ്പിച്ചുവച്ചു. പക്ഷേ ബ്രഹ്മാവ് ഒരു ഭൗമവർഷത്തിനു ശേഷം വ്രജദൂമിയിലേക്ക് മടങ്ങിവന്നപ്പോൾ ഒളിപ്പിച്ചു വച്ച പശുക്കളും ഗോപബാലന്മാരുമെല്ലാം കൃഷ്‌ണൻറെയൊപ്പം തന്നെയുണ്ടായിരുന്നതായി കണ്ടു. തനിക്ക് പറ്റിയ തെറ്റു മനസ്സിലാക്കിയ ബ്രഹ്മദേവൻ തൽക്ഷണം കൃഷ്‌ണൻ്റെപാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചു നന്ദന ന്ദനനായി അവതരിച്ച കൃഷ്‌ണൻ തന്നെയാണ് കലിയുഗത്തിൽ ഗൗരംഗ ഭഗവാനായി അവതരിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് തനിക്ക് വീണ്ടും തെറ്റു പറ്റുമോയെന്ന് ദയന്നുകൊണ്ട് അന്തർദ്വീപിൽ ചെന്ന് ധ്യാനത്തിലിരുന്നു. ബ്രഹ്മാവിന്റെ മനസ്സറിഞ്ഞ ഭഗവാൻ ഗൗരംഗരൂപത്തിൽ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു. "ഞാൻ ഗൗരവാതാരത്തിൽ വരുമ്പോൾ താങ്കൾ ഒരു മ്ലേച്ഛകുടുംബത്തിൽ ജനിക്കുകയും ദിവ്യ നാമത്തിൻ്റെ മഹിമകൾ പ്രചരിപ്പിക്കുകയും അപ്രകാരം എല്ലാ ജീവജാലങ്ങൾക്കും മംഗളമുണ്ടാക്കുകയും ചെയ്യും"


ഹരിദാസ് ഠാക്കൂർ ബ്രഹ്മദേവനാണെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം. അഹങ്കാരമുണ്ടാകാതിരിക്കാനാണ് അദ്ദേഹം ഗൗരംഗലീലയിൽ നീചകുടുംബത്തിൽ ജ നിക്കാൻ ഭഗവാനോടു പ്രാർത്ഥിച്ചത്. ഏതു തരം കുടുംബത്തിൽ ജനിച്ചാലും വൈഷ്‌ണവൻ ലോകനൻമയ്ക്കായി പ്രവർത്തിക്കുമെന്ന തത്ത്വം മഹാപ്രഭു ഹരിദാസ് ഠാക്കൂറിലൂടെ വെളിവാക്കുന്നു. വൈഷ്‌ണവൻ്റെ ജനനം ഏതുതരം കുടുംബത്തിലായാലും അദ്ദേഹം അഭിവന്ദ്യനാണെന്ന് ശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്നു. ഉയർന്ന കുലത്തിൽ പിറന്നിട്ടും ഹരിയെ ഭജിച്ചില്ലെങ്കിൽ എന്തു പ്രയോജനം ? അങ്ങനെയുള്ള വ്യക്തി നരകത്തിലേ‌ക്കേപോകൂ ഈ ശാസ്ത്രപ്രമാണങ്ങൾ ശരിവയ്ക്കാനാണ് ശ്രീല ഹരിദാസ് ഠാക്കൂർ മേച്ഛകുടുംബത്തിൽ ജനനമെടുത്തത്. അതുകൊണ്ടദ്ദേഹം പ്രഹ്ലാദനെപ്പോലെയാണ്. പ്രഹ്ല‌ാദമഹാരാജാവും അസുരകുടുംബത്തിൽ ജനിച്ച മഹാഭക്തനാണല്ലോ.


ഹരിദാസ് ഠാക്കൂർ പ്രായത്തിൽ മഹാപ്രഭുവിനേക്കൾ മുതിർന്ന വ്യക്തിയായിരുന്നു. ഹരിദാസ് ഠാക്കൂർ ആദ്യമായി മഹാപ്രഭുവുമായി സമ്പർക്കത്തിലേർപ്പെടുന്നത്  മഹാപ്രഭു ഈശ്വരപുരിയുടെ പക്കൽ നിന്ന് ദീക്ഷ സ്വീകരിച്ച ശേഷമാണ്. ആ സമയത്ത് മഹാപ്രഭു തൻ്റെ സങ്കീർത്തന പ്രസ്ഥാനത്തിൻ്റെ പ്രചാരം ആരംഭിച്ചു കഴിഞ്ഞിരുന്നു.

ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ അവതാരോദ്ദേശ്യം നിറവേറ്റുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ചത് നാമാചാര്യനായ ഹരിദാസ് ഠാക്കൂറാണ്. ഭഗവദാജ്ഞ പ്രകാരമാണ് അദ്ദേഹം മഹാപ്രഭുവിൻ്റെ അവതാരത്തിന് മുൻപുതന്നെ ഭൂജാതനായത്. യുഗധർമമായ ഹരിനാമസങ്കീർത്തനം പ്രചരിപ്പിക്കാൻ നാമാചാര്യനായ ഹരിദാസ് ഠാക്കൂർ വലിയ രീതിയിൽ പ്രയത്‌നിചിട്ടുണ്ട്. ദിവ്യനാമത്തിൻ്റെ മഹിമ പ്രചരിപ്പിക്കുന്നതിൽ ശ്രീല ഹരിദാസ് ഠാക്കൂർ വഹിച്ച പങ്ക് തെല്ലും ചെറുതല്ല. 


ശ്രീ ചൈതന്യ ചരിതാമൃതത്തിൽ ഇപ്രകാരം പറഞ്ഞിരി ക്കുന്നു.


ഹരിദാസ് ഠാക്കൂർ ഭക്തിവൃക്ഷത്തിൻ്റെ ഒരു പ്രധാന ശാഖയാണ്. അദ്ദേഹത്തിൻ്റെ ഗുണങ്ങൾ അനിതരസാധാരണമാണ്. അദ്ദേഹം മുടങ്ങാതെ ദിവമസന മൂന്നുലക്ഷം തവണ ഭഗവദ്‌ദിവ്യനാമങ്ങൾ ഉരുവിടുമായിരുന്നു. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ അളവറ്റതാണ് എനിക്കതിൻ്റെ ഒരു ചെറിയ രത്നച്ചുരുക്കം മാത്രമേ നൽകാൻ കഴിയൂ. അദ്വൈതാചാര്യൻ തൻ്റെ പിതാവിൻ്റെ ശ്രാദ്ധസമയത്ത് പ്രധാനസ്ഥാനം നൽകിയതു ഹരിദാസ് ഠാക്കൂറിനായിരുന്നു. ഹരിദാസ് റാക്കൂർ പ്രഹ്ലാദൻ്റെ അതേ ഗുണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മുസ്ലീങ്ങൾ പ്രഹരിച്ചപ്പോഴും അദ്ദേഹം അചഞ്ചലനായിരുന്നു. അദ്ദേഹം ഭഗവാന്റെ നിത്യലീലയിൽ പ്രവേശിച്ചപ്പോൾ, മഹാപ്രഭു അദ്ദേഹത്തിന്റെ ദൗതികശരീരം തൻ്റെ കൈകളിൽ വാരിയെടുത്ത് ആനന്ദനിർവൃതിയിൽ നൃത്തം ചെയ്‌തു. (ശ്രീ ചൈതന്യ ചരിതാമൃതം ആദി ലീല 10.43-47)


ചന്ദ്രശേഖരാചാര്യൻ്റെയും ശ്രീവാസപണ്ഡിതന്റേയും ഗൃഹങ്ങളിൽ മഹാപ്രഭു സങ്കീർത്തനം ചെയ്‌തപ്പോൾ അവിടെ ഹരിദാസ് ഠാക്കൂറും പങ്കെടുത്തിരുന്നതായി ചൈതന്യ ഭാഗവതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഹരിദാസ് ഠാക്കൂർ ചെറുപ്പം മുതൽ തന്നെ ദിവ്യനാമജപത്തിൽ അതീവമായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജന്മസ്ഥലമായ ബുരിഹാന ഗ്രാമം വിട്ടു വന്നശേഷം അദ്ദേഹം ബനാപോൾ കാട്ടിലാണ് വസിച്ചിരുന്നത്. അവിടെ വിജനമായ കാട്ടിൽ അദ്ദേഹം ദിവസേന ഭഗവാൻ്റെ നാമങ്ങൾ മൂന്നു ലക്ഷം തവണ ജപിക്കുമായിരുന്നു. ദിവസവും ഒരു ബ്രാഹ്മണൻ്റെ ഗൃഹത്തിൽ ദിക്ഷ യാചിക്കാനും പോകുമായിരുന്നു. ഹരിദാസന്റെ സ്വഭാവശുദ്ധിയും ദിവ്യനാമത്തോടുള്ള ഭക്തിയും ചുറ്റുമുള്ള പ്രദേശത്തിലെല്ലാം പ്രസിദ്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുകയും ചെയ്തിരുന്നു.


വേശ്യാസ്ത്രീ വൈഷ്‌ണവിയാകുന്നു


അക്കാലത്ത് അവിടെ രാമചന്ദ്രഖാൻ എന്ന ഒരു വൈഷ്ണവ വിരോധിയായ ജന്മിയുണ്ടായിരുന്നു. അയാൾക്ക് ഹരിദാസിനോടു വല്ലാത്ത അസൂയയായിരുന്നു.


ഹരിദാസിന്റെ ജനസമ്മതി ഇല്ലാതാക്കാനായി അയാൾ പല കുതന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനം അയാൾ ഹരിദാസിനെ വലയിൽ വീഴ്ത്താനായി ഒരു സുന്ദരിയായ വേശ്യാസ്ത്രീയെ ഏർപ്പാടാക്കി. മൂന്നു ദിവസത്തിനകം താൻ ലക്ഷ്യം കണ്ടുകൊള്ളാമെന്ന് വേശ്യ അയാൾക്കുറപ്പു നൽകി.


ഹരിദാസിനെ പാട്ടിലാക്കിക്കഴിയുമ്പോൾ അദ്ദേഹത്തെ ബന്ദിയാക്കാനായി ഒരു സൈനികനേയും അയയ്ക്കാനാണ് രാമചന്ദ്രഖാൻ നിശ്ചയിച്ചിരുന്നതെങ്കിലും വേശ്യ അതിന് വിസമ്മതിച്ചു. ആദ്യം ഹരിദാസിനെ പാട്ടിലാക്കിയ ശേഷം മറ്റു നടപടികൾ മതിയെന്നായിരുന്നു അവളുടെ പക്ഷം. അങ്ങനെ ആ വേശ്യാസ്ത്രീ രാത്രിസമയത്ത് സുന്ദരമായ വേഷഭൂഷാദികൾ ധരിച്ച് ഹരിദാസ് ഠാക്കൂറിൻ്റെ കുടിലിനടുത്തു ചെന്നു. കുടിലിന് പുറത്തുണ്ടായിരുന്ന തുളസിയെ നമസ്ക്കരിച്ച അവർ അകത്തു ചെന്ന് ഹരിദാസ്‌ ഠാക്കൂറിനെ വശീകരിക്കാനുള്ള ശ്രമം തുടങ്ങി. "അങ്ങു സുന്ദരനായ പുരുഷനാണ്, യുവത്വം തുളുമ്പുന്ന അങ്ങയെക്കണ്ടാൽ ഏതു സ്ത്രീയും ആകർഷിതയാകും. അങ്ങയോടുള്ള അഭിനിവേശം അതിരുകടന്നതുകൊണ്ടാണ് ഞാനങ്ങയുടെ അടുത്തു വന്നിരിക്കുന്നത്. അങ്ങയുടെ സ്‌പർശനമേറ്റില്ലെങ്കിൽ ഞാൻ ജീവൻ ത്യജിച്ചു കളയും."


ഇതു കേട്ട ശ്രീല ഹരിദാസ്‌ ഠാക്കൂർ ഇപ്രകാരം മറുപടി പറഞ്ഞു, "ഞാൻ എൻ്റെ ദിവസേനയുള്ള ദിവ്യനാമജപം തുടങ്ങിയിട്ടേയുള്ളൂ അതു തീർന്നാലുടൻ നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാം. അതുവരെ നിങ്ങൾ ഇവിടെയിരുന്ന് നാമ ജപം ശ്രവിച്ചുകൊള്ളുക. " അപ്രകാരം അദ്ദേഹം തൻ്റെ ജപം തുടർന്നു. പുലർച്ചെയായിട്ടും ജപം തുടരുന്നതുകണ്ട് അക്ഷമയായ വേശ്യാസ്ത്രീ സ്ഥലം വിട്ടു. അവർ രാംചന്ദ്രഖാൻ്റെയടുത്തു ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു.


അന്നു രാത്രി അവർ വീണ്ടും ഹരിദാസ്‌ ഠാക്കൂറിൻ്റെ കുടിലിൽ ചെന്നു ഹരിദാസ് ഠാക്കൂർ വീണ്ടും തലേദിവസം പറഞ്ഞതു തന്നെ ആവർത്തിച്ചു തൻ്റെ നിത്യജപം പൂർത്തിയായശേഷം അവരുടെ ആഗ്രഹം തീർച്ചയായും നടത്തിക്കൊടുക്കാമെന്നദേഹം വീണ്ടും പറഞ്ഞു. വേശ്യാസ്ത്രീ തുളസീദേവിയെ പ്രണമിച്ച ശേഷം അവിടെത്തന്നെ കാത്തിരുന്നു. നേരം പുലർന്നിട്ടും ഹരിദാസ് ഠാക്കൂർ ജപം നിറുത്തിയില്ല. അദ്ദേഹം അവരോടു പറഞ്ഞു."ഞാൻ ഈ മാസം ഒരു കോടിനാമങ്ങൾ ജപിക്കാമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. അതു തീരാറായി. ഇന്നു രാത്രികൊണ്ട് അതു പൂർത്തിയാകും പൂർത്തിയായാലുടൻ തന്നെ നിങ്ങളുടെ ആഗ്രഹം ഞാൻ സഫലീകരിച്ചു തരാം. വിഷമിക്കേണ്ട."


മൂന്നാം ദിവസം രാത്രിയായപ്പോൾ വേശ്യാസ്ത്രീ വീണ്ടും വന്നു. തുളസീദേവിയെ പ്രണമിച്ചശേഷം ഹരിദാസ് ഠാക്കൂറിൻ്റെ നാമജപവും ശ്രവിച്ചുകൊണ്ടിരിപ്പായി. അദ്ദേഹത്തിൻ്റെ നാമജപം തുടർച്ചയായി ശ്രവിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം നിർമാർജ്ജനം ചെയ്യപ്പെട്ടു. അവർ ഹരിദാസ് ഠാക്കൂറിൻ്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. താൻ വന്നതിൻ്റെ പിന്നിലുള്ള ഗൂഡോദ്ദേശ്യവും അവർ വ്യക്തമാക്കി. അതുകേട്ട ഹരിദാസ് ഠാക്കൂർ പറഞ്ഞു "രാമചന്ദ്രഖാൻ്റെ ദുരുദ്ദേശ്യങ്ങൾ എനിക്കറിയാമായിരുന്നു. നിങ്ങളുടെ മേൽ കരുണ കാട്ടാൻ മാത്രമാണ് ഞാൻ മൂന്നു ദിവസങ്ങൾ ഇവിടെ കഴിഞ്ഞത്." പിന്നീടവർ ഹരിദാസ് ഠാക്കൂറിനെ ഗുരുവായി സ്വീകരിച്ച്' അദ്ദേഹത്തോടു തൻ്റെ പാപകർമങ്ങളിൽ നിന്ന് മോക്ഷം നേടാനുള്ള വഴി ആരാഞ്ഞു. ദുർമാർഗ്ഗത്തിൽ സമ്പാദിച്ച പണം മുഴുവനും ബ്രാഹ്മണർക്ക് ദാനം ചെയ്‌തശേഷം ആ കുടിലിൽ വന്നിരുന്ന് ഭവഗവദ് ദിവ്യനാമം ജപിക്കാനും തുളസീദേവിയെ നിത്യവും സേവിക്കാനും അദ്ദേഹം അവരോടു നിർദ്ദേശിച്ചു.


അങ്ങനെ അവർ ഹരിദാസ്ഠാക്കൂർ നിർദ്ദേശിച്ച പ്രകാരം ചെയ്യുകയും കാലക്രമേണ ഒരുത്തമ വൈഷ്‌ണവിയായിത്തീ രുകയും ചെയ്തു‌. ഇതും ചൈതന്യ ചരിതാമൃതത്തിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


ഹരിദാസ് ഠാക്കൂർ മർദ്ദിക്കപ്പെട്ട സംഭവം


ശ്രീല ഹരിദാസ് ഠാക്കൂർ ഫുലിയ ഗ്രാമത്തിൽ ജീവിച്ചിരുന്ന സമയത്താണ് പ്രസ്‌തുത സംഭവം അരങ്ങേറിയത്. ഹരിദാസ് ഠാക്കൂറിന് ദിവ്യനാമങ്ങളോടുള്ള ഭക്തിയും ശ്രദ്ധയും കണ്ട അവിടെയുള്ള ബ്രാഹ്മണർ അദ്ദേഹം ഒരുത്തമവൈഷ്ണവൻ തന്നെയാണെന്ന് മനസ്സിലാക്കി. പക്ഷേ അവിടുത്തെ മജിസ്ട്രേട്ടിന് (കാസി) അതൊട്ടും ഇഷ്ടപ്പെട്ടില്ല. കാരണം ഹരിദാസ് ഠാക്കൂർ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെന്നും ഇപ്പോൾ കൃഷ്‌ണൻ്റെ ദിവ്യനാമങ്ങളാണ് ജപിക്കുന്നതെന്നും അയാൾ അറിഞ്ഞു. ഹരിദാസ് ഠാക്കൂർ കൂടുതൽ ആളുകളെ ഭഗവദ് ദിവ്യനാമജപത്തിലേർപ്പെടുത്തുമെന്ന് ഭയന്ന കാസി, നവാബിനോടു (ഗവർണർ) പരാതി പറഞ്ഞു. നവാബ് ഉടൻ തന്നെ ഹരിദാസിനെ ബന്ദിയാക്കാൻ ആജ്ഞാപിച്ചുഅപ്രകാരം ഹരിദാസ് ഠാക്കൂർ തുറുങ്കിലടയ്ക്കപ്പെട്ടു. ഒരു ദിവസം നവാബ് ഹരിദാസ് ഠാക്കൂറിനോടു ചോദിച്ചു. "പരിശുദ്ധമായ ഇസ്ലാം മതം ത്യജിച്ചിട്ട് എന്തിനാണ് നിങ്ങൾ കൃഷ‌ണ നാമം ജപിക്കുന്നത്?" അതിനു മറുപടിയായി ഹരിദാസ്ഠാക്കൂർ പറഞ്ഞു. ദൈവം ഒന്നാണ് ഒരേ ദൈവമാണ് എല്ലാ മതങ്ങളിലും ഉള്ളത്. അവിടുന്ന് അവിതീയനായ പരമസത്യമാണ്. വിവിധ മതങ്ങൾ ദൈവത്തെ വ്യത്യസ്‌തങ്ങളായ പേരുകളിൽ വിളിക്കുന്നുവെന്ന് മാത്രം പക്ഷേ നിരപേക്ഷമായ തലത്തിൽ അങ്ങനെയുള്ള വ്യത്യാസങ്ങളില്ല. ഓരോ ജീവസത്തയുടേയും ഹൃദയത്തിൽ വിരാജിക്കുന്ന ദൈവം ഒന്നു തന്നെയാണ്. അവിടുന്ന് ഓരോ വ്യക്തിയേയും വ്യത്യസ്‌തമായ രീതിയിൽ താൻ സേവനത്തിൽ ഉപയുക്തനാക്കുന്നു. ഒരാൾ എങ്ങനെയുള്ള ആരാധനയിൽ ഉപയുക്തനാക്കപ്പെടുന്നുവോ, ആ രീതിയിൽ അയാൾ ആരാധിക്കുന്നു. എത്രയോ ഹിന്ദുബ്രാഹ്മണർ ഇസ്ലാം സ്വീകരിക്കുന്നു. അതുപോലെ തന്നെ ഞാൻ മുസ്ലീം കുടുംബത്തിൽ ജനിച്ചുവെങ്കിലും ഭഗവാൻ എന്നെ കൃഷ്‌ണൻ ദിവ്യനാമങ്ങൾ ജപിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്നു. ജീവസത്തയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഒരു സ്വാതന്ത്ര്യവുമില്ല. ഇതൊരു തെറ്റാണെങ്കിൽ എന്നെ ശിക്ഷിച്ചു കൊള്ളുക


സ്വന്തം മതം പിൻതുടരാൻ വിസമ്മതിച്ചാൽ കഠിനമായ ശിക്ഷ നൽകുമെന്ന് നവാബ് ഭീഷണിപ്പെടുത്തിയിട്ടും ഹരിദാസ് ഠാക്കൂർ ഭയപ്പെട്ടില്ല. ഇതുകണ്ട നവാബ് ഹരിദാസിനെ എങ്ങനെ ശിക്ഷിക്കണമെന്ന് കാസിയോടു ആരാഞ്ഞു. കാസി പറഞ്ഞു."ഇയാൾക്കു നൽകുന്ന ശിക്ഷയുടെ കാഠിന്യം മറ്റു മുസ്ലീങ്ങളെ മതം മാറുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന വിധത്തിലായിരിക്കണം. മരിക്കുന്നതുവരെ ഇരുപത്തിരണ്ടു കമ്പോള വീഥികളിൽ പരസ്യമായി ഇയാൾക്ക് ചാട്ടവാറടി കൊടുക്കണം. അതിനുശേഷവും അയാൾ മരിച്ചിട്ടില്ലായെങ്കിൽ അയാൾക്ക് ദിവ്യശക്തിയുണ്ടോയെന്ന സത്യം നമുക്ക് മനസ്സിലാക്കാം!"


അപ്രകാരം നവാബ് നിർദ്ദേശം നൽകിയതനുസരിച്ച് സൈനികർ ഹരിദാസ് ഠാക്കൂറിനെ ഓരോ കമ്പോളവീഥിയിലും കൊണ്ടുപോയി ക്രൂരമായി ചാട്ടവാറുകൊണ്ടടിച്ചു. എന്നിട്ടും ഹരിദാസ് ഠാക്കൂറിന് മരണം സംഭവിച്ചില്ല. പ്രഹ്ല‌ാദനെ വധിക്കാൻ ഹിരണ്യകശിപു നടത്തിയ ശ്രമങ്ങളെല്ലാം ഭഗവദാജ്ഞയാൽ പാഴായതുപോലെ തന്നെ ഹരിദാസ് ഠാക്കൂറിനേയും ശ്രീകൃഷ്‌ണൻ്റെ ദിവ്യനാമജപം കാത്തു രക്ഷിച്ചു. ഹരിദാസ് ഠാക്കൂറിനെ പ്രഹരിച്ചത്രയും കഠിനമായി മറ്റേതൊരു വ്യക്തിയേയും പ്രഹരിച്ചിരുന്നുവെങ്കിൽ അയാൾ ഒന്നോ രണ്ടോ പ്രഹരങ്ങൾക്കകം മരിച്ചു പോയേനേ. പക്ഷേ ഇരുപത്തി രണ്ടു കമ്പോളവീഥികളിലും പ്രഹരിച്ചശേഷം ഹരിദാസിൻ്റെ പ്രാണൻ നഷ്ടപ്പെട്ടില്ലെന്ന് കണ്ടപ്പോൾ സൈനികർ ആശങ്കയിലായി. കൊല്ലാനേല്‌പിച്ചിട്ട് അതിൽ പരാജയപ്പെട്ട തങ്ങളെ നവാബ് ശിക്ഷിക്കുമല്ലോയെന്നോർത്ത് സൈനികർ വിഷമത്തിലായി. അവരുടെ വിഷമം കണ്ട ഹരിദാസ് ഠാക്കൂർ കൃഷ്‌ണനെ ധ്യാനിച്ചുകൊണ്ട് സമാധിയുടെ അവസ്ഥയിൽ പ്രവേശിച്ചു. അപ്പോൾ കാണുന്നവർക്ക് അദ്ദേഹം മരണപ്പെട്ടുവെന്നെ തോന്നലുണ്ടായി.


സൈനികർ ഹരിദാസിൻ്റെ ശരീരവും കൊണ്ടു നവാബിയടുത്തു മടങ്ങിയെത്തി. ശരീരം കുഴിച്ചുമൂടാൻ നവാബ് പറഞ്ഞെങ്കിലും കാസി അതിനെയെതിർത്തു. ഇത്രയധികം ദുഷ്‌പ്രവർത്തനങ്ങൾ നടത്തിയ ഹരിദാസിൻ്റെ ശരീരം നദിയിലൊഴുക്കണമെന്നയാൾ അഭിപ്രായപ്പെട്ടു. അങ്ങനെ ഹരിദാസിനെ അവർ ഗംഗാനദിയിൽ ഒഴുക്കി. വെള്ളത്തിൽ പൊങ്ങിനദിയിൽ നിന്ന് കരയിലേക്ക് കയറി തൻ്റെ ദിവ്യനാമജപം തുടർന്നതുകൊണ്ട് എല്ലാവരും സ്‌തബ്ധരായി ഹരിദാസ് ഠാക്കൂറിന്റെ ദിവ്യത്വം മനസ്സിലാക്കിയ കാസിയും നവാബും അദ്ദേഹത്തിനോടു ക്ഷമ യാചിക്കുകയും തൽഫലമായി തങ്ങളുടെ അപരാധങ്ങളിൽ നിന്ന് മുക്തരാകുകയും ചെയ്തു.


ഹരിദാസ് ഠാക്കൂർ ജഗന്നാഥപുരിയിൽ വസിച്ചിരുന്ന സാമയത്ത്, താനൊരു മ്ലേച്ഛകുടുംബത്തിലാണ് ജനിച്ചതെന്ന കാരണത്താൽ ഒരിക്കലും ജഗന്നാഥക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നില്ല. പക്ഷേ, ചൈതന്യ മഹാപ്രഭു ദിവസവും ജഗന്നാഥദർശനത്തിന് ശേഷം ഹരിദാസ് ഠാക്കൂർ താമസിച്ചിരുന്ന സ്ഥലത്തു ചെന്ന് അദ്ദേഹത്തെ കാണുമായിരുന്നു. രഥ യാത്രാസ യത്ത് മഹാപ്രഭുവിൻ്റെ കീർത്തനസംഘത്തിൽ ഹരിദാസ് ഠാക്കൂർ നൃത്തം വയ്ക്കുമായിരുന്നു. മുകുന്ദദത്ത മുഖ്യ കീർത്തനീയനായിരുന്ന മൂന്നാം സംഘത്തിലെ പ്രധാന നർത്തകനായിരുന്നു ശ്രീല ഹരിദാസ് ഠാക്കൂർ.


ശ്രീ ചൈതന്യ മഹാപ്രഭു ഭഗവദ് ദിവ്യനാമങ്ങളുടെ മഹിമകൾ വെളിവാക്കിയത് ശ്രീല ഹരിദാസ് ഠാക്കൂറിലൂടെയായിരുന്നു. ഒരിക്കൽ മഹാപ്രഭു ഹരിദാസ് ഠാക്കൂറിനോടു ചോദിച്ചു."സംസാരിക്കാൻ കഴിവില്ലാത്ത മൃഗങ്ങളും മരങ്ങളുമെല്ലാം എങ്ങനെ മോക്ഷം പ്രാപിക്കും?" ഹരിദാസ് ഠാക്കൂർ മറുപടി പറഞ്ഞു. "അങ്ങു സ്വയം ഏർപ്പെടുത്തിയ ഉച്ചത്തിലുള്ള ദിവ്യനാമജപം ചരാചരങ്ങൾക്കും കേൾക്കാൻ കഴിയും. ചലിക്കാൻ കഴിയുന്ന എല്ലാറ്റിനും നാമങ്ങൾ ശ്രവിക്കുന്നതു കൊണ്ടു മാത്രം ബദ്ധാവസ്ഥയിൽ നിന്ന് രക്ഷനേടാം. ചലിക്കാൻ കഴിയാത്തവയാകട്ടെ ശബ്ദവീചികളെ പ്രതിധ്വനിപ്പിച്ചുകൊണ്ട് സ്വയം കീർത്തനത്തിലേർപ്പെടുകയാണ്. അങ്ങയുടെ വിവരണാതീതമായ കാരുണ്യം കൊണ്ടു സർവചരാചരങ്ങളും സങ്കീർത്തനത്തിലെർപ്പെട്ടിരിക്കുകയാണ്,  അവരതുകേട്ട മാത്രയിൽ നൃത്തം ചെയ്‌തു തുടങ്ങുന്നു. എല്ലാ ജീവജാലങ്ങളുടേയും തുടർജനനമരണങ്ങൾ അങ്ങു പ്രചരിപ്പിച്ച ഉച്ചത്തിലുള്ള ദിവ്യനാ മജപത്തിലൂടെ അവസാനിക്കുന്നു." (ചൈതന്യ ചരിതാമൃതം, അന്ത്യലീല 3.68-71)


ഹരിദാസ് ഠാക്കൂറിൻ്റെ തിരോധാനലീല ഭാദ്രമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിനത്തിലായിരുന്നു. 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment