ഭഗവാൻ ശിവൻ, ആഡംബര വസ്ത്രവും പൂമാലയും ആഭരണവും സുഗന്ധലേപനവും ഒരിക്കലും സ്വീകരിക്കുകയില്ല. പക്ഷേ, ശരീരാലങ്കാരങ്ങൾക്ക് അടിമകളായവർ, അവസാനം ശ്വാനന്മാർക്ക് ഭോജ്യമാകുന്ന ശരീരത്തെ ആത്മാവെന്നു കരുതി ആഡംബരപൂർണമായി പരിപാലിക്കുന്നു. അത്തരം വ്യക്തികൾക്ക് ഭഗവാൻ ശിവനെ മനസ്സിലാവുകയില്ല. അവർ ഭൗതിക സുഖങ്ങൾക്കാവശ്യമായ ആഡംബരങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. ശിവഭഗവാൻ്റെ രണ്ടു തരം ഭക്തന്മാരുണ്ട്. ശരീര സുഖം മാത്രം കാംക്ഷിക്കുന്ന അമിത ഭൗതികമോഹികളായ ആദ്യത്തെ കൂട്ടർ അതിനു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. മറ്റേ കൂട്ടർ അദ്ദേഹത്തിൽ ചേരാൻ ആഗ്രഹിക്കുന്നു. അധികവും നിർവ്യക്തികരായ അവർ 'ശിവോ അഹം' എന്ന ജപത്തിന് മുൻഗണന നൽകുന്നവരാണ്. “ഞാൻ ശിവനാകുന്നു', അല്ലെങ്കിൽ 'മോചനത്തിനുശേഷം ഞാൻ ശിവനോടു ചേരും' എന്നാണ് അതിനർഥം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, കർമികളും ജ്ഞാനികളും പൊതുവേ ശിവഭക്തന്മാരാണ്. പക്ഷേ, ജീവിതത്തിൽനിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് അവർ ശരിയായി മനസ്സിലാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ഭഗവാൻ ശിവൻ്റെ പ്രഹസന ഭക്തർ വിഷം കലർന്ന ഉന്മാദക ദ്രവങ്ങൾ പാനം ചെയ്‌ത് അദ്ദേഹത്തെ അനുകരിക്കും. ഭഗവാൻ ശിവൻ ഒരിക്കൽ വിഷത്തിൻ്റെ ഒരു സമുദ്രം പാനം ചെയ്യുകയും, അതുമൂലം അദ്ദേഹത്തിൻ്റെ കണ്ഠം നീലിക്കുകയും ചെയ്തു. അനുകരണ ശിവന്മാർ വിഷം കുടിച്ച് അദ്ദേഹമായി അഭിനയിക്കുകയും കുഴപ്പത്തിലാവുകയും ചെയ്യുന്നു. ആത്മാവിൻ്റെ ആത്മാവായ ഭഗവാൻ കൃഷ്ണനെ സേവിക്കുക എന്നതാണ് ഭഗവാൻ ശിവൻ്റെ യഥാർഥ ഉദ്ദേശ്യം. മനോഹരങ്ങളായ വസ്ത്രങ്ങൾ, പുഷ്‌പഹാരങ്ങൾ, ആഭരണങ്ങൾ, ചമയങ്ങൾ മുതലായ ആഡംബര വസ്‌തുക്കളെല്ലാം ഭഗവാൻ കൃഷ്ണന് സമർപ്പിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കാരണം, കൃഷ്ണനാണ് യഥാർഥ ആസ്വാദകൻ. അത്തരം ആഡംബര ഇനങ്ങളെല്ലാം കൃഷ്‌ണന് ഉദ്ദേശിക്കപ്പെട്ടവയാകയാൽ ശിവൻ അവ സ്വയം നിരസിക്കുന്നു. ഭഗവാൻ ശിവന്റെ ഈ ഉദ്ദേശ്യം അറിവില്ലാത്ത വിഡ്ഢികളായ വ്യക്തികൾ ഒന്നുകിൽ അദ്ദേഹത്തെ പരിഹസിക്കുകയോ, അല്ലെങ്കിൽ പ്രയോജനരഹിതമായി അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു.
(ശ്രീമദ് ഭാഗവതം 3/14/28/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment