പരമദിവ്യോത്തമപുരുഷൻ്റെ പരിപൂർണ സത്യത്തിൻ്റെ ജ്ഞാനത്തെ സംബന്ധിക്കുന്ന വ്യാമിശ്രതകളെ മനസ്സിലാക്കുന്നതിനുള്ള വിജയരഹസ്യം ഭഗവാന്റെ അഹൈതുകമായ കാരുണ്യമാകുന്നു. ഭൗതിക ലോകത്തിൽപ്പോലും, അനവധി പുത്രന്മാരുള്ള പിതാവ്, പ്രീതിഭാജനമായ പുത്രന്മാർക്ക് സ്വന്തം സ്വാധീനവലയത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിക്കൊടുക്കുന്നു. യോഗ്യനെന്ന് അദ്ദേഹം വിചാരിക്കുന്ന പുത്രന് രഹസ്യം, അഥവാ പിതാവിന് പുത്രന്മേലുള്ള ഉറച്ച വിശ്വാസം വെളിപ്പെടുത്തുന്നു. സാമൂഹ്യ വ്യവസ്ഥയിലുള്ള ഒരു പ്രധാന വ്യക്തി, അദ്ദേഹത്തിൻ്റെ കാരുണ്യത്താൽ മാത്രമാണ് അറിയപ്പെടുന്നത്. അതുപോലെ, ഭഗവാനെ അറിയുന്നതിലേക്കായി ഒരുവൻ നിശ്ചയമായും ഭഗവാന് വളരെയധികം പ്രിയപ്പെട്ടവനായിരിക്കണം. എന്നാൽ, ഭഗവാൻ്റെ അതീന്ദ്രിയപ്രേമയുതസേവനത്തിലുള്ള ഒരുവൻ്റെ മുന്നേറ്റത്തിന് ഭഗവാനെ അറിയുന്നതിലേക്ക് അവനെ സർവഥാ യോഗ്യനാക്കിത്തീർക്കുവാൻ കഴിയും. ഭഗവാന് ബ്രഹ്മാവിനോട് വേണ്ടുവോളം പ്രീതിയുള്ളതായി നമുക്കിവിടെ കാണാൻ കഴിയും. ആകയാൽ, അദ്ദേഹത്തിന്റെ കൃപയാൽ മാത്രം ബ്രഹ്മാവിന് സാക്ഷാത്തായ സാക്ഷാത്കാരമുണ്ടായിരിക്കുവാൻ ഉതകുമാറ് ഭഗവാൻ അദ്ദേഹത്തിന്റെ അഹൈതുകമായ കാരുണ്യം ബ്രഹ്മാവിന് സമ്മാനിക്കുന്നു.
ബുദ്ധിവിഷയകമായ കായികാഭ്യാസ പരിശീലനത്തിലൂടെയോ,ലൗകിക വിദ്യാഭ്യാസത്തിലൂടെയോ ഒരു വ്യക്തിക്ക് പരിപൂർണ സത്യമായ പരമദിവ്യോത്തമപുരുഷനെ അറിയുവാൻ കഴിയുകയില്ലെന്ന് വേദങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു. ഭഗവാനിലും, നിർവ്യാജനായ ആത്മീയഗുരുവിലും അചഞ്ചലമായ വിശ്വാസമുണ്ടെങ്കിലേ ഒരുവന് പരമസത്യത്തെ അറിയുവാൻ കഴിയുകയുള്ളൂ. ലൗകികമായ ജ്ഞാനത്തിൽ അജ്ഞനെങ്കിൽപ്പോലും, അത്തരമൊരു അചഞ്ചലനായ വ്യക്തിക്ക് ഭഗവദ്കൃപയാൽ ഭഗവാനെ അറിയുവാൻ താനേ കഴിയും. ഏവരുടെയും മുന്നിൽ പ്രത്യക്ഷ നാകാതിരിക്കാനുള്ള അവകാശം ഭഗവാൻ കാത്തുസൂക്ഷിക്കുന്നുവെന്നു മാത്രമല്ല, അവിശ്വാസിയായവരിൽനിന്നും അദ്ദേഹത്തിൻ്റെ യോഗമായാശക്തിയാൽ സ്വയം ഒളിച്ചുനിൽക്കുകയും ചെയ്യുന്നുവെന്ന് ഭഗവദ്ഗീതയിലും പറഞ്ഞിരിക്കുന്നു.
വിശ്വാസികളായ വ്യക്തികൾക്ക് ഭഗവാൻ അദ്ദേഹത്തിൻ്റെ നാമ-രൂപ- ഗുണ-ലീലകളിൽ സ്വയം വെളിപ്പെടുത്തുന്നു. നിരാകാരവാദികൾ തെറ്റായി ധരിച്ചിരിക്കുന്നതുപോലെ ഭഗവാൻ നിരാകാരനല്ല. എന്നാൽ അദ്ദേഹത്തിന്റെ രൂപം നമുക്ക് പരിചയമുള്ള ഒന്നല്ല. അളക്കാവുന്നയത്ര പരിമാണത്തിൽപ്പോലും ഭഗവാൻ അദ്ദേഹത്തിൻ്റെ പരിശുദ്ധ ഭക്തർക്ക് സ്വരൂപം വെളിപ്പെടുത്തുന്നു. ശ്രീമദ് ഭാഗവതത്തിൻ്റെ മഹാപണ്‌ഡിതനായ ശ്രീ ജീവ ഗോസ്വാമി വിവരിച്ചതുപോലെ, 'യാവാൻ' എന്നതിൻ്റെ അർഥം അതാകുന്നു.
ഭഗവാൻ സ്വന്തം അസ്‌തിത്വത്തിൻ്റെ അതീന്ദ്രിയ സ്വഭാവം വെളിപ്പെടുത്തുന്നു. ലൗകികവാദികൾ ഭഗവദ്‌രൂപത്തെക്കുറിച്ച് ഭൗതികമായ സങ്ക ൽപ്പങ്ങൾ രചിക്കുന്നു. ഭഗവാന് ലൗകികമായ രൂപമില്ലെന്ന് വെളിപ്പെട്ട ധർമ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതാകയാൽ, അൽപ്പജ്ഞാനികളായ വ്യക്തികൾ ഭഗവാൻ നിരാകാരനാണെന്ന് തീർച്ചപ്പെടുത്തുന്നു. ലൗകിക രൂപത്തെയും ആത്മീയ രൂപത്തെയും തിരിച്ചറിയുവാൻ അവർക്ക് കഴിയുന്നില്ല. അവരുടെ അഭിപ്രായത്തിൽ, ലൗകികമായ രൂപമില്ലാത്തപക്ഷം ഒരുവൻ നിശ്ചയമായും നിരാകാരൻ ആയിരിക്കും. നിരാകാരമെന്നത് ആകാരത്തിൻ്റെ നേരെ വിപരീതമാകയാൽ ഈ നിർണയവും ലൗകികമാണ്. ലൗകിക സങ്കൽപ്പത്തിൻ്റെ നിഷേധം അതീന്ദ്രിയ സത്യത്തെ സ്ഥിരീകരിക്കുന്നില്ല. ഭഗവാന് ഒരു അതീന്ദ്രിയ രൂപമുണ്ടെന്നും, അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ഇന്ദ്രിയത്തെ എന്ത് ആവശ്യത്തിനും ഉപയോഗിക്കുവാൻ കഴിയുമെന്നും ബ്രഹ്മസംഹിതയിൽ പറഞ്ഞിരിക്കുന്നു. ദൃഷ്ടാന്തമായി, അദ്ദേഹത്തിന് നേത്രങ്ങൾക്കൊണ്ട് ഭുജിക്കുവാനും, പാദം കൊണ്ട് വീക്ഷിക്കുവാനും കഴിയും. രൂപത്തെ സംബന്ധിക്കുന്ന ലൗകിക സങ്കൽപ്പത്തിൽ, ഒരുവന് സ്വന്തം കണ്ണുകൾക്കൊണ്ട് ഭക്ഷിക്കുവാനോ, പാദം കൊണ്ട് വീക്ഷിക്കുവാനോ കഴിയുകയില്ല. 'സദ്-ചിദ്-ആനന്ദ' എന്ന ആത്മീയ രൂപത്തിനും, ലൗകിക രൂപത്തിനും തമ്മിലുള്ള വ്യത്യാസം അതാണ്. ആത്മീയമായൊരു ശരീരം നിരാകാരമല്ല. അത് നമ്മുടെ വർത്തമാന ലൗകിക ഇന്ദ്രിയങ്ങളാൽ സങ്കൽപ്പിക്കുവാൻ കഴിയാത്ത വ്യത്യസ്തമായൊരു ശരീരമാണ്. ആകയാൽ, നിരാകാരം എന്നതിനർഥം “ലൗകികമായ രൂപം ഇല്ലാത്തത്", അഥവാ ചിന്താപരമായ മാർഗത്തിലൂടെ അവിശ്വാസിക്ക് സങ്കൽപ്പിക്കുവാൻ കഴിയാത്തൊരു ആത്മീയ ശരീരം ഉടമയിൽ ഉണ്ടായിരിക്കുകയാകുന്നു.
സർവവും അന്യോന്യം നിർവിശേഷമായ വ്യത്യസ്‌തങ്ങളായ ശാരീരിക ലക്ഷണങ്ങളോടുകൂടിയ പലവിധ അസംഖ്യം അതീന്ദ്രിയ രൂപങ്ങൾ ഭഗവാൻ അദ്ദേഹത്തിൻ്റെ പരിശുദ്ധ ഭക്തന് വെളിപ്പെടുത്തിക്കൊടുക്കുന്നു. ഭഗവാന്റെ അതീന്ദ്രിയ രൂപങ്ങളിൽ ചിലത് കാർവർണവും, ചിലത് ഗൗരവർണവും, ചിലത് രക്തവർണവും, ചിലത് പീതനിറമാർന്നവയുമാകുന്നു. അവയിൽ ചിലത് ചതുർഭുജങ്ങളോടുകൂടിയവയും, ചിലത് ദ്വിഭുജങ്ങളോടുകൂടിയവയുമാകുന്നു. അവയിൽ ചിലത് മത്സ്യത്തെപ്പോലെയും, ചിലത് സിംഹത്തപ്പോലെയും ആകുന്നു. ഭഗവാൻ്റെ ഈ എല്ലാ വ്യത്യസ്ത അതീന്ദ്രിയ രൂപങ്ങളും, വ്യതിരിക്തമായയാതൊരു വിധ വേർതിരിവും കൂടാതെ ഭഗവദ്കൃപയാൽ ഭഗവദ്ഭക്തർക്ക് വെളിപ്പെടുത്തപ്പെടുന്നു. ആകയാൽ പരമസത്യം, നിരാകാരമെന്ന് അവകാശപ്പെടുന്ന വ്യക്തിശൂന്യവാദികളുടെ തെറ്റായ വാദങ്ങൾ ഭഗവദ്ഭക്തനോട്, അത്തരമൊരു ഭക്തൻ ഭക്തിയുതസേവനത്തിൽ വളരെയധികം ഉൽക്കർഷം ഇല്ലാത്തവനായേക്കാ മെങ്കിൽപ്പോലും, വിലപ്പോവില്ല.
ഭഗവാന് അസംഖ്യം അതീന്ദ്രിയഗുണങ്ങളുണ്ട്. അവയിലൊന്ന്, അദ്ദേഹത്തിന്റെ അഹൈതവ ഭക്തനോടുള്ള വാത്സല്യമാകുന്നു. ഐഹിക ലോകത്തിന്റെ പുരാവൃത്തത്തിൽ നമുക്ക് അദ്ദേഹത്തിൻ്റെ അതീന്ദ്രിയ ഗുണങ്ങളെ ആസ്വദിക്കുവാൻ കഴിയും. ഭഗവാൻ സ്വഭക്തരെ സംരക്ഷിക്കുവാനും, അഭക്തരെ ഉന്മൂലനം ചെയ്യുവാനും വേണ്ടി സ്വയം അവതരിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെല്ലാംതന്നെ, സ്വഭക്തരുമായുള്ള ജ്ഞാതീഭാവത്തിലുള്ളതാകുന്നു. ശ്രീമദ് ഭാഗവതം ജ്ഞാതീഭാവത്തിൽ ഭഗവദ്ഭക്തരുമായുള്ള അത്തരം ഭഗവദ്കർമങ്ങളാൽ പരിപൂരിതമാണ്. അത്തരം ലീലകളെക്കുറിച്ചുള്ള ജ്ഞാനം അഭക്തർക്കില്ല. വൃന്ദാവനത്തെ ജലപ്രളയത്താൽ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച ഇന്ദ്രകോപത്തിൽനിന്നും ഭഗവാൻ അദ്ദേഹത്തിൻ്റെ പരിശുദ്ധ ഭക്തരായ വ്യന്ദാവനവാസികളെ, അദ്ദേഹത്തിന് കേവലം ഏഴു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഗോവർധന പർവതത്തെ ഉയർത്തി സംരക്ഷിച്ചു. ഏഴു വയസ്സു പ്രായമുള്ള ബാലൻ ഗോവർധന പർവതം ഉയർത്തി എന്നത് അവിശ്വാസികൾക്ക് അവിശ്വസനീയമായേക്കാം. എന്നാൽ, ഭക്തരെ സംബന്ധിച്ചിടത്തോളം അത് വിശ്വസനീയം തന്നെയാണ്. ഭക്തൻ, ഭഗവാൻ്റെ അനന്ത ശക്തിയിൽ വിശ്വസിക്കുന്നു. അതേസമയം അവിശ്വാസികൾ (അഭക്തർ), ഭഗവാൻ സർവശക്തനാണെന്ന്, അഥവാ അനന്തശക്തിമാനാണെന്ന് പറയുന്നുവെങ്കിലും, അത് വിശ്വസിക്കുന്നില്ല. അൽപ്പജ്ഞാനികളായ അത്തരം വ്യക്തികൾക്ക്, ഭഗവാൻ ശാശ്വതമായി ഭഗവാനാണെന്നും, ഒരുവന് ദശലക്ഷക്കണക്കിന് വർഷങ്ങളിലെ ധ്യാനത്തിലൂടെയോ, അല്ലെങ്കിൽ പതിനായിരം കോടി വർഷങ്ങളാലുള്ള മാനസിക പ്രകൽപ്പനങ്ങളിലൂടെയോ ഭഗവാനായിത്തീരുവാൻ കഴിയുകയില്ലെന്നും അറിഞ്ഞുകൂടാ.
ലൗകികവാദികളുടെ നിരാകാരവ്യാഖ്യാനങ്ങളെ, ഈ ശ്ലോകത്തിൽ പൂർണമായും അടിസ്ഥാനരഹിതമെന്ന് സ്ഥാപിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, പരമോന്നത ഭഗവാന്, ഒരു വ്യക്തിക്കുള്ളതുപോലെ, അദ്ദേഹത്തിൻ്റേതായ നാമ-ഗുണ-രൂപ-ലീലകൾ ഇത്യാദിസർവവും ഉണ്ട്. പരമദിവ്യോത്തമപുരുഷൻ്റെ അതീന്ദ്രിയ സ്വഭാവത്തിൻ്റെ ഈ എല്ലാവർണനകളും ഭഗവദ്ഭക്തൻ്റെ സത്യമായ സാക്ഷാത്‌കാരങ്ങളാകുന്നു. മാത്രവുമല്ല, ഭഗവാന്റെ അഹൈതുകമായ കാരുണ്യത്താൽ, ഭഗവാൻ്റെ പരിശുദ്ധ ഭക്തർക്ക് ഒഴികെ മറ്റാർക്കും അവ വെളിപ്പെടുത്തപ്പെടുന്നില്ല.
(ശ്രീമദ് ഭാഗവതം 2/9/32/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .