ബുദ്ധിയുടെയും ശാസ്ത്രജ്ഞാനത്തിന്റെയും അസ്‌തിത്വമുള്ള ജീവസത്തകൾ ഈ ഭൂമിയിൽ മാത്രമേയുള്ളെന്നും, മറ്റു ഗ്രഹങ്ങളിൽ ജീവികളേ ഇല്ലെന്നുമുളള ആശയം ശാസ്ത്രീയമെന്നുപറയപ്പെടുന്ന ആധുനിക സമൂഹത്തിൽ വളരെ പ്രബലമാണ്. വിഡ്ഢ്‌ഢിത്തം നിറഞ്ഞ ഈ സിദ്ധാന്തം എന്തായാലും വൈദിക സാഹിത്യം അംഗീകരിക്കുന്നില്ല. വിഭിന്ന ഗ്രഹങ്ങളിൽ ദേവന്മാർ, മുനിമാർ, പിതാക്കന്മാർ, ഗന്ധർവന്മാർ, നാഗങ്ങൾ, കിന്നരന്മാർ, ചാരണന്മാർ, സിദ്ധന്മാർ, അപ്‌സരസുകൾ തുടങ്ങി വിഭിന്ന തരങ്ങളിലുളള ജീവികളുണ്ടെന്ന കാര്യത്തിൽ വൈദിക സാഹിത്യത്തിന് പൂർണ ബോധ്യമുണ്ട്. എല്ലാ ഗ്രഹങ്ങളിലും, ഈ ഭൗതികാകാശത്തിൽ മാത്രമല്ല ആദ്ധ്യാത്മികാകാശങ്ങളിലും നാനാതരം ജീവജാലങ്ങളുണ്ടെന്ന് വേദങ്ങൾ വിവരം നൽകുന്നു. ഈ ജീവസത്തകളെല്ലാം ഒരേ ആദ്ധ്യാത്മിക പ്രകൃതമുള്ളവയും, ഗുണപരമായി പരമദിവ്യോത്തമപുരുഷനായ ഭഗവാന് സമതുല്യരാണെങ്കിലും, ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്, ബുദ്ധി, മിത്ഥ്യാഹങ്കാരം എന്നീ എട്ടു ഘടകങ്ങളാൽ മൂർത്തത പൂണ്ട ജീവാത്മാവുകളായതിനാൽ അവയ്ക്കെല്ലാം നാനാതരം ശരീരങ്ങളുണ്ട്. ആദ്ധ്യാത്മികലോകത്തിൽ എന്തുതന്നെയായാലും ശരീരങ്ങൾക്കും മൂർത്ത രൂപങ്ങൾക്കും തമ്മിൽ വ്യതിയാനമില്ല. ഭൗതികലോകത്തിലെ എല്ലാ ഗ്രഹങ്ങളിലും വ്യത്യസ്‌ത സവിശേഷതകൾ വ്യത്യസ്‌ത രീതികളിലുള്ള ശരീരങ്ങളായി ആവിഷ്‌കൃതമായിട്ടുണ്ട്. ആദ്ധ്യാത്മികവും ഭൗതികവുമായ ഒരോ ഗ്രഹത്തിലും വ്യത്യസ്‌ത ബുദ്ധിതലത്തിലുള്ള വ്യത്യസ്‌ത ജീവികളുണ്ടെന്ന് വൈദിക സാഹിത്യം നമുക്ക് പൂർണ വിവരം നൽകുന്നു. ഭൂമി, ഭൂർലോക ഗ്രഹസംവിധാനത്തിലെ ഗ്രഹങ്ങളിൽ ഒന്നാണ്. ഭൂലോകത്തിനുമീതെ ആറ് ഗ്രഹസംവിധാനങ്ങളും, താഴെ എഴ് ഗ്രഹസംവിധാനങ്ങളുമുണ്ട്. അതിനാൽ സമഗ്ര വിശ്വപ്രപഞ്ചം പതിനാല് വ്യത്യസ്‌ത ഗ്രഹസംവിധാനങ്ങളോടുകൂടിയതാണെന്ന് സൂചിപ്പിക്കുന്ന ചതുർദശഭുവനം എന്നു വിളിക്കപ്പെടുന്നു. ഭൗതികാകാശത്തിലെ ഗ്രങ്ങൾക്കുമീതെ, പരവ്യോമം എന്നറിയപ്പെടുന്ന ആദ്ധ്യാത്മികാകാശവും അവിടെ ആദ്ധ്യാത്മിക ഗ്രഹങ്ങളമുണ്ട്. ഈ ഗ്രഹങ്ങളിൽ വസിക്കുന്ന ജീവികളെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാനുവേണ്ടി വ്യത്യസ്‌ത രീതികളിലുള്ള ഭക്തിയുതസേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ദാസ്യരസം, സഖ്യരസം, വാത്സല്യരസം, മാധുര്യരസം, എല്ലാറ്റിനും ഉപരിയായ പരകീയരസം എന്നീ വ്യത്യസ്ത രസങ്ങൾ ഉൾപ്പെട്ടവയാണ് ആ ഭക്തിയുതസേവനങ്ങൾ. പരകീയരസം, അല്ലെങ്കിൽ ജാരപ്രേമം കൃഷ്‌ണൻ വസിക്കുന്ന കൃഷ്‌ണലോകത്തിൽ പ്രബലമാണ്. ഗോലോകവൃന്ദാവനം എന്നുകൂടി അറിയപ്പെടുന്ന ഈ ലോകത്തിൽ ശാശ്വതമായി വസിക്കുമ്പോഴും കൃഷ്‌ണഭഗവാൻ, ലക്ഷക്കണക്കിന് കോടിക്കണക്കിന് രൂപങ്ങളായി സ്വയം വിസ്‌തരിക്കുന്നു. ആ വിസരണ രൂപങ്ങളിലൊന്നായി അദ്ദേഹം ഈ ഭൗതികലോകത്തിലെ വൃന്ദാവനധാമം എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യക്ഷനാകുന്നു. അവിടെ അദ്ദേഹം, ബദ്ധാത്മാക്കളെ ഭവനത്തിലേക്ക്, ഭഗവാനിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി ആദ്ധ്യാത്മിക ഗ്രഹത്തിലെ ഗോലോകവൃന്ദാവന ധാമത്തിലെ തന്റെ യഥാർത്ഥ ലീലകളാടുന്നു.
(ശ്രീമദ് ഭാഗവതം 4/20/36/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment