Home

Friday, April 26, 2024

അതീന്ദ്രിയതയെ കുറിച്ചുള്ള പൂർണ ജ്ഞാനം



സ്വയം ഭഗവാനാൽ പകർന്നുനൽകപ്പെടുകയാണെങ്കിൽ മാത്രമേ പരിപൂർണ പരമസത്തയെക്കുറിച്ചുള്ള ജ്ഞാനം ഗ്രഹിക്കുവാൻ കഴിയുകയുള്ളൂവെന്ന് ഇത് അർഥമാക്കുന്നു. ഏറ്റവും വലിയ ലൗകിക ചിന്തകരുടെ മാനസിക ഊഹാപോഹങ്ങളിലൂടെപ്പോലും പരിപൂർണ സത്യത്തെ അറിയുവാൻ കഴിയുകയില്ല. മാനസിക ഊഹാപോഹികൾക്ക് നിരാകാര ബ്രഹ്മസാക്ഷാത്കാരപദം വരെ എത്തിച്ചേരാൻ കഴിയും. എന്നാൽ പരമാർഥത്തിൽ, അതീന്ദ്രിയത്തെക്കുറിച്ചുള്ള ആത്മജ്ഞാനപരമായ പരിപൂർണ ജ്ഞാനം, നിരാകാര ബ്രഹ്മത്തിന് അതീതമാണ്. ആകയാൽ അതിനെ പരമരഹസ്യമായ ബുദ്ധിസമ്പത്ത് എന്ന് വിശേഷിപ്പിക്കുന്നു. അനവധി മുക്താത്മാക്കളിൽ ഒരുവനോ മറ്റോ പരമദിവ്യോത്തമപുരുഷനെ അറിയുന്നതിന് യോഗ്യനാക്കപ്പെട്ടേക്കാം. അനേകായിരം ജനങ്ങളിൽ, മനുഷ്യ ജീവിതത്തിൻ്റെ പരിപൂർണതയ്ക്കായി ഒരുവനോ മറ്റോ പരിശ്രമിച്ചേക്കാം. അപ്രകാരം, അനവധി മുക്താത്മാക്കളിൽ ഒരുവനോ മറ്റോ ഭഗവാനെ യഥാരൂപത്തിൽ മനസിലാക്കുന്നു എന്നും സ്വയം ഭഗവാനാൽ ഭഗവദ്‌ഗീതയിൽ അരുളി ചെയ്യപ്പെട്ടിരിക്കുന്നു. ആകയാൽ, പരമദിവ്യോത്തമപുരുഷൻ്റെ ജ്ഞാനം ഭഗവാൻ്റെ ഭക്തിയുതസേവനത്തിലൂടെ മാത്രം പ്രാപ്തമാക്കപ്പെടാവുന്നതാണ്. രഹസ്യം എന്നാൽ ഭക്തിയുതസേവനം എന്നർഥം. അർജുനനെ ഒരു ഭക്തനും മിത്രവുമായി കാണുകയാൽ ഭഗവാൻ ശ്രീകൃഷ്‌ണൻ അർജുനനെ ഭഗവദ്‌ഗീതയിലൂടെ ഉപദേശിച്ചു. അത്തരം യോഗ്യതകളില്ലാതെ ഒരുവന് ഭഗവദ്‌ഗീതയിലെ ഗൂഢ തത്ത്വത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല. ആകയാൽ, ഭക്തനായിത്തീരാതെയും, ഭക്തിയുതസേവനം നിർവഹിക്കാതെയും ഒരുവന് പരമദിവ്യോത്തമപുരുഷനെ മനസ്സിലാക്കുവാൻ കഴിയുകയില്ല. ഈ പരമരഹസ്യം, അഥവാ ഗൂഢ തത്ത്വം, ഭഗവദ്‌ പ്രേമം ആകുന്നു. പരമദിവ്യോത്തമപുരുഷനെ സംബന്ധിക്കുന്ന പരമരഹസ്യം ഗ്രഹിക്കുന്നതിനുള്ള മുഖ്യ യോഗ്യത അതിൽ ഉൾക്കൊള്ളുന്നു. അതീന്ദ്രിയ ഭഗവദ് പ്രേമപദത്തിലേക്ക് എത്തിച്ചേരുന്നതിന് ഭക്തിയുതസേവനത്തിൻ്റെ ക്രമവൽക്കരിക്കപ്പെട്ട തത്ത്വങ്ങളെ തീർച്ചയായും അനുവർത്തിക്കേണ്ടതാകുന്നു. വ്യവസ്ഥപ്പെടുത്തപ്പെട്ട അനുശാസനകളെ, 'വിധിഭക്തി' അഥവാ ഭഗവദ് ഭക്തിയുതസേവനമെന്ന് വിശേഷിപ്പിക്കുന്നു. അവയെ ഒരു അഭിനവ ഭക്തന്, അവൻ്റെ നിലവിലെ ഇന്ദ്രിയങ്ങളാൽ ആചരിക്കുവാൻ സാധ്യമാണ്. അത്തരം ക്രമവവൽകൃത അനുശാസനങ്ങൾ മുഖ്യമായും ഭഗവദ്‌ മാഹാത്മ്യങ്ങളുടെ ജപ-ശ്രവണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഭഗവദ്‌ മാഹാത്മ്യങ്ങളുടെ അത്തരത്തിലുള്ള ജപവും, ശ്രവണവും ഭക്തസംസർഗത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ആകയാൽ, ഭഗവദ് ഭക്തിയുതസേവനത്തിൽ പരിപൂർണത പ്രാപ്തമാക്കുവാൻ ശ്രീ ചൈതന്യ മഹാപ്രഭു അഞ്ച് മുഖ്യ തത്ത്വങ്ങൾ നിർദേശിച്ചു. അതിൽ ആദ്യത്തേത്, ഭക്തരുമായുള്ള സംസർഗം (ശ്രവണം); രണ്ടാമത്തേത്, ഭഗവദ്‌ മാഹാത്മ്യ ജപം; മൂന്നാമത്തേത്, ഒരു പരിശുദ്ധ ഭക്തനിൽനിന്നുള്ള ശ്രീമദ് ഭാഗവത ശ്രവണം; നാലാമത്തേത്, ഭഗവാനുമായി ബന്ധപ്പെട്ട ഒരു പുണ്യസ്ഥലത്തെ നിവാസം; അഞ്ചാമത്തേത്, ഭക്തിയോടെ ഭഗവദ്വിഗ്രഹത്തെ ആരാധിക്കൽ അത്തരം അനുശാസനകൾ ഭക്തിയുതസേവനത്തിൻ്റെ ഭാഗങ്ങളാണ്. 


(ശ്രീമദ് ഭാഗവതം 2/9/31/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment