വൈശാഖ മാസത്തിലെ കൃഷ്ണപക്ഷ സമയത്തിൽ സംഭവിക്കുന്ന വരുഥിനി ഏകാദശിയെ കുറിച്ചു ഭവിഷ്യോത്തര പുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വിശദീകരിക്കുന്നു.
ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് പറഞ്ഞു, "ഹേ വാസുദേവാ! അങ്ങേയ്ക്ക് എന്റെ സാദര പ്രണാമങ്ങൾ. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷ ദിനത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമത്തെയും മഹത്വത്തെയും കുറിച്ചു വിശദീകരിച്ചാലും."
ശ്രീ കൃഷ്ണ ഭഗവാൻ പറഞ്ഞു, "പ്രിയ രാജൻ, ഈ ഏകാദശിയുടെ നാമം വരുഥിനി എന്നതാകുന്നു, ഇത് ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒരുവന് ഭാഗ്യം നൽകുന്നു. ഈ ഏകാദശി പാലിക്കുന്നതിലൂടെ ഒരു ജീവാത്മാവ് ശാശ്വത സന്തോഷം നേടുകയും, പാപ പ്രതികരണങ്ങൾ ഇല്ലാതാവുകയും സൗഭാഗ്യവാൻ ആവുകയും ചെയ്യുന്നു. ഈ ഏകാദശി പാലിക്കുന്നത് കൊണ്ട് ഒരു നിർഭാഗ്യവതിയായ ഭാര്യ ഭാഗ്യവതിയാവുന്നു, ഒരു മനുഷ്യൻ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഭാഗ്യവാൻ ആവുന്നു, അവർ ജനനമരണ ചക്രങ്ങളിൽ നിന്നും മോചിതരാകുന്നു, അവരുടെ എല്ലാ പാപ പ്രതികരണങ്ങളും ഇല്ലാതായി ഭഗവാനോടുള്ള ഭക്തി നേടുകയും ചെയ്യുന്നു. മണ്ടാത രാജാവ് ഈ ഏകാദശി യഥാവിധി പാലിച്ചതു മൂലം മുക്തി നേടി. പതിനായിരം വർഷങ്ങൾ വൃതം നോറ്റതിന്റെ ഫലം വരുഥിനി ഏകാദശി പാലനം കൊണ്ടു മാത്രം ലഭിക്കുന്നു. കുരുക്ഷേത്രത്തിൽ സൂര്യഗ്രഹണ സമയത്തിൽ നാൽപ്പത് കിലോ സ്വർണം ദാനം ചെയ്യുന്നതിന്റെ ഫലം വരുഥിനി ഏകാദശി പാലനം കൊണ്ടു മാത്രം ലഭിക്കുന്നു.
ഹേ രാജൻ, ഒരു കുതിരയെ ദാനം ചെയ്യുന്നതിലും ഉത്തമമാണ് ആനയെ ദാനം ചെയ്യുന്നത്. ആനയെ ദാനം ചെയ്യുന്നതിലും ഉത്തമമാണ് എള്ള് ദാനം ചെയ്യുന്നത്. എള്ള് ദാനം ചെയ്യുന്നതിലും ഉത്തമമാണ് സ്വർണം ദാനം ചെയ്യുന്നത്. സ്വർണം ദാനം ചെയ്യുന്നതിലും ഉത്തമമാണ് ഭക്ഷ്യ ധാന്യങ്ങൾ ദാനം ചെയ്യുന്നത്. ധാന്യങ്ങൾ ദാനം ചെയ്യുന്നതിനോളം മഹത്തരമായ ദാനം മറ്റൊന്നുമില്ല. ഹേ രാജൻ! ധാന്യങ്ങൾ ദാനം ചെയ്യുന്നത് വഴി ഒരുവന് പിതൃക്കളെയും, ദേവന്മാരെയും, എല്ലാ ജീവാത്മാക്കളെയും തൃപ്തിപ്പെടുത്താൻ സാധിക്കുന്നു. പണ്ഡിതന്മാർ, പുത്രിയെ ദാനം ചെയ്യുന്നത് ധാന്യങ്ങൾ ദാനം ചെയ്യുന്നതിന് സമം ആണെന്നും പറയുന്നു. പരമദിവ്യോത്തമ പുരുഷൻ സ്വയം, ധാന്യങ്ങൾ ദാനം ചെയ്യുന്നതിനെ ഗോ ദാനത്തിന് സമം എന്നു പറയുന്നു. എന്നാൽ എല്ലാ ദാനങ്ങളിലും വച്ച് മറ്റുള്ളവർക്ക് ജ്ഞാനം പകരുന്നതാണ് ഏറ്റവും വലിയ ദാനം.
വരുഥിനി ഏകാദശി പാലിക്കുന്നത് വഴി ഒരുവന് എല്ലാ ദാനങ്ങളും നടത്തിയതിന്റെ ഫലങ്ങൾ ലഭിക്കുന്നു. സ്വന്തം മകളെ ഉപജീവനത്തിനായി വിൽക്കുന്ന ഒരുവൻ അന്തിമ പ്രളയം വരെ നരക ജീവിതം അനുഭവിക്കേണ്ടി വരുന്നു. അതിനാൽ ഒരുവൻ ഒരിക്കലും മകളെ കൈമാറുന്നതിനു പകരം ധനം സ്വീകരിക്കരുത്. ഹേ രാജ ശ്രേഷ്ഠാ! അത്യാഗ്രഹം മൂലം മകളെ വിൽക്കുന്ന ഒരു ഗൃഹസ്തൻ അടുത്ത ജന്മത്തിൽ പൂച്ചയായി ജനിക്കുന്നു. എന്നാൽ സ്വന്തം കഴിവിനനുസരിച്ചു സ്വന്തം മകളെ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചു, യോഗ്യനായ വരന് ദാനം ചെയുന്ന ഒരു പിതാവിന്റെ പുണ്യത്തെ ചിത്രഗുപ്തന് പോലും എണ്ണാൻ സാധിക്കില്ല. ഈ ഏകാദശി പാലിക്കുന്ന ഒരു വ്യക്തി ഏകാദശിയുടെ തലേ ദിവസം ഓട്ടു പാത്രത്തിലുള്ള ഭക്ഷണം, മാംസ ഭക്ഷണം, മസൂർ ദാൽ, വെള്ളക്കടല, ചീര, തേൻ, മറ്റുള്ളവരാൽ പാകം ചെയ്ത ഭക്ഷണം സ്വീകരിക്കൽ, ശാരീരിക ബന്ധം എന്നിവ ഒഴിവാക്കേണ്ടതാണ്. ആ വ്യക്തി ഏകാദശി ദിനം ചൂതാട്ടം, ഉറക്കം, അടയ്ക്ക, മറ്റുള്ളവരെ നിന്ദിക്കുക, പരദൂഷണം പറയുക, പാപിയായ വ്യക്തിയുമായി സംസാരിക്കുക, ക്രോധം, അസത്യം പറയൽ എന്നിവ ചെയ്യുവാൻ പാടുള്ളതല്ല. ദ്വാദശി ദിനം ഒരുവൻ ഓട്ടു പാത്രത്തിലുള്ള ഭക്ഷണം, മാംസ ഭക്ഷണം, മസൂർ ദാൽ, തേൻ, അസത്യം പറയൽ, ശാരീരിക ബന്ധത്തിൽ ഏർപ്പെടുക, മുടി മുറിക്കൽ, ശരീരത്തിൽ എണ്ണ പുരട്ടൽ, മറ്റുള്ളവരാൽ പാകം ചെയ്ത ഭക്ഷണം സ്വീകരിക്കൽ, എന്നിവ ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ വരുഥിനി ഏകാദശി പാലിക്കുന്ന ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതായി ഭഗവദ് ധാമം ലഭിക്കുന്നു. ഏകാദശി ദിനം ഉണർന്നിരുന്ന് ഭഗവാൻ ജനാർദനനെ ആരാധിക്കുന്ന ഒരു വ്യക്തി എല്ലാ പാപങ്ങളിൽ നിന്നും മോചിതനായി ആത്യന്തിക ലക്ഷ്യം നേടുന്നു. ഈ ഏകാദശി മാഹാത്മ്യം, വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ആയിരം ഗോക്കളെ ദാനം ചെയ്തതിന്റെ ഫലം ലഭിക്കുകയും, എല്ലാ പാപ പ്രതികരണങ്ങളിൽ നിന്നും മോചിതനായി ഭഗവദ് ധാമം പൂകുകയും ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment