പ്രഹ്ലാദ മഹാരാജാവിന് നരസിംഹദേവൻ വരങ്ങൾ വാഗ്‌ദാനം ചെയ്തപ്പോൾ, മഹത്തായ ഭക്തിയും സഹനശേഷിയും ഉണ്ടായിരുന്ന പ്രഹ്ലാദൻ, ആത്മാർത്ഥയുള്ള ഭക്തന്മാർക്ക് അത്തരം അനുഗ്രഹങ്ങൾ പ്രയോജനമാകില്ലെന്ന വിചാരത്താൽ അവ സ്വീകരിക്കാൻ വിസമ്മതിച്ചു. വരങ്ങൾ പ്രതീക്ഷിച്ച് പരമദിവ്യോത്തമപുരുഷനായ ഭഗവാന് ഭക്തിയുതസേവനം ചെയ്യുന്നത് കച്ചവടത്തിന് തുല്യമാണെന്ന് പ്രഹ്ലാദ മഹാരാജാവ് അപലപിച്ചു. ഒരു വൈഷ്ണവൻ ആയിരുന്നതിനാൽ അവൻ തൻ്റെ സ്വന്തം നേട്ടത്തിനുവേണ്ടി ഒരു വരവും സ്വീകരിച്ചില്ല. അവനെ അതികഠിനമായി ഉപദ്രവിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു, അവൻ്റെ പിതാവ് ഹിരണ്യകശിപൂ. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കാരുണ്യത്താൽ മാത്രമാണ് അവൻ പിതാവിനാൽ വധിക്കപ്പെടാതെ രക്ഷപ്പെട്ടത്. എന്നിട്ടും പിതാവിനോട് അങ്ങേയറ്റം സ്നേഹവും അനുകമ്പയുമായിരുന്നു പ്രഹ്ലാദന്. അതിനാൽ, സ്വന്തം നേട്ടത്തിനുവേണ്ടി ഒരു വരവും സ്വീകരിക്കാതിരുന്നിട്ടും അവൻ പിതാവിന് മാപ്പു നൽകണമെന്ന് ഭഗവാനോട് യാചിച്ചു. ഭഗവാൻ അവൻ്റെ യാചന കേൾക്കുകയും അവന്റെ പിതാവിന് മാപ്പ് നൽകുകയും ചെയ്‌തു. അപ്രകാരം, പുത്രൻ്റെ കാരുണ്യത്താൽ ഹിരണ്യകശിപു നരകീയ ജീവിതത്തിൻ്റെ അന്ധകാരനിബിഢതയിൽ നിന്ന് മുക്തനാക്കപ്പെടുകയും ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഈ ഭൗതികലോകത്തിൽ പാപകർമങ്ങളാൽ നരകീയ ദുരിതങ്ങളനുഭവിക്കുന്ന വ്യക്തികളോട് അനുകമ്പാർദ്രമായ വൈഷ്‌ണവരുടെ ഏറ്റം മഹനീയ മാതൃകയാണ് പ്രഹ്ലാദ മഹാരാജാവ്. കൃഷ്ണൻ അതിനാൽ, പര-ദുഃഖ-ദുഖീകൃപാംബുധിഃ - അന്യരുടെ ക്ലേശങ്ങളിൽ അനുകമ്പയുള്ളവനും കരുണാസാഗരവും - എന്നറിയപ്പെടുന്നു. എല്ലാ പരിശുദ്ധ ഭക്തരും, പ്രഹ്ലാദ മഹാരാജാവിനെപ്പോലെ, പാപികളെ മോചിപ്പിക്കാൻ പൂർണമായ അനുകമ്പയോടെയാണ് ഈ ഭൗതികലോകത്തിലേക്ക് വരുന്നത്. എല്ലാത്തരത്തിലുള്ള ദുരിതങ്ങൾക്കും വിധേയരാകേണ്ടി വരുന്ന അവർ അവയെയെല്ലാം സഹിഷ്ണുതയോടെ തരണം ചെയ്യുന്നു. ഭൗതി കാസ്തിത്വത്തിന്റെ നരകീയാവസ്ഥകളിൽ നിന്ന് പാപപങ്കിലമായ വ്യക്തികളെ രക്ഷിക്കാൻ യത്നിക്കുന്ന വൈഷ്‌ണവരുടെ മറ്റൊരു യോഗ്യതയാണത്. വൈഷ്‌ണവർ ആയതിനാൽ, താഴെ പറയുംപോലെ പ്രാർത്ഥിക്കുന്നു!
വാഞ്ഛാ-കൽപതരുഭ്യശ് ച കൃപ-സിന്ധുഭ്യ ഏവ ച
പതിതാനാം പാവനേഭ്യോ വൈഷ്‌ണവേഭ്യോ നമോ നമഃ
വൈഷ്‌ണവരുടെ ഏറ്റവും വലിയ ഉൽകണ്ഠയും ആകാംക്ഷയും പതിതാത്മാക്കളെ മോചിപ്പിക്കുന്ന കാര്യത്തിലാണ്.
(ശ്രീമദ് ഭാഗവതം 4/21/47/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment