Home

Sunday, May 19, 2024

മോഹിനി ഏകാദശി

 



വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൽ സംഭവിക്കുന്ന മോഹിനി ഏകാദശിയുടെ മഹിമകൾ സൂര്യ പുരാണത്തിൽ പറയുന്നു.


ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീ കൃഷ്ണ ഭഗവാനോട് ചോദിച്ചു. "ഹേ ജനാർദ്ദനാ! വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്. ദയവായി വിശദീകരിച്ചാലും.


ശ്രീ കൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "ഹേ ധർമപുത്രാ! ശ്രദ്ധയോടെ ശ്രവിച്ചാലും.


"ഒരിക്കൽ ശ്രീരാമചന്ദ്ര ഭഗവാൻ വസിഷ്ഠ മഹാ മുനിയോട് പറഞ്ഞു. "ഹേ മുനി ശ്രേഷ്ഠാഞാൻ സീതാ ദേവിയുമായുള്ള വിരഹത്താൽ അങ്ങേയറ്റം ദുഃഖിതനാണ്. ഒരുവന്റെ എല്ലാ പാപ കർമ്മഫലങ്ങളും ദുഃഖങ്ങളും ഇല്ലാതാക്കുന്ന ഒരു വൃതത്തെ കുറിച്ചു വിശദീകരിച്ചാലും.


ശ്രീരാമചന്ദ്ര ഭഗവാന്റെ ഗുരുവായ വസിഷ്ഠ മുനി മറുപടി പറഞ്ഞു, "പ്രിയ രാമ, അങ്ങയുടെ ചോദ്യം മുഴുവൻ മനുഷ്യകുലത്തിനും ഉപകാരപ്രദമാണ്. അങ്ങയുടെ തിരുനാമം ജപിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് വഴി എല്ലാ ജീവാത്മാക്കളും പരിശുദ്ധീകരിക്കപ്പെടുകയും എല്ലാ ശുഭത്വം നേടുകയും ചെയ്യുന്നു. എങ്കിലും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ഞാൻ ഒരു മഹാ വൃതത്തെ കുറിച്ചു വിശദീകരിക്കാം.


വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൽ സംഭവിക്കുന്ന മോഹിനി ഏകാദശി വളരെ ശുഭകരം ആണ്. ഈ ഏകാദശി പാലിക്കുന്നത് വഴി ഒരുവന്റെ എല്ലാ ഭൗതിക ദുരിതങ്ങളും, പാപ പ്രതികരണങ്ങളും മായയും ഇല്ലാതാവുന്നു. ഇനി ഞാൻ ഈ ഏകാദശിയെ കുറിച്ചു വിവരിക്കുന്നത് ദയവായി ശ്രദ്ധിച്ചാലും.


സരസ്വതി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഭദ്രാവതി എന്ന മനോഹര നഗരം ദ്യുതിമാൻ എന്ന രാജാവാണ് ഭരിച്ചിരുന്നത്. ഹേ രാമ! അദ്ദേഹം ചന്ദ്ര വംശത്തിൽ ജനിച്ചു.


ഒരു പുണ്യാത്മാവും ഭക്തനുമായ ധനപാലൻ എന്ന വ്യക്തി ആ നഗരത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം തൊഴിൽപരമായി ഒരു വൈശ്യൻ ആയിരുന്നു. സാധാരണ ജനങ്ങൾക്കായി ഈ ഭക്തൻ ധർമശാലകൾ, ഗുരുകുലങ്ങൾ, വൈദ്യശാലകൾ, ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രങ്ങൾ, പാതകൾ, കിണറുകൾ, കുളങ്ങൾ, ചന്തകൾ എന്നിവ നിർമിച്ചു. ഈ രീതിയിൽ അദ്ദേഹം തന്റെ സ്വത്ത് യഥാവിധി ഉപയോഗിച്ചു. ഭഗവാന്റെ ഭക്തനായ ഇദ്ദേഹത്തിന് സമാന, ദ്യുതിമാൻ, മേധവി, സുകീർത്തി, ധൃഷ്ടബുദ്ധി എന്നീ മക്കൾ ഉണ്ടായിരുന്നു. ഇതിൽ ധൃഷ്ടബുദ്ധി ഒരു പാപി ആയിരുന്നു. അദ്ദേഹം മദ്യപാനം, അവിഹിത ബന്ധം, ചൂതാട്ടം തുടങ്ങി എല്ലാ വിധ പാപ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. അയാൾ മറ്റുള്ള ജീവികളെ കൊല്ലുന്നതിലും വേദനിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തി. അയാൾ ദേവന്മാർക്കോ, അതിഥികൾക്കോ, പിതൃക്കൾക്കോ ബഹുമാനം നൽകാതെ ധൃഷ്ടബുദ്ധി തന്റെ പിതാവിന്റെ ധനത്തിന്റെ ബലത്തിൽ മോശപ്പെട്ട ജീവിതം നയിച്ചു. ഒരു ദിവസം ഒരു വ്യഭിചാരിണിയുടെ തോളിൽ കൈ വച്ചു നടക്കുന്ന മകനെ കണ്ട ധനപാലൻ, മനോവേദന സഹിക്കാനാകാതെ മകനായ ധൃഷ്ടബുദ്ധിയെ വീട്ടിൽ നിന്നും പുറത്താക്കി. ഇങ്ങനെ എല്ലാവരാലും പുറന്തള്ളിയ ധൃഷ്ടബുദ്ധി ഏകാന്തനായി മറ്റുള്ളവരുടെ വെറുപ്പിന് പാത്രീഭൂതനായി.


ഗൃഹത്തിൽ നിന്നും പുറന്തള്ളിയതിന് ശേഷം തന്റെ ശേഷിക്കുന്ന വസ്ത്രങ്ങളും, ആഭരണങ്ങളും വിറ്റ് ധൃഷ്ടബുദ്ധി പാപപ്രവർത്തനങ്ങൾ തുടങ്ങി. കുറച്ചു കാലങ്ങൾ കൊണ്ട് അതും ഇല്ലാതെ ആയി. ആവശ്യത്തിന് ഭക്ഷണം ഇല്ലാതെ അയാളുടെ ശരീരം ക്ഷയിച്ചു. കൂടെ ഉണ്ടായിരുന്നവർ അയാളെ ഉപേക്ഷിച്ചു പോവുകയും ചെയ്തു.


ഇങ്ങനെ ഭക്ഷണവും വസ്ത്രവും ഇല്ലാതെ ആയ ധൃഷ്ടബുദ്ധി ജീവിക്കുവാനായി മോഷണം തുടങ്ങി. ഓരോ പ്രാവശ്യം രാജാവിന്റെ പടയാളികൾ പിടികൂടുമ്പോഴും ഒരു പുണ്യാത്മാവിന്റെ മകൻ എന്ന നിലയിൽ അയാളെ രാജാവ് പല പ്രാവശ്യം വെറുതെ വിട്ടു. എന്നിട്ടും ഈ പ്രവൃത്തി തുടർന്ന ധൃഷ്ടബുദ്ധിയെ വീണ്ടും പിടികൂടുകയും രാജാവ് അവസാനമായി ശാസന നൽകുകയും ചെയ്തു. "ഹേ വിഡ്ഢിയായ പാപീ, നീ കൊടും പാപി ആയതിനാൽ ഇനി ഈ രാജ്യത്തിൽ നിൽക്കാൻ അനുവദിക്കില്ല.ഞാൻ ഇപ്പോൾ നിന്നെ വെറുതെ വിടുന്നു, പക്ഷെ നീ എത്രയും പെട്ടെന്ന് ഈ രാജ്യം വിട്ടു പോകണം.


ധൃഷ്ടബുദ്ധി ഭയം മൂലം രാജ്യം വിട്ടു ഒരു വനത്തിലേക്ക് പോവുകയും. അവിടെ വിശപ്പു മൂലം മൃഗങ്ങളെയും പക്ഷികളെയും, മറ്റു ജീവികളെയും വേട്ടയാടി  ജീവിക്കുവാൻ തുടങ്ങി. 


ധൃഷ്ടബുദ്ധി എപ്പോഴും ഉത്കണ്ഠാകുലനും ദുരിതം അനുഭവിക്കുന്നവനും ആയിരുന്നു. എന്നാൽ പൂർവ പുണ്യ കർമ്മങ്ങളുടെ ഫലമായി അയാൾ കൗണ്ടിന്യ മുനിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വൈശാഖ മാസത്തിൽ ഗംഗയിൽ സ്നാനം ചെയ്തു ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്ന കൗണ്ടിന്യമുനിയുടെ വസ്ത്രത്തിൽ നിന്നുള്ള ജലം സ്പർശിക്കുവാനുള്ള ഭാഗ്യം പാപിയും ദുരിതപൂർണമായ ജീവിതം നായിക്കുന്നവനുമായ ധൃഷ്ടബുദ്ധിക്ക് ലഭിച്ചു. അതു വഴി എല്ലാ പാപങ്ങളിൽ നിന്നും അദ്ദേഹത്തിന് മോചനം ലഭിച്ചു.

 

ശേഷം കൂപ്പു കൈകളോടെ ധൃഷ്ടബുദ്ധി മുനിയോട് പറഞ്ഞു, "ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ഞാൻ കൊടും പാപിയായ വ്യക്തിയാണ്. എന്റെ ഈ പാപ പ്രതികരണങ്ങൾക്ക് പ്രായശ്ചിത്തമായി ചെയ്യുവാനുള്ള ഒരു വൃതത്തെ കുറിച്ചു ദയവായി പറഞ്ഞു നൽകിയാലും.


കൊടും പാപങ്ങൾ ചെയ്തതിന്റെ ഫലമായി എനിക്ക് എന്റെ ഗൃഹവും, സമ്പത്തും, കുടുംബവും എല്ലാം നഷ്ടപ്പെട്ടു. ഞാൻ മാനസിക ദുഃഖത്തിൽ ആഴ്ന്നു പോയിരിക്കുന്നു.


ധൃഷ്ടബുദ്ധിയുടെ ഈ വാക്കുകൾ ശ്രവിച്ച കൗണ്ടിന്യ മുനി മറുപടി പറഞ്ഞു. "നിന്റെ എല്ലാ പാപങ്ങളും ഇല്ലാതാക്കുവാൻ പറ്റിയ ഒരു ഉയർന്ന പ്രക്രിയയെ പറഞ്ഞു തരാം, ശ്രദ്ധിച്ചു കേൾക്കൂ. വൈശാഖ മാസത്തിൽ വരുന്ന മോഹിനി ഏകാദശി സുമേരു പർവതത്തിന്റെ അത്രത്തോളം വരുന്ന ജന്മജന്മാന്തരങ്ങൾ ആയുള്ള പാപങ്ങൾ ഇല്ലാതാക്കുന്നു. അതിനാൽ ഈ ഏകാദശി നീ വിശ്വാസപൂർവം പാലിക്കണം.


മഹാമുനിയുടെ ഉപദേശങ്ങൾ ശ്രവിച്ച ധൃഷ്ടബുദ്ധി സന്തോഷപൂർവം നിയമ നിർദേശാനുസരണം ഏകാദശി വൃതം പാലിച്ചു.


"ഹേ രാജശ്രേഷ്ഠാ മോഹിനി ഏകാദശി പാലിച്ച ധൃഷ്ടബുദ്ധി ഉടനെ തന്നെ എല്ലാ പാപ പ്രതികരണങ്ങളിൽ നിന്നും മോചിതനായി. അങ്ങനെ ഒരു ദിവ്യശരീരം ലഭിച്ച അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ ലോകത്തിലേക്ക് തിരിച്ചു പോയി. "ഹേ രാമചന്ദ്രാ ഈ വൃതം എല്ലാ തരത്തിലുള്ള മായയിൽ നിന്നും അജ്ഞാനത്തിൽ നിന്നും മോചനം നൽകുന്നു. തീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതോ, ദാനമോ, യജ്ഞങ്ങളോ ഒന്നും മോഹിനി ഏകാദശി പാലിക്കുന്നത് വഴി ലഭിക്കുന്ന പുണ്യത്തിന് തുല്യം ആവില്ല.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment