കൃഷ്ണന്റെ അതീന്ദ്രിയ വിഗ്രഹം ജ്ഞാനപൂർണ്ണവും, പരമാനന്ദപ്രദവും, നിത്യവുമാണ്. "എല്ലായിടത്തും, എക്കാലവും നിലനിൽക്കുന്നത്” എന്നാണ് 'സത്' എന്നതിന്റെ അർത്ഥം. 'ചിത് എന്നാൽ “ജ്ഞാനപൂർണ്ണം" എന്നാണർത്ഥം. കൃഷ്‌ണന് ആരിൽനിന്നും ഒന്നും പഠിക്കേണ്ടതില്ല. അദ്ദേഹം സ്വതന്ത്രമായിത്തന്നെ ജ്ഞാനത്തിൻ്റെ നിറകുടമാണ്. 'ആനന്ദ'മെന്നാൽ, “സർവ്വ സുഖത്തിൻ്റേയും സംഭരണി” എന്നാണ് അർത്ഥം. നിത്യതയുടെ ബ്രഹ്മദീപ്‌തിയിലും, ജ്ഞാനത്തിലും വിലയം പ്രാപിക്കാനാണ് നിർവ്യക്തികവാദികളുടെ അഭിലാഷം. എന്നാൽ, കൃഷ്‌ണനിൽ മാത്രമുള്ള 'കേവലാനന്ദം' എന്ന മുഖ്യാംശം അവർ ഒഴിവാക്കിയിരിക്കുന്നു ഭൗതിക വിഭ്രമം, മിഥ്യാഭിജ്ഞാനം, ആസക്തി, വിരക്തി, ഭൗതിക സമാധി എന്നിവയിൽനിന്നെല്ലാം മുക്തി നേടിയാൽ ബ്രഹ്മദീപ്തിയിൽ വിലയം കൊള്ളുന്നതിൻ്റെ അതീന്ദ്രിയ പരമാനന്ദം അനുഭവിക്കാൻ കഴിയും. ബ്രഹ്മസാക്ഷാത്‌കാരം നേടുവാൻവേണ്ട പ്രാഥമിക യോഗ്യതകളാണിതൊക്കെ. സന്തുഷ്‌ടരായിത്തീരണമെന്നാണ് ഭഗവദ് ഗീത പറയുന്നത്. വാസ്‌തവത്തിൽ, സന്തോഷമെന്നല്ല പറയേണ്ടത്. എല്ലാത്തരത്തിലുമുള്ള ഉത്കണ്‌ഠയിൽനിന്നുള്ള മോചനബോധമാണത്. ഈ മോചനമാണ് സന്തോഷത്തിൻ്റെ ആദ്യതത്ത്വം. പക്ഷേ, അത് സന്തോഷമല്ല. സ്വത്വത്തെ സാക്ഷാത്കരിച്ചവൻ, അഥവാ ബ്രഹ്മഭൂതൻ സന്തോഷത്തിൻ്റെ വിതാനത്തിലെത്താൻ തയ്യാറെടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കൃഷ്‌ണനുമായി ബന്ധപ്പെടുമ്പോൾ മാത്രമേ സന്തോഷം യഥാർത്ഥത്തിൽ കൈവരികയുള്ളൂ. ബ്രഹ്മസാക്ഷാത്കാരത്തിൽനിന്നു ലഭിക്കുന്ന അതീന്ദ്രിയാനന്ദം ഉൾപ്പെടെയുള്ളതിനെയെല്ലാം ഉൾക്കൊള്ളാനാവുന്നത്ര സമ്പൂർണ്ണമാണ് കൃഷ്‌ണാവബോധം. 'ശ്യാമസുന്ദരം' എന്നറിയപ്പെടുന്ന കൃഷ്ണൻ്റെ വ്യക്തിരൂപത്തിലേക്ക് നിർവ്യക്തികവാദികൾ പോലും ആകർഷിക്കപ്പെടുന്നു.
'ബ്രഹ്മദീപ്തി' എന്നത് കൃഷ്‌ണൻ്റെ ശരീരത്തിൽനിന്നുള്ള രശ്മികളാണെന്ന് ബ്രഹ്മസംഹിത പറയുന്നു. കൃഷ്‌ണന്റെ ശക്തിയുടെ ഒരു പ്രകടനം മാത്രമാണ് ബ്രഹ്മദീപ്‌തി. കൃഷ്ണനാണ് അതിന്റെ പ്രഭവം. ഇത് കൃഷ്‌ണൻതന്നെ ഭഗവദ്ഗീതയിൽ സ്ഥിരീകരിക്കുന്നുണ്ട്. കേവലസത്യത്തിൻ്റെ നിർവ്യക്തിക ഗുണമല്ല ആത്യന്തിക ലക്ഷ്യമെന്ന് ഇതിൽനിന്നു വ്യക്തം. കേവല സത്യവും ആത്യന്തിക ലക്ഷ്യവും കൃഷ്‌ണൻ മാത്രമാണ്.
അതുകൊണ്ട് ആത്മീയ പൂർണ്ണതയുടെ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈഷ്‌ണവ വിഭാഗം ബ്രഹ്മദീപ്‌തിയിൽ ലയിക്കാൻ ഒരിക്കലും ഉദ്യമിക്കില്ല. ആത്മസാക്ഷാത്‌കാരത്തിൻ്റെ ആത്യന്തിക ലക്ഷ്യമായി അവർ അംഗീകരിക്കുന്നത് കൃഷ്‌ണനെ മാത്രമാണ്. അതുകൊണ്ടാണ് കൃഷ്ണനെ 'പരംബ്രഹ്മ'മെന്നും, 'പരമേശ്വരൻ' എന്നും വിളിക്കുന്നത്. യാമുനാചാര്യൻ ഇങ്ങനെ പ്രാർത്ഥിക്കുന്നു: “ഭഗവാനേ, അതിബൃഹത്തായ ഈ പ്രപഞ്ചവും, അതിലെപരപ്പാർന്ന ബഹിരാകാശവും, കാലവുമെല്ലാം ഭൗതിക മൂലകങ്ങളുടെ പത്തു പാളികൾക്കൊണ്ടു മൂടിയിരിക്കുന്നു എന്നെനിക്കറിയാം. അതിൽ ഓരോ പാളിയും തൊട്ടുമുമ്പിലത്തെ പാളിയുടെപത്തു മടങ്ങ് വലിപ്പമുള്ളതാണെന്നും ഞാൻ അറിയുന്നു. ത്രിഗുണങ്ങൾ, ഗർഭോദകശായി വിഷ്‌ണു, ക്ഷീരോദകശായി വിഷ്‌ണു, മഹാവിഷ്‌ണു, അതിനപ്പുറത്തുള്ള ആത്മീയാകാശം, "വൈകുണ്ഠ'ങ്ങൾ എന്നു വിളിക്കപ്പെടുന്ന ആത്മീയ ലോകങ്ങൾ, ആത്മീയാകാശത്തിലെ ബ്രഹ്മദീപ്‌തി എന്നിവയൊക്കെ ചേർന്നാലും അങ്ങയുടെ ശക്തിയുടെ വളരെ നിസ്സാരമായ ഒരു ദൃശ്യം മാത്രമാണ്."
ഭക്തിരസാമൃതസിന്ധു - അധ്യായം .22 ( 54 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment