Home

Saturday, June 29, 2024

ഭഗവാന് മാത്രമേ കർമ്മ നിയമങ്ങളുടെ പ്രതികരണങ്ങളെ മാറ്റുവാൻ സാധിക്കുകയുള്ളൂ



നമ്മുടെ പൂർവകർമഫലങ്ങൾക്കനുസൃതമായി പരമപുരുഷനായ ഭഗവാന്റെ പരമേച്ഛയാൽ, അദ്ദേഹത്തിൻ്റെ വിധാനമനുസരിച്ച് നാം ഇന്നത്തെ പദവിയിൽ അവസ്ഥിതരായിരിക്കുന്നുവെന്ന വസ്‌തുത നാം അറിഞ്ഞിരിക്കണം. ഭഗവദ്ഗീത (13.23)യിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ, പരമപുരുഷനായ ഭഗവാൻ ഏവരുടെയും അന്തരംഗത്തിൽ കേന്ദ്രീകൃത പരമാത്മാവായി നിലകൊള്ളുന്നു. ആകയാൽ നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തെക്കുറിച്ചും അദ്ദേഹം പൂർണ ബോധവാനാനാണ്. ഒരു പ്രത്യേക സ്ഥാനത്തേക്ക് അവസ്ഥിതനാക്കിക്കൊണ്ട് നമ്മുടെ പ്രവൃത്തികൾക്കുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം സമ്മാനിക്കുന്നു. ഒരു സമ്പന്നപുത്രൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നതിനു കാരണം, സമ്പന്നപുത്രനായി ജനിക്കുന്ന ആ ശിശു ആ സ്ഥാനം സർവഥാ അർഹിക്കുന്നതി നാൽ ഭഗവദ്ദേച്ഛയാൽ ആ ശിശുവിന് ആ പദവി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ്. ഒരു പ്രത്യേക നിമിഷത്തിൽ ശിശുവോ, പിതാവോ ആനന്ദപ്രദമായ അവസ്ഥയിൽനിന്നും മാറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അവർ ആ സ്ഥാനത്തുനിന്നും മാറ്റപ്പെടുന്നതും ഭഗവദ്ദേച്ഛയാലാകുന്നു. ഒരു ദരിദ്രൻ്റെ കാര്യത്തിലും ഇപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. സമ്പന്നനോ, ദരിദ്രനോ ജീവാത്മാക്കളുടെ ഒത്തുചേരലിന്മേലോ, അകൽച്ചയിന്മേലോ യാതൊരു നിയന്ത്രണവുമില്ല. ഒരു കായിക താരത്തിന്റെയും, അയാളുടെ കായികവസ്‌തുക്കളെയും സംബന്ധിച്ച ദൃഷ്ടാന്തത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. നമ്മുടെ കർമങ്ങൾക്കനു സൃതമായ ഫലങ്ങൾ സമ്മാനിക്കാൻ ഭഗവാൻ ബാധ്യസ്ഥനാകയാൽ കായികതാരത്തിൻ്റെ ദൃഷ്‌ടാന്തം പ്രയോഗയോഗ്യമല്ലെന്ന് ഒരാൾ വാദിച്ചേക്കാം. പക്ഷേ അത് ശരിയല്ല. പരമേച്ഛ ഭഗവാൻ്റേതാണെന്നും, അദ്ദേഹം യാതൊരു നിയമത്തിനും വിധേയനല്ലെന്നും നാം സദാ ഓർക്കണം. ഒരാളുടെ സ്വകർമങ്ങൾക്കനുസൃതമായ ഫലങ്ങൾ പ്രദാനം ചെയ്യുകയാണ് കർമനിയമം. പ്രത്യേക സന്ദർഭങ്ങളിൽ ഭഗവദേച്ഛയാൽ അത്തരം പ്രത്യാഘാതപരമായ ഫലങ്ങളിൽ മാറ്റമുണ്ടാകുന്നു. ആകയാൽ, കായികതാരത്തെ സംബന്ധിച്ച ദൃഷ്‌ടാന്തം തികച്ചും അനുയോജ്യമാണ്. ഇച്ഛിക്കുന്നതെന്തും പ്രവർത്തിക്കാൻ പരമേച്ഛക്ക് സർവസ്വാതന്ത്ര്യമുള്ളതിനാൽ അദ്ദേഹം സർവം പരിപൂർണനാകുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ പ്രവൃത്തികളിലും, പ്രതിപ്രവർത്തനങ്ങളിലും തെറ്റ് വരുക അസംഭവ്യമാകുന്നു. ഒരു പരിശുദ്ധ ഭക്തനെ സംബന്ധിച്ചുള്ളതാകയാൽ അനന്തരഫലങ്ങളായ പ്രവൃത്തികളിലെ മാറ്റങ്ങൾ വിശേഷിച്ചും ഭഗവാനാൽ നിർവഹിക്കപ്പെടുന്നു. എല്ലാവിധ പാപപ്രത്യാഘാതങ്ങളിൽനിന്നും യാതൊരുവിധ പരിരക്ഷയും പ്രതീക്ഷിക്കാതെ ഭഗവാനെ പരിപൂർണ മായും അഭയം പ്രാപിക്കുന്ന ശുദ്ധഭക്തനെ ഭഗവാൻ സംരക്ഷിക്കുന്നുവെന്ന് നിസ്സംശയം ഭഗവദ്ഗീത (7.30.31)യിൽ ഊന്നി പ്രസ്താവിച്ചിരിക്കുന്നു. ഭഗവാനാൽ കർമഫലങ്ങളിൽ മാറ്റം വന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ ലോകചരിത്രത്തിലുണ്ട്. ഒരാളുടെ പൂർവകർമഫലങ്ങളിൽ മാറ്റം വരുത്തുന്നതിന് ഭഗവാന് സാധ്യമെങ്കിൽപ്പിന്നെ നിശ്ചയമായും അദ്ദേഹം സ്വകർമങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് സ്വയം വിധേയനല്ല. അദ്ദേഹം സർവ നിയമങ്ങൾക്കും അതീന്ദ്രിയനും പരിപൂർണനുമാകുന്നു.


(ശ്രീമദ് ഭാഗവതം 1/13/43/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 



എന്തു കൊണ്ടാണ് മനുഷ്യർ മായയുടെ അധീനതയിലിരിക്കുന്നത്



ഭൗതിക ജീവാത്മാക്കളുടെ ദുരിതങ്ങൾക്കുള്ള മൂലഹേതുവും, ആചരിക്കേണ്ടതായ പരിഹാര മാർഗങ്ങളും, പരമമായി പ്രാപ്തമാകുന്ന നേട്ടങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. അവയൊക്കെ ഈ സവിശേഷ ശ്ലോകത്തിൽ ഉദ്ധരിച്ചിരിക്കുന്നു. ജീവാത്മാക്കൾ വ്യവസ്ഥാപിതമായി ഭൗതികപഞ്ജരബന്ധനങ്ങൾക്ക് അതീന്ദ്രിയരാണ്. എന്നാൽ അവർ ഭൗതിക ശക്തിയാൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ആകയാൽ അവർ ഭൗതിക ഉല്‌പന്നങ്ങളിൽ ഒന്നാണെന്ന് സ്വയം വിചാരിക്കുന്നു. മാത്രവുമല്ല, ഈ അപവിത്ര സ്‌പർശനത്താൽ ഭൗതികപ്രകൃതിയുടെഗുണങ്ങൾക്ക് വിധേയമായി പരിശുദ്ധമായ ആത്മീയസത്ത ഭൗതിക ക്ലേശങ്ങൾ അനുഭവിക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ സ്വാധീനതയിലുള്ള ജീവാത്മാവിൻ്റെ പ്രസ്‌തുത തലതിരിഞ്ഞ ചിന്തയും മനോവികാരവും ഇച്ഛാവാസനയുമെല്ലാം അതിന് ഒട്ടും സ്വാഭാവികമല്ല. എന്നാൽ അതിന് അതിന്റേതായ സാധാരണ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട്. ചിന്താശക്തിയോ, ആഗ്രഹമോ, വികാരമോ ഇല്ലാത്തതല്ല ജീവസത്തയുടെ യഥാർത്ഥ അവസ്ഥ. ജീവാത്മാക്കളുടെ യഥാർത്ഥ ജ്ഞാനം ഇപ്പോൾ അജ്ഞതയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഭഗവദ്‌ഗീതയിലും സ്ഥിരീകരിച്ചിരിക്കുന്നു. അപ്രകാരം ജീവാത്മാക്കൾ പരമമായ അവ്യക്തിഗത ബ്രഹ്മമാണെന്ന തത്ത്വത്തെ ഇവിടെ ഖണ്ഡിച്ചിരിക്കുന്നു. ജീവസത്തകൾക്ക് യഥാർത്ഥ നിരുപാധിക അവസ്ഥയിലും അവരുടേതായ ചിന്താധാരയുണ്ട് എന്നവസ്‌തുതയും ഈ തത്ത്വത്തെ തെറ്റെന്ന് നിരൂപിക്കുന്നു. വർത്തമാന സോപാധിക അവസ്ഥ ബഹിരംഗശക്തിയുടെ സ്വാധീനം നിമിത്തമാണ്. ഇതിനർത്ഥം മായാശക്തി സകല വിധ പ്രവർത്തനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നുവെന്നും, പരമപുരുഷനായ ഭഗവാൻ അകന്നു നിൽക്കുന്നുവെന്നുമാണ്. ബഹിരംഗശക്തിയാൽ ജീവാത്മാക്കൾ വ്യാമോഹിതരായിത്തീരണമെന്ന് ഭഗവാൻ ആഗ്രഹിക്കുന്നില്ല. ഈ പരമാർത്ഥത്തെക്കുറിച്ച് പൂർണബോധവതിയാണ് ബഹിരംഗശക്തി. എങ്കിൽത്തന്നെയും, അവൾ അവളുടെ അമ്പരിപ്പിക്കുന്ന സ്വാധീനത്താൽ മിഥ്യയുടെ നിയന്ത്രണത്തിൻ കീഴിൽ വിസ്മൃതാവസ്ഥയിലായ ആത്മാക്കളെ നിലനിർത്തുന്നു. മായാശക്തിയുടെ കർത്തവ്യങ്ങളെ ഭഗവാൻ എതിർക്കാറില്ല. ജീവാത്മാക്കളുടെ പുനരുദ്ധാരണത്തിന് മായാശക്തിയുടെ അത്തരം നിർവഹണങ്ങൾ അനിവാര്യമാണ്. മറ്റൊരു വ്യക്തിയാൽ സ്വന്തം പുത്രൻ ശിക്ഷിക്കപ്പെടുന്നത് സ്നേഹമുള്ള ഏതൊരു പിതാവും ഇഷ്‌ടപ്പെടുകയില്ല. എങ്കിൽത്തന്നെയും അദ്ദേഹം തൻ്റെ അനുസരണയില്ലാത്ത പുത്രനെ അനുസരണയുള്ളവനാക്കിത്തീർക്കാൻ കർക്കശക്കാരനായ ഒരാളുടെ ശിക്ഷണത്തിൽ വിടുന്നു. അതേസമയം, സർവസമ്പന്നനായ പരമപിതാവ് ബദ്ധാത്മാവിൻ്റെ മോചനം, അഥവാ മായാശക്തിയുടെ മുഷ്ടിബന്ധത്തിൽനിന്നുള്ള ആശ്വാസം ആഗ്രഹിക്കുന്നു. രാജാവ് അപരാധികളെ കാരാഗൃഹത്തിലടക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ കുറ്റവാളികളോട് ദയതോന്നി, അവരുടെ മോചനം ആഗ്രഹിക്കയാൽ രാജാവ് സ്വയം തടവറ സന്ദർശിച്ച്, അവരുടെ ഉദ്ധാരണത്തിനായി വ്യവഹാരം നടത്തുകയും, അപ്രകാരംഅവർ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ, പരമപുരുഷനായ ഭഗവാൻ അദ്ദേഹത്തിൻ്റെ രാജ്യത്തിൽനിന്നും മായാശക്തിയുടെ രാജ്യത്തിൽ അവതരിക്കുകയും, ഭഗവദ്‌ഗീതാരൂപത്തിൽ പ്രശമനം നൽകുകയും ചെയ്യുന്നു. മായാശക്തിയുടെ നടപടിയെ പരാജയപ്പെടുത്താൻ അത്യന്തം പ്രയാസമാണെങ്കിൽത്തന്നെയും, ഭഗവാൻ്റെ പാദാരവിന്ദങ്ങളെ അഭയം പ്രാപിക്കുന്ന പരമപുരുഷനായ ഭഗവാൻ്റെ ആജ്ഞയാൽ മോചിപ്പിക്കപ്പെടുമെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ സ്വയം പ്രബോധിപ്പിക്കുന്നു. മായാശക്തികളുടെ വിസ്‌മയിപ്പിക്കുന്ന നടപടികളിൽനിന്നും പ്രശമനം ലഭിക്കുന്നതിനായുള്ള പരിഹാരമാർഗമാണ് ഈ സമർപ്പണ പ്രവർത്തന പദ്ധതി. സംസർഗപ്രഭാവമനുസരിച്ചാണ് സമർപ്പണ പ്രവർത്തനപദ്ധതി പരിപൂർണമാകുന്നത്. ആകയാൽ, നിജമായി പരമപുരുഷനായ ഭഗവാനെ സാക്ഷാത്കരിച്ച്, ദിവ്യപുരുഷൻ്റെ പ്രഭാഷണത്താൽ പ്രഭാവിതരായി ജനങ്ങൾ ഭഗവാന്റെ അതീന്ദ്രിയ പ്രേമയുതസേവനത്തിൽ നിരതരാകണമെന്ന് ഭഗവാൻ പ്രബോധിപ്പിക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ശ്രവണത്തിന് ജീവാത്മാക്കൾക്ക് അഭിരുചി ലഭിക്കുകയും, അങ്ങനെ അപ്രകാരത്തിലുള്ള ശ്രവണത്തിലൂടെ മാത്രം ഒരാൾ ഭഗവാനോട് ആദരവ്, ഭക്തി, അഭിനിവേശം എന്നീ തലത്തിലേക്ക് ക്രമേണ ഉയർത്തപ്പെടുകയും ചെയ്യുന്നു. സമർപ്പണ പ്രവർത്തനപദ്ധതിയാലാണ് ഈ സമ്പൂർണ പ്രവർത്തനവും പരിപൂർണമാകുന്നത്. ഈ ഗ്രന്ഥത്തിലും അതേ പ്രബോധനമാണ് ഭഗവാൻ തൻ്റെ അവതാരമായ വ്യാസദേവനിലൂടെ ഉദ്ബോധിപ്പിക്കുന്നത്. അന്തർവർത്തിയും ബാഹ്യവർത്തിയുമായ ആത്മീയാചാര്യനായി ഭഗവാൻ സ്വയവും, ഭഗവാൻ്റെ ബഹിരംഗശക്തി നിമിത്തമായ ദണ്ഡ്‌ന നടപടി എന്നീ ഇരുപ്രകാരത്തിലും ഭഗവാനാൽ ബദ്ധാത്മാക്കൾ വീണ്ടെടുക്കപ്പെടുന്നുവെന്ന് ഇത് വിവക്ഷിക്കുന്നു. സർവ ജീവാത്മാക്കളുടെയും ഹൃദയത്തിനുള്ളിലുള്ള പരമാത്മാവായ ഭഗവാൻ സ്വയം ആത്മീയ ആചാര്യനായിത്തീരുകയും, ബാഹ്യമായി ധർമശാസ്ത്രങ്ങളും, ദീക്ഷയും നൽകുകയും ചെയ്യുന്നു. ഇവയെക്കുറിച്ച് സുവ്യക്തമായി അടുത്ത ശ്ലോകത്തിൽ വിശദീകരിച്ചിരിക്കുന്നു.


(ശ്രീമദ് ഭാഗവതം 1/7/5 ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 



Thursday, June 6, 2024

മായ

 


വിരാട് ആവിഷ്കരണത്തിൻ്റെ ഏതു ഘട്ടത്തിലും, അതിന്റെ ആവിർഭാവത്തിലും, നിലനിൽപ്പിലും, വളർച്ചയിലും, വ്യത്യസ്‌ത ശക്തികളുമായി അതിന്റെ പരസ്‌പര പ്രവർത്തനത്തിലും, അതിൻ്റെ അധഃപതനത്തിലും, അന്തർധാനത്തിലും - എല്ലാം പരമദിവ്യോത്തമ പുരുഷൻ്റെ അസ്തിത്വവുമായി അതിന്റേതായ അടിസ്ഥാന ബന്ധമുണ്ടെന്ന് മുൻ ശ്ലോകത്തിൽ നിർണയിച്ചിരിക്കുന്നു. ആനിലയ്ക്ക്, എപ്പോഴൊക്കെ ഭഗവാനുമായുള്ള ഈ പരമപ്രധാന ബന്ധത്തെക്കുറിച്ച് വിസ്‌മൃതാവസ്ഥയുണ്ടാകുന്നുവോ, എപ്പോഴൊക്കെ ഭഗവാനുമായി ബന്ധപ്പെടുത്താതെ, കാര്യങ്ങളെ യാഥാർഥ്യമായി സ്വീകരിക്കുന്നുവോ, അപ്പോഴൊക്കെ ആ സങ്കൽപ്പനത്തെ ഭഗവാന്റെ മായിക ശക്തിയുടെ ഫലമെന്ന് വിശേഷിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഭഗവാനില്ലാതെ, അഥവാ ഭഗവാനിൽനിന്നും ഒഴിഞ്ഞ് യാതൊന്നുംതന്നെ നിലനിൽക്കുന്നില്ല. മായാമയശക്തിയും ഭഗവാന്റെതന്നെ ശക്തി യാണെന്ന് അറിയണം. സർവതിനെയും, ഭഗവാനുമായുള്ള ആധാരാധേയ ബന്ധത്തിൽ കൃത്യമായി യോജിപ്പിക്കുന്ന ശരിയായ നിർണയത്തെ 'യോഗ -മായ', അഥവാ സംലയന ശക്തിയെന്നും, ഭഗവാനുമായുള്ള ജ്ഞാതീഭാവത്തിൽനിന്നും ഒരു വസ്തു‌വിനെ, അഥവാ വിഷയത്തെ വേർപ്പെടുത്തുന്ന തെറ്റായ സങ്കൽപ്പനത്തെ ഭഗവാൻ്റെ 'ദൈവീ-മായ', അഥവാ 'മഹാ -മായ' എന്നും വിശേഷിപ്പിക്കുന്നു. ഇരു മായകൾക്കും ഭഗവാനുമായി ബന്ധമുണ്ട്. എന്തുകൊണ്ടെന്നാൽ, അദ്ദേഹവുമായി ബന്ധമില്ലാതെ യാതൊന്നിനും വർത്തിക്കുവാൻ കഴിയുകയില്ല. ആ നിലയ്ക്ക്, ഭഗവാനിൽനിന്നും ഉത്ഭവിക്കുന്ന ആധാരാധേയ ഭാവങ്ങളെ വേർപ്പെടുത്തുന്ന പൊള്ളയായ സങ്കൽപ്പനം തെറ്റായത് അല്ല, മറിച്ച് മായാമയം ആകുന്നു.


ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നതിനെ 'മായ', അഥവാ 'മിഥ്യ'യെന്ന് വിളിക്കുന്നു. ഉദാഹരണമായി, കയറിനെ പാമ്പായി കരുതുന്നത് മിഥ്യയാണ്. കയർ, സംഭ്രാന്തനായ വ്യക്തിയുടെ മുന്നിൽ ഉണ്ടായിരിക്കുന്നതാകയാൽ, അത് അസത്യമേയല്ല. എന്നാൽ, അതിന്റെ സ്വീകാര്യംമായയാകുന്നു. ആകയാൽ, ഈ ഭൗതിക ആവിഷ്കരണത്തെ, ഭഗ വദ്‌ശക്തിയിൽനിന്നും വേർപ്പെടുത്തപ്പെട്ടതായി അംഗീകരിക്കുന്ന പൊള്ള യായ സങ്കൽപ്പനം മിഥ്യ (മായ) ആകുന്നു. എന്നാൽ അത് അസത്യമല്ല. ഈ മായിക സങ്കൽപ്പത്തെ, അജ്ഞതയെന്ന അന്ധകാരത്തിലെ യാഥാർഥ്യത്തിന്റെ പ്രതിഫലനമെന്ന് വിശേഷിപ്പിക്കുന്നു. എന്റെ ശക്തിയിൽനിന്നും ഉദ്ഭൂതമാക്കപ്പെടാത്ത, അഭിവ്യക്തമായി കാണപ്പെടുന്നതെന്തിനെയും 'മായ'യെന്ന് വിളിക്കുന്നു. ജീവസത്തെ രൂപരഹിതനാണ്; അല്ലെങ്കിൽ പരമോന്നത ഭഗവാൻ നിരാകാരനാണ് എന്ന തത്ത്വവും മിഥ്യയാണ്. അർജുനന്റെ മുന്നിൽ നിൽക്കുന്ന യോദ്ധാക്കളും, സ്വയം അർജുനനും, ഭഗവാൻപോലും, അവ്വണ്ണം സകലരും മുമ്പ് നിലനിന്നിരുന്നുവെന്നും, അവരെല്ലാവരും കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഇപ്പോൾ നിലനിൽക്കുന്നു വെന്നും, വർത്തമാന ശരീരത്തിൻ്റെ നാശത്തിനു ശേഷവും, ഭൗതിക അസ്തിത്വമെന്ന ബന്ധനത്തിൽനിന്നും മുക്തരായതിനുശേഷം പോലും അവരെല്ലാവരും വ്യതിരിക്തമായ വ്യക്തിത്വങ്ങളായിത്തന്നെ ഭാവിയിൽ നിലനിൽക്കുമെന്നും യുദ്ധഭൂമിയുടെ മധ്യത്തിൽവെച്ച്, ഭഗവദ്ഗീത(2.12) യിൽ ഭഗവാനാൽ അരുളി ചെയ്യപ്പെട്ടിരുന്നു. ഏതു സാഹചര്യത്തിലും ഭഗവാനും ജീവസകളും വ്യക്തിഗത വ്യക്തിത്വങ്ങൾ തന്നെയാണ്. മാത്രവുമല്ല, ഭഗവാന്റെയും ജീവസത്തകളുടെയും വ്യക്തിഗത ലക്ഷണങ്ങൾ ഒരിക്കലും ഇല്ലാതാക്കപ്പെടുന്നില്ല. ഭഗവദ്കൃപയാൽ, മായിക ശക്തിയുടെ പ്രഭാവമായ അന്ധകാരത്തിലെ പ്രകാശത്തിൻ്റെ പ്രതിഫലനത്തെ മാത്രമേ ദൂരീകരിക്കാൻ കഴിയുന്നുള്ളൂ. ഭൗതിക ലോകത്തിൽ, സൂര്യന്റെയോ, ചന്ദ്രന്റെയോ പ്രകാശം സ്വതന്ത്രമായതല്ല. പ്രകാശത്തിൻ്റെ യഥാർഥ ഉറവിടം ബ്രഹ്മജ്യോതിയാകുന്നു. അത് ഭഗവാൻ്റെ അതീന്ദ്രിയ ശരീരത്തിൽനിന്നും പ്രസരിക്കുന്ന പ്രകാശമാകുന്നു. അതേ പ്രകാശം സൂര്യൻ്റെയും, ചന്ദ്രൻ്റെയും, അഗ്നിയുടെയും, അല്ലെങ്കിൽ വൈദ്യുതിയുടെയുമൊക്കെ പ്രകാശമായി പ്രതിഫലിക്കുന്നു. ആകയാൽ, ആത്മാവിൻ്റെ അഭേദത്തെ, പരമാത്മാവായ ഭഗവാനുമായി ബന്ധിക്കപ്പെട്ടതായി കരുതപ്പെടാത്തതും മിഥ്യ, അഥവാ മായയാണ്. മാത്രവുമല്ല, "ഞാൻ പരമോന്നതനാണ്" എന്ന പൊള്ളയായ അവകാശവാദവും, അതേ മായ, അഥവാ ഭഗവാന്റെ ബഹിരംഗ ശക്തിയുടെ അവസാനത്തെ മായിക ദുഷ്പ്രലോഭനമാകുന്നു.


സർവവും പരമോന്നതനിൽനിന്നും ജനിക്കുന്നുവെന്ന് വേദാന്തസൂത്രത്തിൻ്റെ തുടക്കത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നു. ആകയാൽ, മുൻ ശ്ലോകത്തിൽ വിശദമാക്കിയിരിക്കുന്നതുപോലെ, എല്ലാ വ്യക്തിഗത ജീവസത്തകളും പരമജീവസത്തയായ പരമദിവ്യോത്തമ പുരുഷന്റെ ശക്തി യിൽനിന്നും ജനിച്ചവയാകുന്നു. ഭഗവദ്ശക്തിയിൽനിന്നാണ് സ്വയം ബ്രഹ്മാ വു പോലും ഹേതുഭൂതനായത്. മറ്റെല്ലാ ജീവസത്തകളും ബ്രഹ്മാവെന്നകാരകത്തിലൂടെ ഭഗവദ്‌ശക്തിയിൽനിന്നും ഉദ്ഭൂതരായവരാണ്. പരമോന്നത ഭഗവാനുമായി പരസ്‌പരം കൂട്ടിച്ചേർക്കാത്തപക്ഷം അവർക്കാർക്കും തന്നെ ഒരു അസ്തിത്വമുണ്ടായിരിക്കുകയില്ല.


ജീവസത്തകളുടെ സ്വാതന്ത്ര്യം യഥാർഥ സ്വാതന്ത്ര്യമല്ല. പരമസത്തയായ ഭഗവാനിൽ ഉണ്ടായിരിക്കുന്ന യഥാർഥ സ്വാതന്ത്ര്യത്തിന്റെ വെറു മൊരു പ്രതിഫലനം മാത്രമാണ്. പരമമായ സ്വാതന്ത്യം എന്ന ബദ്ധാത്മാക്കളുടെ പൊള്ളയായ അവകാശവാദം മായയാണ് എന്ന തീരുമാനത്തെ ഈ ശ്ലോകത്തിൽ അംഗീകരിച്ചിരിക്കുന്നു.


അൽപ്പജ്ഞാനികളായ വ്യക്തികൾ വ്യാമോഹിതരായിത്തീരുന്നു. അക്കാരണത്താൽ ശാസ്ത്രജ്ഞന്മാർ, ജീവശാസ്ത്രജ്ഞർ, പ്രയോഗസിദ്ധതാത്വികർ ഇത്യാദികളൊക്കെയും, സൂര്യൻ, ചന്ദ്രൻ, വൈദ്യുതി മുതലായവയുടെ പ്രകാശപ്രതിഫലനത്തിൽ കണ്ണഞ്ചിപ്പോവുന്നു. അപ്രകാരം, പരമോന്നത ഭഗവാൻ്റെ അസ്‌തിത്വത്തെ നിരാകരിക്കുകയും, ഭൗതികമായ സർവതിന്റെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെക്കുറിച്ച് വ്യത്യസ്‌ത ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും രചിക്കുകയും ചെയ്യുന്നു. വ്യതിരിക്ത വ്യക്തിയുടെ ശരീരശാസ്ത്രത്തെ സംബന്ധിക്കുന്ന ശാരീരിക നിർമാണ ഘടനയിൽ ആത്മാവിൻ്റെ അസ്‌തിത്വത്ത ഒരു ഡോക്‌ടർ നിഷേധിച്ചേക്കാം. എന്നാൽ മരണശേഷവും, ശരീരത്തിൻ്റെ എല്ലാ പ്രവർത്തന ഭാഗങ്ങളും ഉണ്ടായിരുന്നിട്ടുകൂടി ഡോക്‌ടർക്ക് ഒരു മൃതശരീരത്തിന് ജീവൻ നൽകുവാൻ കഴിയുകയില്ല. മസ്‌തിഷ്കീയ പിണ്‌ഡത്തിൻ്റെ നിർമാണമായിരുന്നു പ്രവർത്തനനിരതമായ മനസ്സിൻ്റെ പ്രവർത്തന പദ്ധതി എന്ന രീതിയിൽ മനഃശാസ്ത്രജ്ഞൻ മസ്‌തിഷ്‌കത്തിൻ്റെ ക്രിയാവിജ്ഞാന അവസ്ഥകളെക്കുറിച്ച് ഗൗരവപൂർണമായൊരു പഠനം നടത്തുന്നു. എങ്കിലും, മനഃശാസ്ത്രജ്ഞന് മൃതശരീരത്തിൽ മനസിൻ്റെ പ്രവർത്തനങ്ങളെ മടക്കി.ക്കൊണ്ടുവരാൻ കഴിയുന്നില്ല. വിരാട് ആവിഷ്കരണത്തെ സംബന്ധിക്കുന്ന ഈ ശാസ്ത്രീയമായ പഠനങ്ങൾ, അല്ലെങ്കിൽ പരമോന്നത ഭഗവാനിൽനിന്നും സ്വതന്ത്രമായ ശാരീരിക രചന, മാനസികമായ വ്യത്യസ്‌ത ധ്യാനനിമഗ്ന അഭ്യാസങ്ങൾ മാത്രമാണ്. എങ്കിലും, അന്തിമത്തിൽ അവയെല്ലാം തന്നെ മായയല്ലാതെ, അതിലുപരിയായി മറ്റൊന്നും തന്നെയല്ല. ഭൗതിക സംസ്കാരത്തിന്റെ വർത്തമാന സന്ദർഭത്തിൽ ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും അത്തരത്തിലുള്ള എല്ലാ പുരോഗതികളും മാസിക ശക്തിയുടെ സ്വാധീനത്തെ ആവരണം ചെയ്യുന്ന പ്രവർത്തനമാകുന്നു. മായിക ശക്തിക്ക് അസ്‌തിത്വത്തിൻ്റെ ഇരു ഘട്ടങ്ങളുണ്ട്. അവ, ആവരണം ചെയ്യുന്ന സ്വാധീനശക്തി, എറിയുന്ന സ്വാധീനശക്തി എന്നിവയാകുന്നു. എറിയുന്ന സ്വാധീനശക്തി വഴി മായാശക്തി ജീവസത്തകളെ അജ്ഞതതയുടെ അന്ധകാരത്തിൽ തള്ളുന്നു. ആവരണം ചെയ്യുന്ന സ്വാധീനശക്തി വഴി അവൾ (മായ) പരമവ്യക്തിഗത ജീവസത്തയായ ബ്രഹ്മാവിനെ പ്രബുദ്ധമാക്കിയ പരമപുരുഷൻ്റെ അസ്‌തിത്വത്തെ സംബന്ധിച്ച് അൽപ്പജ്ഞാനികളുടെ നയനങ്ങളെ മൂടുന്നു. പരമോന്നത ഭഗവാനുമായുള്ള ബ്രഹ്മാവിൻ്റെ അഭേദത്തെ ഒരിക്കലും ഇതിൽ അവകാശപ്പെടുന്നില്ല. ആകയാൽ, അൽപ്പ ജ്ഞാനിയായ വ്യക്തിയുടെ അത്തരമൊരു വിഡ്‌ഢിത്തമായ അവകാശവാദം ഭഗവാൻ്റെ മായാമയ ശക്തിയുടെ മറ്റൊരു പ്രദർശനം മാത്രമാണ്. ഭഗവദ് അസ്തിത്വത്തെ നിരാകരിക്കുന്ന ആസുരവ്യക്തികൾ അജ്ഞതയുടെ അന്ധകാരത്തിൽ കൂടുതൽ കൂടുതൽ തള്ളപ്പെടുകയും, അപ്രകാരം അത്തരം ആസുരവ്യക്തികൾ പരമദിവ്യോത്തമ പുരുഷനെക്കുറിച്ചുള്ള യാതൊരു ജ്ഞാനവുമില്ലാതെ ജന്മജന്മാന്തരങ്ങളായി ദേഹാന്തര പ്രാപ്തിക്ക് വിധേയരാകുന്നുവെന്ന് ഭഗവദ്‌ഗീത(16.18-20)യിൽ ഭഗവാൻ അരുളി ചെയ്യുന്നു.


എങ്കിലും, വിവേകിയായ ഒരുവൻ ഭഗവാനാൽ നേരിട്ട് ഉപദേശിക്കപ്പെട്ട ബ്രഹ്മദേവനിൽനിന്നുള്ള ഗുരുശിഷ്യപരമ്പരയാൽ, അല്ലെങ്കിൽ ഭഗവദ്ഗീതയിൽ സ്വയം ഭഗവാനാൽ നേരിട്ട് ഉപദേശിക്കപ്പെട്ട അർജുനൻ്റെ ഗിരു ശിഷ്യപരമ്പരയിൽനിന്നുള്ളവരാൽ പ്രബുദ്ധനാക്കപ്പെടുന്നു. അവർ ഭഗവാൻ്റെ ഈ പ്രസ്‌താവനയെ സ്വീകരിക്കുന്നു:


അഹം സർവസ്യ പ്രഭവോ

മത്തഃ സർവം പ്രവർതതേ

ഇതി മത്വാ ഭജന്തേ മാം

ബുധാ ഭാവ-സമന്വിതാഃ


സർവ ഉദ്ഗാരങ്ങളുടെയും ആദിസ്രോതസ്സ് ഞാനാകുന്നു. സൃഷ്‌ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും സംഹരിക്കപ്പെടുന്നതുമായ സർവവും ഭഗവദ്ശക്തിയാലാണ് സ്ഥിതിചെയ്യുന്നത്. ഇത് അറിയാവുന്ന വിവേകിയായ വ്യക്തി യഥാർഥത്തിൽ ജ്ഞാനിയാണ്. ആകയാൽ, അവൻ ഭഗവാൻ അതീന്ദ്രിയപ്രേമയുതസേവനത്തിൽ നിരതനായ ഒരു പരിശുദ്ധ ഭഗവദ്ഭക്തനായിത്തീരുന്നു.

ഭഗവാന്റെ പ്രതിഫലനശക്തി പലവിധ മായകളെ അൽപ്പജ്ഞാനികളായവരുടെ നേത്രങ്ങൾക്ക് സ്‌ഫുടീകരിക്കുന്നുവെങ്കിലും, അഗ്നിക്ക് ദൂരെ നിന്നും ചൂടും പ്രകാശവും പ്രസരിക്കുവാൻ കഴിയുന്നതുപോലെ, ഭഗവാന് നമ്മുടെ ദൃഷ്ടിപഥത്തിന് അതിവിദൂരത്തിൽനിന്നുപോലും അദ്ദേഹത്തിന്റെ വിഭിന്ന ശക്തികളാൽ പ്രവർത്തിക്കുവാൻ കഴിയുമെന്ന്, വിവേകിയായ ഒരു വൻ വ്യക്തമായി അറിയുന്നു. പുരാതന ഋഷിമാരുടെ വൈദ്യശാസ്ത്രമെന്ന് അറിയപ്പെടുന്ന ആയുർവേദത്തിൽ, ഭഗവാൻ്റെ പരമാധികാരത്തിന്റെ സ്ഥിരീകൃത സ്വീകാര്യതയെ ഇപ്രകാരം വർണിച്ചിരിക്കുന്നു:


ജഗത്-യോനേർ അനിസ്ഛസ്യ ചിദ്-ആനന്ദൈക-രൂപിണഃ

പുംസോ£സ്തി പ്രകൃതിർ നിത്യാ

പ്രതിച്ഛായേവ ഭാസ്വതഃ 

അചേതനാപി ചൈതന്യ- 

യോഗേന പരമാത്മനഃ 

അകരോദ് വിശ്വം അഖിലം 

അനിത്യം നാടകാകൃതിം


ഒരു പരമപുരുഷനേയുള്ളൂ. അദ്ദേഹം ഈ പ്രപഞ്ച ആവിഷ്‌കരണത്തിന്റെ ജനയിതാവാകുന്നു. പ്രതിഫലന പ്രകാശം പോലെ കണ്ണഞ്ചിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ ശക്തി ഭൗതിക പ്രകൃതിയായി വർത്തിക്കുന്നു. പ്രകൃതിയുടെ അത്തരം മായിക പ്രവൃത്തി വഴി, ജീവനില്ലാത്ത വസ്‌തുക്കൾ പോലും ഭഗവാൻ്റെ ജീവശക്തിയുടെ സംയുക്ത പ്രവർത്തനത്താൽ ചലിക്കുന്നതിന് കാരണമായിത്തീരുന്നു. മാത്രവുമല്ല, ഭൗതിക ലോകം, അജ്ഞമായ നേത്രങ്ങൾക്ക് ഒരു നാടകീയ അവതരണം പോലെ അനുഭവപ്പെടുന്നു. ആകയാൽ, അജ്ഞനായ വ്യക്തി പ്രകൃതിയുടെ നാടകത്തിൽ ഒരു ശാസ്ത്ര ജ്ഞനോ, ഒരു ജീവശാസ്ത്രജ്ഞനോ ആയേക്കാം. അതേസമയം പ്രകൃതി ഭഗവാന്റെ മായിക ശക്തിയാണെന്ന് സുബുദ്ധിയായ ഒരുവൻ അറിയുന്നു. ഭഗവദ്ഗീതയിൽ സ്ഥിരീകരിച്ചിരിക്കുന്നതുപോലെ, അത്തരമൊരു നിഗമനത്താൽ ഭൗതിക ലോകം ഭഗവാൻ്റെ അപ്രധാന ശക്തിയുടെ (അപരാ പ്രകൃതി) പ്രദർശനമെന്നപോലെ, ജീവസത്തകളും ഭഗവാൻ ഉൽക്കൃഷ്ട മായ ശക്തിയുടെ (പരാപ്രകൃതിയുടെ) പ്രദർശനമാണെന്ന് വ്യക്തമാകുന്നു. ശക്തിയും, ശക്തിയുടെ അധിപനും തമ്മിൽ, അല്ലെങ്കിൽ അഗ്നിയും, ചൂടും തമ്മിൽ ഒരു നേരിയ അന്തരമുണ്ടെന്നുവരികിലും, ഭഗവാന്റെഉൽക്കൃഷ്ട ശക്തി (പരാപ്രകൃതി) ഭഗവാനോളംതന്നെ മഹത്വമുള്ളതായിരിക്കുക സാധ്യമല്ല. അഗ്നിയിൽ ചൂട് ഉൾക്കൊണ്ടിരിക്കുന്നു. എന്നാൽ, ചൂട് അഗ്നിയല്ല. അഗ്നിയും ചൂടും ഒന്നാണെന്ന തെറ്റായ അവകാശവാദം ഉന്നയിക്കുന്ന അൽപ്പജ്ഞാനികളായ വ്യക്തികൾക്ക് ഈ നിസ്സാരകാര്യം മനസ്സിലാകുന്നില്ല. 'ചൂട്' എന്ന് പേരായ അഗ്നിയുടെ ഈ ഊർജത്തെ, ഇവിടെ നേരിട്ട് അഗ്നി എന്നല്ല, മറിച്ച് പ്രതിഫലനമെന്ന് വിവരിച്ചിരിക്കുന്നു. ആകയാൽ, ജീവസത്തകളാൽ പ്രതിനിധീഭവിക്കപ്പെടുന്ന ജീവശക്തി ഒരിക്കലും സ്വയം ഭഗവാനല്ല. മറിച്ച് ഭഗവാൻ്റെ പ്രതിഫലനം മാത്രമാണ്. ഭഗവാന്റെ പ്രതിഫലനമാകയാൽ, ജീവസത്തയുടെ അസ്‌തിത്വം, മൂലപ്രകാശമായ പരീമോന്നത ഭഗവാനെ ആശ്രയിച്ചിരിക്കുന്നു. ഭൗതിക ശക്തി യഥാർഥത്തിൽ അന്ധകാരമാകയാൽ അതിനെ അന്ധകാരത്തോട് സാമ്യപ്പെടുത്താം. മാത്രവുമല്ല, അന്ധകാരത്തിലെ ജീവസത്തകളുടെ പ്രവർത്തനങ്ങൾ മൂലപ്രകാശത്തിന്റെ പ്രതിഫലനങ്ങളാകുന്നു. ഈ ശ്ലോകത്തിൻ്റെ അന്വയത്തിലൂടെ നിശ്ചയമായും ഭഗവാനെ മനസ്സിലാക്കണം. ഭഗവാൻ്റെ ഇരു ശക്തികളുടെയും അസ്വതന്ത്രതാവസ്ഥയെ 'മായ', അഥവാ മിഥ്യയെന്ന് വിശദമാക്കിയിരിക്കുന്നു. പ്രകാശത്തിൻ്റെ പ്രതിഫലനത്തിലൂടെ, അജ്ഞതയെന്ന അന്ധകാരത്തിന് പരിഹാരമുണ്ടാക്കുവാൻ ആർക്കും കഴിയുകയില്ല. അതുപോലെതന്നെ, സാമാന്യ മനുഷ്യൻ്റെ പ്രതിഫലന പ്രകാശത്തിലൂടെ മാത്രം, ആർക്കും ഭൗതിക അസ്‌തിത്വത്തിൽനിന്നും പുറത്തുവരാൻ കഴിയുകയില്ല. അതിന് ഒരുവൻ സ്വയം മൂലപ്രകാശത്തിൽനിന്നും പ്രകാശം സ്വീകരിക്കേണ്ടതായുണ്ട്. അന്ധകാരത്തെ ദൂരീകരിക്കുവാൻ അശക്തമാണ് അന്ധകാരത്തിനകത്തെ സൂര്യൻ്റെ പ്രതിഫലനപ്രകാശം. എന്നാൽ, പ്രതി ഫലനരശ്മ‌ിയുടെ ബാഹ്യമായ സൂര്യപ്രകാശത്തിന് അന്ധകാരത്തെ പൂർണമായും ദൂരീകരിക്കുവാനുള്ള ശക്തിയുണ്ട്. അന്ധകാരത്തിൽ ആർക്കുംതന്നെ ഒരു മുറിയിലെ വസ്‌തുക്കളെ കാണുവാൻ കഴിയുകയില്ല. തന്നിമിത്തം അന്ധകാരത്തിലുള്ള ഒരു വ്യക്തി പാമ്പുകളെയും, തേളുകളെയും, അവ അവിടെ ഇല്ലെങ്കിൽപ്പോലും, അവയെക്കുറിച്ചോർത്ത് ഭയപ്പെടുന്നു. എന്നാൽ പ്രകാശത്തിൽ, മുറിയിലുള്ള വസ്‌തുക്കളെയെല്ലാം വ്യക്തമായി കാണുവാൻ കഴിയുമാറാകുന്നതിനാൽ പാമ്പുകളെയും, തേളുകളെയും കുറിച്ചുള്ള ഭയം ഉടനെ ഇല്ലാതാകുന്നു. ആയതിനാൽ, ഭഗവദ്ഗീ തയിലും ഭാഗവതത്തിലുമുള്ളതുപോലെ, ഒരുവൻ ഭഗവാന്റെ പ്രകാശത്തെ അഭയം പ്രാപിക്കേണ്ടതായുണ്ട്. അല്ലാതെ, ഭഗവാനുമായി യാതൊരു ബന്ധവുമില്ലാത്ത ധ്യാനനിമഗ്നരായ വ്യക്തിത്വങ്ങളെയല്ല അഭയം പ്രാപിക്കേണ്ടത്. ഭഗവദ് അസ്‌തിത്വത്തിൽ വിശ്വസിക്കാത്ത ഒരു വ്യക്തി യിൽനിന്നും ആരും ഭഗവദ്‌ഗീതയോ, ശ്രീമദ് ഭാഗവതമോ ശ്രവിക്കരുത്. അത്തരമൊരു വ്യക്തി നേരത്തേതന്നെ അപരാധിയെന്ന് വിധി കൽപ്പിക്കപ്പെട്ടവനാണ്. അപരാധിയായ അത്തരമൊരു വ്യക്തിയുമായുള്ള ഏതു സംസർഗവും, സംസർഗിയെയും അപരാധിയാക്കുന്നു.


പദ്‌മ പുരാണമനുസരിച്ച്, ഭൗതിക പര്യന്തത്തിനുള്ളിൽ അസംഖ്യം ഭൗതിക പ്രപഞ്ചങ്ങളുണ്ട്. അവയെല്ലാംതന്നെ അന്ധകാരത്താൽ പരിപൂരിതവുമാണ്. ഏതൊരു ജീവസത്തയും - ബ്രഹ്മാവ് മുതൽ (അസംഖ്യം പ്രപഞ്ചങ്ങളിൽ അസംഖ്യം ബ്രഹ്മദേവന്മാരുണ്ട്.) നിസ്സാരനായ ഉറുമ്പുവരെയുള്ളവയെല്ലാം അന്ധകാരത്തിലാണ് ജനിച്ചത്. സ്വയം സൂര്യപ്രകാശത്തിൽ മാത്രം സൂര്യനെ കാണുവാൻ സാധ്യമാകുന്നതുപോലെ, ഭഗവാനെ നേരിട്ട് ദർശിക്കുവാൻ അവയ്ക്ക് ഭഗവാനിൽനിന്ന് നിസ്സരിക്കുന്ന യഥാർഥ പ്രകാശം ആവശ്യമായിവരുന്നു. ഒരു ദീപത്തിനും, മനുഷ്യനിർമിതമായ ഒരു ടോർച്ച് ലൈറ്റിനും, അവ എത്രതന്നെ ശക്തിയുള്ളതാകയാലും സൂര്യനെ ദർശിക്കുവാൻ ഒരുവനെ സഹായിക്കുവാൻ കഴിയുകയില്ല. സൂര്യൻ സ്വയം ദൃശ്യമാക്കുന്നു. ആകയാൽ ഭഗവാൻ്റെ, അല്ലെങ്കിൽ പര മദിവ്യോത്തമ പുരുഷൻ്റെ വിഭിന്ന ശക്തികളുടെ പ്രവർത്തനം, ഭഗവാന്റെ അഹൈതുകമായ കാരുണ്യത്താൽ ആവിഷ്‌കരിക്കപ്പെടുന്ന പ്രകാശത്തിലൂടെ മാത്രമേ സാക്ഷാത്‌കരിക്കുവാൻ കഴിയുകയുള്ളൂ. ഭഗവാനെ ദർശിക്കുവാൻ കഴിയുകയില്ലെന്ന് നിരാകാരവാദികൾ പറയുന്നു. ഈശ്വരനെ, മനുഷ്യരചിത ഊഹാപോഹങ്ങളിലൂടെയല്ല, മറിച്ച് ഈശ്വരൻ്റെ, അഥവാ ഭഗവദ്പ്രകാശത്തിലൂടെ മാത്രമേ ദർശിക്കുവാൻ കഴിയുകയുള്ളൂ. ഇവിടെ ഈ പ്രകാശത്തെ സവിശേഷമായി 'വിദ്യാത്' എന്ന് പ്രസ്‌താവിച്ചിരിക്കുന്നു. അത് ഭഗവാനാൽ ബ്രഹ്മാവിന് നൽകപ്പെട്ട ആജ്ഞയായിരുന്നു. ഭഗവാൻ്റെ ഈ നേരിട്ടുള്ള ആജ്ഞ അദ്ദേഹത്തിൻ്റെ അന്തരംഗശക്തിയുടെ ആവിഷ്കരണമാകുന്നു. മാത്രവുമല്ല, ഈ സവിശേഷ ശക്തി, ഭഗവാനെ മുഖാമുഖം ദർശിക്കുന്നതിനുള്ള ഉപാധിയുമാകുന്നു. ബ്രഹ്മാവ് മാത്രമല്ല, കൃപാപൂരിതമായ അത്തരമൊരു പ്രത്യക്ഷ അന്തരംഗശക്തിയെ ദർശിക്കുവാൻ ഭഗവാനാൽ അനുഗ്രഹിക്കപ്പെടാവുന്ന ആർക്കും യാതൊരു വിധ മാനസിക ഊഹാപോഹങ്ങളും കൂടാതെ പരമദിവ്യോത്തമ പുരുഷനെ സാക്ഷാത്കരിക്കുവാൻ കഴിയും.


(ശ്രീമദ് ഭാഗവതം 2/9/34/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്