ഭൗതിക ജീവാത്മാക്കളുടെ ദുരിതങ്ങൾക്കുള്ള മൂലഹേതുവും, ആചരിക്കേണ്ടതായ പരിഹാര മാർഗങ്ങളും, പരമമായി പ്രാപ്തമാകുന്ന നേട്ടങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. അവയൊക്കെ ഈ സവിശേഷ ശ്ലോകത്തിൽ ഉദ്ധരിച്ചിരിക്കുന്നു. ജീവാത്മാക്കൾ വ്യവസ്ഥാപിതമായി ഭൗതികപഞ്ജരബന്ധനങ്ങൾക്ക് അതീന്ദ്രിയരാണ്. എന്നാൽ അവർ ഭൗതിക ശക്തിയാൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ആകയാൽ അവർ ഭൗതിക ഉല്‌പന്നങ്ങളിൽ ഒന്നാണെന്ന് സ്വയം വിചാരിക്കുന്നു. മാത്രവുമല്ല, ഈ അപവിത്ര സ്‌പർശനത്താൽ ഭൗതികപ്രകൃതിയുടെഗുണങ്ങൾക്ക് വിധേയമായി പരിശുദ്ധമായ ആത്മീയസത്ത ഭൗതിക ക്ലേശങ്ങൾ അനുഭവിക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ സ്വാധീനതയിലുള്ള ജീവാത്മാവിൻ്റെ പ്രസ്‌തുത തലതിരിഞ്ഞ ചിന്തയും മനോവികാരവും ഇച്ഛാവാസനയുമെല്ലാം അതിന് ഒട്ടും സ്വാഭാവികമല്ല. എന്നാൽ അതിന് അതിന്റേതായ സാധാരണ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട്. ചിന്താശക്തിയോ, ആഗ്രഹമോ, വികാരമോ ഇല്ലാത്തതല്ല ജീവസത്തയുടെ യഥാർത്ഥ അവസ്ഥ. ജീവാത്മാക്കളുടെ യഥാർത്ഥ ജ്ഞാനം ഇപ്പോൾ അജ്ഞതയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഭഗവദ്‌ഗീതയിലും സ്ഥിരീകരിച്ചിരിക്കുന്നു. അപ്രകാരം ജീവാത്മാക്കൾ പരമമായ അവ്യക്തിഗത ബ്രഹ്മമാണെന്ന തത്ത്വത്തെ ഇവിടെ ഖണ്ഡിച്ചിരിക്കുന്നു. ജീവസത്തകൾക്ക് യഥാർത്ഥ നിരുപാധിക അവസ്ഥയിലും അവരുടേതായ ചിന്താധാരയുണ്ട് എന്നവസ്‌തുതയും ഈ തത്ത്വത്തെ തെറ്റെന്ന് നിരൂപിക്കുന്നു. വർത്തമാന സോപാധിക അവസ്ഥ ബഹിരംഗശക്തിയുടെ സ്വാധീനം നിമിത്തമാണ്. ഇതിനർത്ഥം മായാശക്തി സകല വിധ പ്രവർത്തനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നുവെന്നും, പരമപുരുഷനായ ഭഗവാൻ അകന്നു നിൽക്കുന്നുവെന്നുമാണ്. ബഹിരംഗശക്തിയാൽ ജീവാത്മാക്കൾ വ്യാമോഹിതരായിത്തീരണമെന്ന് ഭഗവാൻ ആഗ്രഹിക്കുന്നില്ല. ഈ പരമാർത്ഥത്തെക്കുറിച്ച് പൂർണബോധവതിയാണ് ബഹിരംഗശക്തി. എങ്കിൽത്തന്നെയും, അവൾ അവളുടെ അമ്പരിപ്പിക്കുന്ന സ്വാധീനത്താൽ മിഥ്യയുടെ നിയന്ത്രണത്തിൻ കീഴിൽ വിസ്മൃതാവസ്ഥയിലായ ആത്മാക്കളെ നിലനിർത്തുന്നു. മായാശക്തിയുടെ കർത്തവ്യങ്ങളെ ഭഗവാൻ എതിർക്കാറില്ല. ജീവാത്മാക്കളുടെ പുനരുദ്ധാരണത്തിന് മായാശക്തിയുടെ അത്തരം നിർവഹണങ്ങൾ അനിവാര്യമാണ്. മറ്റൊരു വ്യക്തിയാൽ സ്വന്തം പുത്രൻ ശിക്ഷിക്കപ്പെടുന്നത് സ്നേഹമുള്ള ഏതൊരു പിതാവും ഇഷ്‌ടപ്പെടുകയില്ല. എങ്കിൽത്തന്നെയും അദ്ദേഹം തൻ്റെ അനുസരണയില്ലാത്ത പുത്രനെ അനുസരണയുള്ളവനാക്കിത്തീർക്കാൻ കർക്കശക്കാരനായ ഒരാളുടെ ശിക്ഷണത്തിൽ വിടുന്നു. അതേസമയം, സർവസമ്പന്നനായ പരമപിതാവ് ബദ്ധാത്മാവിൻ്റെ മോചനം, അഥവാ മായാശക്തിയുടെ മുഷ്ടിബന്ധത്തിൽനിന്നുള്ള ആശ്വാസം ആഗ്രഹിക്കുന്നു. രാജാവ് അപരാധികളെ കാരാഗൃഹത്തിലടക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ കുറ്റവാളികളോട് ദയതോന്നി, അവരുടെ മോചനം ആഗ്രഹിക്കയാൽ രാജാവ് സ്വയം തടവറ സന്ദർശിച്ച്, അവരുടെ ഉദ്ധാരണത്തിനായി വ്യവഹാരം നടത്തുകയും, അപ്രകാരംഅവർ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ, പരമപുരുഷനായ ഭഗവാൻ അദ്ദേഹത്തിൻ്റെ രാജ്യത്തിൽനിന്നും മായാശക്തിയുടെ രാജ്യത്തിൽ അവതരിക്കുകയും, ഭഗവദ്‌ഗീതാരൂപത്തിൽ പ്രശമനം നൽകുകയും ചെയ്യുന്നു. മായാശക്തിയുടെ നടപടിയെ പരാജയപ്പെടുത്താൻ അത്യന്തം പ്രയാസമാണെങ്കിൽത്തന്നെയും, ഭഗവാൻ്റെ പാദാരവിന്ദങ്ങളെ അഭയം പ്രാപിക്കുന്ന പരമപുരുഷനായ ഭഗവാൻ്റെ ആജ്ഞയാൽ മോചിപ്പിക്കപ്പെടുമെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ സ്വയം പ്രബോധിപ്പിക്കുന്നു. മായാശക്തികളുടെ വിസ്‌മയിപ്പിക്കുന്ന നടപടികളിൽനിന്നും പ്രശമനം ലഭിക്കുന്നതിനായുള്ള പരിഹാരമാർഗമാണ് ഈ സമർപ്പണ പ്രവർത്തന പദ്ധതി. സംസർഗപ്രഭാവമനുസരിച്ചാണ് സമർപ്പണ പ്രവർത്തനപദ്ധതി പരിപൂർണമാകുന്നത്. ആകയാൽ, നിജമായി പരമപുരുഷനായ ഭഗവാനെ സാക്ഷാത്കരിച്ച്, ദിവ്യപുരുഷൻ്റെ പ്രഭാഷണത്താൽ പ്രഭാവിതരായി ജനങ്ങൾ ഭഗവാന്റെ അതീന്ദ്രിയ പ്രേമയുതസേവനത്തിൽ നിരതരാകണമെന്ന് ഭഗവാൻ പ്രബോധിപ്പിക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ശ്രവണത്തിന് ജീവാത്മാക്കൾക്ക് അഭിരുചി ലഭിക്കുകയും, അങ്ങനെ അപ്രകാരത്തിലുള്ള ശ്രവണത്തിലൂടെ മാത്രം ഒരാൾ ഭഗവാനോട് ആദരവ്, ഭക്തി, അഭിനിവേശം എന്നീ തലത്തിലേക്ക് ക്രമേണ ഉയർത്തപ്പെടുകയും ചെയ്യുന്നു. സമർപ്പണ പ്രവർത്തനപദ്ധതിയാലാണ് ഈ സമ്പൂർണ പ്രവർത്തനവും പരിപൂർണമാകുന്നത്. ഈ ഗ്രന്ഥത്തിലും അതേ പ്രബോധനമാണ് ഭഗവാൻ തൻ്റെ അവതാരമായ വ്യാസദേവനിലൂടെ ഉദ്ബോധിപ്പിക്കുന്നത്. അന്തർവർത്തിയും ബാഹ്യവർത്തിയുമായ ആത്മീയാചാര്യനായി ഭഗവാൻ സ്വയവും, ഭഗവാൻ്റെ ബഹിരംഗശക്തി നിമിത്തമായ ദണ്ഡ്‌ന നടപടി എന്നീ ഇരുപ്രകാരത്തിലും ഭഗവാനാൽ ബദ്ധാത്മാക്കൾ വീണ്ടെടുക്കപ്പെടുന്നുവെന്ന് ഇത് വിവക്ഷിക്കുന്നു. സർവ ജീവാത്മാക്കളുടെയും ഹൃദയത്തിനുള്ളിലുള്ള പരമാത്മാവായ ഭഗവാൻ സ്വയം ആത്മീയ ആചാര്യനായിത്തീരുകയും, ബാഹ്യമായി ധർമശാസ്ത്രങ്ങളും, ദീക്ഷയും നൽകുകയും ചെയ്യുന്നു. ഇവയെക്കുറിച്ച് സുവ്യക്തമായി അടുത്ത ശ്ലോകത്തിൽ വിശദീകരിച്ചിരിക്കുന്നു.
(ശ്രീമദ് ഭാഗവതം 1/7/5 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment