Home

Monday, July 15, 2024

ഭഗവാൻ കൃഷ്ണൻ്റെ നിത്യലീല, അഥവാ സനാതന ലീലകൾ അന്തമില്ലാതെ അനുസ്യൂതം തുടരുന്നു.

കൃഷ്‌ണനെ സൂര്യനോടു താരതമ്യപ്പെടുത്തിയത് തികച്ചും ഉചിതമാണ്. സൂര്യൻ അസ്ത‌മിച്ചാൽ അപ്പോഴേ യാന്ത്രികമായി ഇരുട്ടാകും. പക്ഷേ, ഇരുട്ടിനെ പരിചയിച്ചിട്ടുള്ള സാധാരണ മനുഷ്യരെയോ, സൂര്യനെത്തന്നെയോ (അസ്ത‌മനമായാലും, ഉദയമായാലും) അത് ബാധിക്കാറില്ല. ഭഗവാൻ കൃഷ്ണൻ്റെ ആവിർഭാവവും തിരോധാനവും തികച്ചും സൂര്യൻ്റെതുപോലെത്തന്നെയാണ്. അദ്ദേഹം എണ്ണമറ്റ ലോകങ്ങളിൽ പ്രത്യക്ഷനാവുകയും അപ്രത്യക്ഷനാവുകയും ചെയ്യും. ഏതു ലോകത്തിൽ അദ്ദേഹം ഉണ്ടായിരിക്കുന്നുവോ, ആ ലോകത്തിൽ അത്രയും കാലം അതീന്ദ്രിയതയുടെ പ്രകാശമുണ്ടായിരിക്കും. പക്ഷേ അദ്ദേഹം ഏതു ലോകത്തിൽനിന്നു കടന്നുപോകുന്നുവോ, ആ ലോകം തമസ്സിൽ നിപതിക്കും. അദ്ദേഹത്തിന്റെ ലീലകൾ എങ്ങനെയായാലും അനന്തം തന്നെ. സൂര്യൻ ഭൂഗോളത്തിൻ്റെ കിഴക്കു ഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ എവിടെയെങ്കിലും ഒരിടത്ത് എപ്പോഴും ഉണ്ടായിരിക്കുന്നതുപോല ഭഗവാൻ ശ്രീക്യഷ്‌ണൻ ഏതെങ്കിലും ലോകത്തിൽ എപ്പോഴും പ്രത്യക്ഷനായിരിക്കും.


സൂര്യൻ, ഒന്നുകിൽ ഭാരതത്തിൽ, അല്ലെങ്കിൽ അമേരിക്കയിൽ എപ്പോഴും പ്രത്യക്ഷനായിരിക്കും. പക്ഷേ, സൂര്യൻ ഇൻഡ്യയിൽ പ്രകാശിച്ചു നിൽക്കുമ്പോൾ അമേരിക്ക ഇരുട്ടിലായിരിക്കും. സൂര്യൻ അമേരിക്കയിലായിരിക്കുമ്പോൾ ഇൻഡ്യ ഇരുട്ടിലായിരിക്കും.


രാവിലെ പ്രത്യക്ഷനാകുന്ന സൂര്യൻ ക്രമേണ അർധഗോള മധ്യത്തിലേക്കുയർന്ന്, ഒടുവിൽ ഗോളാർധ സീമയിൽ അസ്‌തമിക്കുന്നതിനൊപ്പം മറുഭാഗത്ത് ഉദിക്കുകയും ചെയ്യുന്നു. അതേപോലെ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഒരു ലോകത്തിൽനിന്നുള്ള തിരോധാനവും, മറ്റൊരു ലോകത്തിൽ അദ്ദേഹത്തിന്റെ ലീലകളുടെ പ്രത്യക്ഷവും ഒരേ സമയത്ത് സംഭവിക്കുന്നു. ഒരു ലീല ഇവിടെ പൂർത്തിയാകുമ്പോൾ അത് മറ്റൊരു ലോകത്ത് അരങ്ങേറുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ നിത്യലീല, അഥവാ സനാതന ലീലകൾ അന്തമില്ലാതെ അനുസ്യൂതം തുടരുന്നു. സൂര്യോദയം ഇരുപത്തിനാല് മണിക്കൂറിൽ ഒരിക്കൽ നടക്കുമ്പോൾ ഭഗവാൻ്റെ ഒരു ലോകത്തെ ലീല കളുടെ സമയം ഒരു ബ്രഹ്മദിനമാണ്. ഭഗവദ്‌ഗീതയിൽ പറഞ്ഞിട്ടുള്ള കണക്കനുസരിച്ച് ബ്രഹ്മാവിൻ്റെ ഒരു ദിവസം 4,300,000,000 സൂര്യവർഷങ്ങളാണ്. പക്ഷേ, ഭഗവാൻ എവിടെയാണെങ്കിലും അദ്ദേഹത്തിന്റെ ലീലകളെല്ലാംക്രമമായ ഇടവേളകളിലാണ് സംഭവിക്കുന്നതെന്ന് വേദശാസ്ത്രങ്ങൾ വെളിപ്പെടുത്തുന്നു.


സൂര്യാസ്തമനത്തോടെ പാമ്പുകൾക്ക് ശക്തി വർദ്ധിക്കുകയും, കള്ളന്മാർ ഉത്സാഹികളാവുകയും പ്രേതങ്ങൾ സജീവമാവുകയും താമരകൾ കൂമ്പുകയും ചക്രവാകങ്ങൾ കേഴുകയും ചെയ്യുന്നു. അതുപോലെ ഭഗവാൻ ശ്രീകൃഷ്‌ണൻ അപ്രത്യക്ഷനാകുമ്പോൾ നിരീശ്വരവാദികൾ ഉണർവിലും, ഭക്തന്മാർ ദുഃഖത്തിലുമാകുന്നു.


(ശ്രീമദ് ഭാഗവതം 3.2.7/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ബലഹീനർ ശക്തൻ്റെ ഉപജീവനമാണ്. എന്തുകൊണ്ട് നാം ഭഗവാന് ഭക്ഷണം നിവേദിക്കണം? മാംസം നിവേദിക്കാമോ?

 


നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പരമേച്ഛയനുസരിച്ചുള്ള ക്രമനിബദ്ധമായൊരു ഉപജീവന നിയമമുണ്ട്. എന്തൊക്കെ പദ്ധതികൾ ആസൂത്രണം ചെയ്കയാലും, അതിൽനിന്നും രക്ഷനേടാൻ ആർക്കും സാധ്യമല്ല. പരമസത്തയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ഭൗതിക ലോകത്ത് ആഗതമായ ജീവാത്മാക്കൾ, ഭഗവാൻ്റെ നിയുക്ത പ്രതിനിധി 'മായാശക്തി'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമശക്തിയുടെ നിയന്ത്രണത്തിൻ കീഴിലാണ്. മാത്രവുമല്ല, ഈ ദൈവികമായ ബദ്ധാത്മാക്കൾ ത്രിവിധ ക്ലേശങ്ങളാൽ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാകുന്നു. അതിലൊന്ന് ഈ ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ദുർബലരെ കരുത്തന്മാർ ചൂഷണം ചെയ്യുന്നു. അത്യന്തം ബലിഷ്ഠനായ ഒരുവൻ്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ തക്കവിധം കരുത്തരല്ല ആരും. മാത്രവുമല്ല, ഭഗവാൻ്റെ പരമേച്ഛയനുസരിച്ച് ദുർബലർ, ശക്തർ, അതിശക്തർ എന്നിങ്ങനെ ക്രമനിബദ്ധമായൊരു വിന്യാസമുണ്ട്. മനുഷ്യനുൾപ്പെടെയുള്ള ദുർബലരായ ജീവികളെ ഒരു കടുവ ഭക്ഷണമാക്കുന്നുവെന്നറിയുന്നതിൽ വിലപിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തെന്നാൽ, പരമപുരുഷനായ ഭഗവാൻ്റെ നിയമമാണത്. എങ്കിൽത്തന്നെയും, ഉപജീവനത്തിനായി ഒരു മനുഷ്യൻ മറ്റൊരു ജീവിയെ ആശ്രയിക്കുന്നുവെന്ന് നിയമം അനുശാസിക്കുന്നു. വിവേകത്തെ സംബന്ധിച്ച നിയമവുമുണ്ട്. ധർമശാസ്ത്രങ്ങളിൽ അനുശാസിച്ചിരിക്കുന്ന നിയമങ്ങളെ അനുസരിക്കുവാൻ മനുഷ്യർ ബാധ്യസ്ഥരാണ്. മറ്റ് ജീവികൾക്ക് ഇത് അസാധ്യമാണ്. മനുഷ്യർ ആത്മസാക്ഷാത്കാരത്തെ ഉദ്ദേശിച്ചുള്ളവരാകയാൽ ആ ലക്ഷ്യപ്രാപ്‌തിക്കായി ആദ്യം ഭഗവാന് സമർപ്പണം ചെയ്യാത്ത ഒരു ഭോജ്യവസ്‌തുവും അവൻ ഭുജിക്കാൻ പാടുള്ളതല്ല. പച്ചക്കറികൾ, ഫലമൂലാദികൾ, ഇലകൾ, ധാന്യങ്ങൾ എന്നിവയാൽ തയ്യാറാക്കിയ എല്ലാവിധ ഭോജ്യവസ്‌തുക്കളും തന്റെ ഭക്തരിൽ നിന്നും ഭഗവാൻ സ്വീകരിക്കുന്നു. വൈവിധ്യങ്ങളായ ഫലങ്ങൾ, ഇലകൾ, പാല്, ക്ഷീരോല്പന്നങ്ങൾ എന്നിവ ഭഗവാന് നിവേദിക്കാം. അവയൊക്കെ ഭഗവാൻ സ്വീകരിച്ചശേഷം ഭക്തൻ ആ പ്രസാദഭോജനത്തിൽ പങ്കുകൊള്ളുകയും, അപ്രകാരം നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലെ എല്ലാ ദുരിതങ്ങളും പ്രശമിപ്പിക്കുകയും ചെയ്യുന്നു. ഭഗവദ്‌ഗീത (9.26) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മാംസഭോജനം പരിചിതമായവർക്കുപോലും മതാചാരാനുഷ്‌ഠാനങ്ങളുടെ നിശ്ചിത അനുശാസനങ്ങൾക്കു വിധേയമായി നേരിട്ടല്ലാതെ ഭഗവദ്പ്രതിനിധികൾ മുഖാന്തരം ഭോജ്യവസ്തുക്കൾ ഭഗവാന് സമർപ്പിക്കാൻ കഴിയുന്നു. ധർമശാസ്ത്രങ്ങളിലെ അനുശാസനങ്ങൾ മാംസഭോജകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയല്ല. മറിച്ച്, ധാർമിക നിയമങ്ങളിൽ അധിഷ്ഠിതമായ തത്ത്വങ്ങളാൽ അവരെ നിയന്ത്രിക്കുകയാകുന്നു അവയുടെ മുഖ്യ ഉദ്ദേശ്യം. കരുത്തരായ ജീവികളുടെ ജീവിതവൃത്തിയുടെ ആരംഭം ദുർബലരായവരിലാകുന്നു. ഏതു സാഹചര്യത്തിലായാലും ആരും ഉപജീവനമാർഗങ്ങളെക്കുറിച്ചാലോചിച്ച് ഉത്‌കണ്ഠ‌ാകുലരാകേണ്ട ആവശ്യമില്ല. എന്തെന്നാൽ, എല്ലായിടത്തും ജീവികളുണ്ട്. ആകയാൽ ഏതു സ്ഥലമായാലും ഒരു ജീവിക്കും ആഹാരം ലഭിക്കാതെ വരില്ല. അതുകൊണ്ട് യുധിഷ്ഠിരൻ, സ്വന്തം വല്യച്ഛനും, മാതാവ് ഗാന്ധാരിയും ഭക്ഷണം ലഭിക്കാതെ പട്ടിണിയായിപ്പോകുമെന്ന് ചിന്തിച്ച് ഉത്കണ്ഠ‌ാഭരിതനാകേണ്ട യാതൊരാവശ്യവുമില്ലെന്നും, വനത്തിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറികളും ഫലമൂലാദികളും ഭഗവാന് നിവേദിച്ച്, ഭഗവദ്പ്രസാദം ഭുജിച്ച് അവർ ജീവിക്കുമെന്നും, അപ്രകാരം അവർ മോക്ഷമാർഗം സാക്ഷാത്കരിക്കുമെന്നും നാരദൻ ഉപദേശിച്ചു. 'കരുത്തന്മാർ ദുർബലരെ ചൂഷണം ചെയ്യുകയെന്നത് ജീവിതപ്രകാരത്തിൻ്റെ പ്രകൃതിനിയമമാണ്. കരുത്തന്മാർക്ക് സ്വാധീനമുള്ള മേഖലകളിൽ ദുർബലരെ അമിതമായി കൊന്നൊടുക്കി പൂർണമായും നശിപ്പിച്ചുകളയുന്ന പ്രവണത സദാ എല്ലാ വ്യത്യസ്‌ത ജീവിവർഗങ്ങളിലും കാണപ്പെടുന്നു. ഈ പ്രവണതയെ തടുക്കുവാൻ ഭൗതികാവസ്ഥയുടെ കീഴിൽ യാതൊരുവിധ കൃത്രിമ മാർഗങ്ങളുമില്ല. മനുഷ്യരുടെ ആത്മീയ അവബോധത്തെ ജാഗരമാക്കി ആത്മീയ അനുശാസനങ്ങളുടെ പരിശീലനത്തിലൂടെ മാത്രമേ ഇതിനെ തടുക്കുവാനാകൂ. എങ്കിലും ആത്മീയ തത്ത്വങ്ങൾ ഒരു വശത്ത് ദുർബലരായ മൃഗങ്ങളെ വധിക്കുവാൻ അനുവദിക്കാതെയും, ശാന്തപൂർണമായ സഹവർത്തിത്വം മറ്റുളളവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ സമാധാനനിർഭരമായ സഹവർത്തിത്വത്തിന് മനുഷ്യർ അനുവദിക്കുന്നില്ലെങ്കിൽ, പിന്നെ എങ്ങനെയാണ് മാനവസമൂഹത്തിൽ പ്രശാന്തസുന്ദരവും ശാന്തസമ്പൂർണവുമായ ജീവിതപ്രകാരം ഉണ്ടാകുന്നത്? ആകയാൽ, അന്ധരായനേതാക്കൾ പരമജീവാത്മാവിനെ മനസ്സിലാക്കേണ്ടതും, അനന്തരം ഈശ്വരരാജ്യത്തെ പ്രവൃത്തിയിൽ കൊണ്ടുവരാനായി യത്നിക്കേണ്ടതുമാകുന്നു. ലോകത്താകമാനമുള്ള ജനമനസ്സുകളിൽ ഈശ്വരാവബോധം ജാഗരമാക്കാതെ രാമരാജ്യം നിലവിൽ വരുത്തുക അസാധ്യമാകുന്നു.


(ശ്രീമദ് ഭാഗവതം 1.13.47/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്