Home

Monday, July 15, 2024

ഭഗവാൻ കൃഷ്ണൻ്റെ നിത്യലീല, അഥവാ സനാതന ലീലകൾ അന്തമില്ലാതെ അനുസ്യൂതം തുടരുന്നു.

കൃഷ്‌ണനെ സൂര്യനോടു താരതമ്യപ്പെടുത്തിയത് തികച്ചും ഉചിതമാണ്. സൂര്യൻ അസ്ത‌മിച്ചാൽ അപ്പോഴേ യാന്ത്രികമായി ഇരുട്ടാകും. പക്ഷേ, ഇരുട്ടിനെ പരിചയിച്ചിട്ടുള്ള സാധാരണ മനുഷ്യരെയോ, സൂര്യനെത്തന്നെയോ (അസ്ത‌മനമായാലും, ഉദയമായാലും) അത് ബാധിക്കാറില്ല. ഭഗവാൻ കൃഷ്ണൻ്റെ ആവിർഭാവവും തിരോധാനവും തികച്ചും സൂര്യൻ്റെതുപോലെത്തന്നെയാണ്. അദ്ദേഹം എണ്ണമറ്റ ലോകങ്ങളിൽ പ്രത്യക്ഷനാവുകയും അപ്രത്യക്ഷനാവുകയും ചെയ്യും. ഏതു ലോകത്തിൽ അദ്ദേഹം ഉണ്ടായിരിക്കുന്നുവോ, ആ ലോകത്തിൽ അത്രയും കാലം അതീന്ദ്രിയതയുടെ പ്രകാശമുണ്ടായിരിക്കും. പക്ഷേ അദ്ദേഹം ഏതു ലോകത്തിൽനിന്നു കടന്നുപോകുന്നുവോ, ആ ലോകം തമസ്സിൽ നിപതിക്കും. അദ്ദേഹത്തിന്റെ ലീലകൾ എങ്ങനെയായാലും അനന്തം തന്നെ. സൂര്യൻ ഭൂഗോളത്തിൻ്റെ കിഴക്കു ഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ എവിടെയെങ്കിലും ഒരിടത്ത് എപ്പോഴും ഉണ്ടായിരിക്കുന്നതുപോല ഭഗവാൻ ശ്രീക്യഷ്‌ണൻ ഏതെങ്കിലും ലോകത്തിൽ എപ്പോഴും പ്രത്യക്ഷനായിരിക്കും.


സൂര്യൻ, ഒന്നുകിൽ ഭാരതത്തിൽ, അല്ലെങ്കിൽ അമേരിക്കയിൽ എപ്പോഴും പ്രത്യക്ഷനായിരിക്കും. പക്ഷേ, സൂര്യൻ ഇൻഡ്യയിൽ പ്രകാശിച്ചു നിൽക്കുമ്പോൾ അമേരിക്ക ഇരുട്ടിലായിരിക്കും. സൂര്യൻ അമേരിക്കയിലായിരിക്കുമ്പോൾ ഇൻഡ്യ ഇരുട്ടിലായിരിക്കും.


രാവിലെ പ്രത്യക്ഷനാകുന്ന സൂര്യൻ ക്രമേണ അർധഗോള മധ്യത്തിലേക്കുയർന്ന്, ഒടുവിൽ ഗോളാർധ സീമയിൽ അസ്‌തമിക്കുന്നതിനൊപ്പം മറുഭാഗത്ത് ഉദിക്കുകയും ചെയ്യുന്നു. അതേപോലെ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഒരു ലോകത്തിൽനിന്നുള്ള തിരോധാനവും, മറ്റൊരു ലോകത്തിൽ അദ്ദേഹത്തിന്റെ ലീലകളുടെ പ്രത്യക്ഷവും ഒരേ സമയത്ത് സംഭവിക്കുന്നു. ഒരു ലീല ഇവിടെ പൂർത്തിയാകുമ്പോൾ അത് മറ്റൊരു ലോകത്ത് അരങ്ങേറുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ നിത്യലീല, അഥവാ സനാതന ലീലകൾ അന്തമില്ലാതെ അനുസ്യൂതം തുടരുന്നു. സൂര്യോദയം ഇരുപത്തിനാല് മണിക്കൂറിൽ ഒരിക്കൽ നടക്കുമ്പോൾ ഭഗവാൻ്റെ ഒരു ലോകത്തെ ലീല കളുടെ സമയം ഒരു ബ്രഹ്മദിനമാണ്. ഭഗവദ്‌ഗീതയിൽ പറഞ്ഞിട്ടുള്ള കണക്കനുസരിച്ച് ബ്രഹ്മാവിൻ്റെ ഒരു ദിവസം 4,300,000,000 സൂര്യവർഷങ്ങളാണ്. പക്ഷേ, ഭഗവാൻ എവിടെയാണെങ്കിലും അദ്ദേഹത്തിന്റെ ലീലകളെല്ലാംക്രമമായ ഇടവേളകളിലാണ് സംഭവിക്കുന്നതെന്ന് വേദശാസ്ത്രങ്ങൾ വെളിപ്പെടുത്തുന്നു.


സൂര്യാസ്തമനത്തോടെ പാമ്പുകൾക്ക് ശക്തി വർദ്ധിക്കുകയും, കള്ളന്മാർ ഉത്സാഹികളാവുകയും പ്രേതങ്ങൾ സജീവമാവുകയും താമരകൾ കൂമ്പുകയും ചക്രവാകങ്ങൾ കേഴുകയും ചെയ്യുന്നു. അതുപോലെ ഭഗവാൻ ശ്രീകൃഷ്‌ണൻ അപ്രത്യക്ഷനാകുമ്പോൾ നിരീശ്വരവാദികൾ ഉണർവിലും, ഭക്തന്മാർ ദുഃഖത്തിലുമാകുന്നു.


(ശ്രീമദ് ഭാഗവതം 3.2.7/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment