കാളിയമർദ്ദനം
( ആധാരം - ശ്രീമദ് ഭാഗവതം / ദശമസ്കന്ദം / അദ്ധ്യായം 16 - 17 )
കാളിയന്റെ വിഷം കലർന്ന യമുനാനദീജലത്തെ ശുദ്ധീകരിക്കുവാനായി കൃഷ്‌ണൻ നദീതീരത്തുള്ള ഒരു കടമ്പു മരത്തിൽ കയറുകയും വെള്ളത്തിലേയ്ക്ക് ചാടുകയും ചെയ്‌തു. എന്നിട്ട് നിർഭയനായി വെള്ളത്തിൽ കിടന്ന് ഒരു മദയാനയെപ്പോലെ കളിക്കുവാൻ തുടങ്ങി. തന്റെ വാസസ്ഥലത്തേയ്ക്ക് കൃഷ്ണണൻ അതിക്രമിച്ചു കടന്നത് സഹിക്കാനാകാതെ കാളിയൻ അതിവേഗം ചെന്ന് ആ മാറിടത്തിൽ കടിച്ചു. ഇതു കണ്ട കൃഷൻ്റെ മിത്രങ്ങൾ ബോധരഹിതരായി നിലംപതിച്ചു. ആ വേളയിൽ വ്രജത്തിൽ ഭൂമി കുലുങ്ങുക, നക്ഷത്രങ്ങൾ വീഴുക, വിവിധ ജീവികളുടെ ഇടതു കൈയും കാലും വിറയ്ക്കുക എന്നിങ്ങനെയുള്ള പല ദുശ്ശകുനങ്ങളും സംഭവിച്ചു.
“ഇന്ന് കൃഷ്ണൻ ബലരാമനെക്കൂടാതെയാണ് കാട്ടിലേയ്ക്ക് പോയത്. എന്തു ദുർഭാഗ്യമാണോ അവനു മേൽ പതിച്ചിട്ടുണ്ടാവുക" എന്നു വൃന്ദാവനവാസികൾ ചിന്തിച്ചിട്ട് അവർ കൃഷ്‌ണൻ്റെ പാദമുദ്രകൾ പിന്തുടർന്ന് യമുനാതീരത്തെത്തി. യമുനാനദിയോടു ചേർന്ന തടാകത്തിലെ ജലത്തിൽ ഒരു കരിനാഗത്തിൻ്റെ ചുരുളുകൾക്കിടയിൽ പെട്ടുകിടക്കുന്ന കൃഷ്‌ണനെ, തങ്ങളുടെ ജീവിതത്തിൻ്റെ സത്തയെ അവർ കണ്ടു. ത്രിലോകങ്ങളും ശുന്യമായിത്തീർന്നതുപോലെ അവർക്കു തോന്നി. വെള്ളത്തിലേയ്ക്കിറങ്ങാൻ അവരൊക്കെയും തയ്യാറായി. പക്ഷേ കൃഷ്‌ണൻ്റെ ശക്തിയെക്കുറിച്ച് അസ്സലായറിയുന്ന ബലരാമഭഗവാൻ അവരെ തടഞ്ഞു.
അപ്പോൾ തൻ്റെ ബന്ധുമിത്രാദികൾ എത്ര അസ്വസ്ഥരായിരിക്കുന്നു എന്ന് കണ്ടിട്ട് കൃഷ്ണണഭഗവാൻ സ്വശരീരത്തെ വളരെയധികം വികസിപ്പിക്കു കയും സർപ്പം പിടിയയച്ച് ഭഗവാനെ മോചിപ്പിക്കാൻ നിർബ്ബന്ധിതനാവുകയും ചെയ്തു. തുടർന്ന് ഭഗവാൻ സർപ്പത്തിൻ്റെ പത്തികളിൽ കയറി നിന്ന് കളിയായി നൃത്തമാടാൻ തുടങ്ങി. അദ്ഭുതകരമായ ദ്രുതനടനത്താൽ കാളിയൻ തളരുവോളം അവൻ്റെ ആയിരം ഫണങ്ങളെയും ഭഗവാൻ ശ്രീകൃഷ്ണൻ ചവിട്ടി മെതിച്ചു. വായ്കകളിൽ നിന്ന് രക്തം ഛർദ്ദിച്ച കാളിയന്, കൃഷ്ണൻ ആദിപുരുഷനും എല്ലാ ചരാചരങ്ങളുടെയും ആത്മീയഗുരുവുമായ നാരായണനാണെന്ന് ഒടുവിൽ മനസ്സിലാകുകയും, അദ്ദേഹത്തെ ശരണം പ്രാപിക്കുകയും ചെയ്തു.
കാളിയൻ ക്ഷീണിച്ചവശനായെന്നു കണ്ട കാളിയപത്നിമാർ കൃഷ്ണ ഭഗവാൻ്റെ പാദപങ്കജങ്ങളിൽ വന്നു നമിച്ചു. എന്നിട്ട് ഭർത്താവിന്റെ മോചനം കാംക്ഷിച്ചുകൊണ്ട് വിവിധങ്ങളായ പ്രാർത്ഥനകളുരുവിടാൻ തുടങ്ങി, "ഭഗവാനേ അങ്ങ് ഞങ്ങളുടെ ക്രൂരനായ ഭർത്താവിനെ ഇങ്ങനെയൊരവസ്ഥയിലെത്തിച്ചത് ഉചിതമാണ്. സത്യത്തിൽ അങ്ങയുടെ കോപം അദ്ദേഹത്തിന് മഹാനേട്ടമായാണ് ഭവിച്ചിരിക്കുന്നത്. പൂർവ്വജന്മങ്ങളിൽ എത്രമാത്രം പുണ്യം കാളിയൻ സംഭരിച്ചിട്ടുണ്ടാവണം! തൻ്റെ ശിരസ്സിൽ പരമദിവ്യോത്തമപുരുഷന്റെ പാദാരവിന്ദങ്ങളിലെ ധൂളിവഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവല്ലോ. പ്രപഞ്ചമാതാവായ ലക്ഷ്‌മീദേവിക്ക്‌പോലും ലഭിക്കാൻ പ്രയാസമായ ഒരു നേട്ടമാണിത്. അജ്ഞാനം മൂലം കാളിയൻ ചെയ്‌ത അപരാധം ക്ഷമിച്ച് അദ്ദേഹത്തെ ജീവിക്കാൻ അനുവദിച്ചാലും.”
നാഗപത്നിമാരുടെ സ്‌തുതികൾകേട്ട് തൃപ്‌തനായ കൃഷ്ണൻ ഓർമ്മയും ശക്തിയും മെല്ലെ തിരിച്ചുകിട്ടിയ കാളിയനെ മോചിപ്പിച്ചു. കാളിയൻ ദുഃഖം പുരണ്ട സ്വരത്തിൽ താൻ ചെയ്‌ത തെറ്റ് ഏറ്റുപറഞ്ഞു. ഒടുവിൽ കൃഷ്ണഭഗവാനെ വളരെയധികം സ്‌തുതിക്കുകയും അദ്ദേഹത്തിന്റെ കല്പന സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്‌തു. സകുടുംബം യമുനാനദിവിട്ട്രമണദ്വീപിലേയ്ക്ക് മടങ്ങാൻ കൃഷ്‌ണൻ കാളിയനോട് നിർദേശിച്ചു.
കാളിയൻ ചരിത്രം
കാളിയൻ സർപ്പങ്ങളുടെ ആവാസകേന്ദ്രമായ രമണകദ്വീപ് ഉപേക്ഷിച്ചു പോന്നതും ഗരുഡൻ കാളിയനോട് ശത്രുതയോടെ പെരുമാറുന്നതും എന്തുകൊണ്ടെന്ന് പരീക്ഷിത്തു മഹാരാജാവ് തിരക്കിയപ്പോൾ ശുകദേവ ഗോസ്വാമി ഇപ്രകാരം മറുപടി പറഞ്ഞു: ദ്വീപിലെ സർപ്പങ്ങളൊക്കെയും ഗരുഡൻ തങ്ങളെ ഭക്ഷിക്കുമെന്ന ഭയത്തിലായിരുന്നു. അവർ ഗരുഡനെ അനുനയിപ്പിക്കാനായി എല്ലാ മാസത്തിലും ഒരരയാൽ വൃക്ഷച്ചുവട്ടിൽ പലതരം കാഴ്ചദ്രവ്യങ്ങൾ നിവേദിച്ചു തുടങ്ങി. പക്ഷേ അഹങ്കാരം മൂത്ത കാളിയൻ ആ നിവേദ്യങ്ങളൊക്കെ എടുത്തു തിന്നാനാരംഭിച്ചു. ഇതു കേട്ട ഗരുഡൻ കോപാകുലനായി കാളിയനെ കൊല്ലാൻ പാഞ്ഞെത്തി. അപ്പോൾ കാളിയൻ ഗരുഡനെ കടിക്കാൻ തുടങ്ങിയപ്പോൾ തൻ്റെ ചിറകുകൾ കൊണ്ട് ഗരുഡൻ അവനെ ആഞ്ഞടിച്ചു. ജീവൻ രക്ഷിക്കാൻ വേണ്ടി കാളിയന് യമുനാനദിയോടനുബന്ധിച്ചുള്ള ഒരു കയത്തിൽ ചെന്നൊളിക്കേണ്ടി വന്നു.
ഈ സംഭവത്തിനു മുമ്പൊരിക്കൽ ഗരുഡൻ മത്സ്യങ്ങളെ ഭുജിക്കാനായി യമുനാനദിയിൽ വന്നിട്ടുണ്ടായിരുന്നു. സൗഭരിയെന്ന മുനി ഗരുഡനെ തടയാൻ ശ്രമിച്ചുവെങ്കിലും വിശന്നുവലഞ്ഞിരുന്ന ഗരുഡൻ ആ വിലക്ക് അവഗണിച്ചു. പകരം മുനി ഇനി വീണ്ടും അവിടെ വന്നാൽ ഗരുഡൻ മരണമടയുമെന്നു ശപിച്ചു. ഇതു കേട്ടിരുന്ന കാളിയൻ ഭയരഹിതനായി അവിടെ താമസം തുടർന്നു. ഒടുവിൽ ശ്രീകൃഷ്ണനാണ് അവിടെ നിന്നവനെ തുരത്തിയത്.
ശ്രീ കൃഷ്‌ണൻ ഹ്രദത്തിൽനിന്ന് വിവിധ രത്നങ്ങളും ആഭരണങ്ങളും കൊണ്ട് അലംകൃതനായി ഉയർന്നുവരുന്നതു കണ്ടപ്പോൾ ബലരാമനും മറ്റു വൃന്ദാവനവാസികളും ആഹ്ലാദഭരിതരായി അദ്ദേഹത്തെ ആശ്ലേഷിച്ചു. കാളിയൻ്റെ പിടിയിൽ അകപ്പെട്ടുവെങ്കിലും പുത്രൻ രക്ഷപ്പെട്ടത് രാജാവിൻ്റെ ഭാഗ്യം കൊണ്ടാണെന്ന് ഗോപന്മാരുടെ രാജാവായ നന്ദനോട് പുരോഹിതരും ആത്മീയഗുരുക്കന്മാരും പണ്ഡിത ബ്രാഹ്മണരും പറഞ്ഞു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment