ദേവർഷിഭൂതാപതനൃണാം പിത്യൂണാം
ന കിങ്കരോ നായമൃണീ ച രാജൻ!
സർവാത്മനാ യഃ ശരണം ശരണ്യം
ഗതോ മുകുന്ദം പരിഹൃത്യ കർത്തം
വിവർത്തനം
അല്ലയോ രാജാവേ, കർത്തവ്യങ്ങളെല്ലാം ത്യജിച്ച് മുക്തിദാതാവായ മുകുന്ദന്റെ ചരണകമലങ്ങളിൽ അഭയം തേടിയവർക്ക് ദേവന്മാരോടാകട്ടെ, ഋഷികൾ, ജീവജാലങ്ങൾ, കുടുംബാംഗങ്ങൾ, പിതൃക്കൾ, മനുഷ്യർ എന്നിവരോടാകട്ടെ യാതൊരു കടപ്പാടുമില്ല. അത്തരം ജീവസത്തകളെല്ലാം ഭഗവദംശങ്ങളാകയാൽ എല്ലാ ബാധ്യതകളും പരമദിവ്യോത്തമപുരുഷനോടുള്ള ഭക്തിയുതസേവനത്താൽ സ്വയമേവ നിറവേറ്റപ്പെടും.
ഭാവാർത്ഥം
ഭഗവാന്റെ ഭക്തിയുതസേവനത്തിന് പൂർണമായി സമർപ്പണം ചെയ്യാത്ത ഒരുവന് ധാരാളം കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഓരോ ബദ്ധാത്മാവും സൂര്യപ്രകാശം, ചന്ദ്രപ്രകാശം, മഴ, കാറ്റ്, ഭക്ഷണം, ആത്യന്തികമായി സ്വശരീരം തുടങ്ങി ദേവന്മാർ നൽകുന്ന അസംഖ്യം പ്രയോജനങ്ങളുടെ ഗുണഭോക്താവാണ്. ഭഗവദ്ഗീതയിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു, സ്തേന ഏവ സഃ ദേവന്മാരിൽ നിന്ന് ഇവയെല്ലാം സ്വീകരിക്കുന്നതിന് പകരമായി അവർക്ക് യജ്ഞങ്ങൾ അർപ്പിക്കാത്തവൻ സ്തേന അഥവാ കള്ളൻ ആണ്. അതുപോലെ, പശുക്കളെപ്പോലുളള മറ്റ് ജീവസത്തകൾ നമുക്ക് രുചികരവും പോഷക ഗുണവുമുളള അസംഖ്യം ഭക്ഷണപദാർഥങ്ങൾ നൽകുന്നു. പ്രഭാതത്തിൽ നാം ഉണരുമ്പോൾ പക്ഷികളുടെ മധുരഗീതങ്ങളാൽ നമ്മുടെ മനസ്സ് ഉല്ലാസ ഭരിതമാകുന്നു, ഉഷ്ണമുള്ള ദിവസങ്ങളിൽ വനവൃക്ഷങ്ങളിൽ നിന്നു വരുന്ന മന്ദ മാരുതനും തണലും നമുക്ക് ആസ്വാദ്യകരമാകുന്നു. അവ്വിധത്തിൽ നാം എണ്ണമറ്റ ജീവസത്തകളുടെ സേവനം സ്വീകരിക്കുന്നുണ്ട്, അവയ്ക്ക് തിരിച്ചു നൽകാൻ നാം ബാധ്യസ്ഥരുമാണ്. ആപ്‌ത എന്നാൽ, സാമാന്യ സദാചാരമനുസരിച്ച് തീർച്ചയായും ഒരുവൻ കടപ്പെട്ടിട്ടുള്ള സ്വന്തം കുടുംബാം ഗങ്ങൾ എന്നാണ് അർഥം. നൃണാം എന്നാൽ മനുഷ്യ സമൂഹം എന്നും. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഒരു ഭക്തനാകുന്നതു വരെ ഒരുവൻ തീർച്ചയായും സ്വസമൂഹത്തിൻ്റെ ഒതുത്പന്നമാണ്. താൻ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം, സംസ്‌കാരം, പാരമ്പര്യം, സംരക്ഷണം തുടങ്ങിയവ സ്വീകരിക്കുന്നതിനാൽ സമൂഹത്തോട് വളരെയധികം കടപ്പാടുണ്ട്. തീർച്ചയായും, സമൂഹത്തോടുള്ള നമ്മുടെ കടപ്പാടുകൾ ഇപ്പോഴത്തെ തലമുറയോട് മാത്രമുള്ളതല്ല, പിൻഗാമികളായ നമുക്ക് സമാധാനപൂർവം ജീവിക്കാനായി സദാചാരപരവും സാമൂഹികവുമായ സമ്പ്രദായങ്ങളെ ശ്രദ്ധാപൂർവം സംരക്ഷിച്ച എല്ലാപൂർവീകരോടും മുൻഗാമികളോടുമുണ്ട്. അതുകൊണ്ട് പിതൃ്യണാം, അഥവാ "പിതൃക്കൾ" എന്നവാക്ക് മുൻ തലമുറകളെ സൂചിപ്പിക്കുന്നു.
വാസ്തവത്തിൽ, കൃഷ്‌ണാവബോധ സമൂഹത്തിലെ അംഗങ്ങൾ മുകളിൽ വിശദീകരിച്ചതു പോലുള്ള കടപ്പാടുകൾ നിറവേറ്റാൻ ഉദ്യമിക്കുന്നതിനു പകരം കൃഷ്‌ണന് വളരെയധികം ശ്രദ്ധ നൽകുന്നതിൽ ഭൗതികവാദികളാൽ വിമർശിക്കപ്പെടാറുണ്ട്. ഇതിനുള്ള മറുപടി ഭാഗവതം (4.31.14) പ റഞ്ഞിരിക്കുന്നു, യഥാതരോർ മൂല-നിഷേചനേന തൃപ്യന്തി തത്-സന്ധ -ഭുജോപശാഖാഃ - ഒരുവൻ ഒരു വൃക്ഷത്തിൻ്റെ വേരിൽ ജലം പകരുന്ന പക്ഷം, അതിൻ്റെ ശാഖകളും ചില്ലകളും ഇലകളും എല്ലാം സ്വയമേവ പോഷിപ്പിക്കപ്പെടും. ശാഖകളും ചില്ലകളും ഇലകളും പോഷിക്കുന്നതിന് അവയ്ക്ക് പ്രത്യേകം ജലം പകരേണ്ട ആവശ്യമില്ല, ഫലത്തിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ജലം വേരിൽ ഒഴിക്കണം. അതുപോലെ, പ്രാണോപഹാരാത് ചയഥേന്ദ്രിയാണാം: ആഹാരം ആമാശയത്തിൽ നൽകണം, അവിടെ നിന്ന് അത് ശരീരത്തിൻ്റെ എല്ലാ അവയവങ്ങളിലേക്കും സ്വയമേവ വിതരണം ചെയ്യപ്പെടും. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പോഷിപ്പിക്കുന്നതിന് അവയിൽ പ്രത്യേകമായി ആഹാരം പിടിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. അതുപോലെ, എല്ലാ അസ്‌തിത്വത്തിന്റെയും പ്രഭവം പരമപുരുഷനായ കൃഷ്‌ണനാണ്. എല്ലാം ഉത്ഭവിക്കുന്നത് കൃഷ്ണനിൽ നിന്നാണ്, എല്ലാം സംരക്ഷിക്കപ്പെടുന്നത് കൃഷ്ണനാലാണ്, അന്ത്യത്തിൽ എല്ലാം വിശ്രമിക്കുന്നതതും കൃഷ്‌ണനിൽ തന്നെയാണ്. ഭഗവാൻ കൃഷ്ണൻ എല്ലാ ജീവസത്തകളുടെയും ഹിതകാരിയും, സുഹൃത്തും, സംരക്ഷകനും, ക്ഷേമകാംക്ഷിയുമാണ്, അദ്ദേഹം സംതൃപ്‌തനായാൽ മുഴുവൻ ലോകവും സംതൃപ്തമാകും, ആമാശയത്തിന് കൃത്യമായി ആഹാരം നൽകുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളും ശക്തിപ്പെടുകയും സംതൃപ്തിപ്പെടുകയും ചെയ്യുന്നതു പോലെ.
ഒരു മഹാരാജാവിൻ്റെ സ്വകാര്യ കാര്യദർശിയായി പ്രവർത്തിക്കുന്ന ഒരുവന് നിസ്സാരരായ ചെറിയ രാജാക്കന്മാരോട് കൂടുതൽ കടപ്പാടില്ല എന്ന ഉദാഹരണം ഇവിടെ നൽകാവുന്നതാണ്. ഒരു സാധാരണ വ്യക്തിക്ക് ഈ ലോകത്തിൽ ധാരാളം കടപ്പാടുകളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഭഗവദ്ഗീത പ്രകാരം, മയൈവ വിഹിതാൻ ഹി താൻഃ എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് വാസ്‌തവത്തിൽ പരമോന്നതനായ ഭഗവാനാണ്. ഉദാഹരണത്തിന് ഒരുവന് മാതാപിതാക്കളുടെ കാരുണ്യത്താലാണ് തൻ്റെ ശരീരം ലഭി ക്കുന്നത്. ജന്മനാതന്നെ ശക്തിഹീനരായ പുരുഷന്മാരെയും സ്ത്രീകളെയും നാം കാണുന്നു. ചിലപ്പോൾ ഒരു കുട്ടി വൈരൂപ്യത്തോടെ ജനിക്കുന്നു, മറ്റു ചിലപ്പോൾ ഒരു കുട്ടി മരിച്ചു ജനിക്കുന്നു. പലപ്പോഴും ലൈംഗിക ബന്ധം ഗർഭോത്പാദനം നടത്തുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ട് എല്ലാ മാതാപിതാക്കളും സൗന്ദര്യവും ഉയർന്ന യോഗ്യതയുമുളള സന്താനങ്ങളെ ആഗ്രഹിച്ചാലും പലപ്പോഴും അത് നടക്കുന്നില്ല. അതുകൊണ്ട്, ആത്യന്തികമായി ഭഗവാൻ്റെ കാരുണ്യത്താലാണ് ഒരു പുരുഷനും സ്ത്രീയ്ക്കും ലൈംഗിക ബന്ധത്തിലൂടെ ഒരു സന്താനത്തെ ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നു. പുരുഷൻ്റെ ശുക്ള സന്നിവേശം ശക്തമാകുന്നതും സ്ത്രീയുടെ അണ്‌ഡം ഫലപുഷ്ടമാകുന്നതും ഭഗവാന്റെ കാരുണ്യത്താലാണ്. അതുപോലെ ഒരു കുട്ടി ആരോഗ്യകരമായ അവസ്ഥ9യിൽ ജനിക്കുന്നതും, സ്വജീവിതം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശാരീരിക പ്രാപ്‌തി നേടുന്നതും ഭഗവാൻ്റെ കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ്. മനുഷ്യജീവിയുടെ പരിണാമത്തിൻ്റെ ഏതവസ്ഥയിലും ഭഗവാൻ്റെ കാരുണ്യം പിൻവലിക്കപ്പെടുന്ന പക്ഷം, പെട്ടെന്ന് മരണം സംഭവിക്കുകയോ അല്ലെങ്കിൽ അംഗഭംഗം വരുത്തുന്ന രോഗമുണ്ടാവുകയോ ചെയ്യും.
ദേവന്മാരും സ്വതന്ത്രരല്ല. പരിഹൃത്യ കർത്തം, അഥവാ “മറ്റു കർത്തവ്യങ്ങൾ ത്യജിച്ച്" എന്നീ വാക്കുകൾ ദേവന്മാർ കൃഷ്‌ണനിൽ നിന്ന് വേറിട്ടവരാണെന്ന വിധത്തിലുള്ള ഏതു സങ്കൽപ്പവും ഉപേക്ഷിക്കണമെന്ന് സൂചിപ്പിക്കുന്നു. ദേവന്മാർ പരമോന്നതനായ ഭഗവാൻ്റെ വിശ്വശരീരത്തിൻ്റെ വ്യത്യസ്‌തങ്ങളായ അംഗങ്ങളാണെന്ന് വൈദിക സാഹിത്യത്തിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അതിലേറെ, പരമോന്നതനായ ഭഗവാൻ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നുവെന്നും, അദ്ദേഹമാണ് എല്ലാവർക്കും ബുദ്ധിയും സ്‌മരണയും, വിസ്മൃതിയും നൽകുന്നതെന്നും ഭഗവദ്ഗീതയിൽ പറയുന്നു. അപ്രകാരം, സാംസ്‌കാരിക പാരമ്പര്യങ്ങൾ ശ്രദ്ധാപൂർവം കാത്തു സൂക്ഷിച്ച നമ്മുടെ പിതാമഹന്മാർ പരമോന്നതനായ ഭഗവാനിൽ നിന്ന് ലഭിച്ച ബുദ്ധി ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. തീർച്ചയായും, അവർ അവരുടെ സ്വതന്ത്രമായ ബുദ്ധി ഉപയോഗിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. ആർക്കും ഒരു മസ്‌തിഷ്‌കമില്ലാതെ ബുദ്ധിയുളളവനാകാൻ കഴിയില്ല, കൃഷ്ണൻ്റെ കാരുണ്യത്താൽ മാത്രമാണ് നമുക്ക് ഒരു മനു ഷ്യമസ്തിഷ്കം ലഭിക്കുന്നത്. അതുകൊണ്ട്, വിവിധ വർഗങ്ങളിലുളള ജീവസത്തകളോട് നമുക്കുള്ള ബഹുമുഖങ്ങളായ കടപ്പാടുകൾ നാം അവധാനതയോടെ വിശകലനം ചെയ്യുന്ന പക്ഷം, ജീവിതത്തിൽ ഏതു കാര്യത്തിലും നമുക്കൊരു പ്രത്യേക അനുഗ്രഹം ലഭിക്കുന്നത് ആത്യന്തികമായി പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ കാരുണ്യത്താലാണെന്ന് കാണാൻ കഴിയും. അതുകൊണ്ട്, ഒരു സാധാരണ വ്യക്തിക്ക് തനിക്ക് പ്രയോജനം നൽകിയവരെ സംതൃപ്‌തിപ്പെടുത്തുന്നതിന് അവരോടുള്ള കടപ്പാടുകൾ വിധിപ്രകാരം നിറവേറ്റാൻ വ്യത്യസ്‌ത രീതികളിലുള്ള യജ്ഞങ്ങളും ദാനകർമങ്ങളും അനുഷ്‌ഠിക്കണമെങ്കിലും, പരമദിവ്യോത്തമപുരുഷനായ കൃഷ് ഞനെ നേരിട്ട് സേവിക്കുന്ന ഒരുവൻ്റെ അത്തരം കടപ്പാടുകളെല്ലാം ഉടൻ നിറവേറപ്പെടുന്നു. എന്തുകൊണ്ടെന്നാൽ കുടുംബം, പിതൃക്കൾ, ദേവന്മാർ തുടങ്ങിയ പ്രതിനിധികളിലൂടെ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്യന്തികമായി ഭഗവാനിൽ നിന്നാണ് വരുന്നത്.
ഒരു കേന്ദ്രീകൃത ഭരണകൂടത്താൽ യഥാർഥത്തിൽ നൽകപ്പെടുന്ന ആനുകൂല്യങ്ങൾ ചിലപ്പോൾ സംസ്ഥാന ഭരണകൂടം വിതരണം ചെയ്യുന്നു എന്ന ഉദാഹരണം ഇവിടെ പറയാവുന്നതാണ്. അതുകൊണ്ട്, കേന്ദ്രീകൃത ഭരണകൂടത്തിൻ്റെ മുഖ്യ നിർവാഹകൻ്റെ മന്ത്രിയോ സ്വകാര്യ കാര്യദർശിയോ ആകുന്ന ഒരുവന് സംസ്ഥാന സർക്കാറിൻ്റെ അപ്രധാനരായ പ്രതിനിധികളോട് കൂടുതൽ കടപ്പാടൊന്നുമില്ല. അതിനാൽ ശ്രീമദ്ഭാഗവതത്തിൽ (11.20.9) പറഞ്ഞിരിക്കുന്നു:
താവത് കർമാണി കുർവീത ന നിർവിദ്യേത യാവതാ
മത്-കഥാ-ശ്രവണാദൗ വാ ശ്രദ്ധാ യാവൻ ന ജായതേ
"ഒരുവൻ കാമ്യ കർമങ്ങളിൽ വ്യാപൃതനും, ഭഗവദ് ശ്രവണ കീർത്തന ങ്ങളിലൂടെ ഭക്തിയുതസേവനത്തിനുള്ള അഭിരുചി ഉണരാതിരിക്കുകയും ചെയ്യുന്നിടത്തോളം, വൈദിക അനുശാസനങ്ങളുടെ ക്രമീകൃത തത്ത്വങ്ങ ൾക്കനുസരിച്ച് പ്രവർത്തിക്കണം." പരമോന്നതനായ ഭഗവാൻ്റെ ഭക്തിയു തസേവനത്തിന് പൂർണമായി സമർപ്പിതനാകുന്ന ഒരുവൻ ഒരു ഒന്നാന്തരം മനുഷ്യനാണെന്ന് രത്നച്ചുരുക്കം.
ജനങ്ങൾ പൊതുവെ ദേവന്മാരിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിൽ മാത്രം ആകാംക്ഷയുള്ളവരാണ്, കാരണം, അത്തരം അനുഗ്രഹങ്ങൾ ഇന്ദ്രിയങ്ങളുടെ സംതൃപ്തിക്ക് ഉതകുന്നവയാണ്. അൽപബുദ്ധികളായ ആളുകൾ അത്തരം പൂ രോഗതി മാത്രമാണ് ജീവിതത്തിൻ്റെ ലക്ഷ്യമെന്ന് കരുതുകയും, അതുമൂലം അവർക്ക് ഭഗവദ്സേവനത്തിൻ്റെ ഉൽകൃഷ്‌ടാവസ്ഥയെ ശ്ലാഘിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഭക്തിയോഗം, അഥവാ വിശുദ്ധമായ ഭക്തിയുതസേവനം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഇന്ദ്രിയങ്ങളെ നേരിട്ട് പ്രീതിപ്പെടുത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അസൂയാലുക്കളായ ഭൗതികവാദികൾ പരമോന്നതനായ ഭഗവാന് ഇന്ദ്രിയങ്ങൾ ഉണ്ടെന്നത് പോലും നിഷേധിക്കാൻ അനേകം വാദങ്ങൾ ഉന്നയിക്കുന്നു. ഭക്തന്മാർ പരമ പുരുഷന്റെ സങ്കൽപ്പാതീതമായ സൗന്ദര്യം, ശക്തി, സമ്പത്ത്, സൗമനസ്യം ഇവയിൽ സംശയിച്ച് സമയം പാഴാക്കുന്നില്ല. അവർ പ്രേമനിർഭരമായ സേവനത്തിലൂടെ ഭഗവാൻ്റെ ഇന്ദ്രിയങ്ങളെ നേരിട്ട് പ്രീതിപ്പെടുത്തുകയും, അപ്രകാരം സ്വഗേഹത്തിലേക്ക്, മടങ്ങിപ്പോവുകയെന്ന പരമോന്നതമായ അനുഗ്രഹം സ്വായത്തമാക്കുകയും ചെയ്യുന്നു. ഭക്തന്മാർ, സച്ചിദാനന്ദപൂർണമായ ജീവിതമുള്ള ഭഗവാൻ്റെ ധാമത്തിലേക്ക് മടങ്ങിപ്പോകുന്നു. ഒരുവന് പരമാനന്ദത്തിന്റെയും ജ്ഞാനത്തിൻ്റെയും ശാശ്വതമായ ജീവിതം നൽകാൻ ഒരു ദേവനും, കുടുംബാംഗത്തിനും, അല്ലെങ്കിൽ പിതാമഹനും കഴിയില്ല. ഒരുവൻ മൂഢമായി ഭഗവദ് പാദങ്ങളെ അവഗണിക്കുകയും, താൽക്കാലികമായ ദേഹത്തെ എല്ലാമായി സ്വീകരിക്കുകയും ചെയ്യുന്ന പക്ഷം, അയാൾ തീർച്ചയായും വിപുലമായ യജ്ഞങ്ങളും, തപസ്സുകളും, ദാനങ്ങളും അനുഷ്ഠിക്കുകയും മുകളിൽ പറഞ്ഞ കടപ്പാടുകൾ നിറവേറ്റുകയും ചെയ്യണം. അല്ലാത്തപക്ഷം പാപിയും ശിക്ഷാർഹനുമായിത്തീരും.
( ശ്രീമദ് ഭാഗവതം 11. 5 .41 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment