Home

Monday, September 30, 2024

ശ്രാദ്ധ കർമ്മം ചെയ്യുന്നത് എന്തിനു വേണ്ടി?

വേദങ്ങളുടെ അനുഗാമികളാൽ അനുഷ്ഠിക്കപ്പെടുന്ന ആചാരപരമായ ചടങ്ങാണ് ശ്രാദ്ധം. പരേതാത്മാക്കൾക്കു വേണ്ടി മതാചാരപരമായി ബലി അർപ്പിക്കുന്ന, പതിനഞ്ചു ദിവസത്തെ അനുഷ്ഠാന ചടങ്ങുകൾ എല്ലാ വർഷവുമുണ്ടാകും. പ്രകൃതിയുടെ വിലക്ഷണ പ്രതിഭാസം നിമിത്തം ശരീരരഹിതരാകുന്ന പിതാക്കന്മാർക്കും മുൻഗാമികൾക്കും പിൻഗാമികളർപ്പിക്കുന്ന ശ്രാദ്ധബലികളിലൂടെ വീണ്ടും ശരീരം ലഭ്യമാകും. പ്രസാദത്തോടുകൂടിയ ബലിതർപ്പണ ചടങ്ങുകൾ ഇൻഡ്യയിൽ ഇന്നും ആചരിക്കുന്നുണ്ട്. പ്രത്യേകിച്ചും ഗയയിൽ. അവിടെ പ്രസിദ്ധമായൊരു ക്ഷേത്രത്തിൽ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളിലാണ് ബലി അർപ്പിക്കുന്നത്. പിൻഗാമികളുടെ ഈ ഭക്തിയുതസേവനത്താൽ ഭഗവാൻ സംപ്രീതനാകും. പിതാമഹന്മാരുടെ ശിക്ഷിക്കപ്പെട്ട ആത്മാവുകൾക്ക് ഭഗവാന്റെ കാരുണ്യത്താൽ, മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള ആദ്ധ്യാത്മിക പുരോഗതി നേടാനുതകുന്ന ഒരു ശരീരം വീണ്ടും ലഭിക്കും. അങ്ങനെ ലഭിക്കുന്ന ശരീരം കൊണ്ടും ആദ്ധ്യാത്മിക പുരോഗതി പ്രാപിക്കാത്തപക്ഷം, വീണ്ടും അദൃശ്യ ശരീരത്തിലേക്ക് തിരിച്ചുപോകാൻ വിധിക്കപ്പെടുമെന്ന യാഥാർഥ്യം വിസ്മരിക്കുന്ന ബദ്ധാത്മാവുകൾ, നിർഭാഗ്യവശാൽ മായയുടെ പ്രേരണ നിമിത്തം വീണ്ടും ആ ശരീരം ഉപയോഗിച്ച് ഇന്ദ്രിയാസ്വാദനങ്ങളിൽ മുഴുകുന്നു.


ഭഗവാന്റെ ഭക്തന്മാർക്ക്, അഥവാ കൃഷ്ണാവബോധത്തിലുള്ളവർക്ക് ശ്രാദ്ധം പോലുള്ള ആചാരാനുഷ്‌ഠാനങ്ങളുടെ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ, അവർ എല്ലായ്പ്പോഴും ഭഗവാനെ സംതൃപ്തിപ്പെടുത്തുന്നവരാണ്. അതുമൂലം അവർക്കു മാത്രമല്ല, അവരുടെ പിതാക്കന്മാർക്കും പിതാമഹന്മാർക്കും അവരുടെ മുൻഗാമികൾക്കും വരെ യാന്ത്രികമായി മോചനം ലഭിക്കും. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് പ്രഹ്ലാദമഹാരാജാവ്. അനവധി തവണ ഭഗവാന്റെ അരവിന്ദ പാദങ്ങളിൽ അപരാധം ചെയ്ത പാപിയായ സ്വന്തം പിതാവിന് മോചനം നൽകണമെന്ന് പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാനോടപേക്ഷിച്ചു. പ്രഹ്ലാദനെപ്പോലുള്ളൊരു വൈഷ്‌ണവൻ ജനിക്കുന്ന കുടുംബത്തിൽ, അവൻ്റെ പിതാവും, പിതാവിൻ്റെ പിതാവും, ആ പിതാവിന്റെയും പിതാക്കന്മാരും - പതിനാല് പിതാക്കന്മാർവരെ പിന്നിലേക്ക് യാന്ത്രികമായി മോചിതരായിരിക്കും, എന്നായിരുന്നു ഭഗവാന്റെ മറുപടി. അതുകൊണ്ട് കൃഷ്ണാവബോധമാണ്, കുടുംബത്തിനു വേണ്ടിയും, സമൂഹത്തിനുവേണ്ടിയും, എല്ലാ ജീവസത്തകൾക്കു വേണ്ടിയും ചെയ്യുന്ന സകല സൽപ്രവൃത്തികളുടെയും ആകെത്തുക. കൃഷ്ണാവബോധത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട വ്യക്തി മറ്റൊരാചാരവും അനുഷ്ഠിക്കേണ്ടതില്ലെന്ന് ചൈതന്യ ചരിതാമൃതത്തിൽ ഗ്രന്ഥകാരൻ പറയുന്നു. എന്തുകൊണ്ടെന്നാൽ, പൂർണമായ കൃഷ്ണാവബോധത്തോടെ കൃഷ്ണനെ സേവിക്കുന്നതുകൊണ്ടു മാത്രം ഒരുവന്റെ എല്ലാ ആചാരങ്ങളും യാന്ത്രികമായി അനുഷ്‌ഠിക്കപ്പെടും.


(ശ്രീമദ് ഭാഗവതം 3/20/43/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment