ഭഗവദ്ഗീത(9.25)യിൽ, പിതൃൻ യാന്തി, പിതൃ-വ്രതാ:എന്നു പറഞ്ഞിരിക്കുന്നു. കുടുംബത്തിൻ്റെ ക്ഷേമത്തിൽ താൽപര്യമുളളവരെ പിതൃ- വ്രതാഃ എന്നു വിളിക്കുന്നു. പിതൃലോകമെന്ന് വിളിക്കപ്പെടുന്ന ഗ്രഹത്തിലെപ്രധാന ദേവനാണ് അര്യമാ. ഏറെക്കുറെ ഒരു ദേവനെപ്പോലെയാണ് അവൻ. അവനെ പ്രസാദിപ്പിക്കുക വഴി ഒരുവന് തൻ്റെ കുടുബാംഗങ്ങളിൽ ആരെങ്കിലും പ്രേതങ്ങളായിട്ടുണ്ടെങ്കിൽ അവർക്ക് സ്ഥൂലശരീരം കിട്ടുന്നതിന് സഹായിക്കാൻ കഴിയും. അത്യന്തം പാപികളായവരും, കുടുംബം, വീട്, ഗ്രാമം അല്ലെങ്കിൽ രാജ്യം തുടങ്ങിയവയോട് അമിതാസക്തിയുമുളളവരും, മരണാനന്തരം ഭൗതികഘടകങ്ങളാൽ നിർമിതമായ ഒരു ശരീരം സ്വീകരിക്കാതെ മനസ്, ബുദ്ധി, അഹങ്കാരം എന്നിവകളുടെ സങ്കലനമായ സൂക്ഷ്മ ശരീരമായി തുടരും. അത്തരം സൂക്ഷ്‌മ ശരീരങ്ങളിൽ ജീവിക്കുന്നവരെ പ്രേതങ്ങളെന്നുവിളിക്കുന്നു. ഇത്തരം പ്രേതാവസ്ഥ അങ്ങേയറ്റം വേദനാകരമാണ്. പ്രേതത്തിന് മനസും ബുദ്ധിയും അഹങ്കാരവും ഭൗതിക ജീവിതം ആസ്വദിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും, ആസ്വാദനം സാധ്യമാക്കാൻ സ്ഥൂലശരീരം ഇല്ലാത്തതിനാൽ അതിന് ഉപദ്രവങ്ങളുണ്ടാക്കാൻ മാത്രം കഴിയുന്നു. ഇവർക്കുവേണ്ടി അര്യമാ ദേവന്, അല്ലെങ്കിൽ വിഷ്ണു ഭഗവാന് ബലി അർപിക്കേണ്ടത് കുടുബാംഗങ്ങളുടെ, പ്രത്യേകിച്ച് പുത്രൻ്റെ കടമയാണ്. ഇൻഡ്യയിൽ സ്‌മരണാതീത കാലം മുതലേ മരണമടഞ്ഞ ഒരു മനുഷ്യന്റെ പുത്രൻ ഗയയിൽ പോവുകയും, പ്രേതമായ പിതാവിന്റെ പ്രയോജനത്തിനുവേണ്ടി അവിടെ വിഷ്‌ണു ക്ഷേത്രത്തിൽ ബലി അർപിക്കുകയും ചെയ്യാറുണ്ട്. എല്ലാവരുടെയും പിതാക്കന്മാർ പ്രേതങ്ങളായിത്തീരുമെന്നല്ല, എങ്കിലും വിഷ്ണുഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ പിണ്ഡ തർപണം നടത്തുന്നപക്ഷം, കുടുംബത്തിലെ ഏതെങ്കിലുമൊരംഗം പ്രേതമായിത്തീരാൻ ഇടയായാൽ അവനൊരു സ്ഥൂലശരീരം കിട്ടി അനുഗ്രഹീതനാകും. എങ്ങനെതന്നെയായലും, ഭഗവാൻ വിഷ്ണുവിന്റെ പ്രസാദം സ്വീകരിക്കുന്ന ഒരുവൻ പ്രേതമാകാനോ, മനുഷ്യജീവിയെക്കാൾ താഴ്ന്ന വർഗത്തിൽ ജനിക്കാനോ യാതൊരു സാധ്യതയുമില്ല. വൈദിക സംസ്കാരത്തിൽ ശ്രാദ്ധമെന്നപേരിൽ ഭക്തിയോടും വിശ്വാസത്തോടും ഭക്ഷണം സമർപിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരുവൻ ഭക്തിയോടും വിശ്വാസത്തോടും വിഷ്ണു ഭഗവാന്റെ പാദപങ്കജങ്ങളിലോ, പിതൃലോകത്തിലെ അദ്ദേഹത്തിന്റെ പ്രതിനിധിയായ അര്യമാനോ ബലിതർപണങ്ങൾ നടത്തിയാൽ, അവന്റെ പിതാമഹന്മാർ പ്രേതങ്ങളായിട്ടുണ്ടെങ്കിൽ അവർക്ക് മരണസമയത്ത് പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന ഏത് ഭൗതികാസ്വാദനവും സഫലമാക്കാൻ ഭൗതിക ശരീരങ്ങൾ ലഭിക്കും. മറ്റു വാക്കുകളിൽ, അവർ പിന്നീട് പ്രേതങ്ങളായിത്തീരില്ല.
(ശ്രീമദ് ഭാഗവതം 4/18/18/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment