ശ്രീകൃഷ്ണ ഭഗവാന്റെ ഉന്നത ഭക്തരിൽ ഒരാളാണ് ശ്രീമതി തുളസി ദേവി.
ഒരാൾക്ക് ഭക്തിയുത സേവനത്തിൽ പുരോഗതി കൈവരിക്കുവാൻ തുളസി ദേവിയുടെ കാരുണ്യം എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന് എല്ലാ ശാസ്ത്രങ്ങളും വിശദീകരിക്കുന്നു. സ്കന്ദ പുരാണം പറയുന്നു: തുളസി ദേവി എല്ലാ രീതിയിലും മംഗളകരമാണ്. തുളസി ദേവിയെ ദർശിക്കുകയോ, സ്പർശിക്കുകയോ, സ്മരിക്കുകയോ, പ്രാർത്ഥനകൾ അർപ്പിക്കുകയോ, ശ്രവിക്കുകയോ, നമസ്കരിക്കുകയോ ചെയ്യുന്നവർക്ക് വൈകുണ്ഠ ലോകം ലഭിക്കുന്നു.
*വൃന്ദാ ദേവി*
ഭൗതിക ലോകത്തിനു മുകളിൽ ശാശ്വതമായ ആദ്ധ്യാത്മിക ലോകത്തിൽ കോടിക്കണക്കിന് വൈകുണ്ഠ ലോകങ്ങൾ നിലനിൽക്കുന്നു. അതിൽ ഏറ്റവും ഉയർന്ന ഗൃഹമായ ഗോലോകത്തിൽ ശ്രീകൃഷ്ണ ഭഗവാൻ വസിക്കുന്നു. ഇവിടെ ശ്രീമതി രാധാ റാണിയുടെ അംശ വിസ്തരണവും, അടുത്ത സഹചാരിയുമായ തുളസി ദേവി വസിക്കുന്നു.
ലീലാ ശക്തിയുടെ മൂർത്തിമദ് ഭാവമായ വൃന്ദാ ദേവിയാണ് ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീമതി രാധാറാണിയുടടെയും അതീന്ദ്രിയ ലീലകൾ നടത്തുവാൻ സഹായിക്കുന്നത്. വൃന്ദാ ദേവിയുടെ സഹചാരികളായ രണ്ടു തത്തകൾ വളരെ പ്രാധാന്യം വഹിക്കുന്നു. ഇവരുടെ സഹായത്താൽ വൃന്ദാ ദേവി ശ്രീകൃഷ്ണ ഭഗവാന്റെ പൂർണ തൃപ്തി ഉറപ്പു വരുത്തുന്നു. വൃന്ദാ ദേവി ഭഗവാന്റെയും രാധാറാണിയുടെയും സംപ്രീതിക്കായി എല്ലാം നിയന്ത്രിക്കുന്നു. എങ്ങനെ കാറ്റ് വീശണമെന്നും എവിടെ വച്ച് എപ്പോൾ മഴ പെയ്യണമെന്നും, വൃക്ഷങ്ങൾ എങ്ങനെ ചരിയണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും വൃന്ദാ ദേവി നിയന്ത്രിക്കുന്നു.
*വൃന്ദാവനം പ്രത്യക്ഷമാകുന്നു*
5000 വർഷങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണ ഭഗവാൻ ലീലകൾക്കായി ഭൂമിയിൽ അവതരിച്ചപ്പോൾ, വൃന്ദാദേവി ഭഗവാന്റെ ലീലകൾക്കായുള്ള സാഹചര്യം ഒരുക്കി. ശ്രീകൃഷ്ണ ഭഗവാന്റെ ആവിർഭാവത്തിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വൃന്ദാദേവി കേദര എന്ന ചക്രവർത്തിയുടെ മകളായി പിറന്നു. ശേഷം 6000 വർഷം തപസ്സിൽ ഏർപ്പെടുകയും ചെയ്തു. വൃന്ദാ ദേവിയുടെ തപസ്സിൽ സംപ്രീതനായ ഭഗവാൻ വിഷ്ണു, വൃന്ദാവനത്തിൽ നടത്തുന്ന ഏതു തപശ്ചര്യയും ശക്തിമത്താവട്ടെ എന്ന വരം നൽകി. ഇതു വഴി വൃന്ദാ ദേവി ആ ഭൂമി പവിത്രമാക്കുകയും വൃന്ദാവനം എന്ന നാമം ലഭിക്കുകയും ചെയ്തു. ശേഷം വൃന്ദാ ദേവി ഒരിക്കൽകൂടി തുളസി ദേവിയായി രാജാ കുശധ്വജന്റെ മകളായി അവതരിക്കുകയും തപസ്യകൾ നടത്തുകയും ചെയ്തു.
*രാധാ കൃഷ്ണന്മാരുടെ ലീലകൾ*
വൃന്ദാവനം പൂർണമായും വൃന്ദാദേവിയുടെ നിയന്ത്രണത്തിലാണ്. വൃന്ദാ ദേവിയുടെ കാരുണ്യമില്ലാതെ രാധാ കൃഷ്ണ ലീലയുടെ ശ്രോതാവാകാൻ പോലും സാധിക്കില്ല.
കൃഷ്ണ ലീലയിൽ വൃന്ദാദേവി ശ്രീമതി രാധാറാണിയുടെ സുഹൃത്തായ യുവ ഗോപിയായി അവതരിച്ചു. പൂർണമാസ്യയുടെ(യോഗ മായ) നിർദേശ പ്രകാരം വൃന്ദാ ദേവി ശ്രീകൃഷ്ണ ഭഗവാന്റെയും രാധാ റാണിയുടെയും സമാഗമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. രാധാകൃഷ്ണന്മാർക്കായി കുങ്കുമപ്പൂ, ഫലങ്ങൾ, പൂക്കൾ തുടങ്ങിയ വസ്തുക്കൾ സജ്ജീകരിക്കുന്നു.
ഒരിക്കൽ വൃന്ദാ ദേവിയുടെ സേവനത്തിൽ സംപ്രീതയായ ശ്രീമതി രാധാറാണി മറ്റു ഗോപികമാരുടെ സഹായത്തോടെ ഇരിപ്പിടം പണിയുകയും ശ്രീകൃഷ്ണ ഭഗവാനെയും വൃന്ദാദേവിയെയും അവിടെ ഉപവിഷ്ടരാക്കുകയും ലളിതാ സഖി പുരോഹിതയായി നിന്നുകൊണ്ട് ശ്രീകൃഷ്ണ ഭഗവാന്റെയും വൃന്ദാ ദേവിയുടെയും വിവാഹം നടത്തുകയും ചെയ്തു. അങ്ങനെ ശ്രീമതി രാധാറാണിയുടെ കാരുണ്യത്താൽ വൃന്ദാദേവിക്ക് ശ്രീകൃഷ്ണ ഭഗവാനെ ലഭിച്ചു.
മറ്റൊരു ലീലയിൽ വൃന്ദാദേവി വൃന്ദാവനത്തിലെ എല്ലാ വനങ്ങളും രാധാറാണിക്ക് അർപ്പിച്ചു. അതിനാൽ രാധാറാണി വൃന്ദാവനേശ്വരി എന്ന് കൂടി അറിയപ്പെടുന്നു.
വൈഷ്ണവ മന്ത്ര ദീക്ഷ ലഭിച്ച ഏതൊരു വ്യക്തിയും ഭഗവാന്റെ അർച്ചാ മൂർത്തിയെ ആരാധിക്കേണ്ടതാണ്, ഒപ്പം അദ്ദേഹം എല്ലാ ഭക്ഷണ പദാർത്ഥങ്ങളും കഴിക്കുന്നതിന് മുൻപ് ഭഗവാന് അർപ്പിക്കേണ്ടതാണ്. ഭക്തർ ഭഗവാന് നിവേദ്യം സമർപ്പിക്കുമ്പോൾ തുളസി ഇലകളോ, പൂക്കളോ അതിൽ അർപ്പിക്കേണ്ടതാണ്. ഭഗവാൻ വിഷ്ണു തുളസി ഇല്ലാതെ ഒരു ഭക്ഷണ പദാർഥവും സ്വീകരിക്കുന്നതല്ല.
വാർകണാർച്ചാവതാരം എന്ന വാക്ക് അർത്ഥമാക്കുന്നത് അർച്ചന സ്വീകരിക്കുവാനുള്ള ഭഗവാന്റെ അവതാരം(അർചാവതാരം), വൃക്ഷത്തിന്റെ രൂപത്തിൽ(വാർകണ) എന്നത് തുളസി ദേവിയെ ഉദ്ദേശിച്ചു കൊണ്ടാകുന്നു. അതിനാൽ തുളസി ദേവിയുടെ ഇലകളും, പൂക്കളും ഭഗവാന്റെ അർച്ചാവതാരത്തെ ആരാധിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
*തുളസി ദേവി സസ്യത്തിന്റെ രൂപം സ്വീകരിക്കുന്നു*
ശുദ്ധഭക്തർ ഭാഗമാവുന്ന ലീലകൾ ഭൗതിക ലോകത്തിലെ ബദ്ധ ജീവാത്മാക്കൾക്ക് വേണ്ടിയാകുന്നു.
പദ്മ പുരാണത്തിലും, ബ്രഹ്മവൈവർത്ത പുരാണത്തിലുമുള്ള തുളസി ദേവിയുടെ ലീല അത് ഉറപ്പ് വരുത്തുന്നു.
ഒരിക്കൽ തുളസി ദേവി കുശധ്വജ എന്ന രാജാവിന്റെ പുത്രിയായി ജനിച്ചു. അവർ സമുദ്ര ദേവന്റെ പുത്രനായ ജലന്ധരനെ വിവാഹം ചെയ്തു. സമുദ്ര ദേവന്റെ മക്കളായിരുന്നു ജലന്ധരനും, ലക്ഷ്മി ദേവിയും. ജലന്ധരൻ തന്റെ പത്നിയായ തുളസി ദേവിയുടെ പരിശുദ്ധിയും, പാതിവൃത്യത്തിൽ നിന്നും ശക്തി നേടി. ദേവിയുടെ പരിശുദ്ധി കാരണം മഹാദേവന് പോലും ജലന്ധരനെ തോൽപിക്കാൻ സാധിച്ചില്ല. അങ്ങനെ ദേവന്മാർ ഭഗവാൻ വിഷ്ണുവിനെ സഹായത്തിനായി സമീപിച്ചു.
അതിനാൽ ഭഗവാൻ ജലന്ധരന്റെ രൂപത്തിൽ തുളസി ദേവിയെ സമീപിക്കുകയും, തന്റെ ഭർത്താവെന്നു കരുതി ഭഗവാനെ സ്വീകരിച്ച തുളസി ദേവിയുടെ പാതിവൃത്യം നിമിഷ നേരത്തേക്ക് ഇല്ലാതാവുകയും ചെയ്തു, ആ സമയം ദേവന്മാർ ജലന്ധരനെ വധിക്കുകയും ചെയ്തു. പിന്നീട് തുളസി ദേവിക്ക് മുൻപിൽ ഭഗവാൻ സ്വന്തം രൂപം പ്രകടിപ്പിക്കുകയും ചെയ്തു. കുപിതയായ തുളസി ദേവി ഒരു കല്ലായി പോകട്ടെ എന്ന് ഭഗവാനെ ശപിച്ചു.
തന്റെ ശുദ്ധ ഭക്തയുടെ വാക്കുകൾ ഭഗവാൻ ആദരപൂർവം സ്വീകരിക്കുകയും, ഗന്ധകി നദിയിൽ ശാലിഗ്രാം ശിലയായി അവതരിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
തന്റെ കൂടെ വൈകുണ്ഠത്തിൽ ശാശ്വതമായി വസിക്കാം എന്ന വരം തുളസി ദേവിക്ക് നൽകുകയും ചെയ്തു. അതുപോലെ എല്ലാവരുടെയും ഗുണത്തിനായി തുളസി ദേവി സസ്യത്തിന്റെ രൂപത്തിൽ അവതരിക്കുമെന്നും ഭഗവാൻ പറഞ്ഞു.
അതിനാൽ ഭക്തൻ ഭഗവാന് എന്തു സമർപ്പിക്കുമ്പോഴും തുളസി ഇല കൂടി വയ്ക്കുന്നു.
ഭാഗ്യദേവത ലക്ഷ്മീ ദേവിക്ക് പോലും ചില സമയങ്ങളിൽ തുളസി ദേവിയോട് അസൂയ തോന്നുന്നു, കാരണം ഭഗവാന്റെ പാദപദ്മങ്ങളിൽ സമർപ്പിക്കുന്ന തുളസി ദേവി എപ്പോഴും അവിടെ നിലകൊള്ളുന്നു. എന്നാൽ ലക്ഷ്മീ ദേവി ഭഗവാന്റെ മാറിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, ചിലപ്പോഴൊക്കെ തന്റെ ഭക്തരെ സന്തോഷിപ്പിക്കുവാനായി അവിടം ഉപേക്ഷിക്കേണ്ടി വരുന്നു.
*തുളസി ദേവി ഭക്തിയുടെ ഉറവിടം*
ശ്രീമദ് ഭാഗവതത്തിൽ സനത് കുമാരന്മാരെ കുറിച്ചുള്ള ഭാഗത്തിൽ പരാമർശിക്കുന്നു, ബ്രഹ്മദേവന്റെ പുത്രന്മാരായ സനത് കുമാരന്മാർ ഭഗവാന്റെ അവ്യക്തിഗത ഭാവത്തിലായിരുന്നു ആകൃഷ്ടരായിരുന്നത്. എന്നാൽ ഭഗവാന്റെ പാദപദ്മങ്ങളിൽ നിന്നുള്ള തുളസിയുടെയും കുങ്കുമത്തിന്റെയും ഗന്ധം അവരുടെ നാസാദ്വാരം വഴി ഹൃദയത്തിൽ പ്രവേശിക്കുകയും, അവരുടെ ശരീരത്തിലും മനസ്സിലും മാറ്റം വരികയും ചെയ്തു. അങ്ങനെ തുളസി ഇലകളുടെ ഗന്ധം കൊണ്ടു മാത്രം നാല് കുമാരന്മാർ ശുദ്ധ ഭക്തരായി തീർന്നു.
ചൈതന്യ ലീലയിൽ, അധർമ്മം വർധിച്ചു വരുന്നതിൽ ദുഃഖിതനായ അദ്വൈതാചാര്യൻ ഭഗവാനെ തുളസി ഇലയും, ഗംഗാ ജലവും കൊണ്ട് ആരാധിച്ചു കൊണ്ട് ഇവിടെ അവതരിക്കുവാൻ അഭ്യർഥിച്ചു. അദ്വൈതാചാര്യന്റെ ഭക്തിയിൽ സംപ്രീതനായ ശ്രീകൃഷ്ണ ഭഗവാൻ ശ്രീചൈതന്യ മഹാപ്രഭുവായി അവതരിച്ചു.
ശ്രീചൈതന്യ മഹാപ്രഭുവിന്റെ മഹാഭക്തനായ ഹരിദാസ് താക്കൂർ ഒരു വേശ്യാ സ്ത്രീക്ക് തുളസി ദേവിയെ ആരാധിക്കുവാനും, തിരുനാമം ജപിക്കുവാനുമുള്ള നിർദേശം നൽകി. അതുവഴി അവർ ഒരു ശുദ്ധഭക്തയായി തീർന്നു.
*തുളസി ദേവിയുടെ മഹിമകൾ*
ഹരിഭക്തി വിലാസം ഗൗതമീയ തന്ത്രത്തിൽ നിന്നും പറയുന്നു:
തുളസി ദള മാത്രേണ
ജലസ്യ ചുലുകേന വാ
വിക്രീനിതെ സ്വാം ആത്മാനം
ഭക്തേഭ്യോ ഭക്ത വത്സല
ഭക്തരോട് അങ്ങേയറ്റം വാത്സല്യമുള്ള ശ്രീകൃഷ്ണ ഭഗവാൻ, ഒരു തുളസി ഇലയും, കയ്യിൽ കുറച്ചു ജലവും അർപ്പിക്കുന്ന ഭക്തന് സ്വയം സമർപ്പിതനാകുന്നു.
സ്കന്ദ പുരാണത്തിൽ പറയുന്നു:
തുളസി വൃക്ഷത്തിന് എന്റെ സാദര പ്രണാമങ്ങൾ. തുളസി വൃക്ഷത്തെ ദർശിക്കുകയോ, സ്പർശിക്കുകയോ ചെയ്യുന്ന മാത്രയിൽ എല്ലാ ദുഃഖങ്ങളും അസുഖങ്ങളും ഇല്ലാതാവുന്നു.
തുളസി വൃക്ഷത്തെ നമസ്കരിക്കുകയോ, ജലം ആർപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം ഒരുവന് യമലോകത്തെ കുറിച്ചുള്ള ഭയത്തിൽ നിന്നും മോചനം ലഭിക്കുന്നു.
ഒരുവൻ തുളസി വൃക്ഷം വിതയ്ക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ഭഗവാനിൽ ഭക്തി ലഭിക്കുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ പാദപദ്മങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കുന്ന ഒരു വ്യക്തിക്ക് പൂർണമായ ഭഗവദ് പ്രേമം ലഭിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .