Home

Sunday, December 29, 2024

പ്രായശ്ചിത്തവും പരിശുദ്ധീകരണവും



 നൈകാന്തികം തദ്ധി കൃത£പി നിഷ്കൃതേ

മനഃ പുനർധാവതി ചേദസത്‌പഥേ 

തത് കർമ്മനിർഹാരമഭീപ്‌സതാം ഹരേർ- 

ഗുണാനുവാദഃ ഖലു സത്ത്വഭാവനഃ



വിവർത്തനം


ധർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ശുപാർശ ചെയ്ത‌ിട്ടുള്ള ആചാരപരമായ പ്രായശ്ചിത്ത ചടങ്ങുകൾ ഒരുവൻ്റെ ഹൃദയത്തെ പരിപൂർണമായി പവിത്രീകരിക്കാൻ പര്യാപ്‌തമല്ല,, എന്തുകൊണ്ടെന്നാൽ, പ്രായശ്ചിത്താനന്തരവും അവൻ്റെ മനസ് ഭൗതിക പ്രവർത്തനങ്ങളിലേക്ക് പരക്കം പായുന്നു. പരിണിതഫലമായി ഭൗതികമായ ഫലകാംക്ഷാകർമങ്ങളുടെ പ്രതികർമങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ഒരുവന്, ഹരേകൃഷ്ണ മന്ത്ര ജപം, അഥവാ ഭഗവാന്റെ നാമം, യശസ്, ലീലകൾ എന്നിവകളുടെ മഹത്വീകരണം ഏറ്റവും നല്ല പ്രക്രിയയായി ശുപാർശ ചെയ്യുന്നു. അത്തരം ജപങ്ങൾ ഒരുവൻ്റെ ഹൃദയത്തിലെ അഴുക്കുകൾ പൂർണമായി കഴുകിക്കളയുന്നു.


ഭാവാർത്ഥം


ഈ ശ്ലോകത്തിലെ പ്രസ്‌താവനകൾ ശ്രീമദ്ഭാഗവത(1.2.17)ത്തിൽ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്:


ശ്രണതാം സ്വ-കഥാഃ കൃഷ്‌ണഃ പുണ്യ-ശ്രവണ-കീർത്തനഃ 

ഹൃദി അന്തഃസോ ഹി അഭദ്രാണീ വിധുനോതി സുഹൃത് സതാം


"പതിവായുള്ള ഭാഗവതകഥാശ്രവണത്തിലൂടെയും, ശുദ്ധഭക്ത സേവനത്തിലൂടെയും ഹൃദയ മാലിന്യങ്ങളെല്ലാം നശിക്കുന്നു. അതോടൊപ്പം തന്നെ, അതീന്ദ്രീയ ഗാനങ്ങളാൽ പ്രകീർത്തിക്കപ്പെടുന്ന പരമദിവ്യോത്തമ പുരുഷങ്കലുള്ള പ്രേമഭക്തിയുതസേവനം ദൃഢമായി പരമാർത്ഥമായി ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു." ഒരുവൻ തൻ്റെ നാമം, യശസ്, ഗുണങ്ങൾ എന്നിവയെ മഹത്ത്വീകരിക്കുന്നത് മനസിലാക്കിയാലുടൻ അവൻ്റെ ഹൃദയത്തെ മാലിന്യ മുക്തമാക്കാൻ വ്യക്തിപരമായി സഹായിക്കുന്നത് പരമോന്നതനായ ഭഗവാൻ്റെ പ്രത്യേക കാരുണ്യമാണ്. അതുകൊണ്ട്, അത്തരം മഹിമപ്പെടുത്തൽകൊണ്ട് ഒരുവൻ പരിശുദ്ധീകരിക്കപ്പെടുക മാത്രമല്ല, പുണ്യകർമങ്ങളുടെ ഫലം നേടുയും ചെയ്യുന്നു (പുണ്യ-ശ്രവണ-കീർത്തനം). പുണ്യ-ശ്രവണ-കീർത്തനം ഭക്തിയുതസേവന പ്രക്രിയയെ പ്രതിപാദിക്കുന്നു. ഒരുവന് ഭഗവാൻ്റെ നാമ, ഗുണ, ലീലകളുടെ അർത്ഥം ഗ്രഹിക്കാൻ കഴിവില്ലെങ്കിൽപോലും, അവ ശ്രവിക്കുകയും ജപിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം അവൻ ശുദ്ധീകരിക്കപ്പെടും. അത്തരം ശുദ്ധീകരണത്തെ സത്ത്വ-ഭാവന എന്നു വിളിക്കുന്നു.


സ്വന്തം അസ്തിത്വം ശുദ്ധീകരിക്കുകയും മോക്ഷം നേടുകയുമാണ് മനുഷ്യ ജീവിതത്തിൻ്റെ മുഖ്യ ലക്ഷ്യം. ഒരുവന് ഒരു ഭൗതികശരീരമുളളിടത്തോളം അവൻ അശുദ്ധനായിരിക്കും. അത്തരം അശുദ്ധമായ ഭൗതികാവസ്ഥയിൽ ഒരുവനും ശരിക്കും പരമാനന്ദകരമായ ജീവിതം ആസ്വദിക്കാൻ കഴിയില്ല, എല്ലാവരും അതാഗ്രഹിക്കുന്നുണ്ടെങ്കിൽപ്പോലും. അതിനാൽ ശ്രീ മദ്ഭാഗവതം (5.5.1) പറയുന്നു, തപോ ദിവ്യം പുത്രകാ യേന സത്ത്വം ശുദ്ധ്യേത്ഃ ഒരുവൻ ആത്മീയ തലത്തിലേക്ക് ഉയരത്തക്കവിധം തന്റെ അസ്തിത്വത്തെ ശുദ്ധീകരിക്കുന്നതിന് തപശ്ചര്യകളനുഷ്ഠിക്കണം. ഭഗവാന്റെ നാമം, യശസ്, ഗുണങ്ങൾ എന്നിവകളുടെ ജപത്തിന്റെയും മഹത്വീകരണത്തിന്റെയും തപസ്യ സകലർക്കും സന്തോഷിക്കാൻ കഴിയുന്ന പ്രയാസ രഹിതമായ ശുദ്ധീകരണ പ്രക്രിയയാണ്. ആയതിനാൽ സ്വന്തം ഹൃദയത്തിന്റെ ആത്യന്തിക ശുദ്ധി കാംക്ഷിക്കുന്ന ഏവരും ഈ പ്രക്രിയ സ്വീകരിക്കണം. കർമം, ജ്ഞാനം, യോഗം തുടങ്ങിയ മറ്റു പ്രക്രിയകൾക്കൊന്നും ഹൃദയത്തെ പൂർണമായി ശുദ്ധീകരിക്കാൻ കഴിയില്ല.



ശ്രീമദ് ഭാഗവതം 6-2-12 - ഭാവാർത്ഥം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 






Friday, December 20, 2024

പ്രഭാവ ശാലികളുടെ ഉപദേശങ്ങൾ അനുസരിക്കുകയേ നമ്മൾ ചെയ്യേണ്ടതുള്ളൂ. അവരെ അനുകരിക്കാൻ തുനിയാതിരിക്കുകയാണുത്തമം.

 


സമൂഹത്തിൻ്റെ സമാധാനം ഭഞ്ജിക്കുന്ന അനാവശ്യമായ ജനപ്പെരുപ്പമാണ് വർണസങ്കരം. ജനങ്ങളെ സ്വാഭാവികമായി തന്നെ സമാധാനപ്രിയരും ആദ്ധ്യാത്മികപുരോഗതിക്ക് അനുയോജ്യമായ വിധം സംഘടിതരുമാക്കുന്ന ചിട്ടകളും നിബന്ധനകളും ഏർപ്പെടുതിയത് ഈ സാമൂഹ്യാസ്വാസ്ഥ്യത്തെ തടയാൻ വേണ്ടിയാണ്. ഭഗവാൻ ശ്രീകൃഷ്‌ണൻ അവതരിക്കുമ്പോൾ ഇത്തരം സൂപ്രധാനാനുഷ്‌ഠാനങ്ങളുടെ ആവശ്യവും അതിൻ്റെ അന്തസ്സും പരിപാലിക്കുന്നതിന് സ്വാഭാവികമായും ഈ നിബന്ധനകൾ അനുസരിക്കുന്നു. സർവജീവജാലങ്ങളുടേയും പിതാവാണല്ലോ ശ്രീഭഗവാൻ. നേരിട്ടല്ലെങ്കിൽക്കൂടി ആ ജീവകോടികൾ വഴിപിഴച്ചുപോകുന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ധാർമ്മികനിയമങ്ങൾ പൊതുവേ അവഗണിക്കപ്പെടുമ്പോൾ ഭഗവാൻ അവതരിച്ച് സമൂഹത്തിന്റെ തെറ്റുതിരുത്തുന്നു. ഭഗവാന്റെ കാല്‌പാടുകൾ നോക്കി മുന്നേറേണ്ടുന്നവരാണെങ്കിലും നമുക്കദ്ദേഹത്തെ അനുകരിക്കാനാവില്ലെന്ന് നാം മനസ്സിലാക്കണം. പിൻതുടരുന്നതും അനുകരിക്കുന്നതും ഒരുപോലെയല്ല. ശ്രീകൃഷ്‌ണഭഗവാൻ ബാല്യകാലത്ത് ഗോവർദ്ധന പർവ്വതം ഉയർത്തിപ്പിടിച്ചു എന്നുവെച്ച് നമുക്ക് അങ്ങനെചെയ്യുക സാദ്ധ്യമല്ല. അത് ഒരു മനുഷ്യന് അസാദ്ധ്യമാണ്. അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങളനുസരിക്കണം. പക്ഷേ അദ്ദേഹത്തെ ഒരിക്കലും അനുകരിക്കേണ്ടതില്ല. ശ്രീമദ് ഭാഗവതം പറയുന്നു,



നൈതത്സമാചരേത് ജാതു മനസാപിഹ്യനീശ്വരഃ 

വിനശ്യത്യാചരൻ മൗഢ്യാദ് യഥാരുദ്രോബ്‌ധിജംവിഷം 

ഈശ്വരാണം വചഃ സത്യം തഥൈവാചരിതം ക്വചിത് 

തേഷാം യത് സ്വവചോയുക്തം ബുദ്ധിമാംസ്തത് സമാചരേത്.


(ഭാഗവതം 10.33.30) 


"ഭഗവാന്റേയും അദ്ദേഹത്താൽ നിയുക്തരായവരുടേയും ഉപദേശങ്ങളനുസരിക്കുകയേ ഒരാൾ ചെയ്യേണ്ടതുള്ളൂ. നമ്മുടെ നന്മയ്ക്കുതകുന്നതാണ് അവരുടെ ഉപദേശങ്ങൾ. ബുദ്ധിയുള്ളവർ അത് അതേപടി അനുസരിക്കും. പക്ഷേ അവരുടെ പ്രവൃത്തികളെ അനുകരിക്കാൻ ശ്രമിക്കരുത്. പരമശിവനെ അനുകരിച്ച്, സമുദ്രത്തിൽ നിന്നുളവായ വിഷം പാനം ചെയ്യാൻ ആരും തുനിഞ്ഞുകൂടാ."


സൂര്യചന്ദ്രന്മാരുടെ ചലനങ്ങൾപ്പോലും നിയന്ത്രിക്കാൻ കഴിയുന്ന ആ ഈശ്വരന്മാരുടെ സ്ഥിതി നമ്മുടേതിനേക്കാൾ എത്രയോ ഉന്നത മാണെന്ന് നാം മനസ്സിലാക്കണം. മഹാശക്തന്മാരായ അവരെ അത്രത്തോളം കഴിവില്ലാത്ത നമ്മൾ എങ്ങനെ അനുകരിക്കും? ഒരു സമുദ്രത്തോളം തന്നെ വിഷം ശിവൻ കുടിച്ചുതീർത്തു. ഒരു സാധാരണ മനുഷ്യൻ അതിലൊരു തുള്ളി കുടിച്ചാൽ മരിച്ചതു തന്നെ. കഞ്ചാവ് മുതലായ ലഹരിപദാർത്ഥങ്ങളിൽ ആസക്തിയുള്ള ചില കപട ശിവഭക്തന്മാരുണ്ട്. ശിവന്റെ പ്രവൃത്തികളെ അനുകരിക്കുന്നതുകൊണ്ട് തങ്ങൾ മരണത്തെ വിളിച്ചുവരുത്തുകയാണെന്ന് അവർക്കറിഞ്ഞുകൂടാ. ശ്രീകൃഷ്ണ ഭഗവാൻ്റെ ചില കപടഭക്തന്മാർ അദ്ദേഹത്തിൻ്റെ രാസ ലീലകളെ അനുകരിക്കാൻ ഇഷ്‌ടപ്പെടുന്നു. തങ്ങൾക്ക് ഗോവർദ്ധനോദ്ധാരണം സാദ്ധ്യമല്ലെന്ന് അവർ ഓർക്കാറില്ലതാനും. പ്രഭാവ ശാലികളുടെ ഉപദേശങ്ങൾ അനുസരിക്കുകയേ നമ്മൾ ചെയ്യേണ്ടതുള്ളൂ. അവരെ അനുകരിക്കാൻ തുനിയാതിരിക്കുകയാണുത്തമം. അവരുടെ സ്ഥാനത്ത് വേണ്ടുന്ന യോഗ്യതയില്ലാതെ സ്വയം പ്രതിഷ്‌ഠിക്കാൻ ശ്രമിക്കയുമരുത്. ഭഗവാൻ്റെ വൈഭവം ഉൾക്കൊള്ളാത്ത അനേകം കപടാവതാരങ്ങൾ ഇവിടെ കണ്ടുവരുന്നു.


(ഭഗവദ്ഗീത യഥാരൂപം 3/24 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Monday, December 2, 2024

കൃഷ്‌ണാവബോധത്തിൽ നവാഗതനായ ഭക്തൻ അമിതമായി ഭക്ഷിച്ചാൽ അവൻ നിപതിച്ചു പോകുന്നത് ദർശിക്കാൻ കഴിയും


തൃപതോ ഹൃഷ്ട‌ഃ സുദൃപ്‌തശ്ച കന്ദർപ്പാകൃഷ്ട‌മാനസഃ 

ന വ്യചഷ്‌ട വരാരോഹാം ഗൃഹിണീം ഗൃഹമേധിനീം


 വിവർത്തനം


വിശപ്പും ദാഹവും ശമിപ്പിച്ച് സംതൃപ്‌തനായ പുരഞ്ജന രാജാവിന് അവന്റെ ഹൃദയത്തിൽ ചില സന്തോഷങ്ങൾ അനുഭവപ്പെട്ടു. ഉന്നതമായ അവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ട അവൻ ഗൃഹസ്ഥ ജീവിതത്തിൽ തന്നെ സംതൃപ്‌തയാക്കിയ പത്നിയെ കണ്ടെത്താനുള്ള അഭിലാഷത്തോടെ നീങ്ങി.


ഭാവാർത്ഥം


കൃഷ്ണാവബോധത്തിൻ്റെ ഉന്നത തലങ്ങളിലേക്ക് സ്വയം ഉയർത്താൻ കാംക്ഷിക്കുന്നവർക്ക് ഈ ശ്ലോകം വളരെ അർത്ഥപൂർണമാണ്. ഒരു വ്യക്തി ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ അവൻ പിന്നീട്, അഭികാമ്യമല്ലാത്ത ഭക്ഷണം, അഥവാ മാംസാഹാരം കഴിക്കുന്നതിൽ വ്യാപൃതനാവുകയോ, മദ്യപാനത്തിലും അവിഹിത ലൈംഗികതയിലും ചൂതാട്ടത്തിലും മുഴുകുകയോ ചെയ്യില്ല. ഗോതമ്പ്, അരി, പച്ചക്കറികൾ, പഴങ്ങൾ, പാൽ, പഞ്ചസാര, പാലുൽപന്നങ്ങൾ എന്നിവകൾ സാത്വികാഹാരങ്ങളാണെന്ന് ശാസ്ത്രങ്ങളിൽ വിവരിച്ചിട്ടുണ്ട്. ചോറ്, പരിപ്പ്, ചപ്പാത്തി, പച്ചക്കറികൾ, പാൽ, പഞ്ചസാര എന്നിവ സമീകൃതാഹാരങ്ങളാണ്. പക്ഷേ, ദീക്ഷ സ്വീകരിച്ച ഒരു വ്യക്തി പ്രസാദമെന്ന പേരിൽ വളരെ ആഢംബര രീതിയിലുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നത് കാണപ്പെടാറുണ്ട്. പാപ പങ്കിലമായിരുന്ന കഴിഞ്ഞ ജീവിതം നിമിത്തം കാമദേവനാൽ ആകർഷിക്കപ്പെടുന്ന അവൻ നല്ല ആഹാരം ആർത്തിയോടെ ആവശ്യത്തിലധികം ഭക്ഷിക്കുന്നു. കൃഷ്‌ണാവബോധത്തിൽ നവാഗതനായ ഭക്തൻ അമിതമായി ഭക്ഷിച്ചാൽ അവൻ നിപതിച്ചു പോകുന്നത് ദർശിക്കാൻ കഴിയും. അവൻ പരിശുദ്ധമായ കൃഷ്‌ണാവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനു പകരം കാമദേവനാൽ ആകൃഷ്ടനാകുന്നു. ബ്രഹ്മചാരിയെന്നുപറയപ്പെടുന്നവൻ സ്ത്രീയാൽ വികാരവാനായെന്നുവരാം, അതുപോലെ, വാനപ്രസ്ഥൻ വീണ്ടും പത്നിയുമായുള്ള ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നുവരാം, അല്ലെങ്കിൽ അവൻ മറ്റൊരു ഭാര്യയെ തേടിയെന്നുവരാം. വൈകാരികങ്ങളായ കാരണങ്ങളാൽ സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും, ഭക്തന്മാരോടും ആത്മീയഗുരുവിനോടും സഹവാസത്തിലേക്ക് വരുകയും ചെയ്യാം, അവൻ. പക്ഷേ പാപപങ്കിലമായിരുന്ന പഴയ ജീവിതം മൂലം അവന് അവബോധത്തിൽ തുടരാൻ കഴിയാതാകുന്നു. കൃഷ്ണാവബോധത്തിൻ്റെ ഔന്നത്യങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ടുപോകുന്ന അവൻ ലൈംഗികാസ്വാദനത്തിന് മറ്റൊരു ഭാര്യയെ തിരഞ്ഞു പിടിക്കുന്നു. കൃഷ്‌ണാവബോധത്തിൽ നിന്ന് ഭൗതിക ജീവിതത്തിലേക്കുള്ള നവഭക്തൻ്റെ വീഴ്ച്ച ശ്രീമദ്ഭാഗവത(1.5.17)ത്തിൽ നാരദമുനിയാൽ വിവരിക്കപ്പെട്ടിട്ടുണ്ട്.


ത്യക്ത്വാ സ്വ-ധർമം ചരണാംബുജം ഹരേർ 

ഭജൻ അപക്വോ fഥ പതേത് തതോ യദി

യത്ര ക്വ വാഭദ്രം അഭൂത് അമുഷ്യ കിം 

കോ വാർത ആപ്റ്റോ fഭജതാം സ്വ-ധർമതഃ


ഒരു നവഭക്തന് അപക്വത മൂലം കൃഷ്‌ണാവബോധ പാതയിൽ നിന്ന് പതനം സംഭവിച്ചാൽപോലും കൃഷ്‌ണനുവേണ്ടി അവൻ അനുഷ്‌ഠിച്ച സേവനം വൃഥാവിലാകുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്ങനെതന്നെയായാലും ഒരു വ്യക്തി അവൻ്റെ കുടുംബ കർത്തവ്യങ്ങളിൽ, അല്ലെങ്കിൽ സാമൂഹികവും കുടുംബപരവുമായ കടപ്പാടുകളിൽ ഉറച്ചു നിൽക്കുകയും, കൃഷ്ണാവബോധം സ്വീകരിക്കാതിരിക്കുകയും ചെയ്‌താൽ അവന് യാതൊരു പ്രയോജനവുമുണ്ടാകില്ല. കൃഷ്‌ണാവബോധത്തിലേക്ക് വരുന്ന ഒരുവൻ വളരെ ജാഗ്രതയുള്ളവനും, നിരോധിത കർമങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നവനുമായിരിക്കണം, രൂപഗോസ്വാമി അദ്ദേഹത്തിൻ്റെ ഉപദേശാമൃതത്തിൽ നിർവചിച്ചിട്ടുള്ളതുപോലെ.


അത്യാഹാരഃ പ്രയാസശ് ച 

പ്രജൽപോ നിയമാഗ്രഹഃ 

ജന-സംഗശ് ച ലൗല്യം ച 

ഷഡ്‌ഭിർ ഭക്തിർ വിനശ്യതി


നവഭക്തൻ അമിതമായി ഭക്ഷിക്കുകയോ, ആവശ്യത്തിലേറെ ധനം സമ്പാദിക്കുകയോ ചെയ്യരുത്. അമിതമായി ഭക്ഷിക്കുന്നതിനെയും, സമ്പാദിക്കുന്നതിനെയും അത്യാഹാര എന്നുവിളിക്കുന്നു. അത്തരം അത്യാഹാരത്തിനു വേണ്ടി അമിതമായി അദ്ധ്വാനിക്കേണ്ടിവരുന്നു. ഇതിനെ പ്രയാസ എന്നുവിളിക്കുന്നു. ഉപരിപ്ളവമായി ഒരുവൻ നിയമങ്ങളും ക്രമങ്ങളും വളരെ വിശ്വാസപൂർവം പാലിക്കുന്നതായി കാണപ്പെട്ടേക്കാമെങ്കിലും, അവന് ക്രമീകൃത തത്ത്വങ്ങളിൽ ഉറപ്പുണ്ടാവില്ല. ഇത് നിയമാഗ്രഹ എന്നു വിളിക്കപ്പെടുന്നു. അനഭികാമ്യരായ വ്യക്തികളോട്, ജനസംഗങ്ങളോട് സമ്മിശ്രപ്പെടുന്നതുമൂലം ഒരുവൻ കാമാന്ധതയാലും ദുരാഗ്രഹത്താലും കളങ്കപ്പെടുകയും ഭക്തിയുതസേവന പാതയിൽ നിന്ന് വീണു പോവുകയും ചെയ്യുന്നു.


ശ്രീമദ് ഭാഗവതം 4-26-13


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്