Home

Thursday, January 4, 2024

ഡാർവിൻ അബദ്ധങ്ങൾ




ശ്രീല പ്രഭുപാദവാണി

ഡാർവിൻ അബദ്ധങ്ങൾ


1975 ജൂലൈയിൽ ചിക്കാഗോയിൽ വച്ച് ശ്രീല എ.സി.ഭക്തിവേദാന്തസ്വാമി പ്രഭുപാദരും ചില ശിഷ്യന്മാരും തമ്മിൽ പ്രഭാതസവാരിക്കിടെ നടന്ന സംഭാഷണത്തിൽ നിന്ന്.


🔆🔆🔆🔆🔆


ശ്രീല പ്രഭുപാദർ : ഡാർവിൻ എവിടെ നിന്നാണ് തുടങ്ങുന്നത്?


ഭക്തൻ : അയാൾ സമുദ്രത്തിൽ നിന്നാണ് തുടങ്ങുന്നത്. മത്സ്യം പോലുള്ള ഏതോ ഒരു ജീവി കരയിലേക്ക് വന്നെന്നും വായു ശ്വസിച്ചു തുടങ്ങിയെന്നുമാണ് അയാൾ പറയുന്നത്.


ശ്രീല പ്രഭുപാദർ : സമുദ്രം എവിടെ നിന്നും വരുന്നു?


ഭക്തൻ : അയാൾ പറയുന്നില്ല.



ശ്രീല പ്രഭുപാദർ : അപ്പോൾ അയാളുടെ വാദം പൂർണമല്ല.


ഭക്തൻ : തുടക്കത്തിൽ ഈ ഗ്രഹത്തിൽ വലിയൊരു ഇളകിമറിയൽ ഉണ്ടായി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സമുദ്രങ്ങൾ ഇളകിമറിഞ്ഞു, പിന്നീട് ചില മിന്നൽ പിണറുകൾ ഉണ്ടായി.


ശ്രീല പ്രഭുപാദർ : മിന്നൽ എവിടെ നിന്നാണുണ്ടായത്? സമുദ്രം എവിടെ നിന്നുദ്ഭവിച്ചു ? എവിടെ അയാളുടെ തത്ത്വശാസ്ത്രം ? അത് ഊഹാപോഹമാണ്.


ഭക്തൻ : എല്ലാം ഒരു പുരാതനമായ സ്ഫോടനത്തിൽ നിന്ന് തുടങ്ങിയെന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : അപ്പോൾ ഞാൻ അതേ ചോദ്യം ആവർത്തിക്കുന്നു - സ്ഫോടനം എവിടെ നിന്ന് വന്നു ?


ഭക്തൻ : ശൂന്യ സമയത്ത് (ടൈം സീറോ) സ്ഫോടനം ഉണ്ടായി എന്നാണവർ പറയുന്നത്. (ചിരിക്കുന്നു)


ശ്രീല പ്രഭുപാദർ : ശൂന്യ സമയമോ ?


ഭക്തൻ : സമയം തുടങ്ങിയത് ടൈം സീറോയിലാണത്രേ. അതിനുമുൻപ് എന്തുണ്ടായി എന്ന ചോദ്യം യുക്തിസഹജമല്ല എന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : എന്തുകൊണ്ട് ?


ഭക്തൻ : ആ ചോദ്യം ചോദിക്കാൻ തന്നെ പാടില്ലെന്നാണവർ പറയുന്നത്.


ശ്രീല പ്രഭുപാദർ : അല്ല, അവർ ദുഷ്‌കൃതികളാണ്. അവർ പൂജ്യത്തിൽ നിന്ന് തുടങ്ങുന്നു. പക്ഷേ പൂജ്യത്തിൽ നിന്നെങ്ങനെ തുടങ്ങാൻ കഴിയും ?


ഭക്തൻ : അപ്പോൾ എല്ലാറ്റിൻ്റേയും തുടക്കം ശൂന്യതയിൽ നിന്നാണെന്ന് വരും.


ശ്രീല പ്രഭുപാദർ : അതു തത്ത്വശാസ്ത്രമല്ല.


ഭക്തൻ : അനാദിയായ പദാർത്ഥത്തിൻ്റെ ഭീമമായ ഒരു കൂമ്പാരത്തിൽ നിന്നാണ് അതു തുടങ്ങിയതെന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : വീണ്ടും അതേ ചോദ്യം ഉയരുന്നു - പദാർത്ഥം എവിടെ നിന്ന് വന്നു?


ഭക്തൻ : അതു യാദൃശ്ചികമായി ഉണ്ടായതാണെന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : അതാണ് ദുഷ്‌കൃതിസ്വഭാവം. എവിടെയാണ് യാദൃശ്ചികത? ഒന്നും യാദ്യശ്ചികമല്ല. സംഭവിക്കുന്നതെല്ലം കാരണവും പരിണാമവുമാണ്. ആദിയിൽ ദൈവം അഥവാ ദൈവത്തിൻ്റെ വചനം ഉണ്ടായി എന്നാണ് ബൈബിൾ പറയുന്നത്. അപ്പോൾ ദൈവമുണ്ടായിരുന്നു. അതാണ് തുടക്കം. നമ്മുടെ തത്ത്വശാസ്ത്രത്തിലും അതു തന്നെയാണ് തുടക്കം. ശ്രീമദ് ഭാഗവതം പ്രമാണം നൽകുന്നു : 'ജന്മാദ്യസ്യ യതഃ..... അഹം ഏവാസം ഏവാഗ്രേ.... ഭഗവദ് ഗീതയിൽ - അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർത്തതേ. ഇതാണ് നമ്മുടെ തത്ത്വശാസ്ത്രം. എല്ലാം തുടങ്ങുന്നത് ദൈവത്തിൽ നിന്നാണ്. അപ്പോൾ നിങ്ങൾക്ക് ചോദിക്കാം, "ദൈവം എവിടെ നിന്ന് വന്നു?" പക്ഷേ അതാണ് ദൈവം ദൈവത്തിന് മറ്റൊരു കാരണമില്ല. അവിടുന്നാണ് യഥാർത്ഥകാരണം. അനാദിർ ആദിർ. അവിടുന്നിന് ആദിയില്ല, പക്ഷേ എല്ലാറ്റിൻറേയും ആദിയാണ്. ബ്രഹ്മാവിന്റെ വാക്യങ്ങളിൽ ദൈവത്തെക്കുറിച്ചു നൽകിയിട്ടുള്ള വിവരണം അങ്ങനെയാണ് : അനാദിർ ആദിർ ഗോവിന്ദഃ - ആ ആദിയാണ് യഥാർത്ഥപുരുഷനായ ഗോവിന്ദൻ, കൃഷ്ണൻ. ഇതു നമുക്ക് വൈദിക ഇതിഹാസത്തിൽ കാണാം. ബ്രഹ്മാവ് തുടക്കത്തിലുണ്ട്. അദ്ദേഹം ദേവനാണ്, പ്രഥമ ദേവൻ.


കൃഷ്ണൻ പറയുന്നു, 'അഹം ആദിർ ഹി ദേവാ നാം'. ദേവന്മാരുടെ അസ്‌തിത്വത്തിന് കാരണം കൃഷ്ണനാണ്. ബ്രഹ്മാവിൻ്റെ കാരണവും കൃഷ്‌ണൻ തന്നെ. അതാണ് നമ്മുടെ തത്ത്വശാസ്ത്രം. നാം പൂജ്യത്തിൽ നിന്നോ യാദ്യശ്ചികമായ സംഭവത്തിൽ നിന്നോ തുടങ്ങുന്നില്ല.


ഭക്തൻ : ഡാർവിൻ ഒരിക്കലും വൈദികതത്ത്വശാസ്ത്രം മനസ്സിലാക്കാൻ തുനിഞ്ഞില്ല.


ശ്രീല പ്രഭുപാദർ : ഇല്ല, അയാൾ ഊഹാപോഹങ്ങൾ നടത്തുകയായിരുന്നുവെന്ന് സ്വയം സമ്മതിച്ചിട്ടുണ്ട്. അയാൾ തത്ത്വചിന്തകനല്ല, ഊഹാപോഹക്കാരനാണ്. അയാൾ സമ്മതിച്ചിട്ടുണ്ട്: "ഇതെൻ്റെ ഊഹമാണ്, ഞാൻ ഇങ്ങനെ ചിന്തിക്കുന്നു."


ഭക്തൻ : ജീവന്റെ ഉൽഭവത്തെക്കുറിച്ചാണ് അയാൾ തന്റെ ഊഹാപോഹങ്ങൾ തുടങ്ങിയത്.


ശ്രീല പ്രഭുപാദർ : എവിടെയായാലും ഊഹാപോഹങ്ങൾ ശാസ്ത്രവുമല്ല, തത്ത്വവാദവുമല്ല.


ഭക്തൻ : വേദങ്ങൾ ഊഹാപോഹങ്ങളാണ് എന്നാണ് അവർ പറയുന്നത്. ഉപനിഷത്തുകൾ ഊഹാപോഹങ്ങളാണ് എന്നവർ പറയുന്നു.


ശ്രീല പ്രഭുപാദർ : അല്ല, അല്ല, അത് ഊഹാപോഹങ്ങളല്ല. ശ്രീ ഈശോപനിഷത്തു പറയുന്നു: “ഈശാവാസ്യം ഇദം സർവം'. എല്ലാം തുടങ്ങുന്നത് ഈശനിൽ നിന്നാണ്, പരമനിയന്താവിൽ നിന്നാണ്. വേദങ്ങളിലെവിടെയാണ് ഊഹാപോഹങ്ങൾ ?


ഭക്തൻ : വേദങ്ങൾ മനുഷ്യനാൽ എഴുതപ്പെട്ടവയാണെന്നും ആകയാൽ അവ വികലമാണെന്നും അവർ പറയുന്നു.


ശ്രീല പ്രഭുപാദർ : എന്താണ് നിങ്ങളുടെ തത്ത്വശാസ്ത്രം ? അതു മനുഷ്യൻ രചിച്ചതാണ്. എന്താണതിന്റെ മൂല്യം? അത് ഊഹാപോഹങ്ങൾ മാത്രമാണ്. വേദങ്ങൾ മനുഷ്യൻ രചിച്ചതാണെന്ന് നാം പറയുന്നില്ല. അവ ദിവ്യമായ സ്രോതസ്സിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഭഗവാൻ്റെ വാക്കുകൾ 'അപൗരുഷേയം' എന്നറിയപ്പെടുന്നു, അവ ഉദ്ഭവിക്കുന്നത് ലൗകികനായ ഏതെങ്കിലും വ്യക്തിയിൽ നിന്നല്ല എന്നതാണ് അതു സൂചിപ്പിക്കുന്നത്.


അവർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, നാം അതംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ഒരാൾ പറയുന്നവെന്നിരിക്കട്ടെ, "നിങ്ങളുടെ അച്ഛന്റെ പേർ ഇതാണ്" എന്ന്. എന്റെ അച്ഛൻ്റെ പേരെന്താണെന്ന് പറയാൻ അയാൾക്കെന്ത് അയാൾ ആധികാരികതയാണുള്ളത് ? എനിക്ക് നന്നായി അറിയാം.


ഇവരുടെ അഭിപ്രായവും അങ്ങനെ തന്നെയാണ്:"നിങ്ങളുടെ പിതാവിൻ്റെ പേർ ഇതാണ്." അതൊരു നല്ല അഭിപ്രായമാണോ ? എൻ്റെ അച്ഛന്റെ പേരിന്നതാണെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും ? അതു ദുഷ്കൃതിയായ ബുദ്ധിയല്ലേ ? നിങ്ങൾക്കെൻ്റെ കുടുംബത്തെക്കുറിച്ച് ഒന്നും അറിയില്ല, എന്നിട്ടും നിങ്ങൾ എന്റെ അച്ഛന്റെ പേരിന്നതാണെന്ന് പറഞ്ഞാൽ അതി ലെന്തു യുക്തിയാണുള്ളത്?


ഭക്തൻ : ഡാർവിൻ എല്ലുകളും ചില പുരാവസ്‌തു സംബന്ധിയായ തെളിവുകളും പ്രദർശിപ്പിച്ചു എന്നതാണ് അയാളുടെ സിദ്ധാന്തത്തിൻ്റെ പ്രമാണം.


ശ്രീല പ്രഭുപാദർ : അയാൾ എല്ലാ എല്ലുകളും കണ്ടിരിക്കാൻ സാധ്യതയില്ല. അയാൾ എല്ലുകൾ നിരീക്ഷിച്ചാണ് പഠനങ്ങൾ നടത്തിയതെങ്കിൽ എളുപ്പത്തിൽ തന്നെ എനിക്ക് പറയാൻ കഴിയും, അയാളെപ്പോലെയുള്ള ഒരു വ്യക്തിക്ക് എല്ലാ എല്ലുകളും കാണാൻ കഴിയുകയില്ല. അതാണ് എൻ്റെ വെല്ലുവിളി. 'കോടാനുകോടി വർഷങ്ങൾക്ക് മുൻപ്' എന്നയാൾ പറയുന്നു, പക്ഷേ അയാൾ അൻപതു വർഷമാണ് ജീവിച്ചിരുന്നത്. അയാളെങ്ങനെ എല്ലാ എല്ലുകളും കാണും? അയാൾ പരിമിതികളുള്ള ഒരു വ്യക്തിയാണ്.


ഭക്തൻ : എല്ലാ എല്ലുകളും കണ്ടെത്തിയിട്ടില്ലെന്നവർ സമ്മതിക്കുന്നുണ്ട്, പക്ഷേ അവർ കണ്ടെത്തിയ എല്ലുകൾ അഖണ്ഡ്യമായ തെളിവുകളാണ് എന്നാണവർപറയുന്നത്.


ശ്രീല പ്രഭുപാദർ : അവർക്കതുപറയാൻ കഴിയില്ല. നിങ്ങൾ എല്ലാ എല്ലുകളും കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ ചില എല്ലുകൾ കാണ്മാനില്ലെന്നാണവർ തന്നെ പറയുന്നത്. ആകയാൽ അവരുടെ സിദ്ധാന്തം എപ്പോഴും അപൂർണമായിരിക്കും.


ഭക്തൻ : ഈ വർഷം തന്നെ അവർ മനുഷ്യൻ്റെ തലയോട്ടിയേക്കാൾ ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു തലയോട്ടി കണ്ടെത്തി.


ശ്രീല പ്രഭുപാദർ : അതു ശരി തന്നെ, പക്ഷേ എല്ലാ തലയോട്ടികളും കണ്ടെത്തി എന്നവർക്ക് പറയാൻ കഴിയില്ല. അവർ ഊഹിക്കുകയാണ് - ലക്ഷോപലക്ഷം വർഷങ്ങളുടെ അന്തരമുണ്ടെന്ന്.


ഭക്തൻ : നഷ്‌ടപ്പെട്ടുപോയ ആ കണ്ണിയാണ് ഏറ്റവും നിർണായകമെന്നും അവർതന്നെ പറയുന്നുണ്ട്.


ശ്രീല പ്രഭുപാദർ : അപ്പോൾ അതു ശാസ്ത്രമല്ല. അതുകൊണ്ടാണ് അവർ ദുഷ്കൃതികളാണെന്ന് നാം പറയുന്നത്. മറ്റു ദുഷ്‌കൃതികൾ അവരെ വിശ്വസിക്കുകയും ചെയ്യുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്