ഇതേപോലെ വേദങ്ങൾ ശ്രവണത്തിലൂടെയാണ് മനസ്സിലാക്കിയിരുന്നത്. പുസ്‌തകങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ 5000 വർഷങ്ങൾക്ക് മുമ്പ് കലിയുഗത്തിൻ്റെ ആരംഭത്തോടുകൂടി ഇവ എഴുതപ്പെട്ടു. ആദ്യം അഥർവ്വവേദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ വ്യാസദേവൻ ഈ ഒരൊറ്റ വേദത്തെ നാലായി പകുത്ത് തൻ്റെ ശിഷ്യന്മാരെ ഓരോന്നിൻ്റെയും അധികാരികളാക്കി. അതിന് ശേഷം അദ്ദേഹം സാധാരണക്കാർക്ക് മനസ്സിലാകത്തക്ക വിധത്തിൽ മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയവ എഴുതി. എന്നാൽ ഇവയുടെയൊക്കെ തത്ത്വം ഒന്നുതന്നെയാകുന്നു.
മഹാപ്രഭു പറയുന്നത് വേദങ്ങളുടെ പ്രഥമമായ ഉദ്ദേശം 'സംബന്ധ' എന്നാണ്. ഈശ്വരനുമായുള്ള നമ്മുടെ ബന്ധം. വേദാന്ത സൂത്ര(1.1.1) പറയുന്നു. 'ജന്മാദി അസ്യയഥാ' എന്ന്. എല്ലാം ദൈവത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്നു എന്നാണ് ഇതിനർത്ഥം.
ഈ നമ്മളടക്കം ദൈവത്തിൻ്റെ സൃഷ്ടിയാകുന്നു. അതുകൊണ്ട് ദൈവത്തെ 'അച്ഛൻ' അല്ലെങ്കിൽ പിതാവ് എന്ന് വിളിക്കുന്നു. ഇത് എല്ലാ മതക്കാരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. ഇനി അച്ഛനും, മക്കളും തമ്മിലുള്ള ബന്ധം എന്താണ്? പിതാവിനെ ചൂഷണം ചെയ്യുകയാണോ പുത്രൻ്റെ കർത്തവ്യം? മറ്റ് യാതൊരു ഉത്തരവാദിത്വങ്ങളും അവനില്ലേ? പുത്രന് കാര്യഗൗരവം സംജാതമാകുന്നതോടെ പിതാവിനെ സ്നേഹിക്കേണ്ട കടമ തനിക്കുണ്ടെന്ന് അവൻ മനസ്സിലാക്കുന്നു. അച്ഛൻ തനിക്ക് വേണ്ടി എന്തൊക്കെ ചെയ്തിരിക്കുന്നു. അദ്ദേഹത്തിൻ്റെ സമ്പാദ്യത്തിൻ്റെ ഫലമാണ് ഞാൻ ആസ്വദിക്കുന്നത്. ആയതിനാൽ അദ്ദേഹത്തെ ബഹുമാനിക്കുക എന്നുള്ളത് എൻ്റെ കടമയാകുന്നു. ഈശ്വരന്റെ തത്ത്വ സംഹിതക്ക് വിപരീതമായി പ്രവർത്തിക്കുന്നവർ അധമരാണ്. 'നമാം ദുഷ്‌കൃതിനോ മൂഢാ പ്രപദ്യന്തെ നരാധമ' (ഭ.ഗീ. 7.5) ഇതിൽ ഉപയോഗിച്ചിരുന്ന, സംസ്കൃത പദങ്ങൾ മൂഢ(കഴുത), ദുഷ്‌കൃതിന, നരാധമ(മനുഷ്യരിൽ അധമരായവർ) എന്നിവയാണ്. മനുഷ്യകുലം ഈശ്വരനെ അംഗീകരിക്കാനുള്ളതാണ്. മൃഗങ്ങൾക്ക് ദൈവം ഉണ്ടെന്നും എല്ലാം ദൈവത്തിൽ നിന്നും ജനിക്കുന്നതാണെന്നുമുള്ള അറിവ് സ്വായത്തമാക്കാൻ കഴിവില്ല. അവർക്ക് പുരാണഗ്രന്ഥങ്ങൾ വായിക്കാനാവില്ല. നിർദ്ദേശങ്ങളൊന്നും ശ്രവിക്കാനുമാവില്ല. ഈ ഗ്രന്ഥങ്ങളൊക്കെ മനുഷ്യകുലത്തിന് മാത്രമായിട്ടുള്ളവയാകുന്നു. ആയതിനാൽ ഇവയുടെ അധികാരികതയിൽ സംശയാലുക്കളായി ഈശ്വരൻ എന്ന പരമസത്യത്തെ അംഗീകരിക്കാത്തവർ നിശ്ചയമായും ഇരുകാലി മൃഗങ്ങളാണ്.
ഭഗവദ്ഗീത ഇത്തരക്കാരെ 'നാരാധമ' എന്ന് വിശേ ഷിപ്പിച്ചിരിക്കുന്നു. നമ്മൾ പുരോഗതി കൈവരിക്കുന്നു എന്ന് വിളംബരം ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥ അവസ്ഥ താഴോട്ടേക്കുള്ള പതനമാണ്.
വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം
ഇന്നലെ ഒരു പയ്യൻ വന്ന് പറയുകയാണ് “ആരാണ് ദൈവം ? ദൈവം ഞാനാകുന്നു' എന്നൊക്കെ. കാഴ്‌ചയിൽ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരനെപ്പോലെയുണ്ട് അയാൾ. എന്നാൽ സ്വായത്തമാക്കിയിരിക്കുന്നത് ഇത്തരം അറിവാണ്. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥലക്ഷ്യം മനുഷ്യവർഗത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണെങ്കിലും ആധുനിക വിദ്യാഭ്യാസം അവനെ താഴ്‌ചയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ആത്മീയ ഉന്നതിയിലേക്ക് കുട്ടികൾ പോയിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ ചില രക്ഷകർത്താക്കൾക്ക് അത് പരിഭ്രമം ജനിപ്പിക്കുന്നു. സ്വാമിജീ നിങ്ങൾ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നത് എന്നതാണ് അവരുടെ മതം.
സ്വാമിജി പറയുന്നത് നീ പുകവലിക്കരുത്, ചായ കഴിക്കരുത്, സ്ത്രീകളുമായി അസന്മാർഗിക പ്രവൃത്തികളിൽ ഏർപ്പെടരുത്, ഒരു ഭക്തനാകൂ എന്നൊക്കെയാണ്. എന്നാൽ മുകളിൽ പറഞ്ഞതരം രക്ഷകർത്താക്കൾ പറയുന്നത് 'ഇതൊക്കെ അപകടമാണ്' എന്നാണ്. നേരെമറിച്ച് ഇത്തരം ദുർപ്രവൃത്തികൾ ചെയ്യാനുള്ള ഉപദേശം കൊടുക്കുമ്പോൾ അവർക്കത് സ്വീകാര്യമാകുന്നു. ഇ
താണ് ഇന്നത്തെ അവസ്ഥ. എന്ത് ചെയ്യാൻ പറ്റും? ഏറ്റവും താഴേക്കിടയിലുള്ള ഒരു മനുഷ്യസമുദായത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഈ വസ്‌തുത നാം എപ്പോഴും ഓർക്കണം. ഇത് ഒരു പ്രത്യേക രാജ്യത്തിലെ മാത്രം അവസ്ഥയല്ല. നേരെമറിച്ച് ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതിവിശേഷം. പരിപാവയോ, സമൂഹത്തിനെയോ ചൂണ്ടിക്കാണിച്ചല്ല ഞാൻ ഇപ്രകാരം പറയുന്നത്. ഈ കലിയുഗത്തിന്റെ പ്രത്യേകത യാണിത്. മായയുടെ പ്രഭാവം ശക്തമായതുകൊണ്ട് നാം വളരെയേറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
വിശുദ്ധഗ്രന്ഥങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ചൈതന്യമഹാപ്രഭു പറയുന്നത് ദൈവവുമായുള്ള നമ്മുടെ നഷ്ടപ്പെട്ടുപോയ ബന്ധം നമ്മൾ പുനഃസ്ഥാപിക്കണം എന്നാണ്. അതാണ് സംസ്ക്കാരം. ബന്ധം ശാശ്വതമായി ഉള്ളതാണ്. പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ എങ്ങിനെയോ നമ്മൾ വിസ്മരിച്ചിരിക്കുന്നു. അതുകൊണ്ട് ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ പാവനഗ്രന്ഥങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു - കൃഷ്ണനുമായുള്ള നിൻ്റെ ബന്ധം ശാശ്വതമാണ്. അത് മറന്നതുകൊണ്ടാണ് നീ ദുരിതങ്ങൾ അനുഭവിക്കുന്നത്' എന്ന്.
ഭയം ദ്വിതീയ അഭിനിവേഷതാ... (ഭാഗവതം 11.2.37) എന്ന ശ്ലോകം നമ്മൾ ചർച്ചചെയ്‌തിരിക്കുന്നു. പരമസത്യത്തെ മറന്നതുകൊണ്ട് നമ്മൾ ദുഃഖിക്കേണ്ടിവരുന്നു. 'വിപര്യയോ സ്മൃതി' ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഓർമ തലതിരിഞ്ഞുപോയി എന്നതുകൊണ്ട് നിങ്ങളിൽ ദുഃഖം ഉളവാകുന്നു. എന്നാൽ ചിന്താധാരയെ മാറ്റാൻ ജനങ്ങൾ തയ്യാറല്ല. അവരുടെ ആത്മഗതം 'നമുക്ക് യോജിച്ചുപോകാം. നിയമങ്ങളുണ്ടാക്കാം, പുതിയ പാർട്ടികൾ രൂപീകരിച്ച് ദൈവത്തെ വെല്ലുവിളിക്കാം' എന്നൊക്കെയാണ്.
കൃഷ്‌ണനുമായുള്ള എൻ്റെ നഷ്ടമായ ബന്ധം പുനഃ സ്ഥാപിക്കണം, വാസുദേവ സർവ്വം ഇതി സമഹാത്മ സുദുർലഭ (ഭ.ഗീ. 7.19) ഭഗവാനിൽ ശരണാഗതിപ്രാപിപിച്ചുകൊണ്ട് ഒരു മഹാത്മാവായി ജീവിക്കണം. ഈ ശരണാഗതിയാണ് ഭക്തി. സർവ്വശക്തനായ പിതാവിന്റെ പുത്രന്മാരാണ് നാമെല്ലാം. എത്രയോ കാലങ്ങളായി നമ്മൾ അനുസരണക്കേട് കാണിക്കുന്നു. ഇനിയും അത് പാടില്ല. ആധുനികലോകം എന്ന് പറയപ്പെടുന്ന ഈ ഭൗതികലോകത്തിൽ നിവസിക്കുന്ന ജനങ്ങൾ ഭഗവാന്റെ അനുസരണയുള്ള മക്കളായി മാറപ്പെടുമ്പോൾ അവിടെ സമാധാനം നിലനിൽക്കുന്നു. എന്നാൽ ഇന്ന് ആരും നിയമങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ല. സ്വയം ദൈവമായാണ് എല്ലാവരും കഴിയുന്നത്.
ചിട്ടയുള്ള ജീവിതം
അടുത്ത ശ്ലോകം ഇതാണ് 'അഭിധേയ നാമ ഭക്തി പ്രേമ പ്രയോജന പുരുഷാർത്ഥ ശിരോമണി പ്രേമമഹാധന' ഭക്തിയുതസേവനത്തെ അഭിധേയ എന്ന് വിശേഷിപ്പിക്കാൻ കാരണം ഈ പ്രക്രിയ നമ്മുടെ പരമോന്നത ലക്ഷ്യമായ കൃഷ്‌ണപ്രേമം സാധ്യമാക്കുന്നു എന്നുള്ളത് കൊണ്ടാണ്. ഇതാണ് ജീവാത്മാവിന്റെ അമൂല്യമായ ധനം. ഇപ്രകാരം ഭാവ്യമായ ആത്മീയ സേവയുടെ തലത്തിൽ ഒരുവൻ എത്തിപ്പെടുന്നു.
ഭക്തി എന്നാൽ വളരെ ചിട്ടയോടെയുള്ള ജീവിതത്തിലൂടെ നഷ്ടപ്പെട്ടുപോയ ഭഗവാനുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിച്ച് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. 'അഭിദേയ നാമ ഭക്തി, പ്രേമ പ്രയോജന' ഈശ്വരനുമായി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ലെങ്കിൽ എന്താണ് അവസ്ഥ? എപ്പോഴും നാം ദുരിതത്തിലായിരിക്കും. എല്ലാവരും സമൃദ്ധിയുടെയും, സമാധാനത്തിന്റെയും പാതയിലേക്കാണ് ഉറ്റുനോക്കുന്നത്. എന്താണ് സമാധാനത്തിന്റെ അടിസ്ഥാനം? സമാധാനത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹിക്കാതെ ആർക്കെങ്കിലും സമാധാനം സ്വായത്തമാക്കാൻ പറ്റുമോ? പറ്റില്ല. എന്നാൽ എങ്ങിനെ ഇത് സാധ്യമാകും? ആയതിനാൽ നാം ദൈവത്തെ സ്നേഹിക്കുകയാണെങ്കിൽ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നതാണ്. അല്ലാത്ത പക്ഷം നമുക്ക് ആരെയും സ്നേഹിക്കാൻ പറ്റില്ല. ഇന്ത്യയിൽ സാധാരണയായി കൂട്ടുകുടുംബമാണ് നിലവിലിരിക്കുന്നത്. അച്ഛനമ്മാരുടെ നിർദ്ദേശത്തിനും, താത്പര്യത്തിനും അനുസരിച്ചാണ് മക്കൾ വിവാഹിതരാകുന്നത്. വിവാഹിതയായി ഒരു പെൺകുട്ടി ഭർതൃഗൃഹത്തിൽ വരുന്നതോടെ അവിടെയുള്ള എല്ലാവരുമായും ബന്ധം സ്ഥാപിക്കുന്നു. കേന്ദ്രബിന്ദു അവളുടെ ഭർത്താവാണ്. എല്ലാറ്റിനും ഒരു കേന്ദ്രബിന്ദു ഉണ്ടാവണം. ദൈവമാകുന്ന കേന്ദ്രബിന്ദുവിനെ നിങ്ങൾ സ്നേഹിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും ഇഷ്ടപ്പെടാൻ തുടങ്ങുന്നു. ജനങ്ങളെയും, രാജ്യത്തെയും, സമുദായത്തെയും മറ്റെല്ലാറ്റിനെയും സ്നേഹിക്കാൻ പറ്റുന്നു. അതാണ് വസ്‌തുത. എന്നാൽ ജനങ്ങൾ മറ്റൊരുതരത്തിലാണ് ചിന്തിക്കുന്നത്. എന്തിന് ഞാൻ ദൈവത്തെ സ്നേഹിക്കണം.? ഞാൻ എൻ്റെ കുടുംബത്തെയും, രാജ്യത്തെയും സ്നേഹിക്കും. ഇത്തരത്തിലാണ് അവരുടെ നിലപാട്. എന്നാൽ ഇത് അസംഭവ്യമാണ്. കാരണം കേന്ദ്രബിന്ദുവിനെ അവർ പരിഗണിക്കുന്നില്ല. 'ഹരവ് അഭക്തസ്യ കുതോ മഹത് ഗുണ' (ഭാഗവതം 5.8.12) ഭഗവാനെ സ്നേഹിക്കാത്തവരിൽ യാതൊരു നല്ല ഗുണങ്ങളും ഉടലെടുക്കുന്നില്ല. കാരണം? 'മനോരഥേസനാതി ധാവതോ ബഹി. മനോവ്യാപാരങ്ങളിൽ മുഴുകി ഭൗതിക പ്രകൃതിയുടെ മോഹവലയത്തിൽ പെട്ടു അവർ നിലം പതിക്കുന്നു. എത്രമാത്രം ഭൗതികമായോ, വിദ്യാഭ്യാസ പരമായോ ഉന്നതിയിൽ നിവസിക്കുകയാണെങ്കിലും ശ്രീമദ് ഭാഗവതം പറയുന്നു ഇവർക്ക് യാതൊരു സദ്ഗുണങ്ങളും ഉണ്ടാവില്ല എന്ന്. ചൈതന്യചരിതാമൃതത്തിൽ പറഞ്ഞ ഭക്തൻ്റെ 26 ഗുണങ്ങളെപ്പറ്റി നമ്മൾ സംസാരിച്ചു. ഭക്തിയുതസേവനത്തിൽ മുന്നേറുന്നതോടെ എല്ലാ നല്ല ഗുണങ്ങളും ഭക്തനിൽ ഉടലെടുക്കുന്നു. പ്രത്യേക ശ്രമം ഇതിനാവശ്യമില്ല. ഇങ്ങിനെയല്ലെങ്കിൽപ്പിന്നെ കൃഷ്ണാവബോധത്തിൻ്റെ അർത്ഥം എന്താണ്? ഇത് ശാസ്ത്രമാണ്. നിയമങ്ങളൊക്കെ പാലിച്ച് ഒരു ഭക്ത നായി ജീവിക്കുമ്പോൾ അയാളിൽ സദ്‌ഗുണങ്ങളെല്ലാം അത്യധികം ശോഭയോടെ പ്രകാശം പരത്തുന്നു. ഇത് നമുക്ക് ദർശിക്കാവുന്നതാണ്. ഈ ഗുണങ്ങളൊക്കെ ഉടലെടുക്കുമ്പോൾ നിങ്ങൾ സ്വാഭാവികമായും നിങ്ങളുടെ രാജ്യത്തെയും, ജനങ്ങളെയും സ്നേഹിക്കുന്ന ആളായി മാറുന്നു.
എന്നാൽ എല്ലാവരും ഇപ്രകാരം ആവുന്നില്ല. ചുരുങ്ങിയത് ഒരു പത്തുശതമാനം ജനങ്ങൾ കൃഷാവബോധ പ്രക്രിയ സ്വീകരിക്കുകയാണെങ്കിൽ ഈ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. ചാണക്യപണ്ഡിതൻ പറയുന്നത് 'വരം ഏക ഗുണി പുത്ര ന ച മൂർഖ ഷതൈർ അപി' എന്നാണ്. " നൂറ് വിഡ്ഢികൾ ജനിക്കുന്നതിലും ഭേദം ഒരു സദ്പുത്രൻ ഉണ്ടാവുന്നതാണ്." ഇപ്രകാരം ആകാശത്ത് നിരവധി ചന്ദ്രന്മാർ ഉദിക്കേണ്ട ആവശ്യമില്ല. അന്ധകാരം ഇല്ലാതാക്കാൻ ഒരു ചന്ദ്രൻ ധാരാളം മതിയാകും.
മനുഷ്യജന്മത്തിൻ്റെ ഉദ്ദേശ്യം
ആധുനിക സംസ്‌കാരം ദൈവരഹിതമാണ്. വളരെ ചെറിയ ഒരു ശതമാനം ജനങ്ങൾ കൃഷ്ണാവബോധ പ്രക്രിയ സ്വീകരിക്കുന്ന പക്ഷം അത് മനുഷ്യസമൂഹത്തെ സമാധാനത്തിൽ കൊണ്ടുചെന്നെത്തിക്കും. അല്ലാത്തപക്ഷം ഇത് സാധ്യമല്ല തന്നെ. മഹാപ്രഭു പറയുന്നു 'അഭിദേയ നാമ ഭക്തി പ്രേമ പ്രയോജന'. പ്രയോജന എന്നാൽ അത്യന്താപേക്ഷിതമായത് എന്നർത്ഥം. ചൈത്യമഹാപ്രഭുവിൻ്റെ ശിക്ഷണം പ്രേമ പുമാർത്ഥോ മഹാൻ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യജന്മത്തിൻ്റെ ഉദ്ദേശം എന്താണ്? അദ്ദേഹം പറയുന്നു "മനുഷ്യജന്മത്തിൻ്റെ ലക്ഷ്യം ഭഗവദ് പ്രേമം സ്വായത്തമാക്കുക' എന്നതാണ്. ഇത് മാത്രമേ മനുഷ്യനെ പൂർണതയിൽ എത്തിക്കുകയുള്ളൂ.
ശ്രീനാഥ ചക്രവർത്തി എന്ന ആചാര്യൻ ചൈതന്യ മഹാപ്രഭുവിന്റെ അവതാരലക്ഷ്യം വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു 'ആരാധ്യോ ഭഗവാൻ വ്രജേഷ തനയ' പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ശ്രീകൃഷണൻ ആരാധിക്കപ്പെടേണ്ട രൂപമാണ്. അദ്ദേഹം മാത്രമെ ആരാധ്യനായുള്ളൂ. അതേപോലെ കൃഷ്‌ണൻ്റെ ധാമമായ വൃന്ദാവനവും ആരാധിക്കപ്പെടേണ്ടതാണ്. ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ആരാധന ഏതാണ്? 'രമ്യാകശ്ചിത് ഉപാസനാ വ്രജ വധു വർഗേനയാ കൽപിത' വൃന്ദാവനത്തിലെ ഗോപികമാരുടെ ആരാധനയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. അവരിൽ യാതൊരു മാലിന്യങ്ങളുമില്ല. എല്ലായ്പ്പോഴും അവരുടെ മനസ്സിൽ കൃഷ്ണൻ മാത്രമേയുള്ളൂ. കൃഷ്ണൻ പൂറത്തേക്ക് പോകുമ്പോൾ ഗോപികമാരുടെ മനസ്സ് നീറുകയാണ്. അതിലോലമായ കൃഷ്‌ണൻ്റെ പാദങ്ങൾ വൃന്ദാവനത്തിലെ കല്ലും, മുള്ളും തട്ടി വേദനിക്കില്ലേ എന്നാണ് അവർ സങ്കടപ്പെടുന്നത്. തങ്ങളുടെ ഗൃഹങ്ങളിൽ ഇരുന്നുകൊണ്ട് അവർ എല്ലായ്‌പ്പോഴും കൃഷ്‌ണനെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകിയിരിക്കുകയാണ്. ഇതാണ് കൃഷ്‌ണാവബോധം. ഇവർ വേദാന്തികളോ, ബ്രാഹ്മണരോ, വിദ്യാസമ്പന്നരോ അല്ല. വെറും കന്നുകാലികളെ മേയ്ക്കുന്ന സാധാരണ പെൺകിടാങ്ങൾ മാത്രം. എന്നാൽ അവർക്ക് കൃഷ്‌ണനോടുള്ള സ്നേഹം ആണ് ഏറ്റവും മഹത്തായ ആരാധനയായി ചൈതന്യമഹാപ്രഭു നിർദ്ദേശിക്കുന്നത്.
കൃഷ്ണനെ ഗ്രഹിക്കാനുള്ള ഉറവിടം എന്താണ്? ശ്രിനാഥ ചക്രവർത്തി പറയുന്നത് അമലപുരാണം എന്നറിയപ്പെടുന്ന ഭാഗവതം ആണെന്നാണ്. ശ്രീമദ് ഭാഗവതം പഠിക്കുകയാണെങ്കിൽ ഇപ്പറഞ്ഞ എല്ലാകാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്നു. ശാസ്ത്രം ശ്രീമദ് ഭാഗവതം, ഏറ്റവും ഉന്നതമായ ആരാധന വൃന്ദാവനത്തിലെ ഗോപികമാർ പ്രകടമാക്കിയത്, ആരാധനാപാത്രം ഭഗവാൻ കൃഷ്‌ണൻ, ജീവിതത്തിന്റെ ആവശ്യം ഭഗവദ് സ്നേഹം ലഭ്യമാക്കുക എന്നത്. ചൈതന്യമഹാപ്രഭുവിൻ്റെ ആഗമനത്തിൻ്റെ ആകെത്തുക ഇത്രയുമാണ്. അതുകൊണ്ട് മഹാപ്രഭുപറയുന്നു "പുരുഷാർത്ഥ ശിരോമണി പ്രേമമഹാധന. ഇക്കാലത്ത് ജനങ്ങൾ മറ്റുപല ലക്ഷ്യങ്ങളുമാണ്. പണ്ടുകാലങ്ങളിൽ വേദസാഹിത്യങ്ങളുടെ ഉദ്ദേശം ജനങ്ങളെ ധർമിഷ്ഠരാക്കുക എന്നതായിരുന്നു. ഈ ആധുനിക കാലത്തും സംസ്കാരമുള്ള ഏത് രാജ്യത്തും ഏതെങ്കിലും തരം ധർമത്തിൽ വിശ്വസിച്ച് ജീവിക്കുന്ന ജനതയെ കാണാം. ഇത്തരത്തിലല്ലാതെ സമ്പത്തും സമാധാനവും കൈവരിക്കാൻ പറ്റുകയില്ല. ഇതായിരിക്കണം മനുഷ്യസമൂഹത്തിൻ്റെ ലക്ഷ്യം.
ധർമിഷ്ഠരായാൽ മാത്രമേ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ. സാമ്പത്തിക സുരക്ഷിതത്ത്വം എന്തിനായിട്ടാണ് ആവശ്യം? അപ്പോൾ മാത്രമേ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധ്യമാവുകയുള്ളൂ. സമാധാനം നിറഞ്ഞ ഒരു സമൂഹത്തിൽ കൂടി മാത്രമേ മോക്ഷപ്രാപ്‌തി സാധ്യമാകൂ. ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് കാര്യങ്ങളാണ് സാധാരണയായി മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം. എന്നാൽ ചൈതന്യമഹാപ്രഭു പറയുന്നു. 'ഇതൊക്കെ ശരിതന്നെ' എന്നാൽ പ്രേമ പുമാർത്ഥോ മഹാൻ. "ഇതൊക്കെ ഉണ്ടെങ്കിലും ഭഗവദ് സ്നേഹമില്ലെങ്കിൽ എല്ലാം അസംബന്ധം തന്നെ. അതുകൊണ്ട് ദൈവത്തെ സ്നേഹിക്കാൻ ശ്രമിക്കുക. അപ്പോൾ എല്ലാം ശരിയായിക്കൊള്ളും. ഇതാണ് മഹാപ്രഭുവിൻ്റെ സന്ദേശം. വീണ്ടും അദ്ദേഹം പറയുന്നു നമുക്ക് ദൈവവുമായുള്ള ബന്ധം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം. എന്നിട്ട് അതിനനുസരിച്ചായിരിക്കണം നമ്മുടെ കർമം. ഇതാണ് ഭക്തി. ഇപ്രകാരം നമുക്ക് ജീവിതത്തിൻ്റെ പരമമായ പൂർണതയായ ഭഗവദ് പ്രേമം കൈവരിക്കാനും അതിലൂടെ നമ്മുടെ മനുഷ്യജന്മം സഫലമാക്കാനും സാധിക്കുന്നതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .