Home

Friday, January 12, 2024

ഭഗവദ്സേവനത്തിന്റെ മാഹാത്മ്യം



സകലതും ഭഗവാനല്ലാതെ മറ്റൊന്നുമല്ല എന്നാകുമ്പോൾ, ഭഗവാനെ ആരാധിക്കുന്നത് വ്യർഥമാണെന്ന് വ്യക്തിശൂന്യവാദികൾ വാദിക്കുന്നു. എന്നാലും, വ്യക്തിഗതവാദികൾ ഭഗവാനെ അത്യന്തം കൃതജ്ഞതാബോധത്തോടെയും, ഭഗവദ്ശരീരത്തിൽനിന്നും ആവിർഭവിച്ച ഘടകങ്ങളെ ഉപയോഗപ്പെടുത്തിയും ആരാധിക്കുന്നു. ഫലങ്ങളും, പൂക്കളും ഭൂമിദേവിയുടെ ശരീരത്തിൽനിന്നും ലഭിക്കുന്നവയാണ്. എങ്കിലും, വിവേകിയായ ഭക്തൻ, ഭൂമിയിൽനിന്നും ലഭിച്ച (ഉൽപത്തിയായ) ഘടകപദാർഥങ്ങളാൽ ഭൂമിമാതാവിനെ ആരാധിക്കുന്നു. അതുപോലെ, ഗംഗാമാതാവിനെ ഗംഗാജലത്താലും ആരാധിക്കുന്നു. എന്നിരുന്നാലും, ഉപാസകൻ അത്തരം ആരാധനാഫലങ്ങളെ അനുഭവിക്കുന്നു. ഭഗവദ്‌ശരീരത്തിൽനിന്നും ഉൽപത്തിയായ ഘടകങ്ങളാലാണ് ഭഗവദ് ആരാധനയും നിർവഹിക്കപ്പെടുന്നത്. എന്നിരുന്നാലും, സ്വയം ഭഗവദ്‌ശരീരത്തിൻ്റെ ഒരു അംശമായ ആരാധകൻ ഭഗവദ്‌ഭക്തിയുതസേവനത്തിൻ്റെ ഫലം പ്രാപ്‌തമാക്കുന്നു. അതേ സമയം അവ്യക്തിഗതവാദി സ്വയം ഭഗവാനായി തെറ്റായി അനുമാനിക്കൂന്നു. വ്യക്തിഗതവാദി അത്യന്തം കൃതജ്ഞതയാൽ ഭക്തിയുതസേവനത്തിൽ ഭഗവാനെ ആരാധിക്കുകയും ഭഗവാനിൽനിന്നും യാതൊന്നും വിഭിന്നമല്ലെന്ന് പൂർണമായും മനസ്സിലാക്കുകയും ചെയ്യുന്നു. ആകയാൽ, എല്ലാം ഭഗവദ്സേവനത്തിൽ അർപ്പിക്കാൻ ഭക്തൻ യത്നിക്കുന്നു. എന്തെന്നാൽ, സർവവും ഭഗവാൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ആർക്കും ഒന്നുംതന്നെ തന്റേതെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും അവൻ അറിയുന്നു. ഏകത്വം (അദ്വൈത ഭാവം) എന്ന പൂർണാഭിജ്ഞമായ സങ്കൽപ്പം ആരാധകനെ ഭഗവദ്‌പ്രേമയുതസേവനത്തിൽ വ്യാപൃതനായിരിക്കുവാൻ സഹായിക്കുന്നു. അതേസമയം, അവ്യക്തിഗതവാദി അനനുയോജ്യമായ ഗർവുള്ളവനാകയാൽ ഭഗവാനാൽ സ്വീകരിക്കപ്പെടാതെ എന്നെത്തേക്കും അഭക്തനായിത്തന്നെ നിലകൊള്ളുന്നു.



(ശ്രീമദ് ഭാഗവതം 2.6.23 /  ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ശ്രീ നിബാർക്ക ആചാര്യൻ

 


ശ്രീ നിംബാർക്ക ആചാര്യൻ കുമാരസമ്പ്രദായത്തിലെ പ്രധാന ആചാര്യനാണ്. അദ്ദേഹം എ.ഡി. 11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം ദ്രാവിഡക്ഷേത്രത്തിൽ, ഗോദാവരീതീരത്ത് ഇന്നത്തെ ആന്ധ്രപ്രദേശത്തിലാണ് ജനിച്ചത്. തൈലംഗ ബ്രാഹ്മണനായിരുന്ന അരുണമുനിയുടേയും ജയന്തി ദേവിയുടേയും പുത്രനായി ജനിച്ചു. മാതാപിതാക്കൾ അദ്ദേഹത്തെ നിയമാനന്ദനെന്ന് നാമകരണം ചെയ്തു. പതിനാറു വയസ്സിനുള്ളിൽ തന്നെ നിയമാനന്ദൻ വേദങ്ങളിലും ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടി.


നിംബാർക്കാചാര്യൻ ത്രിദണ്ഡിസമ്പ്രദായത്തിലെ സന്യാസിയായിരുന്നു. അദ്ദേഹം തൻ്റെ ദ്വൈതാദ്വൈതം പ്രചരിപ്പിക്കാൻ ധാരാളം കൃതികൾ രചിച്ചു. വൃന്ദാവനത്തിൽ ഗോവർധനത്തിനടുത്തുള്ള നിംബഗ്രാമത്തിലാണ് അദ്ദേഹം കൂടുതലും സമയം ചിലവഴിച്ചത്. ബില്വപ്രകാശമെന്ന ഒരു ഗ്രാമത്തിൽ കുറേ ബ്രാഹ്മണർ മഹാദേവനെ ആരാധിക്കുകയായിരുന്നു. അതിൽ നിംബാർക്കനുമുണ്ടായിരുന്നു. ശിവന് ബില്വവൃക്ഷത്തിൻ്റെ ഇലകൾ സമർപ്പിച്ചുകൊണ്ടവർ അദ്ദേഹത്തെ ആരാധിച്ചു. എപ്രകാരം വിഷ്‌ണുവിന് തുളസീദളം പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ ശിവന് ബില്വവൃക്ഷത്തിൻ്റെ ഇലകൾ വളരെ പ്രിയപ്പെട്ടതാണ്. ആരാധന നടത്തിയ ബ്രാഹ്മണരിൽ നിംബോർക്കൻ വളരെ ശ്രദ്ധാലുവായി പൂജയിൽ ഏർപ്പെട്ടതിനാൽ ശിവൻ പ്രീതിപ്പെട്ട് അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.



നിംബാർക്കന് ദർശനം നൽകിയ ശിവൻ ഇപ്രകാരം പറഞ്ഞു, "അല്ലയോ നിംബോർക്കാ, ഈ ഗ്രാമത്തിൻ്റെ അതിർത്തിയിൽ വില്വവൃക്ഷങ്ങളുടെ ഒരു വനമുണ്ട്. അവിടെ ചതുർകുമാരന്മാർ തപ്പസ്സിലേർപ്പെട്ടിരിക്കുകയാണ്. അവരുടെ കാരുണ്യത്താൽ നിനക്ക് ദിവ്യജ്ഞാനം പ്രാപ്‌തമാകും. അവരാണ് നിന്റെ ആധ്യാത്മികഗുരുജനങ്ങൾ. അവർക്ക് സേവനമർപ്പിക്കുന്നതിലൂടെ നിനക്ക് അമൂല്യമായതെല്ലാം ലഭ്യമാകും." ഇത്രയും പറഞ്ഞശേഷം ശിവൻ അപ്രത്യക്ഷനായി.



നിംബാർക്കൻ ഉടൻ തന്നെ അവിടെ ചെല്ലുകയും ചതുർകുമാരന്മാരെ തിരയുകയും ചെയ്തു. അന്ത്യത്തിൽ അദ്ദേഹത്തിനവർ ദർശനം നല്‌കി. സൂര്യനെപ്പോലെ തേജസ്വികളായിരുന്ന അവർ ഒരു വൃക്ഷത്തിൻകീഴിൽ ഇരിക്കുകയായിരുന്നു. അവർക്ക് അഞ്ചു വയസ്സു പ്രായമേ തോന്നിയുള്ളൂ. അവർ ധ്യാനത്തിലായിരുന്നു.


നിംബാർക്കന് ദർശനം നൽകിക്കൊണ്ടവർ അദ്ദേഹത്തിൻ്റെ ആഗമനോദ്ദേശ്യത്തെക്കുറിച്ചു തിരക്കി. നിംബാർക്കൻ അവരെ സാഷ്ടാംഗം പ്രണമിച്ചശേഷം വളരെ വിനമ്രനായി തന്നെ പരിചയപ്പെടുത്തി.



അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് സനത്കുമാരൻ പറഞ്ഞു, "കലിയുഗം കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് അറിയാവുന്ന കരുണാമയനായ പരമപുരുഷഭഗവാൻ തന്നോടുള്ള ഭക്തിയുതസേവനം പ്രചരിപ്പിക്കുന്നതിനായി ചില വിശിഷ്ട വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. രാമാനുജൻ, മാധ്വൻ, വിഷ‌സ്വാമി, പിന്നീട് താങ്കളുമാണ് ആ വിശിഷ്ട വ്യക്തിത്വങ്ങൾ. രാമാനുജനെ ലക്ഷ്‌മീദേവിയും മാധ്വനെ ബ്രഹ്മദേവനും വിഷ്‌ണുസ്വാമിയെ രുദ്രദേവനും ശിഷ്യനായി സ്വീകരിച്ചു. താങ്കൾക്ക് നിർദ്ദേശങ്ങൾ തരാനുള്ള നിയോഗം ഞങ്ങളുടേതാണ്. ഞാൻ രചിച്ച സനത്‌കുമാരസംഹിതയിലെ നിർദ്ദേശങ്ങളനുസരിച്ച് താങ്കൾ  ഭക്തിയുതസേവനം പ്രചരിപ്പിച്ചാലും...



ഇതു കേട്ട നിംബാർക്കൻ അത്യന്തം സന്തുഷ്ടനായി. ഉടൻ തന്നെ അദ്ദേഹം ഗംഗാസ്നാനം നടത്തി മന്ത്രദീക്ഷയ്ക്ക് തയ്യാറായി. സനത്‌കുമാരന്മാർ അദ്ദേഹത്തിന് രാധാകൃഷ്‌ണമന്ത്രം ഉപദേശിച്ചു. ഭാവമാർഗത്തിലൂടെ രാധാകൃഷ്‌ണന്മാരെ ഭജിക്കുന്ന പ്രക്രിയയും അദ്ദേഹത്തിന് ഉപദേശിച്ചു. - (നവദ്വീപധാമ മാഹാത്മ്യത്തിൽ നിന്ന്)


സനകാദികൾ പൂജിച്ചുവന്ന സാളിഗ്രാമശില നിംബോർക്കന് നൽകപ്പെട്ടു. ഇന്നും നിംബാർക്കസമ്പ്രദായത്തിൽ ആ സാളിഗ്രാമശില പൂജിക്കപ്പെട്ടുവരുന്നു.


നിംബാർക്കാചാര്യൻ്റെ പ്രധാനകൃതികൾ താഴെപ്പറയുന്നവയാണ്:

🔹 വേദാന്താപാരിജാതസൗരഭം (ബ്രഹ്മസൂത്രത്തിൻ്റെ ഭാഷ്യം)


🔹 വേദാന്തകാമധേനു ദശശ്ലോകി


🔹 മന്ത്രരഹസ്യഷോഡശി


🔹 പ്രപന്ന കൽപവല്ലി


🔹 രാധാഷ്ടകം


🔹പ്രാതസ്‌മരണാദിസ്തോത്രം


നിംബാർക്കാചാര്യൻ ശ്രീ ശ്രീ രാധാകൃഷ്‌ണമാരെ ഭജിക്കുന്നതിന് വളരെയധികം പ്രാധാന്യം നൽകി. അദ്ദേഹത്തിൻ്റെ ദ്വൈതാദ്വൈതവും ചൈതന്യമഹാപ്രഭുവിൻ്റെ അചിന്ത്യഭേദാഭേദതത്ത്വവും തമ്മിൽ ധാരാളം സാമ്യതകളുണ്ട്.


നിംബാർക്കാചാര്യനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹത്തിൻ്റെ ജനനവും തിരോഭാവവും കൃത്യമായി രേഖപ്പെടുത്തിയതായി അറിവില്ല. അദ്ദേഹം എ.ഡി. 11-ാം നൂറ്റാണ്ടിലോ, 12-ാം നൂറ്റാണ്ടിലോ ആണ് ജീവിച്ചിരുന്നതെന്ന് ചരിത്രഗവേഷകർ പറയുന്നുവെങ്കിലും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് കൃത്യമായി ആരും രേഖപ്പെടുത്തിയിട്ടില്ല എന്ന വിവരവും ഈയവസരത്തിൽ പറഞ്ഞുകൊളളുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്