എന്തു കൊണ്ട് ശ്രീ രാമചന്ദ്ര ഭഗവാൻ സീതാ ദേവിയെ ഉപേക്ഷിച്ചു?
ചോദ്യം: രാമായണത്തിൽ, സീതാ ദേവിക്കെതിരെ അലക്കുകാരൻ തെറ്റായ വാദങ്ങൾ ഉന്നയിച്ചപ്പോൾ എന്തു കൊണ്ട് ഭഗവാൻ രാമൻ സീതാ ദേവിയെ ഉപേക്ഷിച്ചു?
ഉത്തരം: ആദ്യത്തെ കാര്യം, ശ്രീരാമചന്ദ്ര ഭഗവാൻ സീതാ ദേവിയെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. നിഷ്കാസനം ചെയ്യുക എന്നാൽ ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ ഒന്നും ഇല്ലാതെ രാജ്യത്തിൽ നിന്നും പുറത്താക്കി വനത്തിലേക്ക് അയക്കുക എന്നർത്ഥം. കൈകേയി മാതാവിന്റെ നിർദേശ പ്രകാരം ശ്രീരാമ ഭഗവാന് സംഭവിച്ചത് ഇതായിരുന്നു. എന്നാൽ ശ്രീരാമൻ സീതാ ദേവിയെ വാത്മീകി മുനിയുടെ ആശ്രമത്തിലേക്ക് അയക്കുവാനാണ് നിർദേശം നൽകിയത്. അവിടെ അഭിവന്ദ്യനായ വാത്മീകി മുനി സീതാ ദേവിയെ ആരതി ഉഴിഞ്ഞു കൊണ്ട് സ്വീകരിക്കുകയും, കൂടാതെ മുതിർന്ന ആശ്രമവാസികളായ സ്ത്രീകൾ സ്നേഹപൂർവം പരിചരിക്കുകയും ചെയ്തു. ആ ആശ്രമം ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യത്തിൽ അദ്ദേഹത്തിന്റെ സംരക്ഷണയിൽ ആയതു കൊണ്ട് തന്നെ സീതാ ദേവിയെ ഉപേക്ഷിച്ചു എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഭഗവാൻ സീതാദേവിക്ക് പരോക്ഷമായി ഭക്ഷണം, വസ്ത്രം, പാർപ്പിടം, സംരക്ഷണം എന്നിവ നൽകി.
ഇനി നിങ്ങൾ ചോദിക്കാം: എന്തു കൊണ്ട് ഭഗവാൻ സീതാ ദേവിയെ സ്വന്തം കൊട്ടാരത്തിൽ നിന്നും ആശ്രമത്തിലേക്ക് അയച്ചു എന്ന്.
ഇത് മനസ്സിലാക്കാൻ. നാം രാമായണം നൽകുന്ന വൈദിക സംസ്കാരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കണം. വൈദിക സംസ്കാരം അനുസരിച്ചു എല്ലാ ബന്ധങ്ങളും, സ്ഥാനമാനങ്ങളും ഭഗവാനും, ഭഗവാന്റെ മക്കൾക്കും നൽകുവാനുള്ള സേവനത്തിനായുള്ള അവസരങ്ങളായാണ് കരുതുന്നത്. ശ്രീരാമചന്ദ്ര ഭഗവാൻ തന്റെ പത്നിക്ക് നേരെ ഉള്ള ആരോപണം കേട്ടപ്പോൾ, അതൊരു ധാർമിക പ്രശ്നമായി കണക്കാക്കി. ഒരു ധാർമ്മിക പ്രശ്നം രണ്ട് രീതിയിൽ പരിഹരിക്കാം. അവ രണ്ടും ധാർമ്മികമായ പരിഹാരങ്ങൾ ആണ്. എന്നാൽ ഒരു സദാചാരപരമായ പ്രശ്‌നത്തിൽ രണ്ട് മാർഗങ്ങൾ ആണ് ഉള്ളത്, ഒന്ന് സദാചാരപരവും മറ്റൊന്ന് സദാചാരവിരുദ്ധവും. എന്നാൽ ഇവിടെ ധാർമ്മികപരമായ പ്രതിസന്ധി ആയതിനാൽ, ഒരാൾക്ക് ഉയർന്ന വിജ്ഞാനം ആവശ്യമാണ്. അതുവഴി ഉയർന്ന ധാർമിക തത്വത്തിന് കുറഞ്ഞ ധാർമ്മിക തത്വത്തെക്കാൾ പ്രാധാന്യം നൽകുന്നു. അതിനാൽ ഇവിടെ മനുഷ്യ രൂപത്തിൽ അവതരിച്ച ഭഗവാൻ ഒരു ഉത്തമ മനുഷ്യന്റെ ഭാവത്തിൽ നമുക്ക് എങ്ങനെ ധാർമ്മിക പ്രതിസന്ധികളെ നേരിടാം എന്നു കാണിച്ചു തരുന്നു. ഒരു ഉത്തമ ഭർത്താവെന്ന നിലയിൽ ഭഗവാൻ തന്റെ ഭാര്യയെ സംരക്ഷിക്കുവാൻ ബാധ്യസ്ഥനാണ്. എന്നാൽ ഒരു രാജാവെന്ന നിലയിൽ, തന്റെ പ്രജകൾക്ക് ആദ്ധ്യാത്മിക പുരോഗതിക്കായുള്ള ധാർമികമായ ശിക്ഷണം നൽകണം എന്നതും അദ്ദേഹത്തിന്റെ കർത്തവ്യം ആണ്. സാധാരണയായി ജനങ്ങൾ സ്വന്തം ഭാര്യ, കുട്ടികൾ, ഗൃഹം, സ്വത്ത് എന്നിവയോട് ആസക്തരാണ്. അതിനാൽ ഒരു രാജാവിന്റെ കടമ സ്വന്തം ജനങ്ങളെ നിസ്സംഗത്വം എന്താണെന്ന് പഠിപ്പിക്കുകയും, അവരെ ആദ്ധ്യാത്മിക പുരോഗതിയിലേക്കും, വൈരാഗ്യത്തിലേക്കും എത്തിക്കുക എന്നതുമാണ്. അതിനാലാണ് ശ്രീരാമൻ രാജാവെന്ന നിലയിലുള്ള തന്റെ ധർമ്മം ഭർതൃധർമ്മത്തെക്കാൾ പ്രധാനം ആണെന്ന് കരുതികൊണ്ട് തന്റെ മക്കൾക്ക്(പ്രജകൾ) വേണ്ടി ഭാര്യയയോടുള്ള സ്നേഹം ത്യജിച്ചത്. എന്നാൽ അദ്ദേഹം ഭർത്താവെന്ന നിലയിൽ തന്റെ ധർമ്മം ഒരിക്കലും പരിത്യജിച്ചില്ല. അദ്ദേഹം സീതാ ദേവിയെ തന്റെ നേരിട്ടുള്ള സംരക്ഷണയിൽ നിന്നും പരോക്ഷമായ സംരക്ഷണയിലേക്ക്, ആശ്രമത്തിലേക്ക് അയക്കുകയാണ് ചെയ്തത്. സീതാ മാതാവ്, അദ്ദേഹത്തിന്റെ ഹൃദയം മനസ്സിലാക്കുകയും, അത് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ഭാഗമായിതീരുകയും ചെയ്തു. നിർഭാഗ്യവശാൽ, നമുക്ക് വേണ്ടി അദ്ദേഹം പ്രവൃത്തിച്ച ഈ ത്യാഗത്തെ അഭിനന്ദിക്കുന്നതിൽ നാം പരാജയപ്പെട്ടു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .