Home

Thursday, February 15, 2024

ശ്രീ അദ്വൈത ആചാര്യൻ


 ശ്രീ അദ്വൈത ആചാര്യൻ
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


മുക്തിദാതാവിനെ ക്ഷണിച്ച വ്യക്തിത്വം


ഈ ഭൗതിക ലോകത്തിലെ പതിത ജീവാത്മാക്കളുടെ മോചകനാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അദ്വൈത ആചാര്യൻ്റെ (അപേക്ഷ) / പ്രാർത്ഥനയില്ലാതെ ചൈതന്യ മഹാപ്രഭുവും നിത്യാനന്ദ മഹാപ്രഭുവും പ്രത്യക്ഷപ്പെടില്ലായിരുന്നു. അദ്വൈത ആചാര്യൻ ഭഗവാൻ്റെ അടുത്ത സഹകാരിയായിരുന്നു, അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ പ്രാർത്ഥനകൾ മൂലമാണ് കരുണാമയനായ ഭഗവാൻ അവതരിച്ചത്. അദ്വൈത ആചാര്യൻ സ്വയം സാക്ഷാൽ മഹാവിഷ്ണുവും സദാശിവനും ആയിരുന്നു. ഈ ഭൗതിക ലോകത്തിൽ അവതരിക്കാനും പതിതാത്മാക്കളെ മോചിപ്പിക്കാനും അദ്ദേഹം ഭഗവാൻ ശ്രീകൃഷ്ണനോട് പ്രാർത്ഥിച്ചു. അതിനായി അദ്ദേഹം ദിവസവും തുളസിയിലകൾ ഗംഗാജലത്തോടൊപ്പം ശാലിഗ്രാമ ശിലയിൽ സമർപ്പിച്ചു.


ശ്രീ അദ്വൈത ആചാര്യൻ്റെ ആവിർഭാവം


ബംഗ്ലാദേശിലെ ലൗഡ ജില്ലയിലെ നവഗ്രാമ- ലൗർ ഗ്രാമത്തിൽ മാഘ മാസത്തിൽ (ജനുവരി-ഫെബ്രുവരി)  വെളുത്തപക്ഷ ചന്ദ്രൻ്റെ ശുഭകരമായ ഏഴാം ദിവസത്തിലാണ് അദ്വൈത ആചാര്യൻ ലഭാ ദേവിക്കും കുവേര മിശ്രയ്ക്കും ജനിച്ചത്. കമലാക്ഷ എന്നായിരുന്നു അദ്ദേഹത്തിന് നൽകപ്പെട്ട നാമം. അഞ്ചാം വയസ്സിൽ തന്നെ അദ്ദേഹത്തെ അതിശയകരമായി കാണപ്പെട്ടു, കൃഷ്ണ പ്രസാദം ഒഴികെ മറ്റൊന്നും അദ്ദേഹം കഴിച്ചിരുന്നില്ല. ലൗധ ധാമത്തിലാണ് അദ്ദേഹം വളർന്നത്. ചൈതന്യ ഭഗവാൻ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 50 വർഷം മുമ്പ് ജനിച്ച അദ്ദേഹം 125 വർഷത്തിലധികം ഈ ഭൗതിക ലോകത്തിൽ ജീവിച്ചു, ചൈതന്യ ഭഗവാൻ ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷനായതിനു ശേഷം അദ്ദേഹം ഈ ഭൗതിക ലോകം ഉപേക്ഷിച്ചു.


പാന തീർത്ഥത്തിൻ്റെ മഹത്വങ്ങൾ


ഒരിക്കൽ കമലാക്ഷൻ്റെ  അമ്മ ലഭാദേവി ഒരു സ്വപ്നം കണ്ടു. അതിൽ അവർ മഹാ വിഷ്ണുവിനോട് അദ്ദേഹത്തിൻ്റെ ചരണാമൃതം (ഭഗവാൻ്റെ പാദ പത്മങ്ങൾ അഭിഷേകം ചെയ്ത ജലം) അഭ്യർത്ഥിച്ചു. രാവിലെ കമലാക്ഷൻ ആ സ്വപ്നം അമ്മയിൽ നിന്ന് അറിഞ്ഞു. അമ്മയുടെ ആഗ്രഹം നിറവേറ്റുന്നതിനായി, കമലാക്ഷൻ എല്ലാ പുണ്യതീർത്ഥങ്ങളോടും അടുത്തുള്ള ഒരു മലയിൽ സമ്മേളിക്കാൻ നിർദ്ദേശിച്ചു.


മധു മാസത്തിലെ (മാർച്ച്-ഏപ്രിൽ) ചന്ദ്രൻ്റെ വെളുത്തപക്ഷത്തിനു ശേഷമുളള ശുഭദിനത്തിൽ തങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് തീർത്ഥങ്ങൾ കമലാക്ഷനോട് വാഗ്ദാനം ചെയ്തു. ആ പുണ്യസ്ഥലമാണ് പാന തീർത്ഥം.


അന്നേ ദിവസം പാന തീർത്ഥത്തിൽ നിന്നും ജലം കുടിക്കുകയോ അതിൽ സ്നാനം ചെയ്യുകയോ ചെയ്താൽ ഒരുവൻ്റെ ആഗ്രഹങ്ങൾ സഫലമാകും. അദ്വൈത പ്രഭു തീർത്ഥങ്ങളോട് വെള്ളച്ചാട്ടത്തിന് മുകളിൽ തുടരാൻ അഭ്യർത്ഥിച്ചു, അദ്ദേഹത്തിൻ്റെ ആജ്ഞ പ്രകാരം അവർ മലയുടെ മുകളിൽ ലീലകൾ നടത്തി. വാരുണി യോഗ സമയത്ത് ഒരാൾ പാന തീർത്ഥത്തിൽ സ്നാനം അയാൾക്ക് ധാരാളം ഐശ്വര്യ ഫലങ്ങൾ ലഭിക്കും.


കമലാക്ഷനും രാജകുമാരനും കാളിദേവി ക്ഷേത്രം സന്ദർശിക്കുന്നു


കമലാക്ഷൻ ഒരു ശ്രുതിധാരകനായിരുന്നു, ഒരു തവണ മാത്രം കേട്ടാൽ എന്തും മനഃപാഠമാക്കാൻ കഴിയും. കാളി ഉപാസകനായ ദിവ്യസിംഹ രാജാവിൻ്റെ മകനോടൊപ്പം പഠിക്കാൻ പിതാവ് കുവേര മിശ്ര അദ്ദേഹത്തെ അനുവദിച്ചു.


ഒരു ദിവസം കമലാക്ഷനും രാജാവിൻ്റെ മകനും കാളി ദേവിയുടെ ക്ഷേത്രത്തിൽ പോയി. രാജകുമാരൻ കാളിദേവിയെ വണങ്ങി, കമലാക്ഷൻ വിഗ്രഹം ആസ്വദിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു. പ്രണാമം അർപ്പിക്കാൻ രാജകുമാരൻ പറഞ്ഞപ്പോൾ കമലാക്ഷൻ അത് കേൾക്കാതെ അവിടെത്തന്നെ നിന്നു. പ്രണാമം അർപ്പിക്കാത്തതിന് രാജകുമാരൻ ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്തു.


അദ്വൈത ആചാര്യൻ രോഷാകുലനായി ഗർജിച്ചു. അദേഹത്തിന്റെ അലർച്ച കേട്ട് രാജകുമാരൻ ബോധരഹിതനായി നിലത്തു വീണു. മകൻ അബോധാവസ്ഥയിൽ വീണു എന്നറിഞ്ഞ ദിവ്യസിംഹ രാജാവ് അവിടേക്ക് ഓടിയെത്തി, മകൻ്റെ ചേതനയറ്റ ശരീരം കണ്ട് വേദനിച്ചു. ഇതിനിടെ കമലാക്ഷൻ ഓടി അടുത്തുള്ള കുന്നിൽ മറഞ്ഞു. കുവേര മിശ്ര തൻ്റെ മകനെ കണ്ടെത്താൻ ഓടി, അവിടെ മകൻ ഒളിച്ചിരിക്കുന്നതായി കണ്ടു. വീട്ടിലെത്തിയ രാജാവ് അദ്വൈതനോട് ചോദിച്ചു, 'നീ ബ്രാഹ്മണരിൽ ഏറ്റവും വലിയവനാണ്, എന്തിനാണ് ഇങ്ങനെ ചെയ്തത്?' വളരെ വിഷമം തോന്നിയ അദ്വൈത ആചാര്യൻ മറുപടി പറഞ്ഞു, അവൻ ഇതുവരെ മരിച്ചിട്ടില്ല, പക്ഷേ അബോധാവസ്ഥയിലാണ്. ഞാൻ അവനെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരും. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം രാജാവിന്റെ മകന് ചരണാമൃതം നൽകുകയും ഉടനെ തന്നെ ബോധം ഉണരുകയും ചെയ്തു. തൻ്റെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനാൽ രാജാവ് ബ്രാഹ്മണർക്കും ദരിദ്രർക്കും ദാനം ചെയ്തു.


ഭഗവാൻ വിഷ്ണുവിൻ്റെ ചരണാമൃതത്തിൻ്റെ മഹത്വങ്ങൾ


മഹാവിഷ്ണുവിൻ്റെ പാദ പത്മങ്ങൾ കഴുകിയ ജലത്തെ കുറിച്ചു ബ്രഹ്മാവിനും ശിവനും പോലും ആഴത്തിൽ മനസ്സിലാക്കാൻ കഴിയാത്ത അതീന്ദ്രിയ ശക്തിയുണ്ട്. മഹാവിഷ്ണുവിൻ്റെ പാദങ്ങൾ കഴുകിയ ജലത്തെ സ്മരിക്കുന്നതു കൊണ്ടു മാത്രം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെയും പുണ്യനദികളിൽ കുളിക്കുന്നതിലൂടെയും ലഭിക്കുന്ന അതേ ഐശ്വര്യഫലം ലഭിക്കുന്നു.


അദേഹത്തിന്റെ വിദ്യാർത്ഥി ജീവിതം


അതിനുശേഷം ഒരു ശുഭദിനത്തിൽ, കുവേര മിശ്ര തൻ്റെ മകന് ഉപനയന സംസ്കാരം നടത്തി. കമലാക്ഷൻ തൻ്റെ പൗഗണ്ഡ വയസ്സിൽ (ആറ് മുതൽ പത്ത് വയസ്സ് വരെ) ബ്രാഹ്മണ ദീക്ഷ സ്വീകരിക്കുകയും, വിവിധ സാഹിത്യങ്ങളും, കലയും അലങ്കാരങ്ങളും ജ്യോതിഷ ശാസ്ത്രവും പഠിച്ചു.


സംസ്കൃത വ്യാകരണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ഗ്രന്ഥം ഒരിക്കൽ മാത്രം വായിച്ചുകൊണ്ട് ഓരോ ആപ്തവാക്യത്തിൻ്റെയും അർത്ഥം മനസ്സിലാക്കി അദ്ദേഹം പഠിച്ചു. മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹം അതിൻ്റെ മുഴുവൻ പുസ്തകവും പൂർത്തിയാക്കി, എങ്ങനെയാണ് ഇത്രയും അതീന്ദ്രിയമായ ജ്ഞാനം ഇത്ര എളുപ്പത്തിൽ നേടിയതെന്ന് ആളുകൾ ആശ്ചര്യപ്പെട്ടു.


കാളി ദേവിയുടെ വിഗ്രഹം തകർക്കുന്നു


കാളി പൂജയുടെ ഉത്സവ വേളയിൽ, എല്ലാ വിഭാഗം ആളുകളും കാളി ദേവിയുടെ ക്ഷേത്രത്തിൽ വലിയ ആഡംബരത്തോടെയും പ്രദർശനത്തോടെയും ദേവിയെ ആരാധിക്കാനായി ഒത്തുകൂടി. കമലാക്ഷനും സഭയിൽ വന്ന് ഇരുന്നു.


രാജാവ് ആജ്ഞാപിച്ചു “കമലാക്ഷൻ! ഇത് ഏത് തരത്തിലുള്ള പെരുമാറ്റമാണ്? എന്തുകൊണ്ടാണ് നിങ്ങൾ കാളി ദേവിയെ വണങ്ങാത്തത്? അദ്വൈതൻ മറുപടി പറഞ്ഞു "പര ബ്രഹ്മമായ ശ്രീ കൃഷ്ണ ഭഗവാൻ ആണ് പരമദിവ്യോത്തമ പുരുഷൻ. അദ്ദേഹം മാത്രമാണ് എൻ്റെ ആരാധ്യനായ ഭഗവാൻ. വിവിധ തത്ത്വചിന്തകൾ പിന്തുടരുന്നവർ ആശയക്കുഴപ്പത്തിലാകുന്നു, അതേസമയം ജ്ഞാനികൾ ആരാധ്യനായ ശ്രീകൃഷ്ണ ഭഗവാനിൽ മനസ്സ് ഉറപ്പിക്കുന്നു.


മകൻ്റെ പണ്ഡിതോചിതമായ പ്രസ്താവന കേട്ട് കുവേര മിശ്ര രാജാവിന് വേണ്ടി വാദിച്ചു. അച്ഛനും മകനും പലതരത്തിൽ തർക്കിച്ചു, സഭയിലുള്ളവരെല്ലാം അത്ഭുതപ്പെട്ടു. പിതാവിനോടുള്ള ബഹുമാനം നിമിത്തം, അദ്വൈത ആചാര്യൻ സംസാരം നിർത്തുകയും ദേവിക്ക് പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. പിതാവിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. മഹാവിഷ്ണുവും പരമശിവനുമായ കമലാക്ഷൻ ദേവിക്ക് പ്രണാമം അർപ്പിച്ചപ്പോൾ, തൻ്റെ നാഥൻ തൻ്റെ മുന്നിൽ വണങ്ങിയതിൽ ലജ്ജിച്ച കാളീദേവിയുടെ വിഗ്രഹം തകർന്നു.


കുവേര മിശ്രയുൾപ്പെടെയുള്ള മന്ത്രിമാരോടൊപ്പം രാജാവും ഈ അത്ഭുതകരമായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയും ആശ്ചര്യപ്പെട്ടുകയും ചെയ്തു. ഗൗരംഗ നാമം ജപിച്ചുകൊണ്ട് ശ്രീ അദ്വൈത ആചാര്യൻ അവിടെ നിന്നും മടങ്ങി. ഈ രീതിയിൽ ശ്രീല അദ്വൈത ആചാര്യൻ തൻ്റെ ബാല്യകാല ലീലകൾ ലൗധ-ധാമത്തിൽ നടത്തി, പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം തത്ത്വചിന്തയുടെ ആറ് ശാഖകൾ പഠിക്കാൻ ശാന്തിപൂരിലേക്ക് (അദ്ദേഹത്തിൻ്റെ ജന്മസ്ഥലം) പോയി.


അദ്വൈത ആചാര്യനും മാധവേന്ദ്ര പുരിയും:


അദ്വൈത ആചാര്യൻ്റെ മാതാപിതാക്കൾ ഭൗതിക ശരീരം ഉപേക്ഷിച്ച ശേഷം, അദ്ദേഹം ഭാരതം മുഴുവൻ തീർത്ഥാടനം നടത്തി. അദ്വൈത ആചാര്യൻ ഉഡുപ്പിയിൽ വച്ച് മാധവേന്ദ്രപുരിയെ കണ്ടു. കലിയുഗത്തിൽ പരമ ദിവ്യോത്തമ പുരുഷൻ പ്രത്യക്ഷപ്പെട്ടതിൻ്റെ തെളിവ് അനന്ത സംഹിതയിൽ നിന്ന് മാധവേന്ദ്ര പുരി അവതരിപ്പിച്ചു. ശാന്തിപുരയിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി, അവിടെ വെച്ച് രാധാ റാണിയുടെ ഒരു ഛായാപടം ഉണ്ടാക്കി ആരാധിക്കാൻ കമലാക്ഷനോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാനും ഉത്തരവിട്ടു. മാധവേന്ദ്ര പുരി കമലാക്ഷന് ദീക്ഷ നൽകി.


കമലാക്ഷന് നൽകിയ അദ്വൈത ആചാര്യ പദവി:


പ്രശസ്തനായ ദിഗ്വിജയ് പണ്ഡിതനെയാണ് കമലാക്ഷൻ പരാജയപ്പെടുത്തിയത്. ആ പണ്ഡിതന് എല്ലാവരെയും ജയിക്കാനുള്ള അനുഗ്രഹം ഭഗവാൻ ശിവൻ മുമ്പ് കൊടുത്തിരുന്നു. ഇപ്പോൾ മഹാദേവനായ കമലാക്ഷൻ ആ പണ്ഡിതനെ പരാജയപ്പെടുത്തി, അങ്ങനെ അദ്വൈത ആചാര്യൻ എന്ന പദവി ലഭിച്ചു.


അദ്വൈത ആചാര്യൻ എങ്ങനെയാണ് ശ്രീ ചൈതന്യനെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്


ശ്രീ ഗൗരംഗ മഹാപ്രഭു പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് നവദ്വീപ് പ്രദേശത്തെ എല്ലാ വൈഷ്ണവ ഭക്തരും അദ്വൈത ആചാര്യൻ്റെ ഭവനത്തിൽ ഒത്തുകൂടുമായിരുന്നു. ഈ യോഗങ്ങളിൽ അദ്വൈത ആചാര്യൻ ഭഗവദ് ഗീതയുടെയും ശ്രീമദ് ഭാഗവതത്തിൻ്റെയും അടിസ്ഥാനത്തിൽ പ്രചാരണം നടത്തി.


അദ്വൈത ആചാര്യൻ്റെ ഭവനത്തിൽ, ഭക്തർ കൃഷ്ണകഥയിൽ ആനന്ദിക്കുകയും കൃഷ്ണനെ ആരാധിക്കുകയും ഭഗവാൻ്റെ നാമങ്ങൾ ജപിക്കുകയും ചെയ്തു. ശ്രീ അദ്വൈത ആചാര്യൻ ഒരു ആത്മീയ ഗുരുവായിരുന്നു, കൂടാതെ നിരവധി അനുയായികളും ഉണ്ടായിരുന്നു. ശ്രീ ചൈതന്യൻ്റെ മൂത്ത സഹോദരൻ വിശ്വരൂപൻ എല്ലാ ദിവസവും നാമ സങ്കീർത്തനത്തിലും നാമജപത്തിലും നൃത്തത്തിലും ഏർപ്പെടാൻ അദ്വൈത ആചാര്യൻ്റെ വീട്ടിൽ വരാറുണ്ടായിരുന്നു.


തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും അദ്ദേഹം ഭാര്യയോടും കുടുംബത്തോടും കൂടി ശാന്തിപൂർ പട്ടണത്തിൽ ചെലവഴിച്ചു, അവിടെ അദ്ദേഹം ചെറിയ വൈഷ്ണവ സമൂഹത്തിൻ്റെ ആദരണീയനായ നേതാവായിത്തീർന്നു, ഭക്തിയുടെ പാത പിന്തുടരാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു - പ്രേമപൂർവമായ ശ്രീകൃഷ്ണ സേവനം.


സമ്പത്തിനും ഹ്രസ്വകാല ഭൗതിക നേട്ടങ്ങൾക്കും വേണ്ടി ആളുകൾ തങ്ങളുടെ ആത്മീയ സാധനകൾ ഉപേക്ഷിക്കുന്ന പ്രവണത തനിക്കു ചുറ്റും വർദ്ധിച്ചു വരുന്നത് കണ്ടപ്പോൾ, അദ്വൈത ആചാര്യനു വളരെ വേദന തോന്നി. സാമാന്യ ജനത്തെ എങ്ങനെ മോചിപ്പിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു.


അദ്വൈത ആചാര്യൻ മാസങ്ങളോളം ഭഗവാനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചതായി പറയപ്പെടുന്നു - പരിശുദ്ധമായ തുളസി ഇലകളും ഗംഗാജലവും കൊണ്ട് അദ്ദേഹം തൻ്റെ ശാലിഗ്രാമ ശിലകളെ പ്രേമപൂർവ്വം ആരാധിച്ചു, ലൗകിക ജനങ്ങൾക്ക് ശാശ്വതമായ ആദ്ധ്യാത്മിക ധാമത്തിലേക്ക് എത്തിച്ചേരാനുള്ള വഴി കാണിക്കാൻ ഭഗവാനെ ഉറക്കെ വിളിച്ചു.

 

   കലിയുഗത്തിൽ, കേവല മനുഷ്യരുടെ വിളിയിൽ ഭഗവാൻ പ്രത്യക്ഷപ്പെടില്ല. ഇതറിഞ്ഞ ഭഗവാന്റെ പൂർണ അവതാരമായ ശ്രീ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും ശ്രീകൃഷ്ണ ഭഗവാനെ തൻ്റെ ഏറ്റവും മഹത്തായ അവതാരത്തിൽ അവതരിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു.


അദ്വൈത ആചാര്യൻ കാരുണ്യത്തിൻ്റെ സമുദ്രം


മഹാപ്രഭു സചി സുത ശ്രീ ഗൗര-ഗോവിന്ദ

തൻരാ സ്കന്ദ ശ്രീ അദ്വൈത പ്രഭു നിത്യാനന്ദ

എയി തിന ഏക ആത്മ മോര പ്രാണ-ധർനാ

എയി തേനേര പദേ സദേ രഹു മോര മന


“സചിയുടെ പുത്രനായ മഹാപ്രഭു ഗൗരയും ഗോവിന്ദനുമാണ്. ശ്രീ അദ്വൈതനും നിത്യാനന്ദ പ്രഭുവുമാണ് അദ്ദേഹത്തിൻ്റെ ശാഖകൾ. ഇവർ ഒന്നാണ്, എൻ്റെ ജീവിതത്തിൻ്റെയും ആത്മാവിൻ്റെയും സമ്പത്ത്. എൻ്റെ മനസ്സ് എപ്പോഴും ഈ മൂവരുടെയും പാദങ്ങളിൽ നിലനിൽക്കട്ടെ”.


അദ്വൈത ആചാര്യൻ്റെ പാദ കമലങ്ങളിൽ പ്രാർത്ഥിക്കുന്നതിലൂടെ, ശ്രീ കൃഷ്ണ ഭഗവാന്റെ വിശുദ്ധനാമങ്ങൾ അപരാധ രഹിതമായി ജപിക്കുന്നതിനായി നമുക്ക് യാചിക്കാം. ഭഗവാൻ കൃഷ്ണൻ തൻ്റെ അഹൈതുകമായ കാരുണ്യം നമ്മിൽ ചൊരിയട്ടെ.


ശാന്തിപൂർ ഉത്സവം


ശ്രീ അദ്വൈത ആചാര്യൻ തൻ്റെ ജീവിതകാലം മുഴുവൻ പശ്ചിമ ബംഗാളിലെ ശാന്തിപൂരിൽ ചിലവഴിച്ചു, സീത ഠാക്കുറാണിയെ വിവാഹം കഴിച്ചു, അവരിൽ ആറ് ആൺമക്കളുണ്ടായി, അതിൽ മൂന്ന് പേരും വളരെ പ്രമുഖരായ ഭക്തരായിരുന്നു. ശാന്തിപൂരിൽ അദ്വൈത ആചാര്യ ഭവനത്തിൽ വച്ചു ചൈതന്യ മഹാപ്രഭുവിന്റെയും സഹകാരികളുടെയും മനോഹരമായ പല ലീലകളും നടന്നു.


ശ്രീ അദ്വൈത ആചാര്യൻ തൻ്റെ ഗുരുവായ മാധവേന്ദ്ര പുരിയുടെ തിരോധാന ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു, തൻ്റെ പക്കലുള്ള പരിധിയില്ലാത്ത വിഭവങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിന് ഭക്തർക്ക് ഭക്ഷണം നൽകി. എല്ലാ വൈഷ്ണവ ഭക്തരും ഗോവിന്ദനെ സേവിക്കുന്നതിൽ ഏർപ്പെട്ടു.


ചിലർ പാചകം ചെയ്യുന്നു, ചിലർ കീർത്തനം ചെയ്യുന്നു. നിത്യാനന്ദ പ്രഭു ഭക്തർക്ക് മാലയും ചന്ദനത്തിരിയും അർപ്പിക്കുന്നു. ഈ രീതിയിൽ എല്ലാ ഭക്തരും ഗോവിന്ദ സേവനത്തിൽ"കൃഷ്ണ പ്രേമത്തിൽ" മുഴുകിയിരിക്കുന്നു. ചൈതന്യദേവൻ പറഞ്ഞു, "ഈ തിഥിയിൽ ആരൊക്കെ പ്രസാദം സേവിക്കുന്നുവോ അവർക്ക് ഗോവിന്ദഭക്തി ലഭിക്കും!!".


ഇസ്കോൺ 25 വർഷത്തിലേറെയായി ശാന്തിപൂർ ഉത്സവത്തിൽ പങ്കെടുക്കുകയും 50,000-ത്തിലധികം ഭക്തർക്ക് കിച്ചടി പ്രസാദം നൽകുകയും ചെയ്യുന്നു.


ദയാ കരോ സീതാപതി

അദ്വൈത ഗോസായി

തവ കൃപാ ബലേ പായ്

ചൈതന്യ നിതായി


എൻ്റെ പ്രിയപ്പെട്ട അദ്വൈത പ്രഭു, സീതാ ഠാക്കൂർ റാണിയുടെ ഭർത്താവായ അങ്ങ് വളരെ ദയയുള്ള വ്യക്തിത്വമാണ്. എന്നോടു കരുണയുണ്ടാകേണമേ. അങ് എന്നോട് ദയ കാണിക്കുകയാണെങ്കിൽ, സ്വാഭാവികമായും, ഭഗവാൻ ചൈതന്യനും ഭഗവാൻ നിത്യാനന്ദനും എന്നോട് ദയ കാണിക്കും.


ഹരേ കൃഷ്ണ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്