Home

Friday, April 19, 2024

കാമദ ഏകാദശി


കാമദ ഏകാദശിയുടെ മഹിമകൾ വരാഹ പുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജവും തമ്മിലുള്ള സംവാദത്തിൽ വിശദീകരിക്കുന്നു.


ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് ചോദിച്ചു. ഹേ ഭഗവാൻ വാസുദേവാ! എന്റെ സാദര പ്രണാമങ്ങൾ ദയവായി സ്വീകരിച്ചാലും. ചൈത്ര - വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയെ കുറിച്ചു ദയവായി വിശദീകരിച്ചാലും. ഈ ഏകാദശി പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും ദയവായി പറഞ്ഞു നൽകിയാലും.


ശ്രീകൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു. "എന്റെ പ്രിയപ്പെട്ട യുധിഷ്ഠിര മഹാരാജാവേ, ഈ ഏകാദശിയെ കുറിച്ചു പുരാണത്തിൽ പരാമർശിച്ചിട്ടുള്ള വിവരണങ്ങൾ ദയവായി ശ്രവിച്ചാലും. ഒരിക്കൽ, ശ്രീരാമചന്ദ്ര ഭഗവാന്റെ പ്രപിതാമഹൻ ആയിരുന്ന ദിലീപ മഹാരാജാവ് തന്റെ ആദ്ധ്യാത്മിക ഗുരുവായ വസിഷ്ഠ മുനിയോട് ചൈത്ര - വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഈ ഏകാദശിയെ കുറിച്ചു ചോദിച്ചു.


വസിഷ്ഠ മുനി മറുപടി പറഞ്ഞു, ഹേ രാജൻ, ഈ ഏകാദശിയുടെ നാമം കാമദ എന്നതാകുന്നു. ഈ ഏകാദശി എല്ലാ പാപ പ്രതികരണങ്ങളും ഇല്ലാതാക്കുകയും, ഇത് പാലിക്കുന്ന വ്യക്തിക്ക് പുത്രനെ ലഭിക്കുവാനുള്ള അനുഗ്രഹം നൽകുകയും ചെയ്യുന്നു. ദയവായി ഇതിന്റെ മഹിമകൾ എന്നിൽ നിന്നും ശ്രവിച്ചാലും.


കുറേ കാലങ്ങൾക്ക് മുൻപ് രത്നപൂർ എന്ന നാമത്തിൽ ഒരു നഗരം(ഭോഗിപൂർ) ഉണ്ടായിരുന്നു. ഈ സമ്പന്ന നഗരം പുണ്ഡരികൻ എന്ന രാജാവാണ് ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹചരന്മാർ ആയി ഗന്ധർവന്മാർ, കിന്നരന്മാർ, അപ്സര സ്ത്രീകൾ എന്നിവർ ഉണ്ടായിരുന്നു. ആ നഗരത്തിൽ ലളിത എന്ന നാമത്തിൽ സുന്ദരിയായ ഒരു അപ്സര സ്ത്രീയും, ലളിതൻ എന്ന നാമത്തിൽ സുന്ദരനായ ഗന്ധർവനും ഭാര്യാ ഭർത്താക്കന്മാർ ആയി ജീവിച്ചിരുന്നു. അവർ തമ്മിൽ വളരെയധികം സ്നേഹത്തിൽ ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് ഒരു നിമിഷം പോലും വേറിട്ട് ജീവിക്കുവാൻ സാധിച്ചിരുന്നില്ല.


ഒരിക്കൽ പുണ്ഡരിക രാജാവിന്റെ സദസ്സിൽ നിരവധി ഗന്ധർവന്മാർ സംഗീതം ആലപിക്കുകയും, നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ലളിതനും സംഗീതം ആലപിക്കുന്നുണ്ടായിരുന്നു. എന്നാൽ തന്റെ ഭാര്യ ലളിതയുടെ അഭാവത്തിൽ പാടുന്നത് കൊണ്ടു തന്നെ, ലളിതന്റെ ശബ്ദം, രാഗം, താളം എന്നിവ തെറ്റുകയുണ്ടായി. ഇതിന്റെ കാരണം മനസ്സിലാക്കിയ കർകോടകൻ എന്ന നാമത്തോട് കൂടിയ ഒരു സർപ്പം ആ സദസ്സിൽ ഉണ്ടായിരുന്നു, അയാൾ പുണ്ഡരിക മഹാരാജാവിനോട് ലളിതന്റെ ഈ പെരുമാറ്റത്തിന്റെ യഥാർഥ കാരണത്തെ കുറിച്ചു പരാതി നൽകി. ഇത് കേട്ടപ്പോൾ രോഷാകുലനായ രാജാവ് ലളിതനെ ഇപ്രകാരം ശപിച്ചു. ഹേ പാപീ, ഭാര്യയോടുള്ള കാമത്താൽ നീ സംഗീതാവതരണവും, നൃത്തവും അസ്വസ്ഥമാക്കി. അതിനാൽ നിന്നെ ഞാൻ ശപിക്കുന്നു, നീ ഒരു നരഭോജി ആയി മാറട്ടെ.


പുണ്ഡരിക രാജാവിന്റെ ശാപം ലഭിച്ച ഉടനെ തന്നെ ലളിതൻ ഒരു രാക്ഷസൻ ആയി മാറി. ലളിത തന്റെ ഭർത്താവിന്റെ ഭീകര രൂപം കണ്ടപ്പോൾ തന്നെ ഭയങ്കരമായി വേദനിച്ചു. എങ്കിലും അവർ തന്റെ ഭർത്താവിന്റെ കൂടെ വനത്തിൽ ജീവിച്ചു.


ഒരിക്കൽ ആ വനത്തിലൂടെ ലളിത തന്റെ ഭർത്താവിന്റെ കൂടെ അലഞ്ഞുനടക്കുമ്പോൾ, വിന്ധ്യാ പർവതത്തിൽ ശ്രിംഗി മുനിയുടെ പരിപാവനമായ ആശ്രമം കണ്ടു. ലളിത ഉടനെ അവിടെ പോവുകയും മുനിയുടെ മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. മുനി ചോദിച്ചു, അങ്ങ് ആരാണ്? ഇവിടെ വന്നതിന്റെ ഉദ്ദേശം എന്താണ്? ലളിത മറുപടി പറഞ്ഞു, "ഹേ മഹാത്മാവേ, ഞാൻ ലളിത. ഞാൻ എന്റെ ശാപം ലഭിച്ച ഭർത്താവുമായാണ് ഇവിടെ വന്നിരിക്കുന്നത്. എന്റെ ഭർത്താവ് പുണ്ഡരിക മഹാരാജാവിന്റെ ശാപത്താലൊരു രാക്ഷസനായി തീർന്നു. 

ഹേ ബ്രാഹ്മണശ്രേഷ്‌ഠാ, ദയവായി എന്റെ ഭർത്താവിന് ഈ അവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാനുള്ള പ്രായശ്ചിത്ത മാർഗം പറഞ്ഞു നൽകിയാലും. ലളിതയുടെ ദീനരോധനം ശ്രവിച്ച മുനി മറുപടി പറഞ്ഞു, ഹേ ഗന്ധർവ പുത്രീ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശുക്ല പക്ഷത്തിൽ കാമദ എന്ന നാമത്തോട് കൂടിയ ഏകാദശി സംഭവിക്കാൻ പോകുന്നു. ഈ ഏകാദശി കഠിനമായി പാലിക്കുന്ന ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നടക്കുന്നു. ഈ ഏകാദശി എന്റെ നിർദേശാനുസരണം അങ്ങ് പാലിക്കുകയും, അതിന്റെ എല്ലാ പുണ്യ ഫലങ്ങളും ഭർത്താവിന് നൽകുകയും ചെയ്യുക. ഈ ഏകാദശിയുടെ പുണ്യ ഫലത്താൽ ഭവതിയുടെ ഭർത്താവിന് ശാപത്തിൽ നിന്നും മുക്തി ലഭിക്കുന്നതാണ്.


ഹേ രാജൻ, മുനിയുടെ നിർദേശ പ്രകാരം, ലളിത ഈ ഏകാദശി വൃതം പാലിച്ചു. ദ്വാദശി ദിനത്തിൽ ബ്രാഹ്മണരുടെയും പരമപുരുഷൻ ഭഗവാൻ വാസുദേവന്റെയും മുൻപിൽ നിന്നും പറഞ്ഞു, ഞാൻ എന്റെ ഭർത്താവിന്റെ ശാപമോക്ഷത്തിനായി കാമദ ഏകാദശി വൃതം പാലിച്ചു. എനിക്ക് ഇതു വഴി ലഭിച്ച പുണ്യത്താൽ എന്റെ ഭർത്താവിന് ഈ ഭീകര അവസ്ഥയിൽ നിന്നും മോചനം ലഭിക്കട്ടെ. ലളിതയുടെ പ്രാർത്ഥന പൂർത്തിയായ ഉടനെ ലളിതന് പഴയ രൂപം ലഭിച്ചു.  പിന്നീട് ലളിതനും ലളിതയും സന്തോഷപൂർവം ജീവിച്ചു.


ശ്രീകൃഷ്ണ ഭഗവാൻ തുടർന്നു! ഹേ യുധിഷ്ഠിര മഹാരാജാവേ! കാമദ ഏകാദശിയെ കുറിച്ചുള്ള ഈ വിവരണം കേൾക്കുന്ന ഏതൊരാളും കഴിവിന്റെ പരമാവധി ഈ ഏകാദശി പാലിക്കേണ്ടതാണ്. ഈ ഏകാദശി വൃതത്തിന്, രാക്ഷസീയമായ ശാപങ്ങളിൽ നിന്നും ബ്രഹ്മഹത്യാ പാപത്തിൽ നിന്ന് പോലും മോചനം ലഭിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്