ഭൗതികാസ്തിത്വമാകുന്ന വനത്തിൻ്റെ യഥാർത്ഥത്തിലുള്ള അർത്ഥം ഈ അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നു. വ്യാപാരികൾ വനത്തിൽ പ്രവേശിച്ച് പല അപൂർവ വസ്‌തുക്കളും ശേഖരിക്കുകയും നല്ല ലാഭത്തിന് നഗരത്തിൽ വിൽക്കുകയും ചെയ്യുന്നു. പക്ഷേ വനപാതകൾ എപ്പോഴും അപകടങ്ങൾ നിറഞ്ഞതാണ്. പരിശുദ്ധ ആത്മാവ് ഭൗതികലോകം ആസ്വദിക്കാൻ കാംക്ഷിക്കുമ്പോൾ, കൃഷ്‌ണൻ തീർച്ചയായും അവന് ഭൗതികലോകത്തിൽ പ്രവേശിക്കാൻ ഒരവസരം നൽകുന്നു. 'പ്രേമവിവർതത്തിൽ' പ്രസ്താവിച്ചിട്ടുള്ളതുപോലെ കൃഷ്‌ണ-ബഹിർമുഖ ഹനാ ഭോഗ വാഞ്ഛാ കരേ. പരിശുദ്ധമായ ജീവാത്മാവ് ഭൗതികലോകത്തിലേക്ക് പതിക്കുവാനുളള കാരണം ഇതാണ്. ഭൗതികപ്രകൃതിയുടെ പ്രേരണകൾക്ക് വിധേയമായുള്ള അവൻ്റെ കർമങ്ങൾ മൂലം ജീവസത്തകൾ വിഭിന്ന ജീവി വർഗങ്ങളിൽ വിഭിന്ന പദവികൾ സ്വീകരിക്കുന്നു. ചിലപ്പോൾ അവൻ സ്വർഗീയ ലോകങ്ങളിൽ ഒരു ദേവനാകുന്നു, ചിലപ്പോൾ ഏതെങ്കിലും അധമഗ്രഹത്തിലെ ഒരു നിസാര ജീവിയാകുന്നു. ശ്രീല നരോത്തമ ദാസ ഠാകുറ ഇതു സംബന്ധിച്ച് പറയുന്നു, നാനാ യോനി സദാ ഫിരേഃ ജീവസത്ത അനേകം ജീവസത്തകളിലൂടെ കടന്നു പോകുന്നു. കർദര്യ ഭക്ഷണ കരേഃ അവൻ അറപ്പുളവാക്കുന്നവ ഭക്ഷിക്കാനും ആസ്വദിക്കാനും കടപ്പെടുന്നു. താര ജന്മ അധഃപതേ യായഃ ഈ രീതിയിൽ അവൻ്റെ മുഴുവൻ ജീവി തവും നശിക്കുന്നു. കാരുണ്യവാനായ ഒരു വൈഷ്‌ണവന്റെ സംരക്ഷണമില്ലാതെ ബദ്ധാത്മാവിന് മായയുടെ കുരുക്കുകളിൽ നിന്ന് പുറത്തു കടക്കാനാവില്ല. ഭഗവദ്ഗീതയിൽ പ്രസ്‌താവിച്ചിട്ടുള്ളതുപോലെ, മനഃ ഷഷ്ടാ നിന്ദ്രിയാണി പ്രകൃതി-സ്ഥാനി കർഷതിഃ ജീവസത്ത അവന്റെ മനസും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുംകൊണ്ട് ഭൗതികജീവിതം ആരംഭിക്കുന്നു, ഇവയാൽ അവൻ ഭൗതികലോകത്തിൽ അസ്തിത്വത്തിനുവേണ്ടി സമരം ചെയ്യുന്നു. ഈ ഇന്ദ്രിയങ്ങൾ വനത്തിലെ കളളന്മാരോടും തെമ്മാടികളോടും താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. അവർ ഒരു മനുഷ്യന്റെ ജ്ഞാനം അപഹരിക്കുകയും അവനെ അജ്ഞതയുടെ വലയിൽ അകപ്പെടുത്തുകയും ചെയ്യുന്നു. അപ്രകാരം ഇന്ദ്രിയങ്ങൾ അവൻ്റെ ആദ്ധ്യാത്മിക ജ്ഞാനം കൊളളയടിക്കുന്ന കളളന്മാരും പിടിച്ചുപറിക്കാരുമാകുന്നു. ഇതിനുപരി ഈ വനത്തിൽ തികച്ചും ക്രൂര മൃഗങ്ങളെപ്പോലെ അവൻ്റെ ഭാര്യയും സന്താനങ്ങളുമുണ്ട്. ഒരു മനുഷ്യൻ്റെ മാംസം ഭക്ഷിക്കുകയാണ് ആ ക്രൂര മൃഗങ്ങളുടെ പ്രവൃത്തി. ജീവസത്ത തന്നെ ആക്രമിക്കാൻ കുറുനരികളെയും കുറുക്കന്മാരെയും (ഭാര്യയും സന്താനങ്ങളും) സ്വയം അനുവദിക്കുന്നു. അവ്വിധത്തിൽ അവൻ്റെ യഥാർത്ഥ ആദ്ധ്യാത്മിക ജീവിതം അവസാനിക്കുന്നു. ഭൗതികജീവിതത്തിൻ്റെ വനത്തിൽ എല്ലാവരും സദാ ഉപദ്രവങ്ങളുണ്ടാക്കുന്ന കൊതുകുകളെയും, എലികളെയും, പഴുതാരകളെയും പോലെ അസൂയാലുക്കളാണ്. ഈ ഭൗതികലോകത്തിലെ ഓരോരുത്തരും അസൂയാലുക്കളായ ആളുകളാലും, കുഴപ്പം പിടിച്ച മൃഗങ്ങളാലും ചുറ്റപ്പെട്ട് കുഴപ്പം പിടിച്ച അവസ്ഥകളിലാണ്. ഇതിൻ്റെ ഫലമായി ജീവസത്ത ഈ ഭൗതികലോകത്തിൽ എപ്പോഴും കൊള്ളയടിക്കപ്പെടുകയും ധാരാളം അന്യ ജീവസത്തകളാൽ ദംശിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ കുഴപ്പങ്ങളെല്ലാമുണ്ടായാലും, അവൻ ഗൃഹസ്ഥജീവിതം ഉപേക്ഷിക്കാതെ ഭാവിയിൽ സന്തോഷവാനായിത്തീരാനുള്ള ഉദ്യമമെന്ന നിലയിൽ ഫലേച്ഛാ കർമങ്ങൾ തുടരുന്നു. അപ്രകാരം അവൻ കർമഫലങ്ങളാൽ അധികമധികം ബന്ധിതനായി പാപകർമങ്ങൾ അനുഷ്‌ഠിക്കാൻ നിർബന്ധിതനാകുന്നു. പകൽ സൂര്യനും രാത്രിയിൽ ചന്ദ്രനും അവൻ്റെ കർമങ്ങൾക്ക് സാക്ഷികളാകുന്നു. ദേവന്മാരും സാക്ഷികളാകുന്നു. പക്ഷേ ഇന്ദ്രിയപ്രീണനത്തിനുവേണ്ടിയുള്ള തൻ്റെ പ്രവൃത്തികൾ ആരും കാണുന്നില്ലെന്നാണ് ബദ്ധാത്മാവിൻ്റെ വിചാരം. ചിലസമയങ്ങളിൽ കണ്ടുപിടിക്കപ്പെടുമ്പോൾ അവൻ താൽകാലികമായി എല്ലാം ത്യജിക്കുന്നു. പക്ഷേ ശരീരത്തോടുളള അമിതാസക്തി മൂലം പരിപൂർണത പുൽകാൻ കഴിയുന്നതിനു മുമ്പ് അവൻ പരിത്യാഗം കൈവെടിയുന്നു.
ഈ ഭൗതികലോകത്തിൽ ദ്വേഷികളും അസൂയാലുക്കളുമായ ധാരാളമാളുകളുണ്ട്. ഇവിടെ നികുതി ഈടാക്കുന്നതിന് മൂങ്ങയോടുപമിക്കപ്പെടുന്ന സർക്കാറുണ്ട്. അസഹ്യങ്ങളായ ശബ്ദങ്ങൾ സൃഷ്ടിക്കുന്ന അദൃശ്യങ്ങളായ ചീവീടുകളുണ്ട്. ഭൗതികപ്രകൃതിയുടെ ഇടനിലക്കാരാൽ ബദ്ധാത്മാവ് തീർച്ചയായും വളരെയധികം പീഡിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ അനഭികാമ്യങ്ങളായ സംഗങ്ങളാൽ അവൻ്റെ ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ഭൗതികാസ്തിത്വത്തിൻ്റെ കുഴപ്പങ്ങളിൽ നിന്ന് ആശ്വാസം നേടാനുളള ഉദ്യമത്തിൽ അവൻ, യോഗികളെന്നും, സന്യാസികളെന്നും, അവതാരങ്ങളെന്നും പറയപ്പെടുന്ന, ഭക്തിയുതസേവനമെന്തെന്ന് മനസിലാക്കാൻ കഴിവില്ലാത്ത ചില മായാജാല പ്രകടനക്കാരുടെ ഇരയായിപതിക്കുന്നു. ചിലപ്പോൾ ബദ്ധാത്മാവിന്റെ പണം മുഴുവൻ നഷ്‌ടപ്പെടുകയും, പരിണിതഫലമായി അവൻ കുടുംബാംഗങ്ങളോട് നിർദയമായി പെരുമാറുകയും ചെയ്യുന്നു. ബദ്ധാത്മാവ് ജന്മാന്തരങ്ങളിലൂടെ അന്വേഷിക്കുന്ന യഥാർത്ഥ സന്തോഷത്തിന്റെ ഒരു കണികപോലും ഈ ഭൗതികലോകത്തിലില്ല. സർക്കാറിൻ്റെ നിലനിൽപിനുവേണ്ടി കനത്ത നികുതികൾ അടിച്ചേൽപിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ മാംസഭോജികളായ രാക്ഷസന്മാരാണ്. താങ്ങാനാവാത്ത നികുതിഭാരം നിമിത്തം കഠിനാദ്ധ്വാനം ചെയ്യുന്ന ബദ്ധാത്മാവ് വല്ലാതെ വിഷാദിക്കുന്നു.
ഫലേച്ഛാ പ്രവൃത്തികൾ പ്രാപിക്കാൻ പ്രയാസമുള്ള പർവതങ്ങളിലേക്ക് നയിക്കുകയും ബദ്ധാത്മാവിന് ചിലപ്പോൾ ഈ പർവതങ്ങൾ തരണം ചെയ്യേണ്ടി വരുകയും ചെയ്യുന്നു. പക്ഷേ അവൻ ഒരിക്കലും അതിൽ വിജയിക്കുന്നില്ല. തദ്ഫലമായി അവൻ കൂടുതൽ കൂടുതൽ ദുഃഖിതനും നിരാശിതനുമാകുന്നു. ഭൗതികമായും സാമ്പത്തികമായും വല്ലാത്ത വിഷമത്തിലാകുമ്പോൾ ബദ്ധാത്മാവ് തൻ്റെ കുടുംബത്തെ ആവശ്യമില്ലാതെ അതികഠിനമായി ശിക്ഷിക്കുന്നു. ഭൗതികാവസ്ഥയിൽ നാല് അടിസ്ഥാന ആവശ്യങ്ങളുണ്ട്, അവയിലൊന്നായ നിദ്രയെ പെരുമ്പാമ്പിനോട് ഉപമിക്കുന്നു. ഉറക്കത്തിൽ ബദ്ധാത്മാവ് അവൻ്റെ യഥാർത്ഥ അസ്തിത്വം പൂർണമായി വിസ്മരിക്കുന്നു. അപ്പോൾ അവന് ഭൗതികജീവിതത്തിന്റെ കുഴപ്പങ്ങൾ അനുഭവപ്പെടുന്നില്ല. പണത്തിന് ആവശ്യം വരുമ്പോൾ ബദ്ധാത്മാവ് ചിലപ്പോൾ മോഷ്ടിക്കുകയും ചതിക്കുകയും ചെയ്യുന്നു, ഒപ്പം അവൻ ആദ്ധ്യാത്മിക പുരോഗതിക്കുവേണ്ടി ഭക്തന്മാരുമായി സഹവാസം പുലർ ത്തുന്നതായും കാണാം. മായയുടെ ബന്ധനത്തിൽ നിന്ന് മോചനം നേടുകയാണ് യഥാർത്ഥത്തിൽ അവൻ്റെ ഒരേയൊരാവശ്യം, പക്ഷേ ശരിയായ മാർഗനിർദേശം ലഭിക്കാത്തതു മൂലം അവൻ ഭൗതികകാര്യങ്ങളിൽ കൂടുതൽ കൂടുതൽ കുടുങ്ങിപ്പോകുന്നു. സന്തോഷം, ദുഃഖം, സ്നേഹം, ശത്രുത, അസൂയ മുതലായ കുഴപ്പങ്ങളാൽ ചിട്ടപ്പെടുത്തിയ വലിയൊരു ശല്യം മാത്രമാണ് ഭൗതികലോകം. മൊത്തത്തിൽ കുഴപ്പങ്ങളുടെയും ദുഃഖങ്ങളുടെയും ആകെത്തുക മാത്രമാണത്. ഭാര്യയോടും ലൈംഗികജീവിതത്തോടുമുളള ആസക്തി മൂലം ഒരു വ്യക്തിയുടെ ബുദ്ധി നഷ്‌ടപ്പെടുമ്പോൾ അവൻ്റെ അവബോധം പൂർണമായും മലിനപ്പെടുന്നു. അങ്ങനെ അവൻ സ്ത്രീകളുമായുള്ള സഹവാസത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സർപത്തെപ്പോലുളള കാലഘടകം ബ്രഹ്മദേവനും നിസാരനായ ഉറുമ്പും ഉൾപ്പെടെ എല്ലാവരുടെയും ജീവിതം എടുത്തുകൊണ്ടുപോകുന്നു. ബദ്ധാത്മാവ് ചിലപ്പോൾ അപ്രതിരോധ്യമായ കാലഘടകത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ ശ്രമിക്കുകയും, അതിനായി ഏതെങ്കിലും വ്യാജരക്ഷകനെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ അവനെത്തന്നെ രക്ഷിക്കാൻ കഴിവില്ലാത്തവനാണ് വ്യാജരക്ഷകൻ. അവൻ എങ്ങനെ മറ്റുളളവരെ രക്ഷിക്കും? വ്യാജരക്ഷകർ യോഗ്യരായ ബ്രാഹ്മണരിൽ നിന്നും വൈദിക സ്രോതസുകളിൽ നിന്നും ലഭിക്കുന്ന യഥാർത്ഥ ജ്ഞാനത്തെ ഗൗനിക്കുന്നില്ല. ലൈംഗികാസ്വാദനത്തിൽ മുഴുകുകയും വിധവകൾക്കുപോലും ലൈംഗിക സ്വാതന്ത്ര്യം ശുപാർശ ചെയ്യുകയുമാണ് അവരുടെ ഏകതൊഴിൽ. അതുമൂലം വനത്തിലെ വാനരന്മാരെപ്പോലെ യാണവർ. ശ്രീല ശുകദേവഗോസ്വാമി ഇപ്രകാരം ഭൗതിക വനത്തെക്കുറിച്ചും അതിന്റെ ദുഷ്‌ക്കരമായ പാതയെക്കുറിച്ചും പരീക്ഷിത് മഹാരാജാ വിനോട് വിശദീകരിച്ചു.
(ശ്രീമദ് ഭാഗവതം 5.14
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment