ആത്മസാക്ഷാത്‌കാരത്തിനുള്ള മഹത്തായ അവസരമാണ് മനുഷ്യ ജന്മം. ഒരുവന് സ്വർഗീയ ഗ്രഹങ്ങളിൽ ദേവന്മാർക്കൊപ്പം ജനിക്കാൻ സാധിച്ചേക്കും, പക്ഷേ അവിടത്തെ ഭൗതിക സുഖസമൃദ്ധി മൂലം അവന് ഭൗതികബന്ധനത്തിൽ നിന്ന് മോചനം നേടാൻ കഴിയില്ല. ഈ ഭൂമിയിൽപോലും വളരെ ഐശ്വര്യസമൃദ്ധിയുള്ളവർ കൃഷ്‌ണാവബോധം സ്വീകരിക്കാൻ ശ്രദ്ധിക്കാറില്ല. ബുദ്ധിമാനായ ഒരു വ്യക്തി വാസ്‌തവത്തിൽ ഭൗതിക കുരുക്കുകളിൽ നിന്ന് സ്വതന്ത്രനാകാൻ നിർബന്ധമായും പരിശുദ്ധ ഭക്തരോട് സമ്പർക്കം പുലർത്തണം. അത്തരം സമ്പർക്കങ്ങളിലൂടെ ഒരാൾക്ക് ക്രമേണ പണത്തിന്റെയും സ്ത്രീയുടെയും ഭൗതികാകർഷണത്തിൽ നിന്ന് വിരക്തനാകാം. ധനവും സ്ത്രീയുമാണ് ഭൗതികാകർഷണത്തിന്റെ അടിസഥാന തത്ത്വങ്ങൾ. അതുകൊണ്ട്, ഭഗവാനിലേക്ക് മടങ്ങിപ്പോകുന്ന കാര്യത്തിൽ യഥാർത്ഥത്തിൽ ഗൗരവമുള്ളവർ ഭഗവദ് രാജ്യത്തിൽ പ്രവേശിക്കാൻ യോഗ്യതനേടുന്നതിന് ധനത്തിനോടും സ്ത്രീയോടുമുളള പ്രതിപത്തി പാടേ ഉപേക്ഷിക്കണമെന്ന് ശ്രീ ചൈതന്യ മഹാപ്രഭു ഉപദേശിക്കുന്നു. ധനവും സ്ത്രീയും പൂർണമായും ഭഗവദ് സേവനത്തിനായി വിനിയോഗിക്കപ്പെടണം. അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരുവന് ഭൗതിക ബന്ധനത്തിൽ നിന്ന് മുക്തനാകാൻ സാധിക്കും. സതാം പ്രസംഗാൻ മമ വീര്യ-സംവിദോ ഭവന്തി ഹത്-കർണ-രസായനാഃ കഥാഃ (ഭാഗ. 3.25.25). ഭകതന്മാരുമായുളള സഹവാസത്താൽ മാത്രമേ ഒരുവന് പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ്റെ മഹത്ത്വങ്ങൾ രുചിക്കുകയുള്ളു. ഒരു പരിശുദ്ധ ഭക്തനോടുളള നേരിയ സമ്പർക്കത്താൽ മാത്രം ഒരുവന് ഭഗവാനിലേക്കുളള യാത്ര വിജയകരമാക്കാം.
(ശ്രീമദ് ഭാഗവതം 5/13/21/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment