ശ്രീ നിത്യാനന്ദ ചരിതാമൃതം
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
പശ്ചിമബംഗാളിലുള്ള ഏകചക്ര എന്ന ഗ്രാമത്തിൽ കൊല്ലവർഷം1474- ലാണ് നിത്യാനന്ദ പ്രഭു അവതരിച്ചത്. അദ്ദേഹത്തിന്റെ ജന്മസ്ഥാനം 'ഗർഭാശ്വ' എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചതും അനേകായിരം ജനങ്ങൾ സന്ദർശിക്കുന്നതുമായ ഒരിടമാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ പത്മാവതി, ഹതായ് പണ്ഡിതൻ എന്നിവർ അതീവ പുണ്യ ശാലികളായ ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളവരും മിഥില ജന്മദേശമായുള്ളവരുമായിരുന്നു. മകരമാസം ശുക്ലപക്ഷത്തിലെ അതി പാവനമായ ത്രയോദശി ദിവസമാണ് (13-ന്നാം ദിവസം) നിത്യാനന്ദ പ്രഭു അവതരിച്ചത്. ചെറു ബാലനായിരിക്കെ തന്നെ നിതായ് ( നിത്യാനന്ദ പ്രഭുവിന്റെ ഓമനപേര്), ഭഗവാൻ ശ്രീകൃഷ്ണന്റേയും, രാമചന്ദ്രമൂർത്തിയുടെയും ലീലകൾ നാടകമായി അവതരിപ്പിക്കുന്നതിലും അതിൽ അഭിനയിക്കുന്നതിലും അതീവ താല്പര്യമുള്ളവനായിരുന്നു. അദ്ദേഹത്തിന്റെ അവതരണം വളരെ ആധികാരികമായതും, ഹർഷോന്മാദം നിറഞ്ഞതുമായതിനാൽ മുഴുവൻ ഗ്രാമവും ഭഗവദ് പ്രേമത്തിൽ ആമഗ്ന മായിരുന്നു.
ഏകചക്ര ഗ്രാമം കുഞ്ഞു നിതായിനോടുള്ള സ്നേഹത്തിൽ മുഴുവനായും ലയിച്ചു കഴിഞ്ഞിരുന്നു. കുഞ്ഞു നിതായ് തന്റെ ജീവിതത്തിന്റെ ആദ്യത്തെ 12 വർഷം ചിലവഴിച്ച ഏകചക്ര ഗ്രാമം അദ്ദേഹത്തോടുള്ള സ്നേഹത്താൽ പരവശമായിരുന്നു. 13 വയസ്സുള്ള നിതായുടെ ഭക്തിയിലും സേവനത്തിലും മോഹിതനായി ലക്ഷ്മിപതി യെന്ന സഞ്ചാരിയായ സന്യാസി അദ്ദേഹത്തെ തന്റെ സഹചാരിയായി തരണമെന്ന് ഹതായ് പണ്ഡിതനോട് അഭ്യർത്ഥിച്ചു. വൈദീക സംസ്കാരം പാലിക്കുന്നതിൽ ബാദ്ധ്യസ്ഥനായ ഹതായ് പണ്ഡിതന് അതിഥിയുടെ അഭ്യർത്ഥന നിരാകരിക്കാൻ യാതൊരു വഴിയുമില്ലായിരുന്നു. അതിനാൽ വൈമനസ്യത്തോടെയാണെങ്കിലും നിതായിനെ അദ്ദേഹം ആ സന്യാസിയുടെ കൂടെ പറഞ്ഞയച്ചു. നിത്യാനന്ദ പ്രഭുവിന്റെ വിരഹവേദനയാൽ ഹൃദയം തകർന്ന ഹതായ് പണ്ഡിതൻ അധികം താമസിയാതെ തന്റെ ദേഹം വെടിഞ്ഞു.
നിതായ്, ലക്ഷ്മിപതി തീർത്ഥരുടെയൊപ്പം 20 - വർഷത്തോളം യാത്ര ചെയ്തു. പ്രസ്തുത കാലയളവിൽ അദ്ദേഹം രാജ്യത്തിലെ എല്ലാ തീർത്ഥ സ്ഥലങ്ങളും സന്ദർശിച്ചു.നിതായുടെ ഈ തീർത്ഥാടനം, കുരുക്ഷേത്ര യുദ്ധ സമയത്ത് ഭഗവാൻ ബലരാമൻ നടത്തിയ തീർത്ഥാടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പിന്നീട് അദ്ദേഹം ലക്ഷ്മിപതി തീർത്ഥരിൽ നിന്ന് ദീക്ഷ സ്വീകരിച്ചതായി പറയപ്പെടുന്നു. നിതായ്, ലക്ഷ്മിപതി തീർത്ഥരുടെ മറ്റൊരു ശിഷ്യനായ മാധവേന്ദ്രപുരിയുമായി നല്ലൊരു ബന്ധം പുലർത്തിയിരുന്നു. മാധവേന്ദ്രപുരി ആത്മീയ സഹോദരനായിരുന്നെങ്കിലും, നിതായ് അദ്ദേഹത്തെ തന്റെ ആത്മീയഗുരുവിനെ പ്പോലെ ആദരിച്ചിരുന്നു. മാധവേന്ദ്രപുരി ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായിത്തീർന്ന മാധുര്യരസത്തിന്റെ അതി മധുരമായ പരമാർത്ഥത്തെ സമർത്ഥിക്കുന്നതിൽ പ്രസിദ്ധിയാർജിച്ചവരായിരുന്നു. അദ്വൈത ആചാര്യൻ, ചൈതന്യ മഹാപ്രഭുവിന്റെ ആത്മീയ ഗുരുവായ ഈശ്വരപുരി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെടുന്നു.
കൊല്ലവർഷം1506 ൽ നിത്യാനന്ദപ്രഭു ചൈതന്യ മഹാപ്രഭുവിനെ പ്രഥമമായി സന്ധിച്ചു. അപ്പോൾ അദ്ദേഹത്തിന് 32 വയസ്സും ചൈതന്യ മഹാപ്രഭുവിന് 20 വയസ്സുമുണ്ടായിരുന്നു. നിത്യാനന്ദപ്രഭു നാദിയായിൽ എത്തിയപ്പോൾ വിരഹ വേദനയുളവാക്കുന്നതിലൂടെ ആദ്യസമാഗമത്തിന്റെ പരമാനന്ദം വർധിപ്പിക്കാനായി അദ്ദേഹം നന്ദനാചാര്യരുടെ വസതിയിൽ ഒളിച്ചിരുന്നതായി പറയപ്പെടുന്നു. നിത്യാനന്ദ പ്രഭു നാദിയായിൽ എത്തിച്ചേർന്നെന്നുള്ളത് മനസ്സിലാക്കിയ ചൈതന്യ മഹാപ്രഭു തന്റെ ശാശ്വതനായ ആ സഹചാരിയെ തേടി കണ്ടുപിടിക്കാനായി ഹരിദാസ് ഠാക്കൂറിനേയും, ശ്രീവാസ പണ്ഡിതനേയും പറഞ്ഞയച്ചു. പക്ഷേ അവർ നിത്യാനന്ദ പ്രഭുവിനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. അവസാനം വിരഹവേദന താങ്ങാനാകാതെ ചൈതന്യ മഹാപ്രഭു സ്വയം നിത്യാനന്ദപ്രഭുവിന്റെ സമക്ഷം വരുകയും ആനന്ദപൂർണ്ണമായ ആ സമാഗമം കാഴ്ചക്കാരുടെ ഉള്ളിൽ അവാച്യമായ ആനന്ദാനുഭൂതി ഉണർത്തുകയും ചെയ്തു. നാദിയായിൽ ഉള്ള ഗൗര- നിത്യാനന്ദ മന്ദിരം അവരുടെ ആദ്യസമാഗമത്തിന്റെ ഓർമ്മകളെ പരിലാളിക്കുന്നതാണ്.
ഒരു യഥാർത്ഥ ആത്മീയഗുരുവിന്റെ സ്ഥാനം നിർവഹിച്ച നിത്യാനന്ദപ്രഭു ഗൗഡദേശത്തിലൊട്ടാകെ ( ഇന്നത്തെ ഒറീസ, ബംഗാൾ എന്നീ സ്ഥലങ്ങൾ) യുഗ ധർമ്മമായ ഹരിനാമ സങ്കീർത്തനം പ്രചരിപ്പിക്കുന്നതിന് നിമിത്തമായി വർത്തിച്ചു. നിത്യാനന്ദ പ്രഭുവിന്റെ കാരുണ്യം അതിരറ്റത്തായതിനാൽ ആർക്കെല്ലാം അദ്ദേഹവുമായി സന്ധിക്കുവാൻ ഭാഗ്യം ലഭിച്ചുവോ, അവരെല്ലാം കൃഷ്ണ പ്രേമത്തിന്റെ പെരുവെള്ളത്തിൽ മുങ്ങി തുടിച്ചു. അദ്ദേഹത്തിന്റെ കാരുണ്യത്താലാണ്, ആറ് ഗോസ്വാമിമാരിൽ ഒരാളായ രഘുനാഥ ദാസഗോസ്വാമി പാനി ഹാട്ടി എന്ന സ്ഥലത്ത് ഇന്നും പരമ്പരാഗതമായി തുടർന്നു പോരുന്ന ദണ്ഡ മഹോത്സവം(ചീടാ -ദഹി മഹോത്സവം എന്നറിയപ്പെടുന്നു) ആരംഭിച്ചത്. അപ്രകാരം ചൈതന്യമഹാപ്രഭുവിനു സേവനം ചെയ്യാനുള്ള അവസരം പ്രാപ്തമാക്കിയതും. അദ്ദേഹം തന്റെ കാരുണ്യം അതീവ പതീത്മാക്കളായ ജഗായ്, മധായ് എന്നിവർക്ക് നേരെ വർഷി ക്കുകയും അപ്രകാരം അവരെ പാപപൂർണമായ ജീവിതത്തിൽ നിന്ന് മോചിപ്പിക്കുകയും, ചൈതന്യ മഹാപ്രഭുവിന്റെ ഉഗ്രകോപത്തിനിരയാകാതെ അവരെ സംരക്ഷിക്കുകയും ചെയ്തു. തീർച്ചയായും അദ്ദേഹത്തിന്റെ കാരുണ്യത്തിന് അതിരുകളില്ല. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളുടെ അമൃതം ആസ്വദിച്ചവരെല്ലാം ഭാഗ്യശാലികളാണ്.
ചൈതന്യ മഹാപ്രഭുവിന്റെ അഭ്യർത്ഥന പ്രകാരം നിത്യാനന്ദപ്രഭു ബംഗാളിൽ വന്നപ്പോൾ, തന്റെ അവധൂത വേഷം കൈവെടിഞ്ഞു, ഒരു ഗൃഹസ്ഥനായി തീർന്നു. ഗൗരിദാസപണ്ഡിതന്റെ ( ചൈതന്യ മഹാപ്രഭു വിന്റെ വളരെ അടുത്ത സഹചാരിയും ശ്യാമാനന്ദ പണ്ഡിതന്റെ ഗുരുവും) സഹോദരനായ സൂര്യദാസ സരാകേലിന്റെ പുത്രിമാരായ ജാഹ്നവാ ദേവിയേയും വസുധ ദേവിയേയും അദ്ദേഹം വിവാഹം കഴിച്ചു. നിത്യാനന്ദപ്രഭുവിന് വസുധയിൽ ഒരു പുത്രനും( വീര ചന്ദ്രൻ) ഒരു പുത്രിയും( ഗംഗാദേവി)യും ഉണ്ടായി. അധികം താമസിക്കാതെ തന്നെ വസുധ ഇഹലോകവാസം വെടിയുകയും, ജാഹ്നവാ ദേവി ഈ കുട്ടികളെ പരിപാലിച്ചു പോരുകയും ചെയ്തു. പിന്നീട് അവർ വീര ചന്ദ്രന് ദീക്ഷ നൽകുകയും, നരോത്തമ ദാസ ഠാക്കൂർ, ശ്യാമാനന്ദ പണ്ഡിതൻ, ശ്രീവാസ പണ്ഡിതൻ എന്നിവരെപ്പോലെയുള്ളവർക്ക് ശിക്ഷാ ഗുരുവായി വർത്തിക്കുകയും ചെയ്തു. ജാഹ്നവാ ദേവി ഒരു വൈഷ്ണവിയായി ആദരിക്കപ്പെടുകയും അവർ വൈഷ്ണവ സമ്പ്രദായത്തിൽ സ്ത്രീകൾക്ക് പരമപ്രധാനമായ ഒരു സ്ഥാനം സ്ഥാപിക്കുകയും ചെയ്തു.
നിത്യാനന്ദ പ്രഭു തന്റെ ഇഹലോക ലീലകൾ അവസാനിപ്പിച്ചതിന് ശേഷം കൃഷ്ണന്റെ വിഗ്രഹരൂപമായ ബംങ്കിറായിൽ ലയിച്ചു ചേർന്നു. ഈ ക്ഷേത്രം ഏകചക്രയിൽ നിന്ന് അധികം ദൂരമല്ലാതെ സ്ഥിതിചെയ്യുന്നു. നിത്യാനന്ദ പ്രഭുവിന്റെ കാരുണ്യമില്ലാത ചൈതന്യ മഹാപ്രഭുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും ആ വഴിയിൽ മുന്നേറാൻ സാധിക്കുകയില്ലെന്ന് വൈഷ്ണവ ആചാര്യൻമാർ ഊന്നിപ്പറയുന്നു. ചൈതന്യ മഹാപ്രഭുവിന്റെ പാദാരവിന്ദങ്ങളിൽ അഭയം ലഭിക്കാൻ ഒരുവൻ ആദി ഗുരുവായ നിത്യാനന്ദപ്രഭുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാണ്. നിത്യാനന്ദ പ്രഭുവിന്റെ സാന്നിദ്ധ്യം ഒരുവന് എല്ലായിപ്പോഴും തന്റെ ആത്മീയഗുരുവിന്റെ സാന്നിദ്ധ്യത്തിൽ അനുഭവിക്കാൻ സാധിക്കുന്നതാണ്. എന്തെന്നാൽ ആത്മീയ ഗുരു നിത്യാനന്ദ പ്രഭുവിന്റെ ജീവിക്കുന്ന പ്രത്യക്ഷമായ ആവിഷ്ക്കാരമാണ്. അദ്ദേഹത്തിന്റെ ശക്തിയാണ്, ഒരു ശിഷ്യനെ ഭക്തിയുത സേവനം ചെയ്യാൻ പ്രാപ്തനാക്കുന്നതും, അപ്രകാരം ആത്മീയാനന്ദം അനുഭവിക്കാൻ സാധ്യമാക്കുന്നതും.........
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment