ഓ പാപരഹിതനായ വിദുര, വളരെ പെട്ടെന്ന്, ബ്രഹ്മാവ് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിൽനിന്ന് ഒരാൺപന്നിയുടെ ചെറിയ രൂപം പുറത്തുവന്നു. ഒരു തള്ളവിരലിന്റെ ഉയർന്ന ഭാഗത്തേക്കാൾ വലിപ്പ മുണ്ടായിരുന്നില്ല ആ ജന്തുവിന്. ഓ ഭരതന്റെ പിൻഗാമീ, ബ്രഹ്മാവ് നിരീക്ഷിച്ചു കൊണ്ടിരിക്കെ, ആകാശത്തേക്കുയർന്ന ആ ജന്തു അത്ഭുതകരമാം വിധം ഒരു ആനയുടെ വലിപ്പമുള്ളതായി രൂപാന്തരപ്പെട്ടു. ആകാശത്തിൽ ആൺപന്നിയുടെ ഭീമാകാരം നിരീക്ഷിച്ച് ബ്രഹ്മാവും, മാരീചിയെപ്പോലുള്ള മഹാ ബ്രാഹ്മണരും, അതുപോലെ കുമാരന്മാരും മനുവും അതിനെപ്പറ്റി വിവിധ അഭിപ്രായങ്ങളാൽ വാഗ്വാദം തുടങ്ങി. ആൺപന്നിയായി നടിച്ചു വന്നിട്ടുള്ള ഏതെങ്കിലും അസാധാരണ ജീവിയാണോ ഇത്? അത് എന്റെ നാസികയിൽനിന്നു വന്നത് വളരെ അതിശയകരമായിരിക്കുന്നു. ആദ്യം ഈ വരാഹത്തിന് തള്ളവിരലിന്റെ അഗ്രത്തേക്കാൾ വലിപ്പം കാണപ്പെട്ടില്ലെങ്കിലും, അവൻ ഒറ്റ നിമിഷം കൊണ്ട് ഒരു കല്ലിനോളം വലുതായി. എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. അവൻ, പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ വിഷ്ണുവോ? ബ്രഹ്മാവ് തന്റെ പുത്രന്മാരോട് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണു ഒരു ഭീമൻ പർവ്വതത്തെപ്പോലെ ക്ഷുബ്ധമായി ഗർജിച്ചു. സർവശക്തനായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ, വീണ്ടും തന്റെ അസാധാരണമായ ശബ്ദത്തിൽ ഗർജിച്ചു. ബ്രഹ്മാവിനെയും മറ്റ് ഉൽകൃഷ്ടരായ ബ്രാഹ്മണരെയും ഉത്തേജിപ്പിച്ച അദ്ദേഹത്തിന്റെ ശബ്ദം സകല ദിക്കുകളിലും മാറ്റൊലിക്കൊണ്ടു. വരാഹ ഭഗവാന്റെ കാരുണ്യ പൂർണവും സർവമംഗള കരവുമായ ഘോരനാദം ശ്രവിച്ച ജന ലോകത്തിലെയും തപോ ലോകത്തിലെയും സത്യ ലോകത്തിലെയും മഹാമുനിമാരും ചിന്തകന്മാരും മൂന്നു വേദങ്ങളിലെയും മംഗള മന്ത്രങ്ങളാൽ അദ്ദേഹത്തെ സ്തുതിച്ചു. ഒരു ഗജത്തെപ്പോലെ വിഹരിച്ചുകൊണ്ട് ജലത്തിലേക്ക് പ്രവേശിച്ച അദ്ദേഹം മഹാ ഭക്തന്മാരുടെ വൈദിക പ്രാർഥനകൾക്ക് മറുപടിയായി വീണ്ടും ഗർജിച്ചു. വൈദിക പ്രാർഥ നകളിലെ വിഷയം ഭഗവാനായിരുന്നതിനാൽ ഭക്തന്മാർ തന്നെയാണ് കീർത്തിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായി. വരാഹ ഭഗവാൻ ഭൂമിയെ രക്ഷിക്കാൻ ജലത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വാൽ ചുഴറ്റിയടിച്ചും, തോളിലെ രോമങ്ങൾ പ്രകമ്പനം കൊള്ളിച്ചും ആകാശത്തിൽ പറന്നു. അദ്ദേഹത്തിന്റെ തിരനോട്ടം പോലും പ്രകാശ പൂർണമായി. അദ്ദേഹം തന്റെ തേറ്റകളാലും, വെള്ളക്കൊമ്പുകളാലും ആകാശത്തിലെ മേഘങ്ങളെ കുത്തിച്ചിതറിച്ചു. അദ്ദേഹം സ്വയം പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകയാൽ അതീന്ദ്രിയനാണ്. എങ്കിലും, സൂകരശരീരിയാ കയാൽ ഭൂമിയുടെ പിന്നാലെ മണം പിടിച്ചു നടന്നു. അദ്ദേഹത്തിന്റെ കൊമ്പുകൾ ഭയാനക ങ്ങളായിരുന്നു. പ്രാർഥ നയിൽ മുഴുകിയിരുന്ന ഭക്തരെ കടാക്ഷിച്ചു കൊണ്ട് ഭഗവാൻ ജലത്തിലേക്ക് പ്രവേശിച്ചു. ഒരു മഹാമേരു പോലെ ജലത്തിലേക്ക് ചാടിയ വരാഹ ഭഗവാൻ സമുദ്രത്തെ മദ്ധ്യഭാഗത്തു വച്ച് രണ്ടായി പിളർക്കുകയും, അപ്പോൾ സമുദ്രത്തിന്റെ കരങ്ങൾ കണക്ക് പ്രത്യക്ഷപ്പെട്ട കൂറ്റൻ തിരമാലകൾ ഭഗവാനോട് ഇങ്ങനെ കരഞ്ഞു പ്രാർഥിക്കുകയും ചെയ്തു: " സകല യാഗങ്ങളുടെയും ഭഗവാനേ! ദയവായി എന്നെ രണ്ടായി പിളർക്കരുതേ, എനിക്ക് സംരക്ഷണമേകുവാൻ കാരുണ്യമുണ്ടാകണമേ! മൂർച്ചയേറിയ ശസ്ത്രങ്ങൾ പോലുള്ള തന്റെ തേറ്റകളാൽ തുളച്ചകയറി നീങ്ങിയ വരാഹ ഭഗവാൻ, സമുദ്രം അപരിമേയമാ ണെങ്കിലും അതിന്റെ പരിമിതി കണ്ടുപിടിച്ചു. എല്ലാ ജീവസത്തകളുടെയും വിശ്രമസ്ഥലമായ ഭൂമിയെ സൃഷ്ടിയുടെ പ്രാരംഭത്തിലെ യഥാസ്ഥിതിയിൽ ജലത്തിനടിയിൽ ദർശിച്ച അദ്ദേഹം സ്വയം അതിനെ ഉയർത്തി. വരാഹ ഭഗവാൻ ഭൂമിയെ തന്റെ കൊമ്പുകളാൽ നിഷ്പ്രയാസം ഉയർത്തിയെടുത്ത് ജലത്തിനു വെളിയിൽ കൊണ്ടുവന്നു. ആ നിലയിൽ ദീപ്തിമത്തായി മഹാപ്രതാപത്തോടെ യാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. തന്നോടു യുദ്ധത്തിനു മുതിർന്ന രാക്ഷസനെ(ഹിരണ്യാക്ഷ ൻ) സുദർശനചക്രം പോലെ ജ്വലിക്കുന്ന കോപത്തോടെ ഭഗവാൻ തൽക്ഷണം വധിച്ചു. തദനന്തരം ഭഗവാൻ വരാഹൻ, ഒരു സിംഹം ആനയെ കൊല്ലുന്നതു പോലെ രാക്ഷസനെ ജലത്തിൽ വച്ച് വധിച്ചു. ചെമ്മണ്ണ് കുഴിക്കുന്ന ആന ചുവക്കുന്നതുപോലെ ഭഗവാന്റെ കവിൾത്തടങ്ങളും നാവും രാക്ഷസന്റെ രക്തം പുരണ്ട് ചുവപ്പാക്കപ്പെട്ടു. ഒരു ഗജത്തെപ്പോലെ വിനോദിച്ചുകൊണ്ടിരുന്ന ഭഗവാൻ അപ്പോൾ, ഭൂമിയെ തന്റെ വളഞ്ഞ വെള്ളക്കൊമ്പിന്റെ അഗ്രത്ത് നിർത്തി. അദ്ദേഹം അപ്പോൾ ഒരു തമാല വൃക്ഷത്തിന്റേതുപോലെ നീലിച്ച ശരീരമുള്ളവനായി കാണപ്പെട്ടു. ബ്രഹ്മാവിന്റെ നേതൃത്വത്തിലുള്ള മുനിമാർക്ക് അത് പരമദിവ്യോത്തമപുരുഷനായ ഭഗവാനാണെന്ന് ബോധ്യമാവുകയും, അവർ അദ്ദേഹത്തിന് സാദര പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു.
( ശ്രീമദ് ഭാഗവതം 3.13. 18 -33 വിവർത്തനം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment