Wednesday, February 24, 2021
Tuesday, February 23, 2021
ജയ ഏകാദശി( ഭൈമി ഏകാദശി )
ജയ ഏകാദശി( ഭൈമി ഏകാദശി )
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁🍁
മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ജയ ( ഭൈമി ) ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഭവിഷ്യോത്തരപുരാണത്തിൽ വിവരിച്ചിരിക്കുന്നു.
ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം ആരാഞ്ഞു . "അല്ലയോ ഭഗവാനേ , അല്ലയോ ആദിമപുരുഷാ , ജഗന്നാഥാ , അങ്ങ് വിയർപ്പിൽ നിന്ന് ഉൽഭവിക്കുന്നവയും വിത്തിൽ നിന്ന് ഉത്ഭവിക്കുന്നവയും , മുട്ടയിൽ നിന്ന് ഉത്ഭവിക്കുന്നവയും , ഭ്രൂണത്തിൽ നിന്ന് ഉത്ഭവിക്കുന്നവയുമായ നാല് വിധത്തിലുള്ള ജീവി വിഭാഗങ്ങളുടെയും ആദിമ കാരണഭൂതനാണ്. സ്രഷ്ടാവും സംരക്ഷകനും സംഹാരകനും അങ്ങ് തന്നെയാണ്. മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ മാഹാത്മ്യങ്ങൾ വിവരിച്ചാലും. ഈ ഏകാദശി എപ്രകാരമാണ് അനുഷ്ഠിക്കേണ്ടത് എന്നും മംഗളകരമായ ഈ ഏകാദശിയുടെ ആരാധനാമൂർത്തി ആരെന്നും പറഞ്ഞുതന്നാലും."
ഭഗവാൻ കൃഷ്ണൻ മറുപടിയോതി.
" അല്ലയോ നൃപോത്തമാ , ഈ ഏകാദശി ജയ ഏകാദശി എന്ന് അറിയപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്റെ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്ന ഒരുവന് ഒരിക്കലും പ്രേത ശരീരം സ്വീകരിക്കേണ്ടി വരികയില്ല. അല്ലയോ രാജൻ , മുക്തി പ്രദാനം ചെയ്യുന്നതിലും പാപങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും ഈ ഏകാദശിക്ക് തുല്യമായി മറ്റൊന്നില്ല . അല്ലയോ സിംഹ തുല്യനായ രാജാവേ, മുൻപ് ഞാൻ പത്മപുരാണത്തിൽ വിവരിച്ചിട്ടുള്ള ഈ ഏകാദശിയുടെ മഹാത്മ്യം വീണ്ടും വിവരിക്കാം . ഈ ഏകാദശി ശ്രദ്ധയോടും ശുഷ്കാന്തിയോടെ കൂടി അനുഷ്ഠിക്കേണ്ടതാണ്. അല്ലയോ പാണ്ഡവാ , ഈ ഏകാദശിയുമായി ബന്ധപ്പെട്ട അദ്ഭുതകരമായ ഒരു പൗരാണിക സംഭവം ഞാൻ വിവരിക്കാം. അങ്ങ് ശ്രദ്ധിച്ചുകേൾക്കുക."
" ഒരുപാട് കാലത്തിന് മുമ്പ് ദേവേന്ദ്രൻ സ്വർഗ്ഗലോകം ആണ്ട് കൊണ്ടിരിക്കെ ദേവന്മാരെല്ലാം എല്ലാവിധത്തിലും സന്തുഷ്ടരും സംതൃപ്തരുമായി ജീവിച്ചു കൊണ്ടിരുന്നു. വിടർന്ന പാരിജാത പുഷ്പങ്ങളുടെ നറും സുഗന്ധം നിറഞ്ഞൊഴുകിരുന്ന നന്ദനവനത്തിൽ, ഇന്ദ്രൻ അമൃതപാനം ചെയ്തുകൊണ്ട് അൻപത് ദശലക്ഷത്തോളം അപ്സരസ്സുകളുമായി ഗാനാലാപനവും നൃത്തവും ആസ്വദിച്ചു കൊണ്ടിരുന്നു.
പുഷ്പദന്തൻ എന്ന ഗന്ധർവ്വനാൽ നേതൃത്വം നൽകപ്പെട്ട ആ സംഗീത സഭയിൽ അനേകം ഗന്ധർവന്മാർ ഗാനങ്ങൾ ആലപിച്ചു കൊണ്ടിരുന്നു. ഇന്ദ്ര ദേവന്റെ സദസ്സിലെ ആസ്ഥാന ഗായകനായ ചിത്രസേനൻ എന്ന ഗന്ധർവ്വൻ തന്റെ പത്നി മാലിനിയോടും പുത്രൻ മാല്യവാനോടുമൊപ്പം അവിടെ സന്നിഹിതനായിരുന്നു . പുഷ്പാവതി എന്ന് പേരായ ഒരു അപ്സരസ് മാല്യവാന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായി . മാര ശരങ്ങളാൽ പീഡിതയായ അവൾ തന്റെ അംഗവിക്ഷേപങ്ങളാലും കടക്കൺകടാക്ഷങ്ങളാലും മാല്യവാനെ വശപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. മാല്യവാനും അവളുടെ ആകാര സൗകുമാര്യത്തിലും പുരികക്കൊടികളുടെ ചലനത്തിലും ആകൃഷ്ടനായി."
" അല്ലയോ രാജാവേ , പുഷ്പാവതിയുടെ അനിതരസാധാരണവും വിശിഷ്ടവുമായ സൗന്ദര്യത്തെപ്പറ്റി കേൾക്കുക. അവളുടെ മനോഹരമായ കരങ്ങൾ പട്ടുപോലെ മൃദുലമായിരുന്നു.അവളുടെ വദനം മുഴുതിങ്കൾ മാനത്തുദിച്ചത് പോലെ മനോഹരമായിരുന്നു. പത്മദളങ്ങൾക്ക് സമാനമായ അവളുടെ നീണ്ട നയനങ്ങൾ മനോഹരമായ കാതുകൾ വരേക്കും നീണ്ടതായിരുന്നു. കർണ്ണങ്ങൾ ഭംഗിയുള്ള ലോലാക്കുകളാൽ അലംകൃതമായിരുന്നു . മൂന്ന് രേഖകളുള്ള അവളുടെ കണ്ഠം വെൺശംഖിന്റെ ഭംഗിയെ വെല്ലുന്നതായിരുന്നു.അരക്കെട്ട് ഒതുങ്ങിയതും, ഇടുപ്പ് വിടർന്നതുമായിരുന്നു. തുടകൾ വാഴത്തടിക്കൊത്തതായിരുന്നു. ഉയർന്ന മാറിടം അവൾ നവ യൗവ്വനത്തിന്റെ തുടക്കത്തിലാണെന്ന് വിളിച്ചോതിയിരുന്നു.പുതുതായി വിടർന്ന ചെന്താമര പോലെ മനോഹരമായിരുന്നു അവളുടെ പാദങ്ങൾ . ഈ ആകാരഭംഗി ആഡംബരങ്ങളായ വസ്ത്രങ്ങളാലും ആഭരണങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു.മാല്യവാൻ അവളുടെ അഭൗമ സൗന്ദര്യത്തിൽ മയങ്ങിപ്പോയി ."
"ഇന്ദ്രനെ പ്രീതിപ്പെടുത്തുവാനായി മാല്യവാനും പുഷ്പാവതിയും ഗാനമാലപിക്കാനും നൃത്തമാടാനും ആരംഭിച്ചു . എന്നാൽ പരസ്പരം ആകൃഷ്ടരായതിനാൽ അവർക്ക് അത് ഭംഗിയായി നിർവഹിക്കാൻ സാധിച്ചില്ല. അതിനാൽ സംഗീത സദസ്സിന്റെ ഒഴുക്കിനെ അത് സാരമായി ബാധിച്ചു. സംഗീത സദസ്സിലെ ഈ താളപ്പിഴകൾ ശ്രദ്ധിച്ച ഇന്ദ്രൻ ഇരുവരുടെയും മാനസികാവസ്ഥ മനസ്സിലാക്കി . സംഗീത നൃത്തങ്ങളിലുള്ള തുടർച്ചയായ താളപ്പിഴകൾ തന്നെ അവഹേളിക്കുന്നതിന് തുല്യമായി കണക്കാക്കിയ ഇന്ദ്രൻ അവരെ ഇപ്രകാരം ശപിച്ചു. " വിഡ്ഢികളെ !! കാമത്തിന് വശപ്പെട്ടുകൊണ്ട് സ്വന്തമായ സ്വപ്നലോകത്തിൽ വിഹരിക്കുന്ന നിങ്ങൾ എനിക്കായി ഗാനമാലപിക്കുന്ന തായി അഭിനയിക്കുകയാണ്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ ഞാൻ ശപിക്കുന്നു.നിങ്ങൾ പിശാചുകളായിത്തീരട്ടെ . ഭൂമിയിൽ പിറന്ന് പിശാചിന്റെ ശരീരത്തിൽ പതി പത്നിമാർ ആയിത്തീർന്ന് നിങ്ങൾ ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കുക."
" ഇന്ദ്ര ശാപത്താൽ പിശാചിന്റെ ശരീരം ലഭിച്ച മാല്യവാനും പുഷ്പാവതിയും ഹിമാലയത്തിലെ ഒരു ഗുഹയിൽ യാതനാഭരിതമായ ജീവിതം കഴിച്ചുകൂട്ടി. പിശാചിന്റെ ശരീരം ലഭിച്ചതിനാൽ അവർ അതീവ ദുഖിതരായിത്തീർന്നു. ഗന്ധം , സ്പർശം, നിദ്ര എന്നിവയിൽ നിന്നും അവർക്ക് സുഖം ലഭിച്ചിരുന്നില്ല. ഹിമാലയത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും അലഞ്ഞിരുന്ന അവരുടെ ദുരിതങ്ങൾ അനുനിമിഷം വർദ്ധിച്ചുകൊണ്ടേയിരുന്നു . തുടർച്ചയായ ഹിമപാതത്തിലും തീവ്രമായ തണുപ്പിലും അവരുടെ പല്ലുകൾ നിരന്തരം കൂട്ടിയിടിച്ചു കൊണ്ടിരുന്നു. അതികഠിനമായ ആ തണുപ്പിൽ നിദ്രാ സുഖവും അവർക്ക് ലഭിച്ചിരുന്നില്ല . ഇപ്രകാരം അലഞ്ഞു കൊണ്ടിരുന്ന അവർ ഒരിടത്തിരുന്ന് കൊണ്ട് ആത്മാവലോകനം ചെയ്യുവാൻ തുടങ്ങി.പിശാചിന്റെ രൂപത്തിലുള്ള മാല്യവാൻ പിശാചിനിയുടെ രൂപത്തിലുള്ള പുഷ്പാവതിയോട് ഇപ്രകാരം പറഞ്ഞു. " കഷ്ടം !!! എന്ത് നീച പ്രവർത്തിയുടെ ഫലമായാണ് യാതനാപൂർണ്ണമായ പിശാചിൻറെ ശരീരം നമുക്ക് ലഭിച്ചത് . അതീവ ദുഃഖിതരായ അവർ പശ്ചാത്താപത്താൽ നീറി കൊണ്ടിരുന്നു. ആ ദിവസം മുഴുവനും പിശാചിന്റേയും പിശാചിനിയുടെയും രൂപത്തിലുള്ള മാല്യവാനും പുഷ്പാവതിയും ആഹാരമൊന്നും കഴിക്കാതെ തങ്ങൾ ചെയ്ത പ്രവർത്തികൾ ഓർത്തു നിരന്തരം പശ്ചാത്തപിച്ചു കൊണ്ടിരുന്നു. യദൃച്ഛയാ ആ ദിവസം മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന മംഗള ദായകമായ ജയ ഏകാദശിയായിരുന്നു. വിശപ്പിനാലും ദാഹത്തിനാലും പരീക്ഷണരായിരുന്നെങ്കിലും ഒരു ജീവിയെ പോലും അവർ അന്നേദിവസം വധിച്ചില്ല .കിഴങ്ങുകളോ, പഴങ്ങളോ , ജലമോ പോലും അവർ അന്നേദിവസം ആഹരിച്ചില്ല. അല്ലയോ രാജാവേ ഇപ്രകാരം ആ ദമ്പതികൾ ഒരാൽ വൃക്ഷത്തിന്റെ താഴെ അതീവ ദുഃഖിതരായിരിക്കവേ, സൂര്യൻ അസ്തമിക്കാൻ തുടങ്ങി . മരം കോച്ചുന്ന തണുപ്പിനാലും മനസ്സിനെ ദുഃഖകരമായ ചിന്തകൾ അലട്ടുന്ന തിനാലും ഇരുവരും ആ രാത്രി ഉറങ്ങിയതുമില്ല .മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ ഇന്ദ്രിയ ആസ്വാദനത്തിനുള്ള ഒരു ചിന്തപോലും അവരുടെ ഹൃദയത്തിൽ ഉദിച്ചില്ല" .
"അല്ലയോ പുരുഷകേസരി , ഇപ്രകാരം അവരറിയാതെത്തന്നെ ജയ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ നേടിയ പുണ്യഫലത്താൽ അടുത്ത ദിവസം സൂര്യനുദിച്ചപ്പോൾ അവർക്ക് പിശാചിന്റെ രൂപത്തിൽ നിന്നും മോചനം ലഭിച്ചു. വീണ്ടും പൂർവ്വ രൂപം അവർക്ക് പ്രാപ്തമായി.ആശ്ചര്യത്താൽ പരസ്പരം നോക്കിനിൽക്കെ , ഒരു സ്വർഗ്ഗീയ വിമാനം അവിടെ ആഗതമാവുകയും , സ്വർഗ്ഗവാസികൾ പാടിപ്പുകഴ്ത്തി കൊണ്ടിരിക്കെ, ആ വിമാനത്തിൽ കയറി അവർ സ്വർഗ്ഗത്തിലേക്ക് യാത്രയാവുകയും ചെയ്തു.
"ഇന്ദ്ര ലോകത്തിന്റെ തലസ്ഥാനനഗരിയായ അമരാവതിയിൽ എത്തിയ ഉടൻ തന്നെ അവർ ഇരുവരും തങ്ങളുടെ യജമാനനായ ഇന്ദ്രദേവന്റെ സമീപം ചെന്നു സാദരം പ്രണാമങ്ങൾ അർപ്പിച്ചു. പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം കൈക്കൊണ്ട മാല്യവാനേയും പുഷ്പാവതിയേയും കണ്ട ഇന്ദ്രൻ അത്ഭുതപരതന്ത്രനായി. ഇന്ദ്രദേവൻ അവരോട് ആരാഞ്ഞു . " എന്ത് അതിശയകരമായ പുണ്യപ്രവർത്തി മൂലമാണ് ഇത്രയും വേഗം ഈ പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം പ്രാപ്തമാക്കാൻ നിങ്ങളെ സഹായിച്ചത്? എൻറെ ഘോരമായ ഈ ശാപത്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചതാരാണ് ?" മാല്യവാൻ മറുപടിയോതി "അല്ലയോ പ്രഭോ, പരമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണന്റെ കാരുണ്യത്താലും ജയ ഏകാദശി വ്രതത്തിന്റെ പ്രഭാവത്താലും ഞങ്ങൾ യാതനാ പൂർണമായ ഈ പിശാചിന്റെ ശരീരത്തിൽ നിന്നും മുക്തരായി. അല്ലയോ പ്രഭോ , അജ്ഞാത സുകൃതിയാൽ , അറിയാതെയാണെങ്കിൽ പോലും ഞങ്ങൾ ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ പൂർവ രൂപവും സ്ഥാനവും ഞങ്ങൾക്ക് തിരികെ ലഭിച്ചു ." മാല്യവാന്റെ മറുപടി ശ്രവിച്ച ഇന്ദ്രദേവൻ പറഞ്ഞു . "ഏകാദശി അനുഷ്ഠിച്ചതിലൂടെ ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനം ചെയ്തതിനാൽ നിങ്ങൾ പരിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എനിക്കും ആരാധ്യരാണ്. ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ആരായാലും, അവരെ ഞാൻ ബഹുമാനിക്കുന്നു."
"അതിനാൽ അല്ലയോ യുധിഷ്ഠിരാ , ഒരുവൻ തീർച്ചയായും ഏകാദശീവ്രതം അനുഷ്ഠിക്കേണ്ടതാണ്. ജയ ഏകാദശിയുടെ വ്രതാനുഷ്ഠാനം ഒരുവന്റെ ബ്രഹ്മഹത്യാപാപം പോലും ദൂരീകരിക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നതിലൂടെയും യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും തീർഥ സ്ഥലങ്ങൾ ദർശിക്കുന്നതിലൂടെയും ലഭിക്കുന്ന പുണ്യം, ഒരുവന് ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്നു. വിശ്വാസത്തോടെയും ഭക്തിയോടെയും ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരുവൻ സദാ വൈകുണ്ഠത്തിൽ വസിക്കുന്നു."
ഈ ഏകാദശിയുടെ മഹാത്മ്യത്തെ ശ്രവിക്കുന്ന ഒരുവൻ അഗ്നി സോമ യജ്ഞം അനുഷ്ഠിച്ചതിന്റെ ഫലം നേടുന്നു.
Thursday, February 18, 2021
ബ്രഹ്മ വിമോഹനലീല
🍁🍁🍁🍁🍁🍁🍁
മരണം തന്നെ രൂപമെടുത്തു വന്നവനായ അഘാസുരന്റെ വായിൽ നിന്ന് കാലിക്കിടാങ്ങളെയും ഗോപബാലന്മാരെയും രക്ഷിച്ചിട്ട് പരമദിവ്യോത്തമപുരുഷനായ കൃഷ്ണൻ അവരെ യമുനാനദീതീരത്തേയ്ക്ക് കൊണ്ടുവന്നു. വിടർന്ന താമര പൂക്കളുടെ സുഗന്ധത്താലും വണ്ടുകളുടെ മൂളലുകളാലും കിളികളുടെ കളമൊഴികളാലും വിവിധ വൃക്ഷങ്ങളാലും സമൃദ്ധമായിരുന്ന ആ നദിപുളിനം ആരുടെയും മനസ്സിനേയും ആകർഷിക്കുന്നതായിരുന്നു . മൃദുലമായതും ശുദ്ധമായതുമായ തിളങ്ങുന്ന മണൽതരികൾ നിറഞ്ഞ നദീപുളിനം കേളികൾ ആടാൻ തക്ക യോഗ്യമാണെന്ന് കണ്ട കൃഷ്ണൻ , തന്റെ കൂട്ടരോടൊത്തുകൂടി അവിടെ വനഭോജനം ആസ്വദിക്കാം എന്ന് തീരുമാനിച്ചു . ഗോപബാലന്മാർ പശുക്കുട്ടികൾക്ക് നദിയിൽ നിന്ന് വെള്ളം കൊടുത്ത ശേഷം പുതിയ പച്ചപ്പുല്ലുള്ള സ്ഥലത്ത് അഴിച്ചു വിട്ടു. പിന്നീട് ഭക്ഷണക്കൂടകൾ തുറന്ന് കൃഷ്ണന്റെയൊപ്പം അതീന്ദ്രിയമായ ആനന്ദത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.ദളങ്ങളാലും ഇലകളാലും ചുറ്റപ്പെട്ട താമരപ്പൂവിന്റെ കേസരം പോലെ കൃഷ്ണൻ കൂട്ടുകാരുടെ വലയങ്ങൾക്കു നടുവിലിരുന്നു , അവരുടെയൊക്കെ മുഖങ്ങൾ ശോഭനമായിരുന്നു. കൃഷ്ണൻ തങ്ങളെ നോക്കുമെന്നു കരുതി എല്ലാവരും കൃഷ്ണനു നേരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പൂക്കളും പുഷ്പങ്ങളും മരപ്പട്ടകളും ശേഖരിച്ച് ഭക്ഷണപ്പൊതികൾ അവയുടെ മുകളിൽ വച്ചാണ് കുട്ടികൾ കൃഷ്ണനോടൊത്ത് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോൾ ഓരോ കുട്ടിയും കൃഷ്ണനോടുള്ള ബന്ധത്തിന്റെ വൈവിധ്യം വെളിവാക്കിയിരുന്നു. പല വിധ നേരംപോക്കുകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഭക്ഷണവേള അവർ ആനന്ദകരമാക്കി. ഭക്ഷണവേളയിൽ കൃഷ്ണൻ ഓടക്കുഴൽ അരയിൽ തിരുകിയിരുന്നു. അരയിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇടതുവശത്തു കുഴലും വടിയും തിരുകി വച്ചിരുന്നു. തയിരും, വെണ്ണയും, ചോറും, പഴങ്ങളും ഒക്കെ കൂട്ടിക്കുഴച്ച് ഒരുരുള അവന്റെ ഇടതുകയ്യിൽ പിടിച്ചിരുന്നത് പത്മദള സമാനമായ വിരലുകൾക്കിടയിലൂടെകാണാമായിരുന്നു. മഹായജ്ഞങ്ങളുടെയെല്ലാം ഫലം സ്വീകരിക്കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വൃന്ദാവനത്തിൽ ചങ്ങാതിമാരോടൊത്തു പൊട്ടിച്ചിരിച്ചും ഫലിതം പറഞ്ഞും ഭക്ഷണസുഖം ആസ്വദിക്കുന്നു. ഈ രംഗം സ്വർഗ്ഗത്തിലിരുന്ന ദേവന്മാർ വീക്ഷിക്കുന്നു. ഇങ്ങനെ തികച്ചും പരമാനന്ദകരമായ ഒരു സന്ദർഭം. തങ്ങളുടെ ഹൃദയാന്തരത്തിൽ കൃഷ്ണനെക്കുറിച്ചല്ലാതെ മറ്റൊന്നുമറിയാത്ത ഗോപബാലന്മാർ വനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, പശുക്കിടാങ്ങൾ പച്ചപ്പുൽ കണ്ടു മോഹിച്ച് കൊടും കാട്ടിനകത്തേയ്ക്ക് പോയി. പശുക്കുട്ടികളെ സമീപത്തെങ്ങും കാണാത്തപ്പോൾ അവയുടെ രക്ഷയെ സംബന്ധിച്ചു ഗോപകുമാരന്മാർ ആശങ്കാകുലരായി, അവരെ സമാധാനിപ്പിച്ചതിനുശേഷം കൃഷ്ണൻ സ്വയം അവയെ കണ്ടുപിടിക്കാനായി പുറപ്പെട്ടു.പശുക്കുട്ടികളെ കണ്ടുകിട്ടാതെ കൃഷ്ണൻ നദീതീരത്തേയ്ക്ക് മടങ്ങി. അപ്പോഴവിടെ ഗോപബാലന്മാരെയും കാണാനില്ല. അങ്ങനെ ഇരുകൂട്ടരെയും തിരഞ്ഞ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനാവാത്തതുപോലെ കൃഷ്ണൻ നടക്കുകയായി.
അഘാസുരൻ കൊല്ലപ്പെടുകയും ആ സംഭവം അദ്ഭുതപൂർവ്വം ദേവന്മാർ നോക്കി നിൽക്കുകയും ചെയ്തപ്പോൾ, വിഷ്ണുവിന്റെ നാഭീപദ്മത്തിൽ നിന്ന് പിറന്ന ബ്രഹ്മാവും ആ കാഴ്ച കാണാനെത്തിയിരുന്നു. കൃഷ്ണനെപ്പോലുള്ള ഒരു പിഞ്ചു ബാലന് അങ്ങനെയൊരു അദ്ഭുത കർമ്മം ചെയ്യാൻ കഴിഞ്ഞതിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു പോയി. ആ ഗോപകുമാരൻ പരമപുരുഷനായ ഭഗവാനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിലും കൂടുതൽ മഹനീയമായ ഭഗവദ് ലീലകൾ കാണാൻ ബഹ്മാവ് ആഗ്രഹിച്ചു. അതിനാൽ മുഴുവൻ പശുക്കുട്ടികളെയും ഗോപബാലന്മാരെയും മോഷ്ടിച്ച് മറെറാരിടത്തേക്ക് മാററി. അതുകൊണ്ടാണ് എത്ര അന്വേഷിച്ചിട്ടും ഭഗവാൻ കൃഷ്ണന് അവരെ കണ്ടുപിടിക്കാൻ കഴിയാതെ പോയത്. അതുമല്ല, യമുനാതീരത്തു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചങ്ങാതിമാരെപ്പോലും അവിടുത്തേക്ക് നഷ്ടമായി. ഒരു ഇടയ ബാലൻ എന്ന നിലയിൽ ബ്രഹ്മാവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭഗവാൻ കൃഷ്ണൻ ആരുമല്ല. പക്ഷേ ശ്രീകൃഷ്ണൻ പരമപുരുഷനായ ഭഗവാനാകയാൽ പശുക്കുട്ടികളെയും പശുപബാലന്മാരെയും ബ്രഹ്മാവ് മോഷ്ടിച്ചിരിക്കുകയാണെന്ന് പെട്ടെന്നു മനസ്സിലാക്കി, കൃഷ്ണൻ ചിന്തിച്ചു: “ഗോപബാലന്മാരെയും പശുക്കുട്ടികളെയും എല്ലാം ബ്രഹ്മാവു തട്ടിക്കൊണ്ടു പോയിരിക്കയാണ്. വൃന്ദാവനത്തിലേക്കു ഞാൻ മാത്രമായിട്ട് എങ്ങനെ പോകും? അമ്മമാർക്കതു ദു:ഖമുളവാക്കും.'
അതിനാൽ, ചങ്ങാതിമാരുടെ അമ്മമാരെ സമാധാനിപ്പിക്കുന്നതിനും ഒപ്പം പരമപുരുഷനായ ഭഗവാന്റെ അധീശത്വം ബ്രഹ്മാവിനെ ബോധ്യപ്പെടുത്താനും വേണ്ടി ആ നിമിഷം തന്നെ അദ്ദേഹം സ്വയം ഗോപബാലന്മാരും പശുക്കുട്ടികളുമായി വികാസംകൊണ്ടു. പരമപുരുഷനായി ഭഗവാൻ അസംഖ്യം ജീവാത്മാക്കളായി വികസിക്കുന്നു എന്നു വേദങ്ങളിൽ പറയുന്നുണ്ട്. അപ്പോൾ ഒരിക്കൽ കൂടി അസംഖ്യം ബാലന്മാരും പശുക്കുട്ടികളുമായി വികസിക്കാൻ അദ്ദേഹത്തിനു പ്രയാസമില്ല. മുഖച്ഛായയിലും ആകാരവടിവിലും ഗുണവിശേഷങ്ങളിലും വേഷ ഭൂഷകളിലും പെരുമാറ്റത്തിലും (പ്രവർത്തനങ്ങളിലും) തികച്ചും വിഭിന്നരായ ആ ബാലന്മാരുടെ അതേ രൂപത്തിലായിത്തീരാൻ ഭഗവാൻ സ്വയം വികസിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓരോരുത്തരും വിഭിന്ന രുചിക്കാരാണ്, വ്യത്യസ്തരായ ആത്മാ ക്കളാകയാൽ ഓരോരുത്തരുടെയും പെരുമാററ രീതിയും വ്യക്തിഗത പ്രവർത്തനങ്ങളും തികച്ചും വ്യത്യസ്തമാണ്. എന്നിട്ടും കൃഷ്ണൻ ഈ കുട്ടികളുടെയെല്ലാം സവിശേഷരൂപ-സ്വഭാവങ്ങളോടു കൂടിയ വെവ്വേറെ രൂപങ്ങളിൽ വികാസം കൊണ്ടു. അതിനുപുറമെ, വലിപ്പം, നിറം, പെരുമാററം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന പശുക്കുട്ടികളായും അവിടുന്ന് വികസിച്ചു. പ്രപഞ്ചത്തിലുള്ളതത്രയും കൃഷ്ണന്റെ വികാസങ്ങളാകയാൽ ഇതൊന്നും അദ്ദേഹത്തിനു പ്രയാസമുള്ള കാര്യമല്ല. പരസ്യ ബ്രഹ്മണഃശക്തി എന്നാണു വിഷ്ണുപുരാണം പറയുന്നത്. ഈ പ്രപഞ്ച പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം- പദാർത്ഥമായാലും ജീവാത്മാക്കളുടെ പ്രവൃത്തികളായാലും-ഭഗവച്ഛക്തിയുടെ വികാസങ്ങൾ മാത്രമാണ്; ചൂടും വെളിച്ചവും അഗ്നിയുടെ വികാസങ്ങളായിരിക്കുന്നതു പോലെ.
ഇപ്രകാരം ഗോപകുമാരന്മാരും പശുക്കുട്ടികളുമായി സ്വയം വികസിച്ച്, ഈ വികാസങ്ങളാൽ ചുററപ്പെട്ട് ഭഗവാൻ വൃന്ദാവനത്തിൽ പ്രവേശിച്ചു. സംഭവിച്ചതൊന്നും വൃന്ദാവനവാസികൾക്ക് അറിഞ്ഞുകൂടായിരുന്നു. വൃന്ദാവനത്തിലെത്തിയതോടെ പശുക്കുട്ടികൾ അതതിന്റെ തൊഴുത്തിൽ കയറി. കുട്ടികൾ അവരവരുടെ വീട്ടിൽ അമ്മമാരുടെയടുത്തേക്കും പോയി.അകലെവെച്ചു തന്നെ കുട്ടികളുടെ പുല്ലാങ്കുഴലിൽ നിന്നുമുയർന്ന നാദം അമ്മമാർ കേട്ടിരുന്നു. അതിനാൽ വീടിനു പുറത്തു വന്ന് അവരെ ആശ്ലേഷിച്ചു വീട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി. മാതൃവാത്സല്യത്താൽ അവരുടെ മുലകൾ ചുരന്നു. അവർ കുട്ടികൾക്ക് മുല കൊടുത്തു. പക്ഷേ, അവർ മുല കൊടുത്തിരുന്നത് സ്വന്തം കുട്ടികൾക്കായിരുന്നില്ല. കുട്ടികളായി വികാസം കൊണ്ട പരമദിവ്യോത്തമപുരുഷനായ ഭഗവാനെയായിരുന്നു ,അവർ മുല കുടിപ്പിച്ചത്. ഇത് വൃന്ദാവനത്തിലെ അമ്മമാർക്കു ഭഗവാനെ മുലയൂട്ടാൻ കിട്ടിയ മറെറാരു അവസരമായിരുന്നു. അങ്ങനെ യശോദയ്ക്കു മാത്രമല്ല, മുതിർന്ന ഗോപിമാർക്കെല്ലാം ഭഗവാൻ അങ്ങനെയൊരു അവസരം നൽകി.
കുട്ടികളെല്ലാം സാധാരണ പോലെ തന്നെയാണു അമ്മമാരോടു പെരുമാറിയത്. അതുപോലെ തന്നെ, സായംകാലങ്ങളിൽ അവരവരുടെ കുട്ടികളെ കുളിപ്പിച്ച് പൊട്ടു തൊടുവിച്ച്, ആഭരണങ്ങളുമണിയിച്ച്, ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ അമ്മമാരും വരുത്തിയിരുന്നില്ല. എല്ലാം മുറപോലെ നടന്നിരുന്നു. പശുക്കളുടെ കാര്യത്തിലും പതിവിൽ നിന്നും ഒരു മാററവും കണ്ടില്ല. മേച്ചിൽ സ്ഥലത്തുനിന്നും മടങ്ങിയെത്തുമ്പോൾ അതതിന്റെ കുട്ടികളെ വിളിക്കുന്നതിൽ അവയ്ക്കും തെറ്റു പററിയിരുന്നില്ല. വിളി കേൾക്കുമ്പോഴേക്കും പശുക്കുട്ടികൾ അതതിന്റെ തള്ളപ്പശുവിന്റെയടുത്തു പാഞ്ഞെത്തിയിരുന്നു. അമ്മമാർ അവയുടെ ശരീരം സ്നേഹപൂർവ്വം നക്കുകയും ചെയ്തിരുന്നു. വാസ്തവത്തിൽ അവിടെ തത്കാലം കാണുന്ന ഗോപാലന്മാരും പശുക്കുട്ടികളും നേരത്തെ അവിടെയുണ്ടായിരുന്നവരല്ല. എന്നിട്ടും പശുക്കളും പശുക്കുട്ടികളും തമ്മിലും അതുപോലെ തന്നെ ഗോപിമാരും ഗോപകുമാരന്മാരും തമ്മിലുമുള്ള ബന്ധത്തിനു യാതൊരു മാറ്റവുമില്ലായിരുന്നു. നേരെ മറിച്ച് അവരുടെ വാത്സല്യം അകാരണമായി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം കുട്ടികളില്ലാതിരുന്നിട്ടും ആ വാത്സല്യം സ്വാഭാവികമായിത്തന്നെ വളർന്നു വന്നു. വൃന്ദാവനത്തിലെ ഗോക്കൾക്കും മുതിർന്ന ഗോപിമാർക്കും സ്വന്തം മക്കളെക്കാൾ പ്രിയങ്കരൻ കൃഷ്ണനാ യിരുന്നു. എന്നാൽ ഈ സംഭവത്തിനുശേഷം അവരിൽ സ്വന്തം മക്കളോടുള്ള വാത്സല്യം കൃഷ്ണനോടുള്ള വാത്സല്യത്തിനൊപ്പം വളർന്നു. ഒരു വർഷകാലത്തേക്കു തുടർച്ചയായി കൃഷ്ണൻ സ്വയം പശുക്കുട്ടികളും പശുപകുമാരന്മാരുമായി വികസിച്ചു മേച്ചിൽ സ്ഥലങ്ങളിൽ സന്നിഹിതനിയിരുന്നു.
കൃഷ്ണന്റെ ഈ ലീല ബലരാമൻ മനസിലാക്കി.അദ്ദേഹം കൃഷ്ണ ഭഗവാനോട് ഇതിനെപറ്റി ആരാഞ്ഞപ്പോൾ ഭഗവാൻ നടന്നതെല്ലാം വിവരിച്ചു.ഇരുവരും ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കേ ബ്രഹ്മാവ് ഒരു നിമിഷത്തിനുള്ളിൽ (ഒരു ബ്രഹ്മനിമിഷത്തിനുള്ളിൽ) മടങ്ങിയെത്തി. ബ്രഹ്മാവിന്റെ ആയുസ്സെത്രയെന്ന് ഭഗവദ്ഗീതയിൽ നിന്നു നമുക്കറിയാം, ചതുർയുഗങ്ങളുടെ ആയിരം ഇരട്ടി - 4,300,000 x 1000 വർഷമാണ് ബ്രഹ്മാവിന്റെ 12 മണിക്കൂർ. അതുപോലെ ഒരു സൗരവർഷം ബ്രഹ്മാവിന് ഒരു നിമിഷ ( ഒരു സെക്കൻഡ് ) മാണ്. അങ്ങനെ, പശുക്കുട്ടികളെയും ബാലന്മാരെയും മോഷ്ടിച്ചത് മൂലമുണ്ടായ തമാശ കാണാൻ, ഒരു നിമിഷം കഴിഞ്ഞു ബഹ്മാവു മടങ്ങിയെത്തി. എന്നാൽ താൻ തീയോടാണ് കളിക്കുന്നതെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കൃഷ്ണൻ തന്റെ ഗുരുവും യജമാനനുമാണ്. അദ്ദേഹത്തിന്റെ പശുക്കുട്ടികളെയും ബാലന്മാരെയും മോഷ്ടിക്കുകയെന്ന കുരുത്തക്കേടാണ് തമാശയ്ക്കു വേണ്ടി താൻ കാണിച്ചിരിക്കുന്നത്. വാസ്തവത്തിൽ ബ്രഹ്മാവ് ഉത്കണ്ഠാകുലനായിരുന്നു. അതുകൊണ്ടാണ് ഏറെ വൈകാതെ മടങ്ങി വരാൻ തീരുമാനിച്ചത്. ഒരു ബ്രഹ്മനിമിഷം കഴിഞ്ഞ് മടങ്ങിയെത്തിയ ബ്രഹ്മാവ് താൻ ആദ്യം കണ്ട രീതിയിൽത്തന്നെ പശുക്കുട്ടികളും പശുക്കളും ഗോപകുമാരമാരും കൃഷ്ണനുമൊത്തു കളിയാടുന്നതാണ് കണ്ടത്. അവയെ മുഴുവൻമോഷ്ടിച്ച് തന്റെ മായാശക്തിക്കു വശംവദരാക്കി ഉറക്കത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ബ്രഹ്മാവിനുറപ്പുണ്ട്. ബ്രഹ്മാവ് ആലോചിച്ചു നോക്കി. "അവരെയെല്ലാം മോഷ്ടിച്ചു കൊണ്ടു പോയതാണല്ലോ. അവരിപ്പോഴും ഉറക്കമാണെന്നും എനിക്കറിയാം. അതുപോലെയുള്ള മറെറാരു സംഘം ഇതാ ഇവിടെ കൃഷ്ണനുമൊത്ത് കളിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? അതോ ഇനിയൊരു വേള എന്റെ യോഗശക്തി അവരുടെ മേൽ ഏശിയില്ലെന്നുണ്ടോ? അവർ ഈ ഒരു വർഷക്കാലവും തുടർച്ചയായി കൃഷ്ണനുമൊത്ത് വിളയാടുകയായിരുന്നോ?' അവർ ആരാണെന്നും തന്റെ യോഗശക്തി അവരെ സ്വാധീനിക്കാത്തതെന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ബ്രഹ്മാവ് ആവതു ശ്രമിച്ചു നോക്കി. അദ്ദേഹത്തിന് ഒന്നും വ്യക്തമായില്ല. മറെറാരു തരത്തിൽ പറഞ്ഞാൽ, അദ്ദേഹം സ്വന്തം യോഗ ശക്തിക്കു വശംവദനായിപ്പോയി. അദ്ദേഹത്തിന്റെ യോഗശക്തി ഇരുട്ടിലെ മഞ്ഞുപാളി പോലെയോ, പകൽസമയത്തെ മിന്നാമിനുങ്ങിനെപ്പോലെയോ നിഷ്പ്രഭമായിത്തീർന്നു. ഇരുട്ടത്ത് മിന്നാമിനുങ്ങിന് അല്പമൊന്നു മിന്നിത്തിളങ്ങാൻ കഴിയും. അതുപോലെ മലമുകളിലോ തറയിലോ അടിഞ്ഞു കൂടിയിരിക്കുന്ന മഞ്ഞുപാളിക്കു പകൽ വെളിച്ചത്തിൽ പ്രകാശിക്കാനാവും, എന്നാൽ രാത്രിയിൽ മഞ്ഞുപാളിക്ക് ആ രജത പ്രഭയില്ല. പകൽ വെളിച്ചത്തിൽ മിന്നാമിനുങ്ങിന് ആ കനക പ്രഭയുമില്ല. ഇതുപോലെ ബ്രഹ്മാവിന്റെ നിസ്സാരമായ യോഗശക്തി കൃഷ്ണന്റെ മുമ്പിൽ പ്രകടിപ്പിച്ചപ്പോൾ അതു മഞ്ഞുപാളി പോലെയോ മിന്നാമിനുങ്ങിനെ പോലെയോ നിഷ്പ്രഭമായിപ്പോയി. അല്പ മാത്രമായ യോഗശക്തിയുള്ളവൻ, വലിയ യോഗശക്തിയുള്ളവന്റെ മുമ്പിൽ, തന്റെ ശക്തി പ്രകടിപ്പിക്കാൻ പുറപ്പെട്ടാൽ സ്വന്തം ശക്തി കുറയുകയേയുള്ളൂ; ഒരിക്കലും അത് വർദ്ധിക്കില്ല. കൃഷ്ണന്റെ മുമ്പിൽ യോഗശക്തി പ്രകടിപ്പിക്കാനൊരുങ്ങിയ ബ്രഹ്മാവിനെ പോലുള്ള മഹാവ്യക്തി പോലും പരിഹാസ പാത്രമായിത്തീർന്നു. ഇപ്രകാരം ബ്രഹ്മാവു സ്വന്തം യോഗശക്തിയുടെ നിസ്സാരതയോർത്തു സംഭ്രാന്തനായി.
ഈ പശുക്കളും പശുക്കുട്ടികളും ഗോപബാലന്മാരുമെല്ലാം നേരത്തെയുണ്ടായിരുന്നവയല്ലെന്നു ബ്രഹ്മാവിനെ ബോധ്യപ്പെടുത്താനായി അവരെ മുഴുവനും കൃഷ്ണൻ വിഷ്ണുരൂപത്തിലാക്കി. സത്യത്തിൽ, ആദ്യമുണ്ടായിരുന്ന പശുക്കളും പശുക്കുട്ടികളുമെല്ലാം ബ്രഹ്മാവിന്റെ യോഗശക്തിക്കധീനരായി നിദ്രയിൽ തന്നെയായിരുന്നു. എന്നാൽ ഇപ്പോഴവിടെ ബ്രഹ്മാവു കാണുന്നത് കൃഷ്ണന്റെ അഥവാ വിഷ്ണുവിന്റെ വികാസങ്ങളാണ്. അപ്പോൾ വിഷ്ണുരൂപങ്ങളാണ് ബ്രഹ്മാവിന് പ്രത്യക്ഷമായത്. ആ രൂപങ്ങളെല്ലാം നീലനീരദനിദനിർമ്മല വർണ്ണത്തോടുകൂടിയവയായിരുന്നു, ശംഖചക്ര ഗദാപദ്മങ്ങൾ ധരിച്ച ചതുർബാഹുക്കൾ, ശിരസ്സിൽ രത്നം പതിച്ച തിളങ്ങുന്ന കനകകിരീടം, കാതിൽ മുത്തുപതിച്ച കുണ്ഡലങ്ങൾ, ശംഖുപോലെ മസൃണമായ കഴുത്തിൽ അണിഞ്ഞിരിക്കുന്ന രത്നഹാരങ്ങൾ, പുഷ്പമാല്യങ്ങൾ, അംഗദങ്ങൾ, വളകൾ, കടകങ്ങൾ എന്നിവകൊണ്ടു ശോഭിക്കുന്ന കരങ്ങൾ, അംഗുലികളിൽ രത്നം പതിച്ച മോതിരങ്ങൾ, വിസ്തൃതമായ വക്ഷസ്സിൽ വനമാലകൾ; പാദപത്മം മുതൽ ശിരസ്സു വരെ ഭഗവാന്റെ ശരീരത്തിലുടനീളം നവതുളസീ പല്ലവങ്ങൾ വിതറപ്പെട്ടിരുന്നു, അരയിൽ കനകനിർമ്മിതമായ കിങ്ങിണികൾ തൂങ്ങുന്ന അരഞ്ഞാൺ, കാലിൽ കളശിഞ്ജിതം പൊഴിക്കുന്ന നൂപുരങ്ങൾ, തിരുമാറിൽ ശീവത്സം, ഇങ്ങനെ അതീന്ദ്രിയമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതായിരുന്നു ആ വിഷ്ണുരൂപങ്ങളെല്ലാം. നറുനിലാവു പോലുള്ള പുഞ്ചിരി.പ്രഭാത സൂര്യനു തുല്യം തേജസ്സുററ കടാക്ഷങ്ങൾ, രജസ്സിന്റെയും തമസ്സിന്റെയും സൃഷ്ടാക്കളും രക്ഷകരുമാണ് അവരെന്നു ആ നോട്ടം വ്യക്തമാക്കിയിരുന്നു.
പശുക്കളായും പശുക്കുട്ടികളായും ഗോപബാലന്മാരായും സ്വയംരൂപാന്തരം പ്രാപിച്ചും വിഷ്ണുവിന്റെ ശക്തി പ്രകടിപ്പിച്ചതും വിഷ്ണുവികാസം പൂർണ്ണമായി പ്രത്യക്ഷമാക്കിയതും ഉൾക്കൊള്ളാനുള്ള കഴിവ് ബ്രഹ്മാവിനില്ലാതെ പോയതും കണ്ടപ്പോൾ കൃഷ്ണനു ബ്രഹ്മാവിൽ കാരുണ്യം തോന്നി. പെട്ടെന്ന് അദ്ദേഹം യോഗമായയുടെ മൂടുപടമിട്ടു. യോഗമായയുടെ തിരശ്ശീലയ്ക്കു പിന്നിൽ പരമപുരുഷനായ ഭഗവാൻ അദൃശ്യനായിത്തീരുമെന്നു ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. ഉണ്മയെ മറയ്ക്കുന്നതെന്തോ അതാണ് മഹാമായ അഥവാ ബാഹ്യശക്തി. പ്രപഞ്ചപ്രത്യക്ഷത്തിനപ്പുറമുള്ള പരമപുരുഷനെ കാണാൻ ബദ്ധാത്മാക്കൾക്കു തടസ്സമായി നിൽക്കുന്നതു മഹാമായയാണ്. എന്നാൽ പരമ പുരുഷനായ ഭഗവാനെ ഭാഗികമായി വെളിപ്പെടുത്തുന്നതും, ഭാഗികമായി മറയ്ക്കക്കുന്നതുമായ ശക്തിയാണ് യോഗമായ. ഒരു സാധാരണ ബദ്ധാത്മാവല്ല ബ്രഹ്മാവ്, ദേവന്മാരെക്കാളൊക്കെ വളരെ വളരെ ശ്രേഷ്ഠനാണദ്ദേഹം. എന്നിട്ടും പരമദിവ്യോത്തമപുരുഷന്റെ ലീലകളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതിനാൽ കൂടുതൽ ശക്തി വെളിപ്പെടുത്തുന്നതു കൃഷ്ണൻ സ്വമനസ്സാലെ നിർത്തിവച്ചു. അല്ലെങ്കിൽ ബദ്ധാത്മാവു പൂർണ്ണമായും സംഭ്രാന്തനാകുമെന്നു മാത്രമല്ല, അതുമനസ്സിലാക്കാനുള്ള കഴിവു പോലും ഒടുവിൽ നഷ്ടപ്പെടും. ബ്രഹ്മാവു കുടുതൽ സംഭ്രാന്തനാകരുതെന്നു കരുതിയാണ് ഭഗവാൻ യോഗമായയുടെ തിരസ്കരണിയിട്ടത്.സംഭവത്തിൽ നിന്നു മുക്തനായപ്പോൾ, മിക്കവാറും മൃതാവസ്ഥയിലെത്തിയിരുന്ന ബ്രഹ്മാവ് താനേ ഉണർന്നതു പോലെ തോന്നി. ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കണ്ണു തുറന്നു.പരമപുരുഷനായ ഭഗവാന്റെ സാന്നിധ്യം മൂലം ഇതര സ്ഥലങ്ങളേക്കാൾ സർവ്വാതിശായിയാണ് വൃന്ദാവനമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവിടെ കാമമോ ലോഭമോ ഇല്ല. അവിടെ ഒരു സാധാരണ ഗോപകുമാരനെപ്പോലെ ശ്രീ കൃഷ്ണൻ കേളിയാടുന്നതും ബ്രഹ്മാവു കണ്ടു. ഇടതു കയ്യിൽ ഒരുരുളച്ചോറുമായി കൂട്ടുകാരെയും, പശുക്കളെയും പശുക്കുട്ടികളെയും അന്വേഷിച്ചു നടക്കുന്ന കൃഷ്ണനെ, അവരുടെ അന്തർദ്ധാനത്തെ തുടർന്ന് ഒരു വർഷം കഴിഞ്ഞിട്ടും, അതേപടി ബ്രഹ്മാവിനു ദൃശ്യമായി.
പെട്ടെന്നു ബ്രഹ്മാവ് തന്റെ ഹംസവാഹനത്തിൽ നിന്നിറങ്ങി ഭഗവാന്റെ മുമ്പിൽ ഒരു കനകദണ്ഡം പോലെ വീണു.ബ്രഹ്മശിരസ്സിലെ നാലു കിരീടങ്ങളും കൃഷ്ണന്റെ പാദാരവിന്ദങ്ങളെ സ്പർശിച്ചു. അത്യാനന്ദത്തിന്റെ ഫലമായി ബ്രഹ്മാവിന്റെ കണ്ണു നിറഞ്ഞു. കണ്ണീർ കൊണ്ടു കൃഷ്ണന്റെ പാദങ്ങൾ കഴുകി. ഭഗവാന്റെ അദ്ഭുത കർമ്മങ്ങളെ സ്മരിച്ചുകൊണ്ട് വീണ്ടും വീണ്ടും ദണ്ഡനമസ്കാരം ചെയ്തു. ദീർഘ നേരത്തെ പ്രണാമങ്ങൾക്കു ശേഷം, ബ്രഹ്മാവ് എഴുന്നേററു നിന്നു കണ്ണുതുടച്ചു. പിന്നീട് തികഞ്ഞ ആദരവോടും, വിനയത്തോടും, ശ്രദ്ധയോടും കൂടി, വിറയാർന്ന കൈകൾ കുപ്പിക്കൊണ്ട് ഭഗവാനെ സ്തുതിച്ചു തുടങ്ങി.ഇപ്രകാരം വിനയത്തോടും ആദരവോടും കൂടി പരംപൊരുളായ ഭഗവാന് പ്രണാമങ്ങളർപ്പിച്ച് അദ്ദേഹത്തെ മൂന്നു വട്ടം പ്രദക്ഷിണം ചെയ്ത ശേഷം ഈ പ്രപഞ്ചത്തിന്റെ നാഥനായ ബ്രഹ്മാവ് സ്വന്തം ധാമമായ ബ്രഹ്മലോകത്തേക്കു പുറപ്പെടാനൊരുങ്ങി. പരംപൊരുളായ ഭഗവാനാകട്ടെ ഹസ്തസംജ്ഞകൊണ്ട് അതിനനുവാദവും നൽകി. ബ്രഹ്മാവു പോയ ശേഷം, പശുക്കളും ഗോപബാലന്മാരും അപ്രത്യക്ഷമായ അതേ ദിവസത്തെപ്പോലെ പരംപൊരുളായ ഭഗവാൻ പ്രത്യക്ഷമാവുകയും ചെയ്തു.
ഈ വിധത്തിൽ ജ്ഞാനദേവതയുടെ മേൽ പൂർണ്ണ നിയന്ത്രണവും വൈദികജ്ഞാനത്തിൽ ഏറ്റവും വലിയ പ്രാമാണികതയുമുള്ള ബ്രഹ്മദേവൻ പരമപുരുഷനായ ഭഗവാനിൽ പ്രത്യക്ഷമായ അസാധാരണ ശക്തി മനസ്സിലാക്കാനാവാതെ ആകെ ചിന്താകുഴപ്പത്തിലായി. ഐഹികത്തിൽ ബ്രഹ്മാവിനെ പോലുള്ള വിശിഷ്ട വ്യക്തിക്കു പോലും ഭഗവാന്റെ ദിവ്യശക്തിയെക്കുറിച്ചറിയാൻ കഴിവില്ലാതെപോയി. ബ്രഹ്മാവിനതു കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, തന്റെ മുമ്പിൽ കൃഷ്ണൻ ആവിഷ്കരിച്ച ഈ പ്രകടനം കണ്ട് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി നിന്നു പോകുകയും ചെയ്തു. ബ്രഹ്മാവന്റെ വിമോഹനവും അതിനുശേഷമുള്ള അദ്ദേഹത്തിൻറെ പവിത്രീകരണവും വായിച്ചു മനസ്സിലാക്കുന്നതിലൂടെ നാം ഭൗതിക പ്രവർത്തികളുടെ പരിപോഷണത്തിൽ നിന്നും ഊഹാപോഹപരമായ തത്ത്വജ്ഞാനത്തിൽ നിന്നും മുക്തരാകുന്നുമെന്നും , ഭഗവാൻറെ മാധുര്യ ഭാവത്തോട് അവിടുത്തെ ഐശ്വര്യ ഭാവം താരതമ്യം ചെയ്യുന്നതിനാൽ ഉണ്ടാകുന്ന അപരാധത്തെ ഇത് പരിഹരിക്കുമെന്നും ഭക്തിവിനോദ ഠാക്കൂർ തന്റെ ചൈതന്യശിക്ഷാമൃതത്തിൽ വിവരിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Wednesday, February 17, 2021
വിഷ്ണുവിന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്
🍁🍁🍁🍁🍁🍁🍁
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർചിതുമിച്ഛതി
തസ്യ തസ്യാചലം ശ്രദ്ധാം താമേവ വിദധാമ്യഹം
വിവർത്തനം
🍁🍁🍁🍁🍁🍁🍁
ഞാൻ പരമാത്മരൂപേണ സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്നു. ഏതു ദേവതയെ ആരാധിക്കാനാഗ്രഹിക്കുന്നുവോ ആ പ്രത്യേക മൂർത്തിയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കത്തക്കവിധം ഒരാളുടെ വിശ്വാസം ഉറപ്പിക്കുന്നത് ഞാനാണ്.
ഭാവാർത്ഥം
🍁🍁🍁🍁🍁🍁
ഈശ്വരൻ എല്ലാവർക്കും സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് ഭൗതികസുഖേച്ഛുവായ ഒരാൾ തന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ ഉതകുന്ന വിഭവങ്ങൾക്കായി ദേവന്മാരെ സമീപിക്കാൻ ഉള്ളഴിഞ്ഞ് ആഗ്രഹിക്കുമ്പോൾ ഭഗവാൻ സർവ്വഹൃദയസ്ഥനായ പരമാത്മാവെന്ന നിലയിൽ അതറിയുകയും അതിനുവേണ്ടുന്ന സൗകര്യങ്ങൾ നൽകുകയുംചെയ്യും. സർവ്വജീവജാലങ്ങളുടേയും പരമപിതാവായ അദ്ദേഹം അവയുടെ സ്വാതന്ത്ര്യത്തിൽ കൈവെയ്ക്കുകയില്ലെന്നു മാത്രമല്ല, എല്ലാ ഭൗതികാഭിലാഷങ്ങളും നിറവേറ്റാൻ സൗകര്യങ്ങൾ നൽകുകയുംചെയ്യുന്നു. സർവ്വശക്തനായ ഭഗവാൻ എന്തിനാണ് ജീവാത്മാക്കൾക്ക് ഭൗതികസുഖാനുഭവത്തിനു വേണ്ടി വിഭവങ്ങളൊരുക്കിക്കൊടുക്കുന്നതന്നും അങ്ങനെ അവരെ മായാവലയത്തിൽ പതിക്കുവാൻ അനുവദിക്കുന്നതെന്തിനെന്നും ചിലർ ചോദിച്ചേയ്ക്കാം. ഭഗവാൻ അത്തരം സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിനർത്ഥമില്ലെന്നു തന്നെയാണ് ആ ചോദ്യത്തിന് യുക്തമായ മറുപടി. അതെ, ഏവർക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ ഭഗവാന്റെ ആത്യന്തിക നിർദ്ദേശം ഭഗവദ്ഗീതയിലൂടെ നമുക്ക് മനസ്സിലാക്കാം. അതനുസരിച്ച മറ്റെന്തും ത്യജിക്കുകയും കൃഷ്ണനെ ശരണംപ്രാപിക്കുകയുമാണ് കർത്തവ്യം. അത് മാത്രമേ മനുഷ്യനെ സംതൃപ്തനാക്കുകയുള്ള.
ജീവാത്മാക്കളും ദേവന്മാരും ഭഗവദിച്ഛയ്ക്ക് വിധേയരാണ്. തന്മൂലം ജീവാത്മാവിന് സേച്ഛാനുസൃതം ഒരു ദേവനെ ആരാധിക്കാനോ ആ ദേവന് തന്നിഷ്ടപ്രകാരം അനുഗ്രഹങ്ങൾ നൽകാനോ കഴിവില്ല. ഭഗവദിച്ഛയ്ക്കനുസരിച്ചല്ലാതെ ഒരു പുൽക്കൊടിപ്പോലും അനങ്ങുകയില്ലെന്ന് പറയപ്പെടുന്നു. സാധാരണയായി ഭൗതികലോകത്തിൽ കഷ്ടപ്പാടുകളനുഭവിക്കുന്നവർ വൈദികസാഹിത്യം നിർദ്ദേശിക്കുന്ന വിധത്തിൽ ദേവന്മാരെ ആരാധിക്കുന്നു. ഓരോ പ്രത്യേക കാര്യസിദ്ധിക്കും വ്യത്യസ്ത ദേവന്മാരെയാണ് പൂജിക്കുക. രോഗശാന്തിക്ക് സൂര്യനേയും വിദ്യാഭ്യാസവിജയത്തിന് സരസ്വതിയേയും, പത്നീലാഭത്തിന് ശിവ പ്രിയയേയും (ഉമാദേവിയേയും) ആരാധിക്കുകയാണ് പതിവ്. ഓരോ ദേവതയ്ക്കും സവിശേഷ പൂജാക്രമങ്ങളും ശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. ഒരാൾ തനിക്ക് ചില പ്രത്യേക സുഖസൗകര്യങ്ങൾ ലഭിക്കണമെന്നാശിക്കുമ്പോൾ ആ വിഭവങ്ങളുടെ അധിദേവതയെ ആരാധിക്കാനുള്ള താത്പര്യത്തെ അയാളിൽ ഭഗവാൻ ഉളവാക്കും. ആ സേവനത്താൽ നിശ്ചിതഫലം കൈവന്ന അയാൾ അനുഗ്രഹീതനാവുകയും ചെയ്യും. ഒരു ജീവാത്മാവിന് ഒരു പ്രത്യേക ദേവതയോട് ഭക്തിഭാവനയുണ്ടാകുന്നതും ഭഗവാന്റെ നിശ്ചയപ്രകാരമാണ്. അങ്ങനെയൊരു പ്രേമഭാവം ജീവാത്മാവിലുണർത്താൻ ദേവന്മാർക്ക് കഴിയില്ല. പരമപുരുഷനും സർവ്വ ഭൂതങ്ങളുടേയും ഹൃദയത്തിൽ വാഴുന്നവനുമായ കൃഷ്ണനാണ് മനുഷ്യരിൽ ഓരോ ദേവതമാരോടുള്ള സവിശേഷ ഭക്തിയുണ്ടാക്കുന്നത്. വാസ്തവത്തിൽ കൃഷ്ണന്റെ വിശ്വരൂപത്തിലെ വ്യത്യസ്താവയവങ്ങളത്രേ ഈ ദേവന്മാർ, അതുകൊണ്ട് അവർ സ്വതന്ത്രരല്ല. വൈദികസാഹിത്യം ഘോഷിക്കുന്നു : ‘പരമാത്മസ്വരൂപിയായ ഭഗവാൻ ദേവന്മാരിലും കുടികൊള്ളുന്നുണ്ട്. ആ ദേവതയിലൂടെ ജീവാത്മാവിന്റെ ആഗ്രഹം നിറവേറ്റുന്നത് അദ്ദേഹം തന്നെ. ജീവാത്മാവും ദേവതയും ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങുന്നു എന്നേയുള്ള, അവർ സ്വതന്ത്രരല്ല.'
(ഭഗവദ് ഗീതാ യഥാരൂപം / 7. 21)
Monday, February 15, 2021
വസന്ത പഞ്ചമി
🍁🍁🍁🍁🍁🍁🍁
മാഘമാസത്തിലെ കറുത്ത വാവിന് ശേഷം വരുന്ന അഞ്ചാം ദിവസം വസന്തപഞ്ചമി എന്നറിയപ്പെടുന്നു. വസന്ത കാലത്തിൻറെ ആരംഭമായി ഈ ദിവസം കണക്കാക്കപ്പെടുന്നു വസന്തകാലത്തിന്റെ ആഗമനത്തെ സ്വാഗതം ചെയ്യാനായി വിവിധ വർണ്ണത്തിലുള്ള പുഷ്പങ്ങൾ , പ്രത്യേകിച്ചും മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളും പുതുതായിട്ടുണ്ടായ തളിരിലകളും , ധാന്യങ്ങൾ മുളപ്പിച്ചുണ്ടാക്കിയിട്ടുള്ള കുരുന്ന് സസ്യങ്ങളും ഭഗവാന് സമർപ്പിക്കുന്നു. ഇന്നേദിവസം വൃന്ദാവനത്തിലെ ക്ഷേത്രങ്ങളിൽ വൃന്ദാവനേശ്വരനായ ശ്രീകൃഷ്ണനെയും വൃന്ദാവനേശ്വരിയായ രാധാറാണിയേയും പീത വർണ്ണത്തിലുള്ള ഉടയാടകൾ അണിയിച്ച് അലങ്കരിക്കുന്നു. മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് എല്ലായിടവും മനോഹരമായി അലങ്കരിക്കുന്നു . ശ്രീ രാധാകൃഷ്ണൻമാർക്ക് മഞ്ഞനിറത്തിലുള്ള പുഷ്പ മാല്യങ്ങളും ആഭരണങ്ങളും അണിയിക്കുകയും ദേഹമാകെ മഞ്ഞൾ പൂശി അലങ്കരിക്കുകയും ചെയ്യുന്നു.
ഈ ഉത്സവത്തിന്റെ ഭാവം ഉൾക്കൊണ്ടുകൊണ്ട് ഭക്തന്മാരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയുന്നു .കുങ്കുമപ്പൂവ് മുതലായ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മഞ്ഞനിറത്തിലുള്ള മധുരപലഹാരങ്ങൾ ഭഗവാന് നിവേദിക്കുന്നു. പരസ്പരം പുഷ്പദളങ്ങൾ എറിഞ്ഞും വർണ്ണ പൊടികൾ പൂശിയും വ്രജേന്ദ്രനന്ദനായ ശ്രീകൃഷ്ണനും ശ്രീമതി രാധാറാണിയും ഗോപികമാരും ഗോപൻമാരും ആഘോഷിച്ചിരുന്ന അതീന്ദ്രിയ ഉത്സവമായ ഹോളി , ഇന്നേദിവസം ആരംഭിച്ച് 40 ദിവസങ്ങളോളം വൃന്ദാവനത്തിലെ പലയിടങ്ങളിലും ആഘോഷിക്കപ്പെടുന്നു.കൃഷ്ണ ഭഗവാൻ തന്റെ ആഹ്ലാദിനി ശക്തിയായ രാധാറാണിയോടും ഗോപികമാരോടുമൊപ്പം ഗോവർധത്തിലെ ചന്ദ്ര സരോവരത്തിൽ , ഈ ഭൗതിക ലോകത്തിലെ കോടിക്കണക്കിന് വർഷങ്ങൾക്ക് തുല്യമായ ബ്രഹ്മാവിന്റെ ഒരു രാത്രിയോളം നീണ്ടുനിന്ന രാസക്രീഡയാൽ ഈ മഹിതലത്തെ ധന്യമാക്കിയതും മംഗളകരമായ ഈ വസന്തപഞ്ചമിയുടെ നിശീഥിനിയിൽ ആയിരുന്നു .
വസന്ത പഞ്ചമി - (സരസ്വതീദേവിയുടെ ആവിർഭാവ ദിനം)
വസന്ത പഞ്ചമി
(സരസ്വതീദേവിയുടെ ആവിർഭാവ ദിനം)
🍁🍁🍁🍁🍁🍁🍁
മാഘമാസത്തിലെ കറുത്ത വാവിന് ശേഷം വരുന്ന അഞ്ചാം നാൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്.ഇത് വസന്തത്തിന് ആരംഭം കുറിക്കുന്ന ദിവസമായി കരുതപ്പെടുന്നു കേരളത്തിൽ നവരാത്രിക്ക് വിദ്യാരംഭം കുറിക്കുന്നതിന് സമാനമായി . ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും നല്ല ദിനമായി വസന്തപഞ്ചമി കണക്കാക്കുന്നു. ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിർഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു(മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. മാഘമാസം അതീവ വൈശിഷ്ട്യമാർന്ന പുണ്യമാസമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാർത്തിക(തുലാം-വൃശ്ചികം) എന്നിവയ്ക്ക് പുരാണങ്ങൾ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു. ഇന്നേ ദിവസം സരസ്വതീദേവിയെ പൂജിക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. വസന്ത പഞ്ചമി ദിനത്തിൽ ദേവിക്ക് ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും സമർപ്പിക്കുന്നതാണ് രീതി. വസന്തത്തിന്റെ വർണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊർജ്ജത്തിന്റേയും നിറമാണു മഞ്ഞ.ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്നതും ഈ സമയമാണ്. വിദ്യാദായകയായ ദേവിക്ക് മുന്നിൽ പഠനോപകരണങ്ങൾ വച്ച് പൂജിക്കുന്നതും അന്നേദിവസം പതിവാണ്.
Sunday, February 14, 2021
Saturday, February 13, 2021
ആസുരീക ഗുണങ്ങൾ
🍁🍁🍁🍁🍁🍁🍁
ഈശ്വരന്റെ അധീശത്വത്തെ സദാ എതിർക്കുന്ന ആസുരസ്വഭാവികൾ ധർമ്മശാസ്ത്രങ്ങളിൽ വിശ്വസിക്കില്ല. അവയെക്കുറിച്ചും പരമപുരുഷന്റെ സത്തയെക്കുറിച്ചും ഈർഷ്യാലുക്കളാണവർ. തങ്ങളുടെ ദുരഭിമാനവും, ശക്തിയും സമ്പാദിച്ചുകൂട്ടിയ ധനവുമാണിതിന് കാരണം. ഈ ജീവിതം വരാൻപോകുന്ന ജീവിതത്തിന് തയ്യാറെടുക്കലാണെന്ന് അസുരസ്വഭാവിക്കറിയില്ല. അവർ മറ്റുള്ളവരോടു മാത്രമല്ല തന്നോടുതന്നെയും ഈർഷ്യാലുവാകുകയും അന്യരുടെ ശരീരങ്ങളേയും സ്വശരീരത്തേയും ദ്രോഹിക്കുകയും ചെയ്യുന്നത് അതു കൊണ്ടാണ്. ഭഗവാന്റെ പരമാധികാരത്തെ അവഗണിക്കുന്നതിനുപോലും അജ്ഞരായ ഇക്കൂട്ടർക്ക് മടിയില്ല.ധർമ്മഗ്രന്ഥങ്ങളോടും ഭഗവാനോടും ഈർഷ്യാലുക്കളായ അവർ ഈശ്വരസത്തയെപ്പറ്റി മിഥ്യാവാദങ്ങളുന്നയിക്കുകയും ധർമ്മശാസ്ത്രങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു. ഏതു പ്രവൃത്തിക്കും താൻ സ്വതന്ത്രനും ശക്തനുമാണെന്നവർ വിചാരിക്കുന്നു; ശക്തികൊണ്ടും പ്രഭാവം കൊണ്ടും, സമ്പത്ത്കൊണ്ടും, തന്നോട് തുല്യനായി മറ്റാരുമില്ലെന്നും, അതിനാൽ അയാൾ ഏതുവിധം പ്രവർത്തിച്ചാലും ആർക്കും തടയാനാവില്ല എന്നും അയാൾ ചിന്തിക്കുന്നു. തന്റെ കാമഭോഗങ്ങൾക്ക് വിലങ്ങടിച്ച് നിൽക്കുന്ന ഏതൊരാളേയും നശിപ്പിക്കുവാനും അയാൾ മടിക്കില്ല.
( ഭാവാർത്ഥം / ഭഗവദ്ഗീത 16.18)
അഘാസുരൻ
🍁🍁🍁🍁🍁🍁🍁
ഒരു ദിവസം കൃഷ്ണൻ വനഭോജനമാസ്വദിക്കണമെന്നാഗ്രഹിച്ച് ഗോപബാലകന്മാരോടും അവരുടെ കാലിക്കൂട്ടങ്ങളോടുമൊപ്പം അതികാലത്തു തന്നെ കാട്ടിനുള്ളിലേയ്ക്ക് പോയി. അവരുടെ കാനനഭോജനാഘോഷത്തിനിടയിലേയ്ക്ക് കൃഷ്ണനെയും കൂട്ടരെയും വധിക്കാനാഗ്രഹിച്ച് പൂതനയുടെയും ബകാസുരന്റെയും ഇളയസഹോദരനായ അഘാസുരൻ അവിടെ വന്നു. കംസൻ പറഞ്ഞയച്ച ആ അസുരൻ ഒരു പെരുമ്പാമ്പിന്റെ രൂപമെടുത്തു. അപ്പോഴവന് എട്ടുമൈൽ നീളവും ഒരു പർവ്വതത്തിന്റെ ഉയരവുമുണ്ടായിരുന്നു. അവന്റെ വായ് ഭൂതലം തൊട്ട് സ്വർഗതലം വരെ വ്യാപിച്ചിരുന്നതായി തോന്നിച്ചു. എന്നിട്ടവനങ്ങനെ വനപാതയിൽ കിടന്നു. വൃന്ദാവനത്തിലെ മനോഹരമായ ഇടമാണിതെന്ന് കൃഷ്ണന്റെ കൂട്ടുകാരായ ഗോപബാലന്മാർ കരുതി. അങ്ങനെ ഈ ഭീമാകാരനായ പെരുമ്പാമ്പിന്റെ വായ്ക്കുള്ളിൽ പ്രവേശിക്കാൻ അവർക്കാഗ്രഹം ഉണ്ടായി. ആ പെരുമ്പാമ്പിന്റെ ഭീമാകാരം പൂണ്ട രൂപം അവർക്ക് ചിരിച്ച് കളിച്ച് രസിക്കാനൊരിടമായി. ഇതിലെന്തെങ്കിലും അപകടമുണ്ടെങ്കിൽ തന്നെ കൃഷ്ണനുണ്ടല്ലോ തങ്ങളെ രക്ഷിക്കാൻ എന്ന വിശ്വാസത്തോടെ അവർ ആ ഭീമസർപ്പത്തിന്റെ വായ്ക്കുള്ളിലേയ്ക്ക് നീങ്ങി.അഘാസുരനെക്കുറിച്ച് സർവ്വവുമറിയുന്ന കൃഷ്ണന് അസുരന്റെ വായിൽ കടക്കുന്നതിൽ നിന്ന് കൂട്ടുകാരെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും എല്ലാ ഗോപബാലന്മാരും അവരുടെ കാലിക്കിടാങ്ങളും ആ ഭീമാകാരരൂപത്തിന്റെ വായ്ക്കുള്ളിൽ കടന്നു കഴിഞ്ഞിരുന്നു. പുറത്തു നിൽക്കുന്ന കൃഷ്ണൻ കൂടി ഉള്ളിൽ കടന്നുകഴിഞ്ഞാൽ വായ് അടയ്ക്കാമെന്നും അങ്ങനെ എല്ലാവരുടെയും കഥ കഴിക്കാമെന്നും പദ്ധതിയിട്ടു കൊണ്ട് അഘാസുരൻ കിടന്നു. കൃഷ്ണനെ പ്രതീക്ഷിച്ച് കുട്ടികളെ വിഴുങ്ങാതെ കാത്തിരിക്കുകയായിരുന്നു അവൻ. എങ്ങനെ കുട്ടികളെ രക്ഷിച്ച് ഇവനെ കൊല്ലാമെന്നാണ് കൃഷ്ണൻ ചിന്തിച്ചുകൊണ്ടിരുന്നത്. കൃഷ്ണൻ അഘാസുരന്റെ വായിൽ കടന്ന് കുട്ടികളോടൊപ്പമായിക്കഴിഞ്ഞപ്പോൾ സ്വയം വികസിക്കാൻ തുടങ്ങി. അസുരൻ ശ്വാസം മുട്ടിച്ചാവും വരെ അതു തുടർന്നു. അസുരൻ മരണമടഞ്ഞപ്പോൾ കൃഷ്ണൻ അമൃതോപമമായ തന്റെ കടാക്ഷം കുട്ടികൾക്കു മേൽ ചൊരിഞ്ഞ് അവരെ ജീവിപ്പിച്ചു.ഒരു പരിക്കുമില്ലാതെ സന്തോഷത്തോടു കൂടി അവർ പുറത്തു വന്നു. ഇങ്ങനെ കൃഷ്ണൻ ദേവന്മാരെയൊക്കെ ഉത്തേജിപ്പിക്കുകയും അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വക്രബുദ്ധിയും പാപിയുമായ ഒരുവന് സായുജ്യമുക്തി അഥവാ കൃഷ്ണന്റെ തേജസ്സിൽ അലിഞ്ഞു ചേരുക എന്നത് സാധാരണഗതിയിൽ സാധ്യമല്ല. പക്ഷേ പരമദിവ്യോത്തമപുരുഷൻ അഘാസുരന്റെ ശരീരത്തിൽ പ്രവേശിച്ച് ആ സ്പർശം ലഭിച്ചതുമൂലം അവന് ബ്രഹ്മജ്യോതിസ്സിൽ അലിഞ്ഞ് സായൂജ്യമുക്തി ലഭിക്കാൻ അവസരം ലഭിച്ചു.
ശ്രീല ഭക്തിവിനോദ ഠാക്കൂർ തന്റെ ചൈതന്യ ശിക്ഷാമൃതത്തിൽ അഘാസുരനെ സാധുജനങ്ങളോടുള്ള അക്രമത്തോടും ക്രൂരതയോടും ഉപമിച്ചിരിക്കുന്നു.
🍁🍁🍁🍁🍁🍁🍁🍁
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Friday, February 12, 2021
ബകാസുരവധം
🍁🍁🍁🍁🍁🍁🍁
ഒരു ദിവസം കൃഷ്ണബലരാമന്മാരുൾപ്പെടെ എല്ലാ കുട്ടികളും സ്വന്തം കാലിക്കിടാങ്ങളുമായി, അവയുടെ ദാഹമകറ്റാനായഗ്രഹിച്ച് ഒരു ജലാ ശയത്തിനരികിലെത്തി. മൃഗങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ ബാലന്മാരും അവിടെ നിന്ന് ജലം പാനം ചെയ്തു .ജലാശയത്തിനരികിൽ ഇടിമിന്നലേറ്റു മുറിഞ്ഞു വീണ ഒരു പർവതശിഖരം പോലെ തോന്നിക്കുന്ന ഒരു ഭീമാകാരശരീരം കുട്ടികൾ കണ്ടു. ആ വലിയ ജീവിയെ കണ്ടപ്പോൾ തന്നെ അവർക്കു ഭയമായി.ആ ഭീമാകാരനായ രാക്ഷസന്റെ പേര് ബകാസുരനെന്നായിരുന്നു.കൂർത്ത കൊക്കോടു കൂടിയ ഒരു കൊറ്റിയുടെ ശരീരം സ്വീകരിച്ച അവൻ പെട്ടെന്നു വന്ന് കൃഷ്ണനെ കൊത്തി വീഴുങ്ങി.ബലരാമനും മറ്റു കുട്ടികളും ഭീമാകാരനായ കൊറ്റി, കൃഷ്ണനെ വിഴുങ്ങിയതു കണ്ടിട്ട് പ്രാണൻ പോയ ഇന്ദ്രിയങ്ങളെപ്പോലെ ചേതനയറ്റവരായിത്തീർന്നു.
ബ്രഹ്മദേവന്റെ പിതാവും ഇപ്പോൾ ഗോപനന്ദനനായിലീലകളാടുന്നവനുമായ കൃഷ്ണൻ അഗ്നിപോലെയായിത്തീർന്ന് ബകാസുരന്റെ തൊണ്ടയെ പൊള്ളിച്ചു . ആ അസുരൻ ഉടനെ കൃഷ്ണനെ ഛർദ്ദിച്ചു. വിഴുങ്ങിയിട്ടും കൃഷ്ണനു യാതൊരു കുഴപ്പവുമുണ്ടായിട്ടില്ലെന്നു കണ്ടപ്പോൾ അവൻ കൂർത്ത കൊക്കു കൊണ്ട് കൃഷ്ണനെ പിന്നെയും ആക്രമിച്ചു.വൈഷ്ണവരുടെ നായകനായ കൃഷ്ണൻ, കംസന്റെ മിത്രമായ ബകാസുരൻ തന്നെ ആക്രമിക്കാൻ വരുന്നതു കണ്ട്, അവന്റെ കൊക്കുകൾ ഓരോന്നിനെയും ഓരോ കൈ കൊണ്ടു പിടിച്ച്. എല്ലാ ഗോപബാലന്മാരും ക ണ്ടുനിൽക്കേ ഒരു കൊച്ചുകുട്ടി മുഞ്ഞപ്പുല്ലിനെ പിളർക്കുന്ന ലാഘവ ത്തോടെ രണ്ടായിപ്പിളർന്നു. ഇപ്രകാരം കൃഷ്ണൻ ബകാസുരനെ വധിക്കുന്നത് കണ്ട് സ്വർഗലോകവാസികൾ ബകാസുരന്റെ ശത്രുവായ കൃഷ്ണന്റെ മേൽ നന്ദനാരാമത്തിൽ വളരുന്ന മല്ലികപ്പൂക്കൾ ചൊരിഞ്ഞു. ദിവ്യമായ പെരുമ്പറയും ശംഖവും മുഴക്കി സ്തുതിച്ചുകൊണ്ട് അവർ അദ്ദേ ഹത്തെ അഭിനന്ദിച്ചു. ഇതു കണ്ട് ഗോപബാലന്മാർ അത്ഭുതസ്തബ്ധരായി. ആനന്ദിച്ചു.ബോധവും പ്രാണനും തിരിച്ചുകിട്ടുമ്പോൾ ഇന്ദ്രിയങ്ങൾക്ക് തെളിച്ചം കിട്ടുന്നതുപോലെ കൃഷ്ണൻ ആപത്തുകളിൽ നിന്ന് മുക്തനായപ്പോൾ ബലരാമനുൾപ്പെടെയുള്ള കുട്ടികൾക്ക് ജീവൻ തിരിച്ചുകിട്ടിയതു പോലെയായി. പൂർണബോധത്തോടെ അവർ കൃഷ്ണനെ ചെന്ന് മുറുകെപ്പുണർന്നു. പിന്നീട് അവരവരുടെ കന്നുകാലിക്കിടാങ്ങളെ ആട്ടിത്തെളിച്ച് വജഭൂമിയിലെത്തുകയും നടന്നതൊക്കെ ഉറക്കെ ഉദ്ഘോഷിക്കുകയും ചെയ്തു.
അനുസരണയില്ലായ്മ, ഗുരുവിനേയും കൃഷ്ണനേയും കബളിപ്പിക്കാനുള്ള പ്രവണത, എന്നിവയെ സൂചിപ്പിക്കുന്നതാണ് ബകാസുരൻ എന്ന്ഭക്തി വിനോദ ഠാക്കൂർതന്റെ ചൈതന്യശിക്ഷാമൃതത്തിൽ പറഞ്ഞിരിക്കുന്നു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്