🍁🍁🍁🍁🍁🍁🍁🍁
കുസൃതിയായ നിമായ് വല്ലപ്പോഴുമൊക്കെ ഗംഗാസ്നാനം ചെയ്യുന്ന യാഥാസ്ഥിതികരായ ബ്രാഹ്മണരെ ശല്യം ചെയ്യാറുണ്ടായിരുന്നു. വെള്ളം തെറിപ്പിച്ച് അവരെ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി നിമായിയുടെ പിതാവിന്റെ അടുക്കൽ ബ്രാഹ്മണർ എത്തുമ്പോൾ, നിമായ്, താൻ പാഠശാലയിൽനിന്നാണ് വരുന്നതെന്ന വ്യാജേന പുസ്തകങ്ങളുമായി ഉടൻതന്നെ തന്റെ പിതാവിന്റെ മുന്നിലെത്തും. സ്നാനഘട്ടത്തിൽ, നല്ല ഭർത്താക്കന്മാർ ലഭിക്കാനായി ശിവപൂജ നടത്തുന്ന അയൽ പക്കത്തുള്ള പെൺകുട്ടികളെ നിമായ് നിരന്തരം പരിഹസിക്കാറുണ്ടായിരുന്നു. ഹിന്ദു കുടുംബത്തിൽ അവിവാഹിതരായ യുവതികൾ ശിവപൂജ നടത്തുക സാധാരണമാണ്. യുവതികളുടെ മുന്നിൽ പ്രത്യക്ഷനാകുന്ന നിമായ് ഇപ്രകാരം പറയും, “എന്റെ പ്രിയ സോദരികളേ, നിങ്ങൾ ശിവനു വേണ്ടി കൊണ്ടുവന്ന എല്ലാ കാഴ്ചദ്രവ്യങ്ങളും ദയവായി എനിക്ക് നല്കുക. മഹേശ്വരൻ എന്റെ ഭക്തനും, പാർവതി എന്റെ ദാസിയുമാണ്. നിങ്ങൾ എന്നെ ആരാധിക്കുകയാണെങ്കിൽ ശിവനും, മറ്റെല്ലാ ദേവന്മാരും അത്യധികം സംപ്രീതരാകും.” വികൃതിയായ നിമായിയെ അനുസരിക്കാൻ അവരിൽ ചിലർ കൂട്ടാക്കിയില്ല. അവരുടെ ഈ നിഷേധത്തരം കാരണം പൂർവ പത്നിമാരിൽ കുട്ടികളുള്ള വയസ്സന്മാരെ അവർക്ക് വിവാഹം ചെയ്യേണ്ടിവരുമെന്ന് നിമായ് ശപിക്കുമായിരുന്നു. ഭയത്താലും, ചില പ്പോൾ സ്നേഹത്താലും യുവതികൾ നിമായിക്ക് അനേകം പാരിതോഷികങ്ങൾ സമർപ്പിക്കുമായിരുന്നു. അനന്തരം നിമായ് അവർക്ക് നല്ല സുന്ദരന്മാരെ ഭർത്താവായി ലഭിക്കുമെന്നും, അവർ നിരവധി പുത്രന്മാർക്ക് ജന്മം നല്കുമെന്നുമുള്ള സുനിശ്ചിത വാഗ്ദാനം നല്കുകയും ചെയ്യും. നിമായിയുടെ അനുഗ്രഹങ്ങൾ യുവതികളെ ആഹ്ലാദിപ്പിച്ചിരുന്നുവെങ്കിലും, അവർ ഇടയ്ക്കിടെ അവരവരുടെ അമ്മമാരോട് ഇതിനെക്കുറിച്ച് പരാതി പറയാറുണ്ടായിരുന്നു. ഈ വിധം ചൈതന്യ മഹാപ്രഭു തന്റെ ബാല്യകാലം ചെലവഴിച്ചു.
( ശ്രീമദ് ഭാഗവതം / അവതാരിക )
No comments:
Post a Comment