നാമസങ്കീർത്തനത്തിന്റെ മഹത്വം
( നാമസങ്കീർത്തനത്തിന്റെ മഹിമയെ പറ്റി നിമായ് പണ്ഡിതൻ ചാന്ദ്കാസിയെ ഉപദേശിക്കുന്നു)
🍁🍁🍁🍁🍁🍁🍁🍁
പിന്നീട് നിമായ് അത്യാഡംബര ഘോഷയാത്രയോടെ വിവാഹിതനാവുകയും, ഉല്ലാസത്തോടെ നവദ്വീപിൽ ഭഗവദ്ദിവ്യനാമ സങ്കീർത്തന മാഹാത്മ്യം പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട് ചില ബ്രാഹ്മണർ അദ്ദേഹത്തിന് പല തരം മാർഗ തടസ്സങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ അവർ നവദ്വീപിലെ മുസ്ലീം ന്യായാധിപ സമക്ഷം കാര്യങ്ങൾ കൊണ്ടെത്തിച്ചു. അത്രയ്ക്ക് അസൂയാലുക്കളായിരുന്നു അവർ. അപ്പോൾ ബംഗാൾ ഭരിച്ചിരുന്നത് പഠാന്മാരായിരുന്നു. ആ പ്രവിശ്യയിലെ മുസ്ലീം ന്യായാധിപനായ നവാബ് ഹുസൈൻ ഷാ (കാസി), ബ്രാഹ്മണരുടെ പരാതികളെ ഗൗരവമായിത്തന്നെയെടുത്തു. ആദ്യം അദ്ദേഹം, നിമായ് പണ്ഡിതന്റെ അനുയായികളെ, ഹരിനാമം ഉച്ചത്തിൽ ആലപിക്കരുതെന്ന് താക്കീതു ചെയ്തു. എന്നാൽ, ചൈതന്യ മഹാപ്രഭു തന്റെ അനുയായികളോട് കാസിയുടെ കല്പനയെ എതിർക്കാനും, സങ്കീർത്തന സംഘത്തെ പതിവുപോലെ മുന്നോട്ടു നയിക്കാനും ആവശ്യപ്പെട്ടു.
അനന്തരം ന്യായാധിപൻ രണ്ടു പടയാളികളെ അയക്കുകയും, അവർ സങ്കീർത്തനത്തിന് വിഘ്നം വരുത്തുകയും, മൃദംഗങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്തു. ഈ സംഭവം ശ്രവിച്ച നിമായ് പണ്ഡിതൻ, കാസിയുടെ ആജ്ഞ ലംഘിക്കാനായി ഒരു സംഘം ജനങ്ങളെ സംഘടിപ്പിച്ച് സങ്കീർത്തനമാരംഭിച്ചു. ശരിയായ കാരണത്തിനായി ഭാരതത്തിൽ ആദ്യം സാമൂഹ്യ നിയമം ലംഘിച്ച് മാർഗ ദർശനം നടത്തിയത് അദ്ദേഹമായിരുന്നു. മൃദംഗവും, കരതാളവുമായി ഒരു നൂറായിരം ജനങ്ങളെ സംഘടിപ്പിച്ച്, ഘോഷയാത്രയായി കാസിയുടെ ധിക്കാരത്തിനുത്തരമായി നവ ദ്വീപിലെ വീഥികളിലൂടെ സങ്കീർത്തനയജ്ഞം നയിച്ചു. ഘോഷയാത്ര കാസിയുടെ ഭവനത്തിനു മുന്നിലെത്തിയപ്പോൾ, ജനസമുദ്രത്തെ കണ്ട് ഭയന്ന് വിറച്ച് കാസി ഭവനത്തിന്റെ തട്ടിൻ പുറത്ത് ഒളിച്ചു. കാസിയുടെ ഭവനാങ്കണത്തിൽ തടിച്ചുകൂടിയ ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. എന്നാൽ മഹാപ്രഭു അവരോട് ശാന്തരാകുവാൻ ആവശ്യപ്പെട്ടു. അപ്പോൾ കാസി താഴെയിറങ്ങുകയും, മഹാപ്രഭുവിനെ ‘അനന്തരവൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തു. നീലാംബര ചക്രവർത്തിയെ താൻ അമ്മാവനായി പരിഗണിക്കുന്നതാകയാൽ, നിമായിയുടെ മാതാവായ ശ്രീമതി ശചീദേവി തന്റെ മാതുല പുത്രിയാകുന്നുവെന്ന് കാസി അഭിപ്രായപ്പെട്ടപ്പോൾ, മാതൃ ഭാതാവായ അനന്തരവനെ വേണ്ടവണ്ണം സ്വഭവനത്തിൽ സ്വീകരിക്കേണ്ടതാണെന്ന് മഹാപ്രഭു, കാസിയെ ധരിപ്പിച്ചു. ഇപ്രകാരം രമ്യതയിലെത്തിയ ഇരു പണ്ഡിതരും, ഖുറാനെയും, ഹിന്ദു ശാസ്ത്രങ്ങളെയും കുറിച്ചുള്ള സുദീർഘമായ ചർച്ചകളിലേർപ്പെട്ടു. ഗോഹത്യയെക്കുറിച്ചുള്ള തന്റെ ആശങ്കയെക്കുറിച്ച് മഹാപ്രഭു, കാസിയോടാരാഞ്ഞപ്പോൾ ഖുറാൻ അവലംബങ്ങളിലൂടെ കാസി അതിന് മറുപടി നല്കി. മാത്രമല്ല, മഹാപ്രഭു വിന്റെ അന്വേഷണങ്ങൾക്ക് തക്ക മറുപടിയെന്നോണം ഗോബലിയെ ചോദ്യം ചെയ്തു. എന്നാൽ വേദശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന ഗോബലി യഥാർത്ഥത്തിൽ ഗോഹത്യയല്ലെന്നും, വേദമന്ത്രശക്തിയാൽ ബലിയർപ്പിക്കപ്പെടുന്ന പ്രായം ചെന്ന ഋഷഭത്തിനോ, ഗോമാതാവിനോ നവയുവ ജന്മപ്രാപ്തി നൽകുന്ന കർമമാണതെന്നും മഹാപ്രഭു വിശദീകരിച്ചു. അവ്വണ്ണമുള്ള യജ്ഞബലികൾ നിർവഹിക്കുന്നതിന് യോഗ്യരും പ്രാപ്തരുമായ ബ്രാഹ്മണർ ഈ കലിയുഗത്തിലില്ലാത്തതിനാൽ, ഗോബലി കലിയുഗത്തിൽ നിരുദ്ധമാണ്. പരമാർത്ഥത്തിൽ കലിയുഗത്തിൽ എല്ലാ വിധ യജ്ഞങ്ങളും (പരിത്യാഗങ്ങളും) നിരോധിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, അവയൊക്കെത്തന്നെ മൂഢരാൽ നിർവഹിക്കപ്പെടുന്ന നിരർത്ഥകങ്ങളും, നിഷ്പ്രയോജനങ്ങളുമായ പ്രയത്നങ്ങളാണ്. കലിയുഗത്തിൽ എല്ലാ ലക്ഷ്യപൂർത്തീകരണത്തിനും നിർദേശിക്കപ്പെട്ടിരിക്കുന്നത് സങ്കീർത്തന യജ്ഞം മാത്രമാണ്. ഇങ്ങനെ മഹാപ്രഭു, കാസിയെ കാര്യങ്ങളെല്ലാം വിശദമാക്കി ബോദ്ധ്യപ്പെടുത്തുകയും, കാസി, മഹാപ്രഭുവിന്റെ അനുയായിയായിത്തീരുകയും ചെയ്തു. സന്തതി പരമ്പരകളുടെ നന്മയ്ക്കായി സ്വപ്രേരിതനായി കാസി തന്റെ ഉത്തരവ് പിൻവലിക്കുകയും, ഇനിമുതൽ ആരും സങ്കീർത്തന പ്രസ്ഥാനത്തിന് വിഘ്നം സൃഷ്ടിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു. കാസിയുടെ ശവകുടീരം ഇപ്പോഴും നവദ്വീപിൽ സ്ഥിതിചെയ്യുന്നു. ഹിന്ദു തീർത്ഥാടകർ അവരുടെ ബഹുമാനാദരങ്ങൾ അർപ്പിക്കാൻ അവിടം സന്ദർശിക്കാറുണ്ട്. അവിടെ താമസിക്കുന്ന കാസിയുടെ പിൻതുടർച്ചക്കാർ ഹിന്ദു-മുസ്ലീം ലഹളക്കാലത്തുപോലും സങ്കീർത്തനത്തെ എതിർത്തില്ല.
മഹാപ്രഭു വെറും ഒരു ഭീരുവായ വൈഷ്ണവനല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. വൈഷ്ണവൻ ഭഗവാന്റെ നിർഭയനായ ഭക്തനാണ്. ശരിയായ കാരണത്തിനായി ലക്ഷ്യസാധൂകരണത്തിനനുയോജ്യമായ ഏതു നടപടിയും വൈഷ്ണവന് സ്വീകരിക്കാം. ഭഗവാൻ കൃഷ്ണന്റെ ഉത്തമ വൈഷ്ണവഭക്തനായിരുന്ന അർജുനൻ ഭഗവദ് സംപ്രീതിക്കായി ധീരമായി പോരാടി. അതേപോലെ, ഭഗവാൻ ശ്രീരാമന്റെ ഉൽകൃഷ്ട ഭക്തനായ ഹനുമാൻ അഭക്തരായ രാവണപക്ഷത്തെ ഒരു പാഠം പഠിപ്പിച്ചു. സർവ പ്രകാരത്തിലും ഭഗവാനെ സംതൃപ്തിപ്പെടുത്തുകയാണ് വൈഷ്ണവ തത്ത്വം. സ്വഭാവേന വൈഷ്ണവർ അഹിംസാവാദികളും സമാധാനപ്രിയരുമാണ്. ഭഗവാന്റെ എല്ലാ നല്ല ഗുണങ്ങളുമുള്ളവരാണ്. എന്നാൽ ആരെങ്കിലും ഭഗവദ്നിന്ദയോ, ഭഗവദ്ഭക്തനിന്ദയോ ചെയ്യുന്നതാകയാൽ വൈഷ്ണവർ അത്തരം ധാർഷ്ട്യങ്ങളെ ഒരിക്കലും സഹി ക്കുകയില്ല.
( ശ്രീമദ് ഭാഗവതം / അവതാരിക )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment