Home

Saturday, March 27, 2021

ചൈതന്യ മഹാപ്രഭുവിന്റെ അവതാരരഹസ്യം



 ചൈതന്യ മഹാപ്രഭുവിന്റെ അവതാരരഹസ്യം


🍁🍁🍁🍁🍁🍁🍁


    ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തന്മാർ എല്ലാവരും ദയാലുക്കളും കരുണയുള്ളവരുമാകുന്നു. അവർക്ക് ജീവജാലങ്ങളുടെ യാതനകൾ യാതൊരുവിധത്തിലും സഹിക്കുവാൻ സാധിക്കില്ല. അവർ അജ്ഞതമൂലം കുരുക്കിൽ പെട്ട ജീവാത്മാക്കളെ, അതായത് ദുരിതത്തെ ആനന്ദമായി കണക്കാക്കി കൊണ്ട് ജനന മരണമാകുന്ന സമുദ്രത്തെ തരണം ചെയ്യുവാൻ ശ്രമിക്കാത്ത ജീവാത്മാക്കളെ അവരുടെ ദുഃഖ പൂർണമായ അവസ്ഥയിൽ നിന്നും മോചിപ്പിക്കുവാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്നു. മഹാമുനി നാരദർ കലിയുഗത്തിലെ ജനങ്ങളുടെ അവസ്ഥ ദർശിച്ച മാത്രയിൽ തന്നെ വളരെയധികം ദുഃഖിതനാവുകയും അദ്ദേഹം അവരുടെ മേൽ കാരുണ്യം ചൊരിയുവാൻ തീരുമാനിക്കുകയും ചെയ്തു. ഈ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണ ഭഗവാന് മാത്രമേ ഈ ദയനീയ അവസ്ഥയിൽ നിന്നും അവരെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന നിഗമനത്തിൽ എത്തി. ദയാലുവും ഉദാരമനസ്കനുമായ ആ ഭക്തൻ ജീവാത്മാക്കളെ പരിത്രാണനം ചെയ്യുവാനായി ശ്രീകൃഷ്ണ ഭഗവാനെ ആനയിക്കുവാനായി ദ്വാരകയിലേക്ക് പുറപ്പെട്ടു.


    ദ്വാരകയിൽ ശ്രീകൃഷ്ണ ഭഗവാൻ തന്റെ പ്രിയ പത്നിയായ സത്യഭാമയുടെ കൂടെ സമയം ചിലവഴിച്ചതിനു ശേഷം, തന്റെ പ്രധാന പത്നിയായ രുക്മിണീ ദേവിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ചു. ഭഗവാന്റെ പെട്ടെന്നുള്ള ആഗമനത്തെക്കുറിച്ച് അറിഞ്ഞ രുക്മിണീ ദേവി, ഉടനെ തന്നെ ഭഗവാനെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. കൊട്ടാരം പൂർണമായും കളങ്കരഹിതമാണെങ്കിലും,  ദേവി സ്വയം തന്നെ ചുറ്റുപാടും വൃത്തിയാക്കുകയും നെയ് വിളക്കുകൾ കത്തിക്കുകയും ചെയ്തു. അന്തപുരത്തിന്റെ കവാടത്തിൽ ജല കുംഭവും, അലങ്കാരങ്ങളും കൊണ്ട് തന്റെ പ്രഭുവായ ഭഗവാന്റെ പ്രീതിക്കായി പ്രവർത്തിച്ച ശേഷം, അവർ സ്വയം അലങ്കരിച്ചു കൊണ്ട് ഭഗവാന്റെ ആഗമനത്തിനായി കാത്തിരുന്നു. ശ്രീ കൃഷ്ണ ഭഗവാൻ തന്റെ കൊട്ടാരത്തിൽ എത്തിയ ഉടനെ അദ്ദേഹത്തിന്റെ പാദ പദ്മങ്ങൾ കഴുകികൊണ്ട് ആരതി ഉഴിഞ്ഞു. അവ തന്റെ നെഞ്ചിൽ വച്ചുകൊണ്ട് അത്യധികമായി അശ്രു പൊഴിക്കുവാൻ തുടങ്ങി. ഇതു കണ്ട ശ്രീകൃഷ്ണ ഭഗവാൻ ആശ്ചര്യം മൂലം കാര്യം എന്താണെന്ന് ആരാഞ്ഞു. താൻ എന്തെങ്കിലും തെറ്റു ചെയ്തോ, അല്ലെങ്കിൽ ദേവിയുടെ ഏതെങ്കിലും ആഗ്രഹം നിറവേറ്റി തന്നില്ലയോ എന്നും ചോദിച്ചു. അദ്ദേഹം  തുടരെ ചോദ്യം ആവർത്തിച്ചപ്പോൾ, ദേവി പറഞ്ഞു, "അങ്ങ്  എല്ലാമറിയുന്നവനാണെങ്കിലും, അങ്ങയുടെ ഭക്തർക്ക് അങ്ങയോട് തോന്നുന്ന സ്നേഹം മാത്രം അങ്ങേയ്ക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ ഭഗവാന് എന്റെ വികാരം മനസ്സിലാക്കാൻ സാധിക്കുകയില്ല. പ്രിയ ഭഗവാനെ അങ്ങയുടെ പാദ പദ്മങ്ങളാണ് എന്റെ ജീവിതവും ആത്മാവും. അങ്ങ് കുറച്ചു സമയത്തിനുശേഷം കൊട്ടാരത്തിൽ നിന്നും മടങ്ങുന്നത് ആലോചിക്കുമ്പോൾ എന്നിൽ ദുഃഖമുണ്ടാകുന്നു. ശ്രീമതി രാധികയ്ക്ക് മാത്രമേ ഈ വികാരങ്ങൾ മനസ്സിലാകുകയുള്ളൂ. കാരണം  ശ്രീമതി രാധികയാണ് പരിപൂർണ്ണ പ്രേമത്തിന്റെ മൂർത്തിമദ്ഭാവം." ഇത് ശ്രവിച്ച ശ്രീ കൃഷ്ണ ഭഗവാൻ, തനിക്കു മനസ്സിലാക്കുവാൻ സാധിക്കാത്ത എന്തോ ഒന്ന് ഉണ്ടെന്നും, അതേക്കുറിച്ച് കൂടുതൽ വിവരിക്കുവാനുമായി രുക്മിണി ദേവിയോട് പറഞ്ഞു. ഭഗവാന്റെ അഭ്യർത്ഥന മാനിച്ച് ദേവി ഭക്തന്മാർക്ക് ഭഗവാനോടുള്ള പ്രേമത്തെക്കുറിച്ചും ഭഗവാന്റെ പാദപത്മങ്ങളെ കുറിച്ചും വിശദീകരിക്കാൻ തുടങ്ങി. ശേഷം ദേവി പറഞ്ഞു, "അങ്ങേയ്ക്ക് രാധാ ഭാവത്തിൽ അതായത്  ശ്രീമതി രാധികയുടെ ഭാവത്തിൽ എത്തിച്ചേരുവാൻ സാധിച്ചാൽ മാത്രമേ ഈ വികാരത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ". ഇതു കേട്ട് ഭഗവാന്റെ ഹൃദയത്തിൽ അത്യാനന്ദം അനുഭവപ്പെടുകയും തന്റെ ഹൃദയത്തിലെ രാധാ ഭാവത്തെ രുചിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു.


     അപ്പോഴാണ് നാരദമുനി അവിടെ പ്രത്യക്ഷനാകുന്നത്. ഭഗവാൻ നാരദ മുനിയെ സ്നേഹബഹുമാനങ്ങളാലും സ്വാഗതം ചെയ്തു. ശേഷം അദ്ദേഹത്തിന്റെ ദുഃഖപൂർണ്ണമായ മുഖം കാണുകയും അതിന്റെ കാരണമെന്തെന്ന് ഭഗവാൻ ആരായുകയും ചെയ്തു. ഇതിന് മറുപടിയായി നാരദമുനി പറഞ്ഞു, "പ്രിയ ഭഗവാനെ ഞാൻ നിത്യവും അങ്ങയുടെ മഹിമകൾ പാടിക്കൊണ്ട് ഭഗവദ് പ്രേമം പ്രപഞ്ചത്തിൽ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. എന്റെ യാത്രകൾക്കിടയിൽ മായയുടെ പിടിയിൽ കുടുങ്ങിയിരിക്കുന്നവരും, വിഷസർപ്പമായ കലിയാൽ ദംഷ്ട്രനമേറ്റതുമായ ജീവാത്മാക്കളെ കാണുവാനിടയായി.വളരെ ദുരിതപൂർണമായ ജീവിതമാണ് ഇവർ നയിക്കുന്നത്. വേദനയെ ആനന്ദമായി കരുതി കൊണ്ട് സ്വന്തം ഇന്ദ്രിയ സന്ദർപ്പണത്തിൽ മാത്രം മുഴുകിയിരിക്കുന്നരാണ് ഇക്കൂട്ടർ. ഞാൻ അങ്ങയുടെ നാമം പ്രചരിപ്പിക്കുവാൻ ശ്രമിച്ചിട്ടും അവരെ ഭക്തിയിലേക്ക് നയിക്കുവാൻ സാധിക്കുന്നില്ല. എന്റെ ഭഗവാനേ അങ്ങ് അവരിൽ കാരുണ്യം ചൊരിഞ്ഞു കൊണ്ട് ധർമ്മം പുനഃസ്ഥാപിക്കുവാൻ ഭൂമിയിൽ അവതരിക്കണം എന്ന് അപേക്ഷിക്കുന്നു." ഭക്തന്മാരുടെ ആഗ്രഹം ഭഗവാന്റെ കൂടി ആഗ്രഹമാണ്. അദ്ദേഹം തന്റെ ഭക്തന്മാരുടെ ആഗ്രഹം സഫലീകരിക്കുന്നതിൽ അങ്ങേയറ്റം ഉത്സുകനാണ്. നാരദമുനിയുടെ വാക്കുകൾ ശ്രവിച്ച ഭഗവാൻ, രാധാ ഭാവത്തിന്റെ രുചിയറിയുവാനായി ഭൂമിയിൽ ശചീനന്ദന ഗൗരഹരിയായി അവതരിക്കുവാൻ തീരുമാനിച്ചു. ഈ വിധം ചിന്തിച്ചു കൊണ്ട് അദ്ദേഹം തന്റെ സ്വർണ്ണ വർണ്ണത്തിലുള്ള അതീന്ദ്രിയ രൂപം നാരദ മുനിക്കും രുക്മിണീ ദേവിക്കും മുൻപിൽ പ്രദർശിപ്പിച്ചു. ഈ അതീന്ദ്രിയ രൂപം കണ്ട ഉടനെ അവരുടെ ഹൃദയം സംതൃപ്തിയടഞ്ഞു. താൻ  നവദ്വീപിൽ ജഗന്നാഥ മിശ്രയുടെ ഗൃഹത്തിൽ, ശചീ ദേവിയുടെ ഉദരത്തിൽ ജന്മമെടുക്കുമെന്ന് ഭഗവാൻ പ്രഖ്യാപിച്ചു. മാത്രമല്ല അദ്ദേഹം രാധാ ഭാവത്തിൽ തിരുനാമവും, ഭഗവദ് പ്രേമവും വിതരണം ചെയ്യുമെന്നും അറിയിച്ചു. ഇപ്രകാരം ശ്രീകൃഷ്ണ ഭഗവാൻ ചൈതന്യ മഹാപ്രഭുവായി അവതരിച്ചു. രാധാ ഭാവത്തെ രുചിക്കുവാനും, എല്ലാ ബദ്ധാത്മാക്കളെയും ഉദ്ധരിക്കുവാനും വേണ്ടി.


(ചൈതന്യ മഹാപ്രഭുവിന്റെ അമൃതസദൃശമായ ലീലകളുടെ നിധികുംഭമായ,  ശ്രീല ലോചന ദാസ് ഠാക്കൂറാൽ വിരചിതമായ ചൈതന്യ മംഗളം എന്ന കൃതിയിൽ നിന്ന് )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment