Home

Sunday, February 27, 2022

വിജയ ഏകാദശി



വിജയ ഏകാദശി 


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆


വിജയ ഏകാദശിയുടെ മാഹാത്മ്യങ്ങൾ സ്കന്ധ പുരാണത്തിൽ വിവരിച്ചിരിക്കുന്നു. ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ ശ്രീകൃഷ്ണനോട് ഇപ്രകാരമൊരു ചോദ്യമുന്നയിച്ചു." അല്ലയോ ഭഗവാനേ ! എന്നിൽ ദയവുണ്ടായി ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയെപ്പറ്റി വിവരിച്ചാലും."


 ഭഗവാൻ കൃഷ്ണൻ മറുപടിയോതി. "അല്ലയോ യുധിഷ്ഠിര മഹാരാജാവേ ! വിജയ ഏകാദശി എന്നറിയപ്പെടുന്ന ഏകാദശിയുടെ മഹാത്മ്യങ്ങളെ പറ്റി കേട്ടാലും.ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ്റെ സമസ്ത പാതകങ്ങളും ഉടൻതന്നെ നിർമാർജനം ചെയ്യപ്പെടുന്നു."


" ഒരിക്കൽ നാരദമുനി ബ്രഹ്മദേവനോട് ആരാഞ്ഞു." അല്ലയോ ദേവന്മാരിൽ ഉത്തമനായവനെ,ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന വിജയ ഏകാദശിയുടെ  ഗുണാതിശയങ്ങളെ കുറിച്ചോതിയാലും. ഇതിനു മറുപടിയായി ബ്രഹ്മദേവൻ ഇപ്രകാരം അരുളിച്ചെയ്തു .എൻ്റെ പ്രിയ പുത്രാ , ഈ പരമപവിത്രവും പുരാതനവുമായ വ്രതാനുഷ്ഠാനം സർവ്വവിധ പാപങ്ങളെയും സംഹരിക്കുന്നതാണ്. ഈ ഏകാദശി ഉൽകൃഷ്ടമായ ഫലങ്ങളെ നൽകി തൻ്റെ നാമം അന്വർത്ഥമാക്കുന്നു. സംശയലേശമെന്യേ ഈ ഏകാദശി ഒരുവന് വിജയത്തിൻ്റെ ശക്തി പ്രദാനം ചെയ്യുന്നു."


" തൻ്റെ അച്ഛൻ്റെ വാഗ്ദാനം പാലിക്കുവാനായി, ശ്രീരാമചന്ദ്ര മൂർത്തി പത്നി സീതയോടും സഹോദരൻ ലക്ഷ്മണനോടുമൊപ്പം പതിനാല് സംവത്സരങ്ങൾ നീണ്ടുനിൽക്കുന്ന വനവാസത്തിനായി പുറപ്പെട്ടു. കുറച്ചുകാലത്തേക്ക് അവർ ഗോദാവരി തീരത്തുള്ള പഞ്ചവടി എന്ന  പ്രകൃതിരമണീയമായ ഒരു വനത്തിലാണ് താമസം ഉറപ്പിച്ചിരുന്നത്. ഒരുനാൾ രാക്ഷസ രാജാവായ രാവണൻ പതിവ്രതയായ സീതാദേവിയെ അപഹരിച്ചു. സീതാദേവിയുടെ വിരഹത്താൽ മുഗ്ദനായ ശ്രീരാമചന്ദ്രൻ തീവ്ര ദുഃഖത്തിൻ്റെ അത്യുന്നതിയിലെത്തിച്ചേർന്നു. സീതാദേവിയെ വനമാകെ തേടിയലഞ്ഞ ശ്രീരാമചന്ദ്രൻ മരണാസന്നനായി കിടക്കുന്ന ഖഗരാജാവായ ജഡായുവിനെ കണ്ടുമുട്ടി. സീതാദേവിയുടെ അപഹരണത്തെ പറ്റി തനിക്കറിയാവുന്ന അതെല്ലാം ശ്രീരാമചന്ദ്രനെ അറിയിച്ചതിനു ശേഷം ജഡായു ഭൗതികദേഹം ഉപേക്ഷിച്ച് പരമമായ വൈകുണ്ഠ ലോകം പ്രാപിച്ചു. അതിനുശേഷം ഭഗവാൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടു . ശ്രീരാമചന്ദ്രൻ്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി അനേകം വാനരന്മാർ ഒത്തുചേർന്നു. ആ സമയത്ത് വാനരന്മാരിൽ ശ്രേഷ്ഠനായ ഹനുമാൻ ലങ്കയിൽ ഉള്ള അശോകവനിയിൽ ചെല്ലുകയും സീതാദേവിയെ സന്ധിക്കുകയും ദേവിയെ സമാധാനിപ്പിച്ച് രാമചന്ദ്രമൂർത്തിയുടെ മുദ്രാമോതിരം നൽകുകയും വഴി തൻറെ ഉൽകൃഷ്ടമായ ലക്ഷ്യം പൂർത്തീകരിച്ചു.അതിനുശേഷം തിരിച്ചുവന്ന ഹനുമാൻ ഭഗവാനോട് സംഭവിച്ചതെല്ലാം വിവരിച്ചു. ലങ്കയെ ആക്രമിക്കാനായി തയ്യാറെടുത്ത ശ്രീരാമചന്ദ്രൻ അസംഖ്യം വാനര സൈനികരോടോപ്പം സാഗരതീരത്തെത്തി. വിശാലമായ സാഗരം മുറിച്ചുകടക്കുന്നതിനെപ്പറ്റി ചിന്തിതനായ ഭഗവാൻ, ലക്ഷ്മണനോട് ഇപ്രകാരം ആരാഞ്ഞു . " അല്ലയോ സൗമിത്രേയ ,  സ്രാവ്, തിമിംഗലം തുടങ്ങിയ ഭയാനകമായ ജലജീവികൾ നിറഞ്ഞതും അഗാധവുമായ ഈ മഹാസാഗരം എപ്രകാരമാണ് നാം തരണം ചെയ്യുക." ലക്ഷ്മണൻ മറുപടിയോതി അല്ലയോ പരമദിവ്യോത്തമ പുരുഷനായ ഭഗവാനേ ,  അങ്ങ് ആദി പുരുഷനാണ് . അവിടേക്ക് അറിയാത്തതായി ഒന്നുമില്ല. ഈ ദ്വീപിൽ ഭഗദാൽബ്യ എന്നു പേരുള്ള ഒരു മഹർഷി വസിക്കുന്നുണ്ട്. ഇവിടെ നിന്ന് അധികം ദൂരെയല്ലാതെയാണ് അദ്ദേഹത്തിൻറെ ആശ്രമം സ്ഥിതി ചെയ്യുന്നത്. അല്ലയോ രാഘവാ ! ഈ മഹർഷി ബ്രഹ്മദേവൻ്റെ ദർശനം ഭാഗ്യം ലഭിച്ചവനാണ് . സമുദ്രം  മുറിച്ചുകടക്കുന്നതിനെപ്പറ്റി അദ്ദേഹത്തോട് ആരായണം എന്നതാണ് എൻറെ മതം." ഇപ്രകാരം ലക്ഷ്മണനെ ശ്രവിച്ച ശ്രീരാമചന്ദ്രൻ ഭഗദാൽബ്യ മഹർഷിയുടെ ആശ്രമം സന്ദർശിക്കുകയും അദ്ദേഹത്തിന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. തൻറെ മുന്നിൽ വന്നു നിൽക്കുന്ന വ്യക്തി പരമദിവ്യോത്തമപുരുഷനായ ശ്രീരാമചന്ദ്രനാണെന്നും രാവണനെ പോലുള്ള അസുരന്മാരെ സംഹരിക്കുകയാണ് അദ്ദേഹത്തിൻറെ അവതാരലക്ഷ്യമെന്നും സർവ്വജ്ഞനായ മഹർഷിക്ക് അനായാസേന ഗ്രഹിക്കാൻ സാധിച്ചു. മഹർഷി ഇപ്രകാരം ആരാഞ്ഞു. "അല്ലയോ രാമചന്ദ്രാ ! എന്തിനുവേണ്ടിയാണ് അങ്ങ് കാരുണ്യപൂർവ്വം ഈയുള്ളവൻ്റെ ആശ്രമത്തിലേക്ക് എഴുന്നള്ളിയത്? " ശ്രീരാമചന്ദ്ര ഭഗവാൻ മറുപടിയോതി . " അങ്ങയുടെ കരുണയാൽ എൻ്റെ സൈനികരോടൊപ്പം ഞാൻ ഈ സാഗരതീരത്ത് ലങ്ക കീഴടക്കാനായി എത്തിച്ചേർന്നിരിക്കുന്നു . അല്ലയോ മഹർഷേ, വിശാലമായ ഈ സാഗരം മുറിച്ചു കടക്കാനുള്ള ഒരു വഴി ഉപദേശിച്ചാലും. ഈ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാൻ അങ്ങയുടെ സവിധത്തിൽ എത്തിയത്."


 മഹാനായ ആ ഋഷി രാമചന്ദ്രനോട് ഇപ്രകാരം മറുപടിയോതി . " അല്ലയോ രാമചന്ദ്രാ !  ഈ ഭൗതിക ലോകത്തിൽ  യുദ്ധം ജയിക്കുവാനും അസാധാരണമായ കീർത്തിയും ഐശ്വര്യവും നേടുവാനുമായി ഒരു മഹത്തായ വ്രതാനുഷ്ഠാനത്തെ പറ്റി അങ്ങേക്ക് പറഞ്ഞുതരാം. എന്നാൽ ഏകാഗ്രമായ മനസ്സോടെ അങ്ങ് ഇത് അനുഷ്ഠിക്കേണ്ടതാണ് . അല്ലയോ രാമാ ! ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഈ വിജയ ഏകാദശി അനുഷ്ഠിച്ചാൽ തീർച്ചയായും ഈ സാഗരം തരണം ചെയ്യുവാൻ അങ്ങേയ്ക്ക് സാധിക്കും. അല്ലയോ ഭഗവാനേ രാമചന്ദ്രാ ! ഇപ്പോൾ ഈ ഏകാദശി വ്രതം നോൽക്കുന്നത് എങ്ങനെ എന്ന് ദയവായി ശ്രവിച്ചാലും"


" ഏകാദശിയുടെ തലേന്നാൾ സ്വർണ്ണത്താലോ വെള്ളിയാലോ ചെമ്പിനാലോ അഥവാ മണ്ണിനാലോ തീർത്ത ഒരു കലശത്തിൽ ജലം നിറയ്ക്കുകയും മാവില കൊണ്ട് അലങ്കരിക്കുകയും വേണം. ഈ കലശം ഏഴു തരം ധാന്യങ്ങളാൽ അലങ്കരിച്ച ഒരു ഉയർന്ന പീഠത്തിൽ വയ്ക്കേണ്ടതാണ്. കലശത്തിന് മുകളിൽ നാരായണൻ്റെ സ്വർണ്ണവിഗ്രഹം വെക്കേണ്ടതാണ്. ഏകാദശി ദിവസം അതിരാവിലെ സ്നാനാദികൾ എല്ലാം കഴിച്ചിട്ട് ഭഗവാൻ നാരായണൻ വിഗ്രഹത്തിൽ തുളസി ദളങ്ങൾ,  ചന്ദന ലേപനം,  പുഷ്പങ്ങൾ ,  പുഷ്പ മാല്യങ്ങൾ ,  ധൂപം , നെയ് ദീപം, നൈവേദ്യം എന്നിവ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം രാത്രി ഉറക്കം ഒഴിവാക്കേണ്ടതാണ്. ദ്വാദശിനാൾ സൂര്യോദയത്തിനു ശേഷം നദി , തടാകം അഥവാ അഥവാ കുളം മുതലായ ഏതെങ്കിലും ഒരു ജലാശയത്തിൻ്റെ തീരത്ത് ഈ കലശം സ്ഥാപിച്ച് ആരാധിക്കണം. അതിനുശേഷം ഈ വിഗ്രഹം കലശത്തോടുകൂടി ബ്രഹ്മചര്യം കർശനമായി പാലിക്കുന്ന ഒരു ബ്രാഹ്മണന് ദാനമായി നൽകണം . ഇപ്രകാരം പ്രവർത്തിക്കുമ്പോൾ അങ്ങ് തീർച്ചയായും അങ്ങയുടെ ശത്രുക്കളുടെ മേൽ വിജയം കരസ്ഥമാക്കും.

 ആ മഹർഷിയുടെ നിർദ്ദേശങ്ങളനുസരിച്ച് ഭഗവാൻ ശ്രീരാമചന്ദ്രൻ ,  ഏകാദശി വ്രതാനുഷ്ഠാനങ്ങൾ ശരിയാംവണ്ണം നിർവഹിക്കുന്നതിന് ഉത്തമോദാഹരണമായി വർത്തിച്ചു . അതിനാൽ തന്നെ അദ്ദേഹം വിജയശ്രീലാളിതനായി . ഏകാദശിവ്രതം ഉചിതമായ രീതിയിൽ പാലിക്കുന്ന ഒരുവൻ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും വിജയിയായി ഭവിക്കും." ബ്രഹ്മദേവൻ നാരദമഹർഷിയോട് തൻറെ സംഭാഷണം തുടർന്നു ." അല്ലയോ എൻറെ പ്രിയ മാനസ പുത്രാ ! അതിനാൽ എല്ലാവരും വിജയ ഏകാദശിവ്രതം പാലിക്കേണ്ടതാണ്. വിജയ ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഒരുവൻ്റെ പാപ പ്രതികരണങ്ങൾ നശിപ്പിക്കുന്നു. ഈ ഏകാദശിയുടെ മഹാത്മ്യം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഒരുവന് വാജപേയ യജ്ഞം നടത്തിയ ഫലം ലഭിക്കുന്നതാണ്."


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Friday, February 25, 2022

ശ്രീകൃഷ്ണ സംഗം

 സ ഉച്ചകാശേ ധവളോദരോ ദരോ- 

fപ്യുരുക്രമസ്യാധരശോണശോണിമാ 

ദാധ്മായമാനഃ കരകഞ്ജസമ്പുടേ 

യഥാബ്ജഖണ്ഡേ  കളഹംസ ഉത്സ്വനഃ


വിവർത്തനം 


ഭഗവാൻ കൈയ്യിലേന്തി മുഴക്കിയ ധവള നിറമാർന്ന സ്ഥൂലമായ ശംഖ്, അദ്ദേഹത്തിന്റെ അതീന്ദ്രിയ അധരസ്പർശത്താൽ രക്തവർണിതമായി തോന്നിപ്പിച്ചു. ചുവന്ന താമരത്തണ്ടുകളിൽ വെളുത്ത അരയന്നങ്ങൾ നീന്തിത്തുടിക്കുന്നതുപോലെ കാണപ്പെട്ടു. 


ഭാവാർത്ഥം 


വെളുത്ത ശംഖ് ഭഗവാന്റെ അധരസ്പർശത്താൽ അരുണ വർണമായത് ആത്മീയ സാർത്ഥകതയുടെ പ്രതിരൂപമാകുന്നു. ഭഗവാൻ സർവം ആത്മീയമാകുന്നുവെന്നുമാത്രമല്ല, ഭൗതിക പദാർത്ഥം, ഈ ആത്മീയാസ്തിത്വത്തിന്റെ അജ്ഞതയാകുന്നു. പരമാർത്ഥത്തിൽ, ആത്മീയ ജ്ഞാനോദ്ദീപനത്തിൽ, ഭൗതിക പദാർത്ഥത്തെപ്പോലെ യാതൊന്നുംതന്നെയില്ല. പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ സമ്പർക്കത്താൽ തൽക്ഷണം ആത്മീയ ജ്ഞാനോദ്ദീപനം ഉണ്ടാകുന്നു. സർവ അസ്തിത്വങ്ങളുടെയും ഓരോ കണികയിലും ഭഗവാൻ സ്ഥിതിചെയ്യുന്നുവെന്നു മാത്രമല്ല, ആർക്കും തന്റെ സാന്നിധ്യത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനും അദ്ദേഹത്തിന് കഴിയുന്നു. ഭഗവാനോടുള്ള ഉൽക്കടമായ പ്രേമത്താലും ഭഗവദ്ഭക്തിയുതസേവനത്താലും, അന്യഥാ ഭഗവാനുമായുള്ള ആത്മീയ സമ്പർക്കത്താലും, ഭഗവാൻ കൈയ്യിലേന്തിയ ശംഖ് അരുണ വർണമായതുപോലെ സർവതും ആത്മീയമായി ശോണിതമായിത്തീരുന്നു. ഭഗവദ്പാദങ്ങളാകുന്ന താമരപ്പൂക്കളാൽ നിത്യമായി അലംകൃതമായ ആത്മീയ പരമാനന്ദമാകുന്ന ജലത്തിൽ ഉല്ലസിക്കുന്ന ഹംസങ്ങളെപ്പോലെയാണ് പരമഹംസൻ.



( ശ്രീമദ് ഭാഗവതം /1/11/2 ) / ശ്രീല പ്രഭുപാദർ



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Sunday, February 20, 2022

ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി താക്കൂർ

 




ശ്രീല ഭക്തി സിദ്ധാന്ത  സരസ്വതി താക്കൂർ 

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆


നമ ഓം വിഷ്ണു-പാദായ കൃഷ്ണ-പ്രേഷ്ഠായ ഭൂ-തലേ

ശ്രീമതേ ഭക്തിസിദ്ധാന്ത-സരസ്വതി-ഇതി നാമിനേ


ഭഗവാൻ കൃഷ്ണന്റെ പാദാംബുജങ്ങളിൽ അഭയം പ്രാപിച്ച, അവിടുത്തേക്കേറ്റവും പ്രിയങ്കരനായ , ദിവ്യ പൂജ്യ ഭക്തിസിദ്ധാന്ത സരസ്വതിക്ക് ഞാൻ ആദരപൂർവമായ പ്രണാമങ്ങൾ അർപ്പിക്കുന്നു.


ശ്രീ-വർഷഭാനവി-ദേവീ-ദയിതായ കൃപാബ്ദയേ കൃഷ്ണ-സംബന്ധ-വിജ്ഞാന-ദായിനേ പ്രഭവേ നമഃ


കൃഷ്ണ ശാസ്ത്രത്തിന്റെ പ്രചാരകനും , അതീന്ദ്രിയമായ കാരുണ്യത്തിന്റെ മഹാസാഗരവും, ശ്രീമതി രാധാറാണിയാൽ സദാ അനുകൂലിക്കപ്പെടുന്നവനുമായ ശ്രീ വർഷഭാനവി ദേവി-ദയിത ദാസന്  ഞാൻ എൻ്റെ ആദരപൂർവമായ പ്രണാമങ്ങൾ അർപ്പിക്കുന്നു.


അദ്ദേഹത്തിന്റെ ആവിർഭാവം


1874 ഫെബ്രുവരി പതിനാറാം തീയതി ശ്രീല ഭക്തിവിനോദ താക്കൂറിന്റെ നാലാമത്തെ പുത്രൻ  തീർത്ഥ നഗരമായ ജഗന്നാഥ പുരിയിൽ ജനിച്ചു.  ബിമൽ പ്രസാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജനനസമയത്തെ നക്ഷത്രങ്ങളുടെ സ്ഥാനം അനുസരിച്ച്,ആ ബാലകൻ  അതിബുദ്ധിമാനും ലോക പ്രശസ്തനുമായ കൃഷ്ണപ്രേമത്തിൻ്റെ പ്രചാരകനാകുമെന്ന് ജ്യോതിഷജ്ഞൻ  പ്രവചിക്കുകയുണ്ടായി.ഒരു മഹത്തായ വ്യക്തിത്വത്തിന്റെ (മഹാ-പുരുഷന്റെ) എല്ലാ അടയാളങ്ങളും ഉള്ള അത്തരമൊരു ജാതകം താൻ മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം നിഗമനത്തിലെത്തി.

ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി താക്കൂറയുടെ ജന്മസ്ഥലം - പുരി


ഭഗവാൻ ജഗന്നാഥന്റെ ഉത്സവം


ബിമൽ പ്രസാദിന് ഏകദേശം ആറുമാസം പ്രായമുള്ളപ്പോൾ നഗരത്തിൽ ജഗന്നാഥന്റെ മഹത്തായ രഥയാത്ര ഉത്സവ ആഘോഷങ്ങൾ തുടങ്ങി. കൂറ്റൻ രഥങ്ങൾ  ഭക്തിവിനോദ താക്കൂറിന്റെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ പെട്ടെന്ന് നിന്നു. ആളുകൾ എത്ര തള്ളിയിട്ടും വലിച്ചിട്ടും ഒരു തരത്തിലും രഥങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഭഗവാൻ സർവ്വസ്വതന്ത്രനായതിനാൽ, തന്റെ സ്വന്തം മധുരതരമായ ഇച്ഛയാൽ മാത്രമേ അവിടുന്ന് നീങ്ങുകയുള്ളൂ, അല്ലാതെ മറ്റൊരു കാരണത്താലല്ല.


ഭക്തിവിനോദ ഠാക്കൂറിന്റെ വീടിന് പുറത്ത് നിർത്തണമെന്നത് പരമേശ്വരനായ ജഗന്നാഥന്റെ ആഗ്രഹമാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. ബിമൽ പ്രസാദിന്റെ അമ്മ ഭഗവതി ദേവി ഈ അവസരം മുതലെടുത്ത് കുഞ്ഞിനെ ഭഗവാന്റെ   മുന്നിൽ സമർപ്പിച്ചു. ചിലരുടെ സഹായത്താൽ അവർ ആ വലിയ രഥത്തിൽ  കയറി കുട്ടിയെ ഭഗവാന്റെ തൃപാദങ്ങളിൽ കിടത്തി. ഉടനെ ഭഗവാന്റെ മാലകളിൽ ഒന്ന് ഊർന്നു കുട്ടിയുടെ കഴുത്തിൽ പതിച്ചു. ജഗന്നാഥ ഭഗവാന്റെ പ്രത്യേക കാരുണ്യത്തിന്റെ അടയാളമായാണ് അവിടെയുണ്ടായിരുന്നവർ ഇതിനെ സ്വീകരിച്ചത്. പിന്നീട്, രഥങ്ങൾ പെട്ടെന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ മുന്നോട്ട് കുതിച്ചു.


വളർച്ച


ഭക്തിവിനോദ ഠാക്കൂർ, കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനുള്ള ശ്രേഷ്ഠമായ പ്രവർത്തനത്തിൽ സഹായിക്കാൻ ഒരു സാധു പുത്രനെ ലഭിക്കാൻ ശക്തമായി ആഗ്രഹിച്ചിരുന്നു. ബിമൽ പ്രസാദിന്റെ ആത്മീയ ഉത്സാഹം കണ്ടപ്പോൾ അദ്ദേഹം വളരെ സന്തുഷ്ടനാകുകയും കുട്ടിയെ ശ്രദ്ധാപൂർവ്വം പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടിക്കാലം മുതൽ ഭക്തിവിനോദർ തന്റെ മകനെ  ശ്രീമൂർത്തി ആരാധനയിലും  കൃഷ്ണനാമങ്ങൾ ജപിക്കുന്നതിലും വ്യാപൃതനാക്കിയിരുന്നു.


ബിമൽ പ്രസാദ് അസാധാരണനായിരുന്നു. രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഒരിക്കൽ അച്ഛൻ ചന്തയിൽ നിന്ന് മാമ്പഴം വീട്ടിലേക്ക് കൊണ്ടുവന്നു. കുട്ടി ഒരു വലിയ, ചുവന്ന, പഴുത്ത മാമ്പഴം എടുത്ത് ഉടനടി കഴിക്കാൻ തുടങ്ങി. അവന്റെ അച്ഛൻ അവനെ ഓർമ്മിപ്പിച്ചു, "കാത്തിരിക്കൂ. ഭഗവാൻ കൃഷ്ണനു നിവേദിച്ചിട്ടില്ലാത്ത ഭക്ഷണമാണോ കഴിക്കുന്നത്? നമ്മൾ  കഴിക്കുന്നതിനുമുമ്പ് എല്ലാം ആദ്യം ഭഗവാന് നിവേദിക്കണമെന്ന് ഓർക്കുക!" കുട്ടിക്ക് നാണം തോന്നി, ചെറുപ്പമായിരുന്നിട്ടും ഇനി ഒരിക്കലും മാമ്പഴം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞ അദ്ദേഹം ജീവിതകാലം മുഴുവൻ പാലിച്ചു.


മറ്റു കുട്ടികളെപ്പോലെ ബിമൽ പ്രസാദ് കളിയിൽ സമയം കളയാറില്ല. ചെറുപ്പം മുതലേ അച്ഛൻ ആത്മീയ കാര്യങ്ങൾ വിശദീകരിക്കുമ്പോഴെല്ലാം അവൻ ശ്രദ്ധയോടെ കേൾക്കുമായിരുന്നു. ഏഴാം വയസ്സിൽ ഭഗവദ്ഗീതയിലെ പതിനെട്ട് അധ്യായങ്ങൾ മുഴുവനായും മനഃപാഠമാക്കാനും ശ്ലോകങ്ങൾ ഭംഗിയായി വിശദീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടി മുതിർന്നപ്പോൾ, പുസ്തകങ്ങൾ സംശോധനചെയ്യാനും അച്ചടിക്കാനും അച്ഛൻ അവനെ പരിശീലിപ്പിച്ചു.


വിദ്യാഭ്യാസം


സ്‌കൂളിൽ ബിമൽ പ്രസാദ് ഗണിതത്തിലും ജ്യോതിഷത്തിലും മികവ് പുലർത്തിയിരുന്നു. ആ കുട്ടിക്ക് നല്ല ഓർമ്മശക്തിയുണ്ടായിരുന്നു. കാര്യങ്ങൾ ഓർക്കാൻ ഒരിക്കൽ മാത്രം കേട്ടാൽ മതിയായിരുന്നു; അതുകൊണ്ട് ഗൃഹപാഠം ചെയ്യേണ്ട ആവശ്യമില്ല. മറിച്ച്, അവൻ തന്റെ മുഴുവൻ സമയവും ശാസ്ത്രങ്ങൾ പഠിക്കാൻ വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ജോലിയിൽ സംതൃപ്തരായ അധ്യാപകർ അദ്ദേഹത്തിന് "സിദ്ധാന്ത സരസ്വതി" എന്ന പദവി നൽകി. എന്നാൽ ഈ പ്രോത്സാഹനം ഉണ്ടായിരുന്നിട്ടും, ആത്മീയ ശാസ്ത്രം സാധാരണ അറിവിനേക്കാൾ പ്രധാനമാണ് എന്ന് കണക്കാക്കി. തന്റെ ഒഴിവുസമയങ്ങളിൽ അദ്ദേഹം ആഗസ്റ്റ് സഭ (ആഗസ്റ്റ് അസംബ്ലി) സ്ഥാപിച്ചു, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ആസ്വദിക്കാൻ സുഹൃത്തുക്കളുമായി ഒത്തുകൂടുമായിരുന്നു.


1892-ൽ പതിനെട്ടാം വയസ്സിൽ കൽക്കട്ടയിലെ സംസ്‌കൃത കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം വളരെ കഴിവുള്ള ഒരു വിദ്യാർത്ഥിയാണെന്ന് തെളിയിച്ചു, എന്നാൽ തന്റെ ജീവിതം ഭഗവാന്റെ സേവനത്തിനായി സമർപ്പിക്കാൻ ആഗ്രഹിച്ച്, മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം പഠനം മതിയാക്കി . തനിക്ക് ഒരു നല്ല കോളേജ് വിദ്യാഭ്യാസമുണ്ടെങ്കിൽ, തനിക്ക് ഒട്ടും താൽപ്പര്യമില്ലാത്ത, വിവാഹം കഴിക്കാനും ഒരു കുടുംബം തുടങ്ങാനും മാതാപിതാക്കൾ അവനെ പ്രോത്സാഹിപ്പിക്കുമെന്ന് അവനറിയാമായിരുന്നു. 1898-ൽ അദ്ദേഹത്തിന്റെ പിതാവ് ഭക്തിവിനോദ താക്കൂർ അദ്ദേഹത്തെ ഗൗര കിശോർ ദാസ് ബാബാജിയിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ അയച്ചു. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും പിതാവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രചോദനത്തിന്റെ പ്രധാന സ്രോതസ്സുകളായി തുടർന്നു.



ജീവിത ദൗത്യം


തന്റെ പിതാവ് ഭക്തിവിനോദ ഠാക്കൂറിൻ്റേതും  ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ പരമ്പരയിലെ മറ്റെല്ലാ ആചാര്യന്മാരുടേതും പോലെ ഭക്തിസിദ്ധാന്ത സരസ്വതിക്കും ജീവിതത്തിൽ ഒരേയൊരു ദൗത്യമേ ഉണ്ടായിരുന്നുള്ളൂ-ലോകമെമ്പാടും ഭഗവദ് പ്രേമം  പ്രചരിപ്പിക്കുക. അതിനായി 1905-ൽ തന്റെ 31-ആം വയസ്സിൽ ഭക്തിസിദ്ധാന്ത സരസ്വതി താക്കൂർ ഒരു മഹത്തായ പ്രതിജ്ഞയെടുത്തു. ഹരിദാസ് താക്കൂറിനെപ്പോലെ, ഓരോ ദിവസവും മൂന്ന് ലക്ഷം (300,000) ഭഗവദ് നാമങ്ങൾ ജപിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഒൻപത് വർഷക്കാലം അദ്ദേഹം ഈ പ്രതിജ്ഞ പിന്തുടർന്നു, ആകെ പത്ത് ദശലക്ഷം നാമങ്ങൾ ചൊല്ലി.


പിതാവിനെ പ്രതിനിധീകരിക്കുന്നു


ഒരിക്കൽ ഭക്തിവിനോദ താക്കൂറിനെ ചില സ്മാർത്ഥ ബ്രാഹ്മണർ ഒരു സമ്മേളനത്തിന് ക്ഷണിച്ചു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവർക്ക് മാത്രമേ ഭഗവാനെ ആരാധിക്കാനും ശിഷ്യന്മാരെ സ്വീകരിക്കാനും അനുവാദമുള്ളൂ എന്ന് സ്മാർത്ഥ ബ്രാഹ്മണർ അവകാശപ്പെട്ടു. ശാസ്ത്ര ഗ്രന്ഥങ്ങൾ അനുസരിച്ച്, ഇത് തെറ്റാണ്, എന്നാൽ മിക്ക ആളുകളും ബ്രാഹ്മണരോടുള്ള ഭയവും ബഹുമാനവും കാരണം  അവരുടെ അവകാശവാദത്തെ അന്ധമായി പിന്തുടർന്നു.


ഭക്തിവിനോദ താക്കൂർ ഈ സമ്മേളനത്തിൽ പങ്കെടുത്ത് ഈ വഞ്ചന അവസാനിപ്പിക്കാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന് അസുഖം ബാധിച്ചതുകൊണ്ട്, ഉത്സാഹം ഉണ്ടായിരുന്നിട്ടും പോകാൻ കഴിഞ്ഞില്ല, പകരം തന്റെ മകനായ ഭക്തിസിദ്ധാന്ത സരസ്വതിയെ  അയച്ചു. ഇന്ത്യയിലുടനീളമുള്ള ഏറ്റവും ആദരണീയരായ സ്മാർത്ഥ ബ്രാഹ്മണരും മായാവാദികളും സമ്മേളനത്തിൽ പങ്കെടുത്തു. പണ്ഡിതനായ ഭക്തിസിദ്ധാന്തർ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ഉപദേശങ്ങൾ നിരാകരിക്കാൻ അദ്ദേഹം പല ഗ്രന്ഥങ്ങളും ഉദ്ധരിച്ചു.


പണ്ഡിതന്മാർ അസ്വസ്ഥരായി, അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു, എന്നാൽ ഓരോ തവണയും അദ്ദേഹം കൂടുതൽ വാക്യങ്ങൾ ഉദ്ധരിച്ച് അവരെ വീണ്ടും പരാജയപ്പെടുത്തി. ഇങ്ങനെ മൂന്നു ദിവസം യോഗം നീണ്ടു. മൂന്നാം ദിവസം ഭക്തിസിദ്ധാന്ത സരസ്വതി അവസാന പ്രസംഗം നടത്തി. അദ്ദേഹം രണ്ടു മണിക്കൂർ ശക്തമായും വ്യക്തമായും സംസാരിച്ചു, പൂർത്തിയാക്കിയപ്പോൾ ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. വഞ്ചകർ പരാജയം ഏറ്റുവാങ്ങാൻ നിർബന്ധിതരായി, വൈഷ്ണവ ശാസ്ത്രങ്ങൾ വിജയിച്ചു. ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിയെ ശക്തനായ   ആചാര്യനായി പലരും അഭിനന്ദിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ ജനക്കൂട്ടം മുന്നോട്ടു കുതിച്ചു.


രണ്ട് ഗുരുക്കന്മാരുടെ വിയോഗം


1914-ൽ, ഭക്തിസിദ്ധാന്തയുടെ പിതാവും ആത്മീയ വഴികാട്ടിയുമായ ശ്രീല ഭക്തിവിനോദ താക്കൂർ ഇഹലോക വാസം അവസാനിപ്പിച്ചു, ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശ്രീല ഗൗര കിശോർ ദാസ് ബാബാജിയും. ഭക്തിസിദ്ധാന്ത സരസ്വതിക്ക് അവരുടെ അഭാവം നിശിതമായി അനുഭവപ്പെട്ടു. പ്രചോദനത്തിന്റെ രണ്ട് പ്രധാന സ്രോതസ്സുകളില്ലാതെ തനിക്ക് എങ്ങനെ പ്രചാരണം തുടരാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.


ഒരു രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ചൈതന്യമഹാപ്രഭുവിന്റെയും സഹചാരകരുടെയും മനോഹരമായ നൃത്ത്യരൂപങ്ങളും കണ്ടു. അവരോടൊപ്പം ഗൗര കിശോർദാസ് ബാബാജിയും ഭക്തിവിനോദ താക്കൂറരും ഉൾപ്പെടെയുള്ള ആചാര്യന്മാരും ഉണ്ടായിരുന്നു. ഭഗവാനെയും ഭഗവാന്റെ ദിവ്യനാമങ്ങളേയും ഭഗവാന്റെ ലീലകളേയും   മഹത്വപ്പെടുത്താനും ശുദ്ധമായ ഭക്തിയെക്കുറിച്ച് പ്രസംഗിക്കാനും അവർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. "ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും," അവർ വാഗ്ദാനം ചെയ്തു.




സിംഹ ഗുരു


1918-ൽ ഭക്തിസിദ്ധാന്ത ജീവിതത്തിന്റെ സന്യാസ ആശ്രമം സ്വീകരിച്ചു. അസാധാരണനും വിപ്ലവകാരിയുമായ സന്യാസിയാണെന്ന് അദ്ദേഹം പല തരത്തിൽ തെളിയിച്ചു. അക്കാലത്ത്, സന്യാസ ആശ്രമത്തിലെ അംഗങ്ങൾ ഭൗതികാസക്തിയുള്ള ആളുകളുമായി ഇടപഴകാതിരിക്കാൻ ഏകാന്തമായ സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവായിരുന്നു. ഭഗവാൻ ചൈതന്യരുടെ ഏറ്റവും അടുത്ത ഭക്തരായ രൂപ ഗോസ്വാമിയുടെയും രഘുനാഥ ഗോസ്വാമിയുടേയും പാത പിന്തുടരുന്ന ഭക്തിസിദ്ധാന്ത സരസ്വതിക്ക് വ്യത്യസ്തമായ ഒരു  പ്രയോഗമുറ ഉണ്ടായിരുന്നു. ലോകവുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുപകരം, അദ്ദേഹം ഭൗതിക വസ്‌തുക്കൾ ഭഗവാന്റെ സേവനത്തിൽ, പ്രത്യേകിച്ച് പ്രചാരണത്തിനായി   ഉപയോഗിച്ചു.


പ്രാഥമികമായി വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന സഹജിയർക്കും സ്മാർത്ഥ- ബ്രാഹ്മണർക്കും മറ്റ് വഞ്ചകർക്കും എതിരെ അദ്ദേഹം തന്റെ ഏകാഗ്രമായ ബുദ്ധി ഉപയോഗിച്ച് പ്രസംഗിച്ചു. തന്റെ പിതാവ് പുനരുജ്ജീവിപ്പിച്ചതു പോലെ ഭഗവാൻ ചൈതന്യരുടെ പവിത്രമായ ശിക്ഷണങ്ങൾ അദ്ദേഹം സ്ഥാപിച്ചു. പ്രഭാവം അതിശയകരമായിരുന്നു. അദ്ദേഹം പോകുന്നിടത്തെല്ലാം, തോൽക്കുമെന്ന് ഭയന്ന് വഞ്ചകർ ഓടിപ്പോകുമായിരുന്നു.


ഭയമില്ലാത്ത സിംഹത്തെപ്പോലെ അദ്ദേഹം ഭഗവദ് സന്ദേശം മുഴക്കിക്കൊണ്ടിരുന്നു, അതിനാൽ അദ്ദേഹത്തെ സിംഹ ഗുരു എന്ന് വിളിച്ചിരുന്നു. ഭക്തർ ആഹ്ലാദഭരിതരായി, അവിശ്വാസികൾ അസ്വസ്ഥരായി - അവർ അദ്ദേഹം മരിക്കണമെന്ന് ആഗ്രഹിച്ചു. ഭക്തിസിദ്ധാന്തനെ ബന്ദിയാക്കാതെ കൊല്ലാൻ അനുവദിക്കുന്നതിന് അത്തരത്തിലുള്ള ഒരു വഞ്ചക സംഘം പ്രാദേശിക സൈനിക  ഉദ്യോഗസ്ഥന് ഗണ്യമായ കൈക്കൂലി വാഗ്ദാനം ചെയ്തു. വിവേകിയായ സൈനിക ഉദ്യോഗസ്ഥൻ ഭക്തിസിദ്ധാന്ത സരസ്വതിയെ താക്കീത് ചെയ്തതീനാൽ അദ്ദേഹം ഉടൻ തന്നെ അവിടം വിട്ടു. ശുദ്ധഭക്തനായ പ്രഹ്ളാദ് മഹാരാജനെപ്പോലെ, ഭഗവാൻ എപ്പോഴും അദ്ദേഹത്തെ സംരക്ഷിച്ചു, അസുരന്മാർക്ക് അദ്ദേഹത്തെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല.


സിംഹഗുരു എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം എല്ലാ മനുഷ്യരിലും ഏറ്റവും താഴ്ന്നവനായി സ്വയം കണക്കാക്കി. അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സ്വയം ഒരു നേതാവായി കണക്കാക്കിയില്ല. അദ്ദേഹം തന്റെ ശിഷ്യന്മാരെ പ്രഭു അഥവാ "യജമാനൻ" എന്നാണ് വിളിച്ചിരുന്നത്. ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുമ്പോൾ, "ദാസോസ്മി" ("ഞാൻ നിങ്ങളുടെ ദാസനാണ്") എന്ന് അഭിവാദ്യം ചെയ്യുമായിരുന്നു. ഈ രീതിയിൽ അദ്ദേഹം ഭഗവാൻ ചൈതന്യരുടെ ഉപദേശങ്ങൾ അനുഷ്ടിച്ചു, എപ്പോഴും ഒരു ആചാര്യനായി പ്രവർത്തിച്ചു - മറ്റുള്ളവർക്ക് പിന്തുടരാൻ അനുയോജ്യമായ ഒരു മാതൃക.


ഗൗഡിയ മഠത്തിൻ്റെ സ്ഥാപനം


1920-ൽ, തന്റെ പ്രബോധന ദൗത്യം നിറവേറ്റുന്നതിനായി, ഭക്തിസിദ്ധാന്ത സരസ്വതി ഗൗഡിയ മഠം സ്ഥാപിച്ചു. ഭക്തി  ഭഗവാനോടുള്ള പ്രേമഭക്തി) പ്രചരിപ്പിക്കുന്നതിനായി, ഒരു സംഘടിത ഭക്ത സമൂഹം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.


ഭക്തിസിദ്ധാന്ത സരസ്വതി ആയിരക്കണക്കിന് ശിഷ്യന്മാർക്ക്  ദീക്ഷ നൽകുകയും ഇന്ത്യയിലുടനീളം അറുപത്തിനാല് ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം അനേകം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു, എങ്ങനെ ആരാധിക്കണമെന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു. അദ്ദേഹം പുസ്തകങ്ങൾ എഴുതുകയും അച്ചടിക്കുകയും ചെയ്തു, അവ വീടുതോറും വിതരണം ചെയ്യാൻ ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അദ്ദേഹം ഇന്ത്യയിലുടനീളം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു, എവിടെ പോയാലും കൃഷ്ണനെക്കുറിച്ച് സംസാരിക്കും. അദ്ദേഹം ബുദ്ധിജീവികളോടും രാഷ്ട്രീയക്കാരോടും വലിയ പ്രചാരണ  പരിപാടികളിൽ പൊതുവെ ജനങ്ങളോടും പ്രസംഗിച്ചു. ഈ മഹാഭക്തനെ ശ്രവിക്കാൻ ഭാഗ്യം ലഭിച്ചവരെയെല്ലാം അദ്ദേഹത്തിന്റെ ബുദ്ധിശക്തി ആഴത്തിൽ സ്വാധീനിച്ചു.


1935-ൽ ഭക്തിസിദ്ധാന്ത രോഗബാധിതനായി, പ്രചാരണം നിർത്താൻ വൈദ്യൻ ഉപദേശിച്ചു. ഭക്തിസിദ്ധാന്തൻ മറുപടി പറഞ്ഞു, "അസുഖമുള്ളപ്പോൾ പ്രസംഗിക്കുന്നതാണ് ആരോഗ്യമുള്ള ശരീരം കൊണ്ട് പ്രസംഗിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്, എനിക്ക് പ്രസംഗിച്ച് മരിക്കാൻ കഴിയുമെങ്കിൽ, എന്റെ ജീവിതം വിജയകരമാണെന്ന് ഞാൻ കരുതുന്നു." വൈദ്യന്റെ മുന്നറിയിപ്പ് അവഗണിച്ച് അദ്ദേഹം യാത്ര തുടർന്നു. 1937 ജനുവരി ഒന്നാം തിയതി ഈ നശ്വര ലോകത്തിൽ നിന്ന് പുറപ്പെടുന്നത് വരെ അദ്ദേഹം പ്രചാരണം തുടർന്നു. അദ്ദേഹത്തിന്റെ പുഷ്പ സമാധി രാധാകുണ്ഡിലും സമാധി മായാപൂരിലെ ശ്രീ ചൈതന്യ മഠത്തിലുമാണ്. നയന-മണി-മഞ്ജരിയായി അദ്ദേഹം രാധാ-കൃഷ്ണന്റെ നിത്യസേവ ചെയ്യുന്നു.


അദ്ദേഹത്തിന്റെ മുൻനിര അനുയായി


ഭക്തിസിദ്ധാന്ത സരസ്വതിയുടെ ആയിരക്കണക്കിന് അനുയായികളിൽ നിന്നും ശിഷ്യരിൽ നിന്നും, അവരിൽ ഒരാൾ പ്രത്യേകിച്ചും ശ്രദ്ധേയനായിരുന്നു. 1922-ൽ കൽക്കട്ടയിൽ അഭയ് ചരൺ ദേ എന്ന ഈ യുവാവ് തന്റെ സുഹൃത്തിനൊപ്പം ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ഭക്തിസിദ്ധാന്ത സരസ്വതി അദ്ദേഹത്തെ വളരെ ബുദ്ധിമാനാണെന്ന് കണ്ടെത്തി, അതിനാൽ ആംഗലേയം (ഇംഗ്ലീഷ്) സംസാരിക്കുന്ന ലോകത്തേക്ക് പ്രചാരണ ദൗത്യം ഏറ്റെടുക്കാൻ   നിർദേശിച്ചു.


ഈ ശിക്ഷണം ഹൃദയപൂർവം സ്വീകരിച്ച, അഭയ് ചരൺ ദേ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്- അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി) സ്ഥാപക- ആചാര്യൻ ശ്രീല പ്രഭുപാദർ എന്ന പേരിൽ ലോകപ്രശസ്തനായി. അദ്ദേഹം എപ്പോഴും പറയുമായിരുന്നു. "എന്റെ വിജയം എന്റെ ആത്മീയ ഗുരുവിന്റെ കാരുണ്യത്താൽ മാത്രമാണ്."


ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി മഹാരാജ് വിജയിക്കട്ടെ!


ഹരേ കൃഷ്ണ!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Sunday, February 13, 2022

നിത്യാനന്ദ പ്രണാമമന്ത്രം


 

നിത്യാനന്ദ പ്രണാമമന്ത്രം

 


ഭഗവാൻ ശ്രീ നിത്യാനന്ദ പ്രഭു


 

ഭഗവാൻ ശ്രീ നിത്യാനന്ദ പ്രഭു


 

ഭഗവാൻ ശ്രീ നിത്യാനന്ദ പ്രഭു

 


ഭഗവാൻ ശ്രീ നിത്യാനന്ദ പ്രഭു

 


ഭഗവാൻ ശ്രീ നിത്യാനന്ദ പ്രഭു

 


Saturday, February 12, 2022

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ

 


ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

ശ്രീ വരാഹ ഭഗവാൻ


 

Tuesday, February 8, 2022

ഭീഷ്മദേവനും ശ്രീകൃഷ്ണ ഭഗവാനും



ശിതവിശിഖഹതോ വിശീർണദംശഃ

ക്ഷതജപരിപ്ലുത ആതതായിനോ മേ  

പ്രസഭമഭിസസാര മദ്വധാർഥം 

സ ഭവതു മേ ഭഗവാൻ ഗതിർമുകുന്ദ 


വിവർത്തനം 


മോക്ഷദായകനായ പരമദിവ്യോത്തമപുരുഷൻ ശ്രീകൃഷ്ണ ഭഗവാൻ, എന്റെ പരമ ആത്യന്തികമായ പ്രാപ്യസ്ഥാനമായിത്തീരട്ടെ. യുദ്ധഭൂമിയിൽ മൂർച്ചയേറിയ ശരങ്ങളാൽ ഞാൻ ഏൽപ്പിച്ച മുറിവുകൾ നിമിത്തം, ക്രോധതാലെന്നപോലെ, അദ്ദേഹം എന്റെ നേരെ പാഞ്ഞടുത്തു. അദ്ദേഹത്തിന്റെ കവചം ഛിന്നഭിന്നമാകുകയും, മുറിവുകളാൽ അദ്ദേഹത്തിന്റെ ശരീരം രക്തപൂരിതമാകുകയും ചെയ്തു. 


ഭാവാർത്ഥം 


രണാങ്കണത്തിൽ, ഭീഷ്മദേവനും ശ്രീകൃഷ്ണ ഭഗവാനും തമ്മിലുളള പെരുമാറ്റം രസകരമാകുന്നു. എന്തെന്നാൽ, ശ്രീകൃഷ്ണ ഭഗവാന്റെ പ്രവർത്തനങ്ങൾ, അർജുനനോട് പക്ഷപാതപരവും, അതേസമയം, ഭീഷ്മദേവനോട് ശത്രുതാപരവുമായി തോന്നിപ്പിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഇവയൊക്കെ മഹാഭഗവദ്ഭക്തനായ ഭീഷ്മദേവനോടുള്ള സവിശേഷമായ പ്രീതി പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാകുന്നു. ശത്രുതാഭാവത്തോടെയും ഭഗവാനെ സംപ്രീതനാക്കുവാൻ ഒരു ഭക്തന് സാധ്യമാകുന്നുവെന്നതാണ് അത്തരം പെരുമാറ്റത്തിന്റെ ( ബന്ധത്തിന്റെ ) അമ്പരിപ്പിക്കുന്ന അർത്ഥം. ഭഗവാൻ നിരപേക്ഷനാകയാൽ, ഒരു ശത്രുവിന്റെ പ്രവൃത്തിയായ ആക്രമണത്തിലൂടെ പോലും ഭഗവാന് തന്റെ ശുദ്ധഭക്തനിൽനിന്നുള്ള സേവനം സ്വീകരിക്കാൻ കഴിയുന്നു. ഭഗവാന് ശത്രുക്കളാരുമില്ലെന്നുമാത്രമല്ല, ശത്രുക്കളെന്ന് വിളിക്കപ്പെടുന്നവർക്കുപോലും അദ്ദേഹത്തിന് ഹാനി വരുത്തുക സാധ്യമല്ല. എന്തെന്നാൽ, അദ്ദേഹം അജിതൻ, അഥവാ അപരാജിതനാകുന്നു. എങ്കിലും, ആരും ഭഗവാനേക്കാൾ ഉന്നതരല്ലെങ്കിലും, ഉയർന്ന പദവിയിലിരുന്നുകൊണ്ട് ഭക്തൻ ഭഗവാനെ നിയന്ത്രിക്കുകയോ, അധിക്ഷേപിക്കുകയോ ചെയ്യുമ്പോൾ അദ്ദേഹമതാസ്വദിക്കുന്നു. ഇവയൊക്കെ ഭഗവാനും ഭഗവദ്ഭക്തനും തമ്മിലുളള അതീന്ദ്രിയ പാരസ്പര്യ ബന്ധമാറ്റമാകുന്നു. ശുദ്ധഭക്തിയുതസേവനത്തെ സംബന്ധിച്ച് യാതൊരു ജ്ഞാനവുമില്ലാത്ത ഒരാൾക്ക് അപ്രകാരമുളള പെരുമാറ്റത്തിന്റെ രഹസ്യം മനസ്സിലാക്കുക സാധ്യമല്ല. വീരോചിതനായ യുയുത്സുവിന്റെ ഭാഗമാണ് ഭീഷ്മദേവൻ അഭിനയിക്കുന്നത്. മാത്രവുമല്ല, സാമാന്യ നേത്രങ്ങൾക്ക്, ഭഗവാന്റെ ശരീരം മുറിവേൽക്കപ്പെടുന്നുവെന്നു തോന്നിപ്പിക്കാനായി, ഭഗവാന്റെ ശരീരത്തിൽ മുറിവേൽപ്പിക്കപ്പെട്ടതും മനഃപൂർവമായിരുന്നു. യഥാർത്ഥത്തിൽ ഇവയൊക്കെ അഭക്ത സംഭ്രാന്തരാക്കുന്നതാകുന്നു. സർവം ആത്മീയമായ ശരീരത്തെ ക്ഷതമേൽപ്പിക്കുവാൻ സാധ്യമല്ല. മാത്രവുമല്ല, ഭക്തൻ, ഭഗവാന്റെ ശത്രു ആയിരിക്കുകയും സാധ്യമല്ലതന്നെ. അല്ലെങ്കിൽ ഭീഷ്മദേവൻ, അതേ ഭഗവാനെ, തന്റെ ജീവിതത്തിന്റെ പരമപ്രാപ്യസ്ഥാനമായി ലഭിക്കുവാൻ ആഗ്രഹിക്കില്ലായിരുന്നു. ഭീഷ്മദേവൻ, ഭഗവാന്റെ ശത്രുവായിരുന്നുവെങ്കിൽ, നിന്നിടത്തുനിന്നും ഒട്ടും അനങ്ങാതെതന്നെ അദ്ദേഹത്തെ വധിക്കുവാൻ ഭഗവാന് കഴിയുമായിരുന്നു. രക്തത്താൽ അഭിഷിക്തനായി, മുറിവുകളോടെ ഭീഷ്മദേവന്റെ മുന്നിൽ വരേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിനില്ലായിരുന്നു. ശുദ്ധഭക്തനാൽ സൃഷ്ടിക്കപ്പെട്ട മുറിവുകളോടെ അലങ്കരിക്കപ്പെട്ട അതീന്ദ്രിയ ശരീരത്തോടെ യോദ്ധാവായ ഭക്തന് ദർശനം നൽകുവാനാണ് ഭഗവാൻ അപ്രകാരം പ്രവർത്തിച്ചത്. ഭഗവാനും സേവകനും തമ്മിലുള്ള അതീന്ദ്രിയരസം അന്യോന്യം കൈമാറുന്ന മാർഗമാണിത്. അത്തരത്തിലുള്ള പരസ്പര കൈമാറ്റത്തിൽ, ഭഗവാനും ഭക്തനും അവരവരുടേതായ സ്ഥാനങ്ങളിൽ ശ്ലാഘിക്കപ്പെടുന്നു. ഭീഷ്മ ദേവന് നേരെ ഭഗവാൻ പറഞ്ഞപ്പോൾ, അർജുനൻ തടഞ്ഞത്. ഭഗവാനിൽ അത്യന്തം ദേഷ്യമുണ്ടാക്കിയെങ്കിലും, അതൊന്നും വകവെക്കാതെ, ഒരു കാമുകൻ, കാമുകിയുടെ അടുത്തേക്ക് ചെല്ലുന്നതുപോലെ ഭീഷ്മ ദേവന് നേരെ അദ്ദേഹം കുതിച്ചു. സ്പഷ്ടമായി, ഭഗവാന്റെ തീരുമാനം ഭീഷ്മദേവനെ വധിക്കുകയായിരുന്നു. എന്നാൽ, പരമാർത്ഥത്തിൽ ഭഗവാന്റെ മഹാഭക്തനെന്ന നിലയ്ക്ക് അദ്ദേഹത്തെ പ്രീതിപ്പെടുത്താനായിരുന്നു ഭഗവാൻ അപ്രകാരം പ്രവർത്തിച്ചത്. ഭഗവാൻ എല്ലാ ബദ്ധാത്മാക്കളുടെയും രക്ഷകനാകുന്നു. നിർവ്യക്തികവാദികൾ അദ്ദേഹത്തിൽ നിന്നും മോക്ഷം കാംക്ഷിക്കുന്നു. അങ്ങനെ അവരുടെ കാംക്ഷയ്ക്കനു സരിച്ചുള്ള മോക്ഷം ഭഗവാൻ സദാ അവർക്ക് പ്രദാനം ചെയ്യുന്നു. എന്നാൽ ഇവിടെ ഭീഷ്മദേവൻ, ഭഗവാനെ, അദ്ദേഹത്തിന്റെ വ്യക്തിഗത ലക്ഷണങ്ങളോടെ ദർശിക്കുവാൻ അഭിലഷിച്ചു. ഈ തൃഷ്ണ എല്ലാ ശുദ്ധഭക്തരിലുമുണ്ടാവും.

( ശ്രീമദ് ഭാഗവതം /1/9/38 )





🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ഭീഷ്മദേവന്റെ വിയോഗം

 


ധർമം പ്രവദതസ്തസ്യ സ കാലഃ പ്രത്യുപസ്ഥിതഃ 

യോ യോഗിനശ്ഛന്ദമൃത്യോർവ്വാഞ്ഛിതസ്ത്തുത്തരായണഃ 


വിവർത്തനം 


ഭീഷ്മദേവൻ, കർമസംബന്ധമായ കർത്തവ്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്ന വേളയിൽ, സൂര്യന്റെ ഗതി വടക്കേ ചക്രവാളത്തിലെത്തിച്ചേർന്നു. സ്വന്തം ഇച്ഛാനുസരണം ജീവൻ ത്യജിക്കുന്ന യോഗികൾ കാംക്ഷിക്കുന്ന സമയമാണിത്. 


ഭാവാർത്ഥം 


ഉത്തമ യോഗികൾക്ക്, സ്വേച്ഛയാൽ അനുയോജ്യമായ സമയത്ത് അവരുടെ ഭൗതിക ശരീരം ഉപേക്ഷിക്കാനും, ഉചിതമായ ഗ്രഹങ്ങളിൽ പ്രവേശിക്കാനും സാധിക്കുന്നു. പരമപുരുഷന്റെ ഹിതമനുസരിച്ച്, തങ്ങളെ , സ്വയം സൂക്ഷ്മമായി തിരിച്ചറിഞ്ഞ, ആത്മസാക്ഷാത്കാരം സിദ്ധിച്ചവർ, പൊതുവേ അഗ്നിദേവന്റെ ദീപ്തി പ്രവാഹവേളയിലും, സൂര്യൻ ഉത്തരായനത്തിൽ ( വടക്കേ ചക്രവാളത്തിൽ ) ആയിരിക്കുമ്പോഴും ഭൗതികശരീരം ഉപേക്ഷിക്കുന്നു. അപ്രകാരം അവർ ആത്മീയാകാശം പ്രാപ്തമാക്കുന്നു. വേദങ്ങളിൽ, ഈ സമയങ്ങൾ ശരീരം ത്യജിക്കാൻ ഉത്തമമെന്ന് പരാമർശിച്ചിരിക്കുന്നു. യോഗതന്ത്രത്തിൽ പരിപൂർണരായ, പ്രവീണരായ, പൂർണാഭിജ്ഞരായ യോഗികൾ, ഈ ആനുകൂല്യത്തെ പ്രയോജനപ്പെടുത്തുന്നു. ആഗ്രഹിക്കുന്നപക്ഷം, ഭൗതിക ശരീരം ത്യജിക്കാൻ കഴിവുള്ള ഒരു അവസ്ഥ പ്രാപ്തമാക്കുകയാണ് യോഗപരിപൂർണതയുടെ അർത്ഥം. യാതൊരു ഭൗതിക യന്ത്രത്തിന്റെയും സഹായമില്ലാതെ, ഏതു ഗ്രഹത്തിലും, ഒട്ടും താമസം കൂടാതെ എത്തിച്ചേരാനുള്ള കഴിവ് യോഗികൾക്കുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ അത്യുന്നതമായ ഗ്രഹ സമൂഹങ്ങളിൽ എത്തിച്ചേരാൻ യോഗികൾക്ക് സാധ്യമാകുന്നു. എന്നാൽ, ഇത് ഭൗതികവാദിക്ക് അസാധ്യമാണ്. മണിക്കൂറിൽ ദശലക്ഷക്കണക്കിന് മൈൽ വേഗതയിൽ സഞ്ചരിച്ചാൽ പോലും, ഉന്നത ഗ്രഹങ്ങളിൽ എത്തിച്ചേരാനുള്ള മനുഷ്യപ്രയത്നങ്ങൾക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവരും. ഇത് വ്യത്യസ്തമായൊരു ശാസ്ത്രമാകുന്നുവെന്നുമാത്രമല്ല, ഭീഷ്മദേവന് ഇതിനെ എപ്രകാരം പ്രയോജനപ്പെടുത്തണമെന്ന് ശരിക്കും അറിവുമുണ്ടായിരുന്നു. തന്റെ ഭൗതിക ശരീരം ത്യജിക്കാൻ അനുയോജ്യമായ നിമിഷത്തെയാണ് അദ്ദേഹം കാത്തിരുന്നത്. അദ്ദേഹത്തിന്റെ ധീരോദാത്തരും, കുലീനരുമായ പൗത്രർക്ക് ( പാണ്ഡവർ ) ഉപദേശം നൽകിക്കൊണ്ടിരുന്നപ്പോൾ, ആ സുവർണാവസരം സമാഗതമായി. ആകയാൽ, ഉദാത്തനായ ശ്രീകൃഷ്ണ ഭഗവാന്റെയും, ധർമാത്മാക്കളായ പാണ്ഡവരുടെയും, ഭഗവാൻ വ്യാസദേവന്റെ നേതൃത്വത്തിലുളള ശ്രേഷ്ഠ സന്ന്യാസിമാരുടെയും, മറ്റ് ഉൽകൃഷ്ട ആത്മാക്കളുടെയും സമക്ഷം ഭീഷ്മദേവൻ, തന്റെ ഭൗതിക ശരീരം ത്യജിക്കാൻ തയ്യാറായി.


( ശ്രീമദ്‌ ഭാഗവതം /1/9/29 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Sunday, February 6, 2022

ശ്രീ അദ്വൈത ആചാര്യർ


 

ശ്രീ അദ്വൈത ആചാര്യർ


 

ശ്രീ അദ്വൈത ആചാര്യർ


 

ശ്രീ അദ്വൈത ആചാര്യർ


 

അദ്വൈത ആചാര്യരും ഹരിദാസ താക്കൂറരും



ഭഗവാന്റെ ഭക്തന്മാർ, അഥവാ വൈഷ്ണവർ ഭഗവാനു സമർപ്പിക്കാതെ ഒന്നും സ്വീകരിക്കില്ല. തന്റെ സകല കർമങ്ങളുടെയും ഫലം ഭഗവാന് സമർപ്പിക്കുന്ന വൈഷ്ണവൻ ആഹാരപദാർഥങ്ങൾ ആദ്യം ഭഗവാന് സമർപ്പിക്കാതെ ഭക്ഷിക്കാറില്ല. തനിക്ക് സമർപ്പിക്കപ്പെടുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും വൈഷ്ണവരുടെ വായിലേക്ക് വച്ചുകൊടുക്കുന്നത് ഭഗവാനും ഹൃദ്യമാകുന്നു. ഭഗവാൻ യജ്ഞാഗ്നിയിലൂടെയും, ബ്രാഹ്മണ രുടെ വായിലൂടെയും ഭക്ഷിക്കുന്നുവെന്ന് ഈ ശ്ലോകം വ്യക്തമാക്കി. ഭഗവാന്റെ സംതൃപ്തിക്കു വേണ്ടി ധാന്യങ്ങൾ, നെയ്യ് മുതലായ നിരവധി ദ്രവ്യങ്ങൾ യജ്ഞിക്കപ്പെടും. ബ്രാഹ്മണരുടെയും ഭക്തരുടെയും യജ്ഞസമർപ്പണങ്ങൾ ഭഗവാൻ സ്വീകരിക്കുന്നു. ബ്രാഹ്മണർക്കും വൈഷ്ണവർക്കും ഭക്ഷിക്കാൻ നൽകുന്നതെന്തും ഭഗവാനും സ്വീകാര്യമാണെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം, ബ്രാഹ്മണരുടെയും വൈഷ്ണവരുടെയും വായ്കളിൽ സമർപ്പിക്കുന്നവ വളരെ രുചിയോടെ ആസ്വദിക്കുന്നുവെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. അദ്വൈത പ്രഭുവിന്റെ ജീവിതത്തിൽ, അദ്ദേഹവും ഹരിദാസ താക്കൂറരും തമ്മിലുള്ള ഇടപാടുകളിൽ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം കാണാം. ഹരിദാസ താക്കൂർ മുഹമ്മദീയ കുടും ബത്തിലാണ് ജനിച്ചിരുന്നതെങ്കിലും, അദ്വൈത പ്രഭു വിശുദ്ധാഗ്നി പൂജയ്ക്ക ശേഷം ആദ്യത്തെ പ്രസാദം സമർപ്പിച്ചിരുന്നത് അദ്ദേഹത്തിനായിരുന്നു. താൻ മുഹമ്മദീയ കുടുംബത്തിൽ ജനിച്ചവനാണെന്ന് അദ്ദേഹത്തോടു പറഞ്ഞ ഹരിദാസ് റാക്കുർ, എന്തുകൊണ്ടാണ് പ്രഥമ പ്രസാദം ശ്രേഷ്ഠ ബ്രാഹ്മണനു സമർപ്പിക്കാതെ തനിക്കു തരുന്നതെന്ന് അന്വേഷിച്ചു. ഹരി ദാസ്, വിനയം മൂലം മുഹമ്മദീയനെന്ന് സ്വയം അപലപിച്ചു. പക്ഷേ, അദ്വൈത പ്രഭു പരിചയസമ്പന്നനായ ഭക്തനെന്ന നിലയിൽ അദ്ദേഹത്തെ യഥാർഥ ബ്രാഹ്മണനായി സ്വീകരിച്ചു. ഹരിദാസ് ഠാക്കൂറർക്ക് ആദ്യ പ്രസാദം നൽകുക വഴി നൂറുകണക്കിന് ആയിരക്കണക്കിന് ബ്രാഹ്മണരെ ഊട്ടുന്ന ഫലം തനിക്ക് സിദ്ധിച്ചിട്ടുണ്ടെന്ന് അദ്വൈത പ്രഭു ദൃഢപ്രസ്താവം ചെയ്തിട്ടുണ്ട്. ഒരുവന് ഒരു ബ്രാഹ്മണനെയോ, വൈഷ്ണവനെയോ ഭക്ഷണം നൽകി സംതൃപ്തനാക്കാൻ സാധിച്ചാൽ നൂറുകണക്കിന് ആയിരക്കണക്കിന് യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിനേക്കാൾ ഫലപ്രദമാണെന്ന് ചുരുക്കം. അതുകൊണ്ട്, ഹരിനാമ സങ്കീർത്തനവും, വൈഷ്ണവരെ സംതൃപ്തരാക്കുന്നതുമാണ് ഈ യുഗത്തിൽ ആദ്ധ്യാത്മിക ജീവിതത്തി ലേക്ക് ഉയരാനുള്ള മാർഗങ്ങൾ


ശ്രീമദ്‌ ഭാഗവതം 3.16.8  / ഭാവാർത്ഥം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆