Home

Sunday, February 27, 2022

വിജയ ഏകാദശി



വിജയ ഏകാദശി 


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆


വിജയ ഏകാദശിയുടെ മാഹാത്മ്യങ്ങൾ സ്കന്ധ പുരാണത്തിൽ വിവരിച്ചിരിക്കുന്നു. ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ ശ്രീകൃഷ്ണനോട് ഇപ്രകാരമൊരു ചോദ്യമുന്നയിച്ചു." അല്ലയോ ഭഗവാനേ ! എന്നിൽ ദയവുണ്ടായി ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയെപ്പറ്റി വിവരിച്ചാലും."


 ഭഗവാൻ കൃഷ്ണൻ മറുപടിയോതി. "അല്ലയോ യുധിഷ്ഠിര മഹാരാജാവേ ! വിജയ ഏകാദശി എന്നറിയപ്പെടുന്ന ഏകാദശിയുടെ മഹാത്മ്യങ്ങളെ പറ്റി കേട്ടാലും.ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ്റെ സമസ്ത പാതകങ്ങളും ഉടൻതന്നെ നിർമാർജനം ചെയ്യപ്പെടുന്നു."


" ഒരിക്കൽ നാരദമുനി ബ്രഹ്മദേവനോട് ആരാഞ്ഞു." അല്ലയോ ദേവന്മാരിൽ ഉത്തമനായവനെ,ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന വിജയ ഏകാദശിയുടെ  ഗുണാതിശയങ്ങളെ കുറിച്ചോതിയാലും. ഇതിനു മറുപടിയായി ബ്രഹ്മദേവൻ ഇപ്രകാരം അരുളിച്ചെയ്തു .എൻ്റെ പ്രിയ പുത്രാ , ഈ പരമപവിത്രവും പുരാതനവുമായ വ്രതാനുഷ്ഠാനം സർവ്വവിധ പാപങ്ങളെയും സംഹരിക്കുന്നതാണ്. ഈ ഏകാദശി ഉൽകൃഷ്ടമായ ഫലങ്ങളെ നൽകി തൻ്റെ നാമം അന്വർത്ഥമാക്കുന്നു. സംശയലേശമെന്യേ ഈ ഏകാദശി ഒരുവന് വിജയത്തിൻ്റെ ശക്തി പ്രദാനം ചെയ്യുന്നു."


" തൻ്റെ അച്ഛൻ്റെ വാഗ്ദാനം പാലിക്കുവാനായി, ശ്രീരാമചന്ദ്ര മൂർത്തി പത്നി സീതയോടും സഹോദരൻ ലക്ഷ്മണനോടുമൊപ്പം പതിനാല് സംവത്സരങ്ങൾ നീണ്ടുനിൽക്കുന്ന വനവാസത്തിനായി പുറപ്പെട്ടു. കുറച്ചുകാലത്തേക്ക് അവർ ഗോദാവരി തീരത്തുള്ള പഞ്ചവടി എന്ന  പ്രകൃതിരമണീയമായ ഒരു വനത്തിലാണ് താമസം ഉറപ്പിച്ചിരുന്നത്. ഒരുനാൾ രാക്ഷസ രാജാവായ രാവണൻ പതിവ്രതയായ സീതാദേവിയെ അപഹരിച്ചു. സീതാദേവിയുടെ വിരഹത്താൽ മുഗ്ദനായ ശ്രീരാമചന്ദ്രൻ തീവ്ര ദുഃഖത്തിൻ്റെ അത്യുന്നതിയിലെത്തിച്ചേർന്നു. സീതാദേവിയെ വനമാകെ തേടിയലഞ്ഞ ശ്രീരാമചന്ദ്രൻ മരണാസന്നനായി കിടക്കുന്ന ഖഗരാജാവായ ജഡായുവിനെ കണ്ടുമുട്ടി. സീതാദേവിയുടെ അപഹരണത്തെ പറ്റി തനിക്കറിയാവുന്ന അതെല്ലാം ശ്രീരാമചന്ദ്രനെ അറിയിച്ചതിനു ശേഷം ജഡായു ഭൗതികദേഹം ഉപേക്ഷിച്ച് പരമമായ വൈകുണ്ഠ ലോകം പ്രാപിച്ചു. അതിനുശേഷം ഭഗവാൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടു . ശ്രീരാമചന്ദ്രൻ്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി അനേകം വാനരന്മാർ ഒത്തുചേർന്നു. ആ സമയത്ത് വാനരന്മാരിൽ ശ്രേഷ്ഠനായ ഹനുമാൻ ലങ്കയിൽ ഉള്ള അശോകവനിയിൽ ചെല്ലുകയും സീതാദേവിയെ സന്ധിക്കുകയും ദേവിയെ സമാധാനിപ്പിച്ച് രാമചന്ദ്രമൂർത്തിയുടെ മുദ്രാമോതിരം നൽകുകയും വഴി തൻറെ ഉൽകൃഷ്ടമായ ലക്ഷ്യം പൂർത്തീകരിച്ചു.അതിനുശേഷം തിരിച്ചുവന്ന ഹനുമാൻ ഭഗവാനോട് സംഭവിച്ചതെല്ലാം വിവരിച്ചു. ലങ്കയെ ആക്രമിക്കാനായി തയ്യാറെടുത്ത ശ്രീരാമചന്ദ്രൻ അസംഖ്യം വാനര സൈനികരോടോപ്പം സാഗരതീരത്തെത്തി. വിശാലമായ സാഗരം മുറിച്ചുകടക്കുന്നതിനെപ്പറ്റി ചിന്തിതനായ ഭഗവാൻ, ലക്ഷ്മണനോട് ഇപ്രകാരം ആരാഞ്ഞു . " അല്ലയോ സൗമിത്രേയ ,  സ്രാവ്, തിമിംഗലം തുടങ്ങിയ ഭയാനകമായ ജലജീവികൾ നിറഞ്ഞതും അഗാധവുമായ ഈ മഹാസാഗരം എപ്രകാരമാണ് നാം തരണം ചെയ്യുക." ലക്ഷ്മണൻ മറുപടിയോതി അല്ലയോ പരമദിവ്യോത്തമ പുരുഷനായ ഭഗവാനേ ,  അങ്ങ് ആദി പുരുഷനാണ് . അവിടേക്ക് അറിയാത്തതായി ഒന്നുമില്ല. ഈ ദ്വീപിൽ ഭഗദാൽബ്യ എന്നു പേരുള്ള ഒരു മഹർഷി വസിക്കുന്നുണ്ട്. ഇവിടെ നിന്ന് അധികം ദൂരെയല്ലാതെയാണ് അദ്ദേഹത്തിൻറെ ആശ്രമം സ്ഥിതി ചെയ്യുന്നത്. അല്ലയോ രാഘവാ ! ഈ മഹർഷി ബ്രഹ്മദേവൻ്റെ ദർശനം ഭാഗ്യം ലഭിച്ചവനാണ് . സമുദ്രം  മുറിച്ചുകടക്കുന്നതിനെപ്പറ്റി അദ്ദേഹത്തോട് ആരായണം എന്നതാണ് എൻറെ മതം." ഇപ്രകാരം ലക്ഷ്മണനെ ശ്രവിച്ച ശ്രീരാമചന്ദ്രൻ ഭഗദാൽബ്യ മഹർഷിയുടെ ആശ്രമം സന്ദർശിക്കുകയും അദ്ദേഹത്തിന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. തൻറെ മുന്നിൽ വന്നു നിൽക്കുന്ന വ്യക്തി പരമദിവ്യോത്തമപുരുഷനായ ശ്രീരാമചന്ദ്രനാണെന്നും രാവണനെ പോലുള്ള അസുരന്മാരെ സംഹരിക്കുകയാണ് അദ്ദേഹത്തിൻറെ അവതാരലക്ഷ്യമെന്നും സർവ്വജ്ഞനായ മഹർഷിക്ക് അനായാസേന ഗ്രഹിക്കാൻ സാധിച്ചു. മഹർഷി ഇപ്രകാരം ആരാഞ്ഞു. "അല്ലയോ രാമചന്ദ്രാ ! എന്തിനുവേണ്ടിയാണ് അങ്ങ് കാരുണ്യപൂർവ്വം ഈയുള്ളവൻ്റെ ആശ്രമത്തിലേക്ക് എഴുന്നള്ളിയത്? " ശ്രീരാമചന്ദ്ര ഭഗവാൻ മറുപടിയോതി . " അങ്ങയുടെ കരുണയാൽ എൻ്റെ സൈനികരോടൊപ്പം ഞാൻ ഈ സാഗരതീരത്ത് ലങ്ക കീഴടക്കാനായി എത്തിച്ചേർന്നിരിക്കുന്നു . അല്ലയോ മഹർഷേ, വിശാലമായ ഈ സാഗരം മുറിച്ചു കടക്കാനുള്ള ഒരു വഴി ഉപദേശിച്ചാലും. ഈ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാൻ അങ്ങയുടെ സവിധത്തിൽ എത്തിയത്."


 മഹാനായ ആ ഋഷി രാമചന്ദ്രനോട് ഇപ്രകാരം മറുപടിയോതി . " അല്ലയോ രാമചന്ദ്രാ !  ഈ ഭൗതിക ലോകത്തിൽ  യുദ്ധം ജയിക്കുവാനും അസാധാരണമായ കീർത്തിയും ഐശ്വര്യവും നേടുവാനുമായി ഒരു മഹത്തായ വ്രതാനുഷ്ഠാനത്തെ പറ്റി അങ്ങേക്ക് പറഞ്ഞുതരാം. എന്നാൽ ഏകാഗ്രമായ മനസ്സോടെ അങ്ങ് ഇത് അനുഷ്ഠിക്കേണ്ടതാണ് . അല്ലയോ രാമാ ! ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഈ വിജയ ഏകാദശി അനുഷ്ഠിച്ചാൽ തീർച്ചയായും ഈ സാഗരം തരണം ചെയ്യുവാൻ അങ്ങേയ്ക്ക് സാധിക്കും. അല്ലയോ ഭഗവാനേ രാമചന്ദ്രാ ! ഇപ്പോൾ ഈ ഏകാദശി വ്രതം നോൽക്കുന്നത് എങ്ങനെ എന്ന് ദയവായി ശ്രവിച്ചാലും"


" ഏകാദശിയുടെ തലേന്നാൾ സ്വർണ്ണത്താലോ വെള്ളിയാലോ ചെമ്പിനാലോ അഥവാ മണ്ണിനാലോ തീർത്ത ഒരു കലശത്തിൽ ജലം നിറയ്ക്കുകയും മാവില കൊണ്ട് അലങ്കരിക്കുകയും വേണം. ഈ കലശം ഏഴു തരം ധാന്യങ്ങളാൽ അലങ്കരിച്ച ഒരു ഉയർന്ന പീഠത്തിൽ വയ്ക്കേണ്ടതാണ്. കലശത്തിന് മുകളിൽ നാരായണൻ്റെ സ്വർണ്ണവിഗ്രഹം വെക്കേണ്ടതാണ്. ഏകാദശി ദിവസം അതിരാവിലെ സ്നാനാദികൾ എല്ലാം കഴിച്ചിട്ട് ഭഗവാൻ നാരായണൻ വിഗ്രഹത്തിൽ തുളസി ദളങ്ങൾ,  ചന്ദന ലേപനം,  പുഷ്പങ്ങൾ ,  പുഷ്പ മാല്യങ്ങൾ ,  ധൂപം , നെയ് ദീപം, നൈവേദ്യം എന്നിവ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം രാത്രി ഉറക്കം ഒഴിവാക്കേണ്ടതാണ്. ദ്വാദശിനാൾ സൂര്യോദയത്തിനു ശേഷം നദി , തടാകം അഥവാ അഥവാ കുളം മുതലായ ഏതെങ്കിലും ഒരു ജലാശയത്തിൻ്റെ തീരത്ത് ഈ കലശം സ്ഥാപിച്ച് ആരാധിക്കണം. അതിനുശേഷം ഈ വിഗ്രഹം കലശത്തോടുകൂടി ബ്രഹ്മചര്യം കർശനമായി പാലിക്കുന്ന ഒരു ബ്രാഹ്മണന് ദാനമായി നൽകണം . ഇപ്രകാരം പ്രവർത്തിക്കുമ്പോൾ അങ്ങ് തീർച്ചയായും അങ്ങയുടെ ശത്രുക്കളുടെ മേൽ വിജയം കരസ്ഥമാക്കും.

 ആ മഹർഷിയുടെ നിർദ്ദേശങ്ങളനുസരിച്ച് ഭഗവാൻ ശ്രീരാമചന്ദ്രൻ ,  ഏകാദശി വ്രതാനുഷ്ഠാനങ്ങൾ ശരിയാംവണ്ണം നിർവഹിക്കുന്നതിന് ഉത്തമോദാഹരണമായി വർത്തിച്ചു . അതിനാൽ തന്നെ അദ്ദേഹം വിജയശ്രീലാളിതനായി . ഏകാദശിവ്രതം ഉചിതമായ രീതിയിൽ പാലിക്കുന്ന ഒരുവൻ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും വിജയിയായി ഭവിക്കും." ബ്രഹ്മദേവൻ നാരദമഹർഷിയോട് തൻറെ സംഭാഷണം തുടർന്നു ." അല്ലയോ എൻറെ പ്രിയ മാനസ പുത്രാ ! അതിനാൽ എല്ലാവരും വിജയ ഏകാദശിവ്രതം പാലിക്കേണ്ടതാണ്. വിജയ ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഒരുവൻ്റെ പാപ പ്രതികരണങ്ങൾ നശിപ്പിക്കുന്നു. ഈ ഏകാദശിയുടെ മഹാത്മ്യം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഒരുവന് വാജപേയ യജ്ഞം നടത്തിയ ഫലം ലഭിക്കുന്നതാണ്."


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment