പാപമോചനി ഏകാദശി
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
പാപമോചനി ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഭവിഷ്യോത്തരപുരാണത്തിൽ ഭഗവാൻ ശ്രീകൃഷ്ണനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിൽ വിവരിക്കുന്നു.
ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് ഇപ്രകാരം ആരാഞ്ഞു." അല്ലയോ ഭഗവാനെ ! കൃഷ്ണ ! അങ്ങ് ഇതിനകംതന്നെ ആമലകി ഏകാദശിയുടെ മാഹാത്മ്യങ്ങൾ വിവരിച്ചിരുന്നു . ഇപ്പോൾ തിരുവുള്ളം കനിഞ്ഞ് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയെപ്പറ്റി വിവരിച്ചാലും. ഈ ഏകാദശിയുടെ നാമം എന്താണ് ? ഈ ഏകാദശി അനുഷ്ഠിക്കേണ്ട എന്ന വിധത്തിനെ കുറിച്ചും അതിൻറെ ഫലങ്ങളെക്കുറിച്ചും വിവരിച്ചാലും."
ഭഗവാൻ കൃഷ്ണൻ മറുപടിയോതി "അല്ലയോ നൃപോത്തമാ! ഈ ഏകാദശിയുടെ നാമം പാപമോചനി എന്നാകുന്നു. ഇപ്പോൾ ഈ ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഞാൻ വിവരിക്കവേ ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. ഈ ഏകാദശിയുടെ മാഹാത്മ്യങ്ങൾ പണ്ടൊരിക്കൽ , ഒരുപാട് സംവത്സരങ്ങൾക്കു മുൻപായി , ലോമശ മഹർഷി മന്ദാത മഹാരാജാവിനോട് അരുളി ചെയ്തിരുന്നു . ഈ ഏകാദശി ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്നു. ഇത് ഒരുവൻ്റെ സർവ്വവിധ പാപങ്ങളെയും ഉന്മൂലനം ചെയ്യുകയും ഒരുവനെ പിശാചിൻ്റെ ദേഹാവസ്ഥയിൽ നിന്ന് മോചിതനാകുകയും അത്തരമൊരാൾ അഷ്ടയോഗ സിദ്ധികളാൽ സമ്മാനിതനാവുകയും ചെയ്യുന്നു."
ലോമശ മുനി അരുളിച്ചെയ്തു. "പുരാതനകാലത്ത് ദേവന്മാരുടെ ഖജനാവ് സൂക്ഷിപ്പുകാരനായിരുന്ന കുബേരൻ്റെ അധീനതയിൽ ചൈത്രരഥം എന്ന് പേരായ അതീവ രമ്യമായ ഒരു പുഷ്പവനം ഉണ്ടായിരുന്നു. ശാശ്വതമായ വസന്ത ത്താൽ അനുഗ്രഹീതമായ ആ വനത്തിലെ കാലാവസ്ഥയും അതീവ ഹൃദ്യമായിരുന്നു.സ്വർഗ്ഗലോകതരുണിളായ അപ്സരസ്സുകളും ഗന്ധർവ്വന്മാരും കിന്നരൻമാരും അവിടെ വിവിധങ്ങളായ കേളികളാടിയിരുന്നു. ഇന്ദ്രനാൽ നയിക്കപ്പെടുന്ന ദേവഗണം അവിടെ പലവിധത്തിലുള്ള കേളികൾ ആസ്വദിക്കാറുണ്ടായിരുന്നു.
ആ വനത്തിൽ മേധവി എന്ന നാമധേയത്തോടു കൂടിയ ഉത്തമ ശിവഭക്തനായ ഒരു മഹർഷി തപസ്യശ്ചര്യകൾ അനുഷ്ഠിച്ചിരുന്നു. അപ്സരസ്സുകളാകട്ടെ ആ മഹർഷിയെ പലവിധത്തിലും ശല്യപ്പെടുത്താൻ ആരംഭിച്ചു. അപ്സരസ്സുകളിൽ പ്രധാനിയായ മഞ്ജുഘോഷ എന്ന തരുണി മഹർഷിയുടെ മനസ്സിനെ വശീകരിക്കുവാനായി ഒരു വഴി കണ്ടെത്തി . മഹർഷിയോടുള്ള ഭയത്താൽ അവൾ അദ്ദേഹത്തിൻറെ ആശ്രമത്തിൽ നിന്ന് കുറച്ച് ദൂരെ ഒരു പർണശാല ചമച്ച് അതിനുള്ളിൽ ഇരുന്ന് വീണാരവത്തിൻ്റെ അകമ്പടിയോടെ അതി മധുരമായ സ്വരത്തിൽ ഗാനാലാപനം ചെയ്യാൻ തുടങ്ങി. നനുത്ത മേനിയിൽ ചന്ദനലേപം ചെയ്ത അവൾ സുഗന്ധപുഷ്പങ്ങളുടെ മാല്യം അണിഞ്ഞിരുന്നു. അതിൺമധുരമായി ഗാനാലാപനം ചെയ്ത അവളുടെ അംഗലാവണ്യം ദർശിച്ച് പ്രചോദിതനായി ശിവരിപുവായ കാമദേവൻ ശിവഭക്തനായ ആ മഹർഷിയെ കീഴടക്കുവാൻ ശ്രമിച്ചു. പണ്ടൊരിക്കൽ മഹാദേവൻ കന്ദർപ്പനെ തൃകണ്ണാൽ ചാമ്പലാക്കിയിരുന്നു . ആ ശത്രുത മനസ്സിൽ ഉണർന്നതിനാൽ കാമദേവൻ പ്രതികാരം തീർക്കുവാനായി മേധവി മഹർഷിയുടെ ദേഹത്തിനുള്ളിൽ പ്രവേശിച്ചു. അപ്പോൾ ച്യവന മഹർഷിയുടെ ആശ്രമത്തിൽ വസിച്ചിരുന്നവനും ശുഭ്രവർണ്ണത്തിലുള്ള പൂണുനൂൽ ധരിച്ചിരുന്ന ആ മഹർഷി ഒരു രണ്ടാം കാമദേവനെ പോലെ തോന്നിച്ചു. കാമാതുരയായ മഞ്ജുഘോഷ മന്ദംമന്ദം മഹർഷിയുടെ അരികിലേക്ക് വന്നു. മേധവി മഹർഷിയും കാമവികാരത്താൽ കീഴടക്കപ്പെട്ടിരുന്നതിനാൽ തൻ്റെ ആരാധ്യനായ ദേവനെ വിസ്മരിച്ചു. അദ്ദേഹം ഭക്തിയുതസേവനത്തിൻ്റെ പരിശീലനം ഉപേക്ഷിക്കുകയും ആ തരുണിയുടെ സഹവാസതിനാലാസക്തനായി ദിനരാത്രങ്ങളുടെ വ്യത്യാസം തിരിച്ചറിയാനാകാത്ത വിധത്തിൽ അവളാൽ വശീകരിക്കപ്പെടുകയും ചെയ്തു . ഇപ്രകാരം മേധവി മഹർഷി മഞ്ജുഘോഷയോടൊപ്പം അനേകം വർഷങ്ങൾ കാമകേളികൾ ആസ്വദിച്ചുകൊണ്ട് കഴിച്ചുകൂട്ടി .
മഹർഷി തൻറെ ശ്രേഷ്ഠമായ പദവിയിൽനിന്ന് അധപതിച്ചത് കണ്ട മഞ്ജു ഘോഷ തൻ്റെ ദൗത്യം പൂർണ്ണമായതിനാൽ സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോകുവാൻ തീരുമാനിച്ചു. ദാമ്പത്യ ബന്ധത്തിലേർപ്പെട്ടു കൊണ്ടിരിക്കവേ അവൾ മേധവി മഹർഷിയോട് ഇപ്രകാരം പറഞ്ഞു . " അല്ലയോ മഹാനായ മഹർഷേ ! ഇപ്പോൾ സ്വഗൃഹത്തിലേക്ക് പോകുവാനായി എനിക്ക് അനുമതി നൽകിയാലും മേധവി മഹർഷി മറുപടിയോതി. അല്ലയോ മനോഹരി! നീ ഇവിടെ വന്നത് ഈ സായന്തനത്തിൽ മാത്രമാണ് . ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ട് നാളെ പ്രഭാതത്തിൽ പോകുക." മഹർഷിയുടെ ഇപ്രകാരത്തിലുള്ള വചനങ്ങൾ ശ്രവിച്ച ഭയന്ന മഞ്ജുഘോഷ അദ്ദേഹത്തോടൊപ്പം കുറച്ചുകൂടി വർഷങ്ങൾ ചിലവഴിച്ചു. ഇപ്രകാരം മഞ്ജു ഘോഷ 57 വർഷങ്ങളും 9 മാസങ്ങളും 3 ദിവസങ്ങളും മഹർഷിയോടൊപ്പം ചിലവഴിച്ചു . എന്നാൽ മഹർഷിക്ക് ആ കാലദൈർഘ്യം ഒരു രാത്രിയുടെ അർദ്ധ ഭാഗം പോലെ മാത്രമാണ് അനുഭവപ്പെട്ടത് . ഒരിക്കൽ കൂടി മഞ്ജു ഘോഷ സ്വഗൃഹത്തിലേക്ക് തിരിച്ചു പോകുവാനുള്ള അനുമതിതേടി. എന്നാൽ മഹർഷി ഇപ്രകാരം പറഞ്ഞു . അല്ലയോ കോമളാംഗി ! ദയവുചെയ്ത് എൻറെ വാക്കുകൾക്ക് ചെവി ചായ്ക്കൂ !. ഇപ്പോൾ പ്രഭാതമാകുന്നതേയുള്ളൂ.ഞാൻ പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കി വരുവോളം ക്ഷമിക്കുക." അപ്സരസ് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. "അല്ലയോ മഹാത്മൻ ! അങ്ങയുടെ പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കാൻ എത്രമാത്രം സമയമെടുക്കും ? ഇതുവരേക്കും അങ്ങ് അവ പൂർത്തിയാക്കിയില്ലേ ? അങ്ങ് എൻറെ സാന്നിധ്യത്തിൽ അസംഖ്യം വർഷങ്ങൾ ആസ്വദിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ സമയത്തിൻറെ യഥാർത്ഥ മൂല്യം പരിഗണിച്ചാലും."
സ്വബോധത്തിലേക്ക് തിരിച്ചു വന്ന മഹർഷി സമയം ശ്രദ്ധാപൂർവ്വം കണക്കുകൂട്ടാൻ തുടങ്ങി. യാഥാർഥ്യം മനസ്സിലാക്കിയ മഹർഷി ഇപ്രകാരം വിലപിക്കുവാൻ തുടങ്ങി. " ഹാ കഷ്ടം! ഹേ പത്മലോചനേ ! ഞാനെൻറെ മൂല്യവത്തായ സമയത്തിൻ്റെ 57 വർഷങ്ങൾ വ്യർത്ഥമാക്കി . നീ സർവ്വ നാശമാണ് വിതച്ചത്.എൻറെ തപശക്തികൾ എല്ലാം തന്നെ ക്ഷയിച്ചു ." ആ മഹർഷിയുടെ മിഴികൾ അശ്രുപൂർണ്ണങ്ങളായി.അദ്ദേഹത്തിൻ ദേഹമാസകലം വിറക്കാൻ തുടങ്ങി. മേധവി മഹർഷി മഞ്ജു ഘോഷയെ ശപിച്ചു .
"ഹേ കുലടേ ! നീ ഒരു ദുർമന്ത്രവാദിയെ പോലെ എന്നെ നിൻ്റെ മാന്ത്രിക വലയത്തിലാക്കി. അതിനാൽ നീ ഒരു ദുർമന്ത്രവാദിനി ആകുക.ഹേ പതീതയായ കുലടേ! നിന്നെ കുറിച്ച് ഓർത്ത് എനിക്ക് ലജ്ജ തോന്നുന്നു."
മഹർഷിയുടെ ശാപം ശ്രവിച്ച് ഭയചകിതയായ മഞ്ജു ഘോഷ അദ്ദേഹത്തോട് താഴ്മയായി അപേക്ഷിച്ചു . "അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ ! ദയവുണ്ടായി അവിടുത്തെ ഈശാപം പിൻവലിക്കൂ. ഞാൻ അങ്ങയോടൊപ്പം അനേകം വർഷങ്ങൾ ചിലവഴിച്ചതിനാൽ അങ്ങയുടെ ക്ഷമയ്ക്ക് പാത്രമാകാൻ ഞാൻ അർഹയാണ്. അല്ലയോ ദയാവാരിധേ! എന്നിൽ കൃപ ചൊരിഞ്ഞാലും."
മഹർഷി മറുപടിയോതി. "അല്ലയോ സുശീലേ ഞാൻ എന്താണ് ചെയ്യുക ? നീ എൻ്റെ തപശക്തികൾ എല്ലാം തന്നെ നഷ്ടമാക്കി . എങ്കിലും ഈ ശാപത്തിൽ നിന്ന് മുക്തിനേടാനായുള്ള ഒരു ഉപായം ഞാൻ പറഞ്ഞുതരാം. ശ്രദ്ധയോടെ കേൾക്കുക. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പാപമോചനി ഏകാദശി സർവ്വവിധ പാപങ്ങളെയും നശിപ്പിക്കുവാൻ തക്ക ശക്തിയുള്ളതാണ്. ഈ ഏകാദശി വിധിപ്രകാരം കർശനമായി അനുഷ്ഠിച്ചാൽ നിനക്ക് പ്രേത തുല്യമായ ഈ ദേഹത്തിൽ നിന്നും മുക്തി ലഭിക്കുന്നതാണ്." ഇത്രയും ഉരിയാടിയതിനുശേഷം മേധവി മഹർഷി തൻ്റെ പിതാവായ ച്യവന ഋഷിയുടെ ആശ്രമം ലക്ഷ്യമാക്കി നടന്നു നീങ്ങി.
തൻ്റെ ഉയർന്ന നിലയിൽ നിന്ന് അധപതിച്ചതിനാൽ അതീവ ദുഃഖിതനായ പുത്രനെ കണ്ട ച്യവന മഹർഷി അസന്തുഷ്ടനായി ഇപ്രകാരം പറഞ്ഞു. "ഹാ കഷ്ടം! നിർഭാഗ്യകരം! മകനേ നീ എന്താണ് പ്രവർത്തിച്ചത്? നീ സ്വയം നാശത്തിന് വഴിയൊരുക്കിയല്ലോ!!! ഒരു സാധാരണ സ്ത്രീയിൽ ആകർഷിതനായി വിലമതിക്കാനാകാത്ത തപസ്യയുടെ നിധിയെ നീ നഷ്ടപ്പെടുത്തി."
മേധവി മഹർഷി മറുപടിയോതി." അല്ലയോ ആദരണീയനായ പിതാവേ നിർഭാഗ്യവശാൽ ആ അപ്സരസ്സിൻ്റെ സഹവാസത്താൽ ഞാൻ നികൃഷ്ടമായ പാപപ്രവൃത്തികളിൽ ഏർപ്പെട്ടു. അതിനാൽ ദയവുണ്ടായി ഈ മഹാപാതകത്തിന് പ്രായശ്ചിത്തമായി എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിച്ചാലും. പശ്ചാത്താപത്താൽ നീറുന്ന തൻ്റെ പുത്രൻ്റെ പരിതാപകരമായ വാക്കുകൾ ശ്രവിച്ച ച്യവനമഹർഷി ഇപ്രകാരം പറഞ്ഞു. "എൻ്റെ മകനെ ! ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പാപമോചന ഏകാദശി അനുഷ്ഠിക്കുന്നത് വഴി ഒരുവൻ്റെ സർവ്വവിധ പാപങ്ങളും നിഷ്ഫലമാക്കപ്പെടുന്നു." തൻ്റെ പിതാവിൻറെ ദയാ പൂർണമായ വാക്കുകൾ ശ്രവിച്ച മേധവി മഹർഷി ആ ഏകാദശി സവിശേഷമായ ഉത്സാഹത്തോടെ അനുഷ്ഠിച്ചു. ഏകാദശിയുടെ പ്രഭാവത്താൽ അദ്ദേഹത്തിൻറെ സർവ്വവിധ പാപങ്ങളും ഭസ്മമാക്കപ്പെടുകയും പുണ്യത്തെ നേടുകയും ചെയ്തു. അതേസമയം മഞ്ജു ഘോഷയും ഈ ഏകാദശി പാലിക്കുകയും തൻ്റെ പ്രേത തുല്യമായ ജീവിതത്തിൽ നിന്ന് മുക്തയാകുകയും ചെയ്തു .അവൾ തൻറെ ദിവ്യമായ ശരീരത്തെ പുനരാർജ്ജിക്കുകയും സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു."
മന്ദാത മഹാരാജാവിനോട് ഈ കഥ വിവരിച്ചതിനുശേഷം ലോമശ മഹർഷി ഇപ്രകാരം ഉപസംഹരിച്ചു." എൻറെ പ്രിയ രാജാവേ! പാപമോചനി ഏകാദശി അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം ഒരുവൻ്റെ സർവ്വപാപങ്ങളും താനെ ഭസ്മീകരിക്കപ്പെടുന്നു. ഈ ഏകാദശിയുടെ മാഹാത്മ്യം ശ്രവിക്കുന്നതിലൂടെയോ വായിക്കുന്നതിലൂടെ ഒരുവന് ആയിരം ഗോക്കളെ ദാനം ചെയ്ത് ഫലം ലഭിക്കുന്നു.ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ബ്രഹ്മഹത്യ ,ഗോഹത്യ , ഭ്രൂണഹത്യ , മധുപാനം, ഗുരുപത്നി വേഴ്ച മുതലായ മഹാപാതകങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ഒരുവൻ മോചിതനാകുന്നു."
ഇതിനർത്ഥമെന്തെന്നാൽ ഈ പവിത്രമായ ഏകാദശി സർവ്വ മംഗള ദായകവും സർവ്വപാപഹരവുമായതിനാൽ എല്ലാവരും തന്നെ ഈ ഏകാദശി കർശനമായി പാലിക്കണം എന്നതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com