ഫാൽഗുന മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ആമലകീ ഏകാദശിയുടെ മാഹാത്മ്യങ്ങൾ ബ്രഹ്മാണ്ഡപുരാണത്തിൽ മന്ദാത മഹാരാജാവും വസിഷ്ഠ മഹർഷിയും തമ്മിലുള്ള സംഭാഷണത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഒരിക്കൽ മന്ദാത മഹാരാജാവ് ബ്രഹ്മർഷിയായ വസിഷ്ഠനോട് ഇപ്രകാരം അഭ്യർത്ഥിച്ചു . "അല്ലയോ അതീവ ഭാഗ്യശാലിയായ മഹർഷേ ! അങ്ങ് എന്നിൽ സന്തുഷ്ടനും കനിവുള്ളവനും ആണെങ്കിൽ, ദയവുണ്ടായി സർവ്വമംഗളങ്ങളേയും പ്രദാനം ചെയ്യുന്ന ഒരു വ്രതാനുഷ്ഠാനത്തെക്കുറിച്ച് പറഞ്ഞുതന്നാലും." വസിഷ്ഠമഹർഷി മറുപടിയോതി." അല്ലയോ രാജാവേ ! സർവ്വമംഗളപ്രദമായതും മഹത്തായതുമായ ഒരു വ്രതാനുഷ്ഠാനത്തിൻ്റെ മഹാത്മ്യങ്ങളെ കുറിച്ചും അതിൻറെ ചരിത്രത്തെക്കുറിച്ചും ഞാൻ വിവരിക്കാം. ഈ വ്രതാനുഷ്ഠാനം ആമലകീ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ഈ വ്രതാനുഷ്ഠാനത്തിൽ ശേഖരിക്കപ്പെടുന്ന പുണ്യത്തിൻ്റെ പ്രഭാവത്തിനാൽ ഒരുവൻ്റെ സർവ്വപാപപ്രതികരണങ്ങളും ഉന്മൂലനം ചെയ്യപ്പെടുകയും, തദ്വാരാ മോക്ഷത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ആയിരം ഗോക്കളെ ദാനം ചെയ്താൽ ലഭിക്കുന്ന ഫലത്തെ ഈ വ്രതാനുഷ്ഠാനം പ്രദാനം ചെയ്യുന്നു ."
"പുരാതനകാലത്ത് പൂർണാരോഗ്യവാൻമാരും സർവ്വൈശ്വര്യ സമ്പന്നരുമായ അനേകം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും വസിച്ചിരുന്ന വൈദിശ എന്നൊരു നഗരം ഉണ്ടായിരുന്നു . അല്ലയോ സിംഹഹൃദയനായ രാജാവേ ! ആ മനോഹരമായ നഗരത്തിൽ പാപബുദ്ധിയോ നിരീശ്വരവാദിയോ ആയ ഒരു വ്യക്തി പോലും ഉണ്ടായിരുന്നില്ല . മുഴുവൻ നഗരവും വേദമന്ത്രങ്ങളുടെ ധ്വനികളാൽ മുഗ്ദമായിരുന്നു. കീർത്തിമത്തായ ആ നഗരത്തിൽ സത്യനിഷ്ഠനും പുണ്യശീലനുമായ ചൈത്രരഥനെന്ന രാജാവ് വസിച്ചിരുന്നു. ചന്ദ്രവംശജനായ പാസബിന്ദുക രാജാവിൻ്റെ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് . അതീവ ബലവാനും പരാക്രമിയും അസാമാന്യമായ ഐശ്വര്യത്തിനുടമയുമായ അദ്ദേഹം സർവ്വ ശാസ്ത്രപാരംഗതനും വേദശാസ്ത്രങ്ങളിൽ ഗഹനമായ പാണ്ഡിത്യം ഉള്ളവനുമായിരുന്നു.ആ രാജാവിൻ്റെ ഭരണത്തിൻകീഴിൽ രാജ്യം സമ്പൽസമൃദ്ധിയാലും ഐശ്വര്യത്താലും വിളങ്ങി. സദാ ഭഗവാൻ വിഷ്ണുവിൻ്റെ ഭക്തിയുത സേവനത്തിൽ മുഴുകിയിരിക്കുന്ന അദ്ദേഹത്തിൻ്റെ പ്രജകൾ എല്ലാവരും തന്നെ ഏകാദശീവ്രതം പാലിച്ചിരുന്നു. ഭഗവാൻ വിഷ്ണുവിൻ്റെ ഭക്തിയുതസേവനത്തിൽ സദാ മുഗ്ദരായിരുന്നതിനാൽ രാജാവും സർവ്വ പ്രജകളും അതീവ സന്തോഷത്തോടെ ആ രാജ്യത്തിൽ വസിച്ചു വന്നു. അനേകവർഷങ്ങൾ ഇപ്രകാരം ആണ്ടു വരവേ, ഫാൽഗുന മാസത്തിലെ ശുക്ലപക്ഷത്തിൽ ദ്വാദശി സംയുക്തമായ ആമലകീ ഏകാദശി ഒരുനാൾ വന്നുചേർന്നു . ഈ ഏകാദശി മഹത്തായ നേട്ടത്തെ പ്രദാനം ചെയ്യും എന്ന് മനസ്സിലാക്കിയ രാജാവും പ്രജകളും ശരിയായ നിയമക്രമങ്ങളിലൂടെ വ്രതമനുഷ്ഠിക്കണം എന്ന് തീരുമാനിച്ചു . ഏകാദശി ദിവസം നേരം പുലരുമ്പോൾ തന്നെ രാജാവും പ്രജകളും നദിയിൽ സ്നാനം ചെയ്തതിനുശേഷം നദീതീരത്ത് തന്നെയുള്ള വിഷ്ണു ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിനുള്ളിൽ സ്ഥിതിചെയ്തിരുന്ന നെല്ലി വൃക്ഷത്തിൻറെ (ആമലകീ വൃക്ഷം ) ചുവട്ടിൽ രാജാവ് ജലം നിറച്ച കലശം, വെൺകൊറ്റക്കുട , വസ്ത്രം , പാദുകം , സ്വർണം , വജ്രം , പവിഴം , മുത്തുകൾ , ഇന്ദ്രനീലം മുതലായ വിലപിടിപ്പുള്ള രത്നങ്ങൾ , സുഗന്ധപൂരിതമായ ധൂപം മുതലായവ വയ്ച്ചു. അതിനുശേഷം അദ്ദേഹം പരശുരാമ ഭഗവാനെയും നെല്ലി വൃക്ഷത്തിനേയും ആ ദ്രവ്യങ്ങളാൽ ആരാധന ചെയ്തു. പിന്നീട് മഹർഷിമാരുടെ നേതൃത്വത്തിൽ രാജാവും പ്രജകളും ഭഗവാൻ പരശുരാമന് ഇപ്രകാരം പ്രാർത്ഥനകൾ സമർപ്പിച്ചു ."
"അല്ലയോ ഭഗവാനേ ! പരശുരാമാ ! രേണുകാനന്ദനാ! നെല്ലി വൃക്ഷത്തിൻ കീഴിൽ വസിക്കുന്നവനേ ! ഭൗതിക ആസ്വാദനത്തിൻ്റേയും മോക്ഷത്തിൻ്റേയും ധാതാവേ ! ഞാൻ അങ്ങേയ്ക്ക് എൻ്റെ ആദരപൂർവ്വമായ പ്രണാമങ്ങൾ സമർപ്പിക്കുന്നു." അതിനുശേഷം അവർ ആമലകീ വൃക്ഷത്തിന് തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിച്ചു . " അല്ലയോ ആമലകീ വൃക്ഷമേ ! പ്രപഞ്ചത്തിന് ആധാരകീലമായി വർത്തിക്കുന്നവനേ! ബ്രഹ്മദേവസന്താനമേ ! സർവ്വപാപഹന്താവേ ! അവിടുത്തേക്ക് ഞങ്ങളുടെ ആദരപൂർവ്വമായ പ്രണാമങ്ങൾ സമർപ്പിക്കുന്നു." ഇപ്രകാരം ആമലകീ വൃക്ഷത്തിന് ഉചിതമായ രീതിയിൽ ആരാധനകൾ അർപ്പിച്ചതിനുശേഷം പ്രജകളാൽ അകമ്പടി സേവിക്കപ്പെട്ട രാജാവ് അന്ന് രാത്രി പൂർണ്ണമായും നിദ്രയെ ത്യജിച്ചുകൊണ്ട് ആ വിഷ്ണു ക്ഷേത്രത്തിനുള്ളിൽ കഴിച്ചുകൂട്ടി. ഭഗവാനേയും ആമലകീവൃക്ഷത്തെയും സ്തുതിച്ചുകൊണ്ട് അനേകം മനോഹരങ്ങളായ കീർത്തനങ്ങളും പ്രാർഥനകളും അവർ ആലാപനം ചെയ്തു.
വിധിവശാൽ ആ സമയത്ത് ഒരു വേടൻ അവിടെ വന്നു ചേർന്നു . പല തരത്തിലുള്ള ജീവജാലങ്ങളെ വേട്ടയാടിയാണ് അവൻ തൻ്റെ ജീവിതം നിലനിർത്തിയിരുന്നത്. നെയ് ദീപങ്ങളാൽ അലങ്കൃതമായ ആ ക്ഷേത്രത്തിൽ നിന്ന് ധൂപത്തിൻ്റെ സുഗന്ധപൂരിതമായ ഗന്ധം അവിടമാകെ പരക്കുന്നുണ്ടായിരുന്നു. മംഗളകരമായ അനവധി സാമഗ്രികൾ നിറഞ്ഞ ആയിടത്തിൽ അനേകം ജനങ്ങൾ ഉറക്കമിളച്ചിരുന്ന് ഭഗവാനെ സ്തുതിക്കുന്നത് കണ്ട വേടൻ , അവർക്കൊപ്പം ഇരുന്നു കൊണ്ട് , 'എന്താണ് ഇവിടെ നടക്കുന്നത്? ' എന്നതിനെക്കുറിച്ച് ചിന്തിച്ച് ആശ്ചര്യപ്പെട്ടു. കലശത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഭഗവാൻ ദാമോദരനെ വേടൻ ദർശിക്കുകയും തുടർന്ന് ഭഗവാൻ്റെ അതീന്ദ്രിയ ലീലകളുടെ കഥനം ശ്രവിക്കുകയും ചെയ്തു . വിശപ്പിനാൽ പരിക്ഷീണനാണെങ്കിലും ഭഗവദ് ദർശനത്തിലും ഭഗവദ് കഥാകഥനത്തിലും ആകർഷിതനായ അവൻ അന്ന് രാത്രി മുഴുവൻ ഏകാദശി മഹിമയെ കുറിച്ച് കാതോർത്തു കേൾക്കുകയുണ്ടായി. അടുത്തനാൾ പ്രഭാതത്തിൽ രാജാവും പ്രജകളും തങ്ങളുടെ വാസസ്ഥാനങ്ങളിലേക്ക് മടങ്ങി. ആ വേടനും തൻറെ കുടിലിലേക്ക് പോകുകയും ആനന്ദത്തോടെ ഭോജനം ഭുജിക്കുകയും ചെയ്തു. അങ്ങനെ അനേകം വർഷങ്ങൾ കടന്നുപോയി . ആ വേടൻ തൻ്റെ ദേഹം വെടിഞ്ഞു . ആമലകീ ഏകാദശിയുടെ പ്രഭാവത്താലും അന്നേ ദിവസം രാത്രി ഉറക്കമൊഴിഞ്ഞതിനാലും, ആ വേടൻ അടുത്ത ജന്മത്തിൽ, അസംഖ്യം ആനകളും അശ്വങ്ങളും രഥങ്ങളും വലിയ സൈന്യവും അധീനതയിലുള്ള ഒരു രാജാവായി മാറി . അദ്ദേഹം ജയന്തി എന്ന കീർത്തിമത്തായ നഗരത്തിലെ രാജാവായിരുന്ന വിദുരഥ രാജാവിൻറെ ബലശാലിയായ പുത്രൻ വസുരഥനായി പുനർജന്മമെടുത്തു." അദ്ദേഹത്തിൻ്റ ഭരണത്തിൻകീഴിൽ ദശലക്ഷക്കണക്കിന് ഗ്രാമങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം സൂര്യനെപ്പോലെ തേജസ്സുള്ളവനും ചന്ദ്രനെപ്പോലെ കാന്തിമാനും ഭഗവാൻ വിഷ്ണുവിനെപ്പോലെ ബലശാലിയും ഭൂമിദേവിയെപ്പോലെ ക്ഷമശാലിയുമായിരുന്നു.സത്യവാദിയും തൻറെ കർത്തവ്യത്തിൽ സ്ഥിതപ്രജ്ഞനും ഉത്തമനായ വിഷ്ണുഭക്തനുമായിരുന്ന അദ്ദേഹം ദയാലുവും ദാനശീലനുമായിരുന്നു.
ഒരുനാൾ വേട്ടയാടുവാൻ വനത്തിൽ പോയ രാജാവിന്, നിബിഢമായ വനത്തിൽ വഴി തെറ്റിപ്പോയി.വനത്തിൽ അലഞ്ഞുതിരിഞ്ഞതിനാൽ തളർന്നുപോയ രാജാവ് വിശപ്പിനാലും ദാഹത്തിനാലും പരീക്ഷണനായി. വേറെ ഉപായം ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹം ആ ഘോര വനത്തിൽ തൻ്റെ ഹസ്തങ്ങൾ തലയിണയാക്കി നിദ്രയെ പ്രാപിച്ചു. എന്നാൽ ആ സമയത്ത് കാട്ടിൽ വസിച്ചുകൊണ്ടിരുന്ന കുറച്ചു മ്ലേച്ഛന്മാർ ഉറങ്ങിക്കൊണ്ടിരുന്ന രാജാവിനെ ആക്രമിക്കുവാൻ ഒരുങ്ങി. രാജാവിനെ തങ്ങളുടെ ശത്രുവായി തെറ്റിദ്ധരിച്ചു കൊണ്ട് അവർ അദ്ദേഹത്തെ പലതരത്തിലും ഉപദ്രവിക്കാൻ തുടങ്ങി. തങ്ങളുടെ പിതാക്കളെയും പ്രപിതാക്കളെയും പുത്രന്മാരെയും പൗത്രന്മാരെയും അമ്മമാരെയും വധിച്ച് തങ്ങളെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അവസ്ഥയിലാക്കിയത് ആ രാജാവാണെന്ന് അലറിവിളിച്ചുകൊണ്ട് അവർ അദ്ദേഹത്തെ വധിക്കുവാനൊരുങ്ങി . വിവിധ തരം ആയുധങ്ങൾ കരങ്ങൾക്കുള്ളിലൊതുക്കി കൊണ്ട് അവർ രാജാവിന് നേരെ പാഞ്ഞടുത്തു. എന്നാൽ ആശ്ചര്യകരം എന്നു പറയട്ടെ അവരുടെ ഒരു ആയുധം പോലും രാജാവിനെ സ്പർശിച്ചില്ല . വീണ്ടും വീണ്ടും തങ്ങളുടെ ശ്രമം പാഴാകുന്നതു കണ്ട ആ കാട്ടുവാസികൾ ദുഃഖിതരും അതിലേറെ ഭയത്താൽ ചേതനയറ്റവരുമായി തീർന്നു. ഭയത്താൽ ശക്തിയെല്ലാം ചോർന്നു പോയ അവർ ഒന്ന് അനങ്ങാൻ പോലുമാകാതെ സ്തബ്ദരായി നിന്നുപോയി. ആ സമയത്ത് അതീവ മനോഹരിയും സുഗന്ധമാർന്ന ചന്ദനലേപത്താലും വിവിധയിനം ആഭരണങ്ങളാലും അലങ്കൃതയായ അസാധാരണയായ ഒരു സ്ത്രീ രാജാവിൻ്റെ ദേഹത്തുനിന്നും പ്രത്യക്ഷയായി. അവൾ ആകർഷകമായ ഒരു പുഷ്പമാല്യം അണിഞ്ഞിരുന്നു. താമരയിതളുകൾ പോലെ മനോജ്ഞമായ അവളുടെ നയനങ്ങളാകട്ടെ ക്രോധത്താൽ രക്തവർണ്ണമായി തീർന്നിരുന്നു. പുരികക്കൊടികൾ ഉയർത്തി കരത്തിൽ ചക്രം ഏന്തിയ ആ ദേവി മ്ലേച്ഛൻമാരെ വധിക്കുവാനായി ക്രോധത്തോടെ പാഞ്ഞടുത്തു. ഒരു നൊടിയിടയിൽ ശക്തിമതിയായ ആ സ്ത്രീ എല്ലാം മ്ലേച്ഛൻമാരേയും കൊന്നൊടുക്കി. ഈ സംഭവത്തിനു ശേഷം രാജാവ് ബോധം വീണ്ടെടുത്തു. തൻറെ ശത്രുക്കൾ മരിച്ചുകിടക്കുന്ന ഭയാനകമായ ആ ദൃശ്യം കണ്ട് രാജാവ് അന്ധാളിച്ചുപോയി .
" ഏത് അഭ്യുദയകാംക്ഷി ആയ സുഹൃത്താണ് അതിശക്തരായ ഈ ശത്രുക്കളെ വധിച്ചു എൻറെ ജീവൻ രക്ഷിച്ചത് ? " അദ്ദേഹം ആശ്ചര്യചകിതനായി കൊണ്ട് പറഞ്ഞു." ആരാണോ ഈ പ്രവർത്തി ചെയ്തത് അവരോട് ഞാൻ അത്യന്തം നന്ദിയുള്ളവനാണ് !" ആ സമയത്ത് ആകാശത്ത് നിന്നും ഒരു അശരീരി കേൾക്കുകയുണ്ടായി .
"ഭഗവാൻ കേശവനല്ലാതെ മറ്റാർക്കാണ് തന്നെ ശരണം അടഞ്ഞ സമർപ്പിതാത്മാക്കളെ സംരക്ഷിക്കുവാൻ സാധിക്കുക!"
"തന്നെ ശരണം പ്രാപിച്ച ആത്മാക്കളെ അവിടുന്ന് സ്വയം സംരക്ഷിക്കുന്നു.!"
ഈ അശരീരി ശ്രവിച്ച രാജാവ് ആശ്ചര്യാധീനനായീ.അദ്ദേഹത്തിൻറെ ഹൃദയം ഭക്തി ഭാവത്താൽ ഉരുകിപ്പോയി. അതിനുശേഷം രാജാവ് തൻറെ കൊട്ടാരത്തിലേക്ക് തിരിച്ചു പോയി . അദ്ദേഹം ഇന്ദ്രനെ പോലെ ഒരു തടസ്സവുമില്ലാതെ തൻ്റെ രാജ്യം ഭരിച്ചു .
വസിഷ്ഠ മഹർഷി പറഞ്ഞു ."എൻ്റെ പ്രിയ രാജാവേ ! പവിത്രമായ ആമലകി ഏകാദശി പാലിക്കുന്ന ഏതൊരു വ്യക്തിയും സംശയലേശമെന്യേ ഭഗവാൻ വിഷ്ണുവിൻ്റെ ശാശ്വത വാസസ്ഥാനമായ വൈകുണ്ഡം പ്രാപിക്കും."
ഹരേ കൃഷ്ണ !
No comments:
Post a Comment