Home

Saturday, January 29, 2022

മത്സ്യാവതാരം


പരമദിവ്യോത്തമപുരുഷനായ ഭഗവാൻ സ്വാംശമായും (അദ്ദേഹത്തിന്റെ വ്യക്തിപരമായ വിസ്തരണങ്ങൾ), വിഭിന്നാംശമായും (ജീവസത്തകളെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിസ്തരണങ്ങൾ) വിസ്തരിക്കുന്നു. ഭഗവദ്ഗീത(48)യിൽ പ്രസ്താവിച്ചിട്ടുള്ളതു പോലെ, പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം: പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഈ ലോകത്തിൽ സാധുക്കളെ, അഥവാ ഭക്തന്മാരെ സംരക്ഷിക്കുന്നതിനും ദുഷ്കൃതികളെ അഥവാ അഭക്തരെ നിഗ്രഹിക്കുന്നതിനും അവതരിക്കുന്നു. അദ്ദേഹം ഇറങ്ങി വരുന്നത് പ്രത്യേകിച്ചും ഗോക്കളുടെയും, ബ്രാഹ്മണരുടെയും, ദേവന്മാരുടെയും, ഭക്തന്മാരുടെയും, വൈദിക ധർമങ്ങളുടെയും സംരക്ഷണത്തിനായാണ്. അപ്രകാരം അദ്ദേഹം വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു . ചിലപ്പോൾ ഒരു മത്സ്യമായും, ചിലപ്പോൾ ഒരു വരാഹമായും, ചിലപ്പോൾ നരസിംഹദേവനായും, ചിലപ്പോൾ വാമനദേവനായും മറ്റും - പക്ഷേ ഏതു രൂപത്തിൽ, അഥവാ അവതാരത്തിൽ ആയാലും, ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ അന്തരീക്ഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നതെങ്കിലും, അദ്ദേഹം ബാധിതനല്ല. അദ്ദേഹത്തിന്റെ പരമമായ നിയന്ത്രണശക്തിയുടെ അടയാളമാണിത്. അദ്ദേഹം ഭൗതികാന്തരീക്ഷത്തിലേക്ക് വരുന്നെങ്കിലും, മായയ്ക്ക് അദ്ദേഹത്തെ സ്പർശിക്കാൻ കഴിയില്ല. അതുകൊണ്ട് ഭൗതിക ഗുണങ്ങളൊന്നും ഒരളവിലും അദ്ദേഹത്തിൽ ചുമത്തപ്പെടാനാകില്ല.


കഴിഞ്ഞ കൽപ്പത്തിന്റെ അന്ത്യത്തിൽ ഒരിക്കൽ പ്രളയകാലത്ത് ഹയഗ്രീവനെന്ന ഒരസുരൻ ബ്രഹ്മാവിൽ നിന്ന് വേദങ്ങൾ അപഹരിച്ചു കൊണ്ടു പോകാനാഗ്രഹിച്ചു. അതിനാൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ, സ്വായംഭുവ മനുവിന്റെ ഭരണകാലത്തിന്റെ ആരംഭത്തിൽ ഒരു മത്സ്യമായി അവതരിച്ച് വേദങ്ങളെ സംരക്ഷിച്ചു. ചാക്ഷുഷ മനുവിന്റെ കാലത്ത് സത്യവ്രതനെന്നു പേരുള്ള മഹാപുണ്യവാനായ ഒരു ഭരണാധിപനുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുന്നതിനു വേണ്ടി ഭഗവാൻ രണ്ടാമതും മത്സ്യാവതാരമെടുത്തു. സത്യവ്രത രാജാവ് പിന്നീട് ശ്രാദ്ധദേവനെന്ന പേരിൽ സൂര്യദേവന്റെ പുത്രനായി ജനിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ അദ്ദേഹം മനുവായി സ്ഥാപിതനായി.


പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ അനുഗ്രഹം നേടുന്നതിന് സത്യവ്രതരാജാവ് ജലം മാത്രം പാനം ചെയ്തുകൊണ്ടുള്ള തപസ്സനുഷ്ഠിച്ചു. ഇങ്ങനെ തപസ്സനുഷ്ഠിക്കുന്നതിനിടയിൽ ഒരിക്കൽ കൃതമാലാ നദിയുടെ തീരത്തു വെച്ച് കൈക്കുമ്പിളിൽ ജലം കോരിയെടുത്ത് തർപ്പണം നടത്തുമ്പോൾ അദ്ദേഹം ആ ജലത്തിൽ തീരെ ചെറിയ ഒരു മത്സ്യത്തെ കണ്ടു. തന്നെ സുരക്ഷിതമായ ഒരു സ്ഥലത്താക്കി സംരക്ഷിക്കണമെന്ന് മത്സ്യം രാജാവിനോടാവശ്യപ്പെട്ടു. ആ ചെറിയ മത്സ്യം പരമദിവ്യോത്തമപുരുഷനായ ഭഗവാനാണെന്ന് അറിയില്ലായിരുന്നെങ്കിലും രാജാവെന്നനിലയിൽ ആ മത്സ്യത്തെ ജലം നിറയ്ക്കുന്ന ഒരു കൂജയിൽ സൂക്ഷിച്ചു. ആ മത്സ്യം പരമദിവ്യോത്തമപുരുഷനായ ഭഗവാനായിരുന്നതിനാൽ അദ്ദേഹത്തിന് സത്യവ്രത രാജാവിനെ തന്റെ ശക്തി കാണിക്കണമായിരുന്നു. അപ്രകാരം മത്സ്യം ആ കൂജയിലൊതുങ്ങാത്ത വിധം തന്റെ ശരീരം തൽക്ഷണം വികസിപ്പിച്ചു. രാജാവ് അപ്പോൾ മത്സ്യത്തെ വലിയൊരു കിണറ്റിലിട്ടു, പക്ഷേ ആ കിണറും മത്സ്യത്തിന് തീരെ ചെറുതായിരുന്നു. രാജാവ് അപ്പോൾ മ ത്സ്യത്തെ ഒരു തടാകത്തിലിട്ടെങ്കിലും തടാകവും മതിയാകാതായി. അവസാനം രാജാവ് മത്സ്യത്തെ ഒരു സമുദ്രത്തിലിട്ടു, പക്ഷേ മത്സ്യത്തെ ഉൾക്കൊളളാൻ സമുദ്രത്തിനും സാധിച്ചില്ല. അതോടെ ആ മത്സ്യം പരമദിവ്യാത്തമപുരുഷനായ ഭഗവാനല്ലാതെ മറ്റാരുമല്ലെന്ന് രാജാവിന് മനസ്സിലാവുകയും, ഭഗവാന്റെ മത്സ്യാവതാരത്തെക്കുറിച്ച് വിവരിക്കാൻ രാജാവ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. രാജാവിൽ സംപ്രീതനായ ദിവ്യോത്തമപുരുഷൻ ഭഗവാൻ, അടുത്ത ഒരു വാരത്തിനുളളിൽ പ്രപഞ്ചത്തിൽ പ്രളയമുണ്ടാകുമെന്നും, അപ്പോൾ മത്സ്യാവതാരം വാരത്തിനുള്ളിൽ പ്രപഞ്ചത്തിലുടനീളം ഒരു സംഹാരപ്രളയമുണ്ടാകുമെന്നും അപ്പോൾ മത്സ്യാവതാരം രാജാവിനെ ഋഷികളോടും, സസ്യങ്ങളോടും, വിത്തുകളോടും, മറ്റ് ജീവസത്തകളോടും കൂടി തന്റെ കൊമ്പിനോടു ചേർത്ത് ബന്ധിക്കുന്ന ഒരു വഞ്ചിയിൽ കയറ്റി രക്ഷിക്കുമെന്നും രാജാവിനെ അറിയിച്ചു. ഇത് പറഞ്ഞതിനു ശേഷം ഭഗവാൻ അന്തർധാനം ചെയ്തു. സത്യവ്രത രാജാവ് പരമോന്നതനായ ഭഗവാന് സാദരപ്രണാമങ്ങളർപ്പിക്കുകയും അദ്ദേഹത്തെ ധ്യാനിക്കുന്നത് തുടരുകയും ചെയ്തു. യഥാസമയം പ്രളയം ഉണ്ടാവുകയും അപ്പോൾ ഒരു വഞ്ചി തന്റെ അടുത്തേക്കു വരുന്നത് രാജാവ് കാണുകയും ചെയ്തു. പണ്ഡിതന്മാരായ ബ്രാഹ്മണർക്കും വിശുദ്ധ വ്യക്തികൾക്കുമൊപ്പം വഞ്ചിയിൽ കയറിയ രാജാവ് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുവാൻ പ്രാർത്ഥനകളർപ്പിച്ചു. പരമോന്നതനായ ഭഗവാൻ എല്ലാവരുടെ യും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. അപ്രകാരം അദ്ദേഹം സത്യവ്രത മഹാരാജാവിനും മഹർഷിമാർക്കും ഹൃദയാന്തർഭാഗത്ത് നിന്ന് വൈദികജ്ഞാനം ഉപദേശിച്ചു. സത്യവ്രത രാജാവ് അദ്ദേഹത്തിന്റെ അടുത്ത ജന്മത്തിൽ ഭഗവദ്ഗീതയിൽ പരാമർശിച്ചിട്ടുളള വൈവസ്വത മനുവായി ജന്മ മെടുത്തു. വിവസ്വാൻ മനവേ പാഹ: സൂര്യദേവൻ ഭഗവദ്ഗീതാശാസ്ത്രം അദ്ദേഹത്തിന്റെ പുത്രൻ മനുവിന് ഉപദേശിച്ചു. വിവസ്വാന്റെ പുത്രനായതിനാൽ ഈ മനു വൈവസ്വത മനുവെന്ന് അറിയപ്പെടുന്നു.


( ശ്രീമദ് ഭാഗവതം / സ്കന്ധം 8. അധ്യായം 24  സംഗ്രഹം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆