സതാം പ്രസംഗാന്മമ വീര്യസംവിദോ ഭവന്തി ഹത്കർണ്ണരസായനാഃ കഥാഃ തജ്ജോഷണാദാശ്വപവർഗ്ഗവർത്മനി ശ്രദ്ധാ രതിർഭക്തിരനുക്രമിഷ്യതി
വിവർത്തനം
പരിശുദ്ധ ഭക്തന്മാരുമായുള്ള സഹവാസത്തിൽ പരമദിവ്യോത്തമപു രുഷൻ ഭഗവാൻ്റെ ലീലകളെപ്പറ്റിയുള്ള സംവാദങ്ങൾ കാതിനും ഹൃദയ ത്തിനും ആഹ്ളാദവും സംതൃപ്തിയും ലഭിക്കും. അത്തരം ജ്ഞാനത്തിനുളള നിലമൊരുക്കുന്നതിലൂടെ ഒരുവൻ ക്രമാനുഗതമായി മോചനത്തിൻ്റെ മാർഗത്തിൽ പുരോഗമിക്കുകയും, അനന്തരം സ്വതന്ത്രനാവുകയും, അവൻ്റെ ആകർഷണം അതിൽ ദൃഢമാവുകയും ചെയ്യും. യഥാർത്ഥ ഭക്തിയും ഭക്തിയുതസേവനവും അപ്പോൾ ആരംഭിക്കും.
ഭാവാർത്ഥം
കൃഷ്ണാവബോധത്തിലും ഭക്തിയുതസേവനത്തിലും പുരോഗതി കൈവരിക്കുന്നതിനുള്ള പ്രക്രിയ ഇവിടെ വിവരിക്കുന്നു. ആദ്യം ചെയ്യേണ്ടത് കൃഷ്ണാവബോധത്തിലുള്ളവരും ഭക്തിയുതസേവന നിരതരുമായ വ്യക്തികളുമായി ഇടപഴകുകയാണ്. അത്തരം സഹവാസമില്ലാതെ ഒരുവന് പുരോഗമിക്കാനാവില്ല. സൈദ്ധാന്തികജ്ഞാനമോ പഠനമോ കൊണ്ടു മാത്രം ആർക്കും അഭിനന്ദനീയമായ ഉന്നതി ഉണ്ടാക്കുവാൻ കഴിയില്ല. ഒരുവൻ ഭൗതികവാദികളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഭക്തന്മാരുടെ സഹവാസം തേടണം, എന്തുകൊണ്ടെന്നാൽ, ഭക്തന്മാരുടെ സഹവാസംവിനാ അവന് ഭഗവാൻ്റെ കർമങ്ങളെപ്പറ്റി മനസിലാക്കാൻ കഴിയില്ല. ആത്യന്തിക സത്യത്തിൻ്റെ നിർവ്യക്തിക ഘടകമാണ് പൊതുവെ ജനങ്ങളുടെ മനസിലുള്ളത്. ഭക്തന്മാരുമായി സഹവാസം പുലർത്താത്തതിനാൽ പരമോന്നതമായ പരമാർത്ഥത്തിന് വ്യക്തിരൂപമുണ്ടെന്നും, വ്യക്തിപരമായ കർമങ്ങളുണ്ടെന്നും അവർക്ക് മനസിലാക്കാൻ കഴിയുന്നില്ല. ഇത് വളരെ ഖേദകരമായൊരു കാര്യമാണ്. ആത്യന്തികമായ പരമാർത്ഥത്തെപ്പറ്റി വ്യക്തിപരമായ ഗ്രാഹ്യമില്ലാത്തപക്ഷം ഭക്തിക്ക് അർത്ഥമില്ലാതാകും. രൂപരഹിതമായ യാതൊന്നിനും സേവനം, അഥവാ ഭക്തി സമർപണം ചെയ്യാനാവില്ല. സേവനം ഒരു വ്യക്തിക്കാണ് സമർപിക്കേണ്ടത്. അഭക്തന്മാർ ഭഗവാൻ്റെ കർമങ്ങളെപ്പറ്റി വിവരിച്ചിട്ടുള്ള ശ്രീമദ് ഭാഗവതമോ മറ്റു വൈദിക സാഹിത്യങ്ങളോ പാരായണം ചെയ്ത് കൃഷ്ണാവബോധത്തെ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യില്ല. ഭഗവാന്റെ പ്രവർത്തന ങ്ങളെക്കുറിച്ചുളള വിവരണങ്ങളെല്ലാം നുണകളോ, സൃഷ്ടിക്കപ്പെട്ട കഥകളോ ആണെന്ന് അവർ വിചാരിക്കും. അവർക്ക് ആദ്ധ്യാത്മികജീവിതം ശരിയായ രീതിയിൽ വിശദീകരിച്ചു കൊടുത്തിട്ടില്ലാത്തതാണ് അതിനു കാരണം. ഭഗവാൻ്റെ വ്യക്തിപരമായ കർമങ്ങൾ ഗ്രഹിക്കുന്നതിന് ഒരുവൻ ഭക്തന്മാരുടെ സഹവാസം തേടേണ്ടതും, അത്തരം സഹവാസത്തിലൂടെ ധ്യാനവും മനനവും ശീലിച്ച അതീന്ദ്രിയ കർമങ്ങൾ മനസിലാക്കാൻ ശ്രമിക്കേണ്ടതുമാണ്. അപ്പോൾ അവന് മോചനത്തിലേക്കുള്ള പാത തുറന്നു കിട്ടുകയും മോചിപ്പിക്കപ്പെടുകയും ചെയ്യും.
(ശ്രീമദ് ഭാഗവതം 3.25.25 )