ശ്രീ ശ്രീ രാധാഗോവിന്ദൻമാരുടെ ദിവ്യമായ ഊഞ്ഞാൽലീല (ജൂലൻ യാത്ര)
ലോകമെമ്പാടുമുള്ള വൈഷ്ണവജനങ്ങളാൽ സമുചിതമായി ആഘോഷിക്കപ്പെടുന്നതും, അതീവ ഭക്തിനിർഭരവുമായ ഒരു മഹോത്സവമാണ് ജൂലൻ യാത്ര. ശ്രീമതീ രാധാറാണിയുടെയും പരമപുരുഷനായ ശ്രീ കൃഷ്ണന്റെയും ദിവ്യമായ പ്രണയലീലകളെ സ്മരിക്കുന്ന സുദിനങ്ങളാണിവ. ഈ ഊഞ്ഞാൽ മഹോത്സവത്തിൽ പങ്കുചേരുന്ന ഭക്തജനങ്ങൾ കീർത്തനാലാപനങ്ങളാലും, ഭഗവൽവിഗ്രഹങ്ങളെ അലങ്കരിച്ചും, സ്വഹസ്തങ്ങളാൽ ഊഞ്ഞാലാട്ടിയും തങ്ങളുടെ നിർവ്യാജമായ ഭക്തി ഭഗവച്ചരണങ്ങളിൽ സമർപ്പിക്കുന്നു.
ജൂലൻ യാത്രയുടെ തിഥിയും ദിനങ്ങളും
പവിത്രോപന ഏകാദശി തിഥിയിലാണ് ജൂലൻ യാത്ര ആരംഭിക്കുന്നത്. തുടർന്ന് ബലരാമ പൂർണ്ണിമ (ശ്രാവണ പൂർണ്ണിമ) ദിനത്തിൽ സമാപിക്കുന്ന ഈ ഉത്സവം അഞ്ചു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്നു.
എന്നാൽ ശ്രീകൃഷ്ണന്റെ ലീലാഭൂമിയായ വൃന്ദാവനത്തിൽ ഈ ഉത്സവം പരമ്പരാഗതമായി പതിമൂന്ന് ദിവസങ്ങളോളമാണ് ആഘോഷിച്ചുവരുന്നത്.
ജൂലൻ യാത്ര: അർത്ഥവും ആവിർഭാവവും പശ്ചാത്തലവും
അർത്ഥം
‘ജൂലൻ’ എന്നാൽ ഊഞ്ഞാൽ എന്നും ‘യാത്ര’ എന്നാൽ ഉത്സവം എന്നുമാണ് അർത്ഥമാക്കുന്നത്. അതിനാൽ ജൂലൻ യാത്രയെന്നാൽ ഊഞ്ഞാൽ മഹോത്സവം എന്നത്രേ താത്പര്യം. ഭക്തജനങ്ങൾ മരത്തടികളാൽ നിർമ്മിതമായ സുന്ദരമായ ഊഞ്ഞാലുകൾ പുഷ്പങ്ങളാലും പത്രങ്ങളാലും അലങ്കരിച്ച്, അതിൽ ദിവ്യദമ്പതികളായ ശ്രീ രാധാകൃഷ്ണന്മാരെ ഇരുത്തി പരമമായ പ്രേമഭക്തിയോടെ ഊഞ്ഞാലാട്ടുന്നു.
ആവിർഭാവം
വ്രജഭൂമിയിൽ ശ്രീമതീ രാധാറാണിയും ഭഗവാൻ ശ്രീകൃഷ്ണനും ചേർന്ന് ആടിയ ദിവ്യമായ ഊഞ്ഞാൽലീലയിൽ നിന്നാണ് ഈ സമ്പ്രദായം ഉത്ഭവിച്ചത്. ബ്രഹ്മവൈവർത്ത പുരാണം, ഹരിഭക്തിവിലാസം തുടങ്ങിയ വൈഷ്ണവഗ്രന്ഥങ്ങളിൽ ഈ ദിവ്യലീലകളെക്കുറിച്ചും അതിനോടനുബന്ധിച്ച പൂജാവിധികളെക്കുറിച്ചും വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്.
ലീലാകഥ
ഭാരതീയ സംസ്കാരത്തിൽ, വിവാഹിതരായ പുത്രിമാർ ശ്രാവണ മാസത്തിൽ (ജൂലൈ–ആഗസ്റ്റ്) പിതൃഗൃഹം സന്ദർശിക്കുന്ന ഒരു വിശിഷ്ടമായ രീതിയുണ്ട്. ഈ ആചാരപ്രകാരം ശ്രീമതീ രാധാറാണി തന്റെ ഭർതൃഗൃഹമായ യാവതിൽ നിന്നും പിതൃഗൃഹമായ ബർസാനയിലേക്ക് എഴുന്നള്ളി. ശ്രീ കൃഷ്ണന്റെ തനത് സ്വരൂപമായി കണക്കാക്കപ്പെടുന്ന വിലാസഗഢ് മലമുകളിൽ വച്ച്, ശ്രീകൃഷ്ണവിരഹത്താൽ ദുഃഖിതയായ ശ്രീമതീ രാധികയുടെ മനസ്സ് സന്തോഷിപ്പിക്കാനായി പ്രിയസഖിമാർ മനോഹരമായി അലങ്കരിച്ച ഊഞ്ഞാലിൽ അവിടുത്തെ ഇരുത്തി.
അപ്പോൾ, സാരി തുമ്പുകൊണ്ട് മുഖം മറച്ച കറുത്ത നിറമുള്ള ഒരു ഗോപി അവിടെ പ്രത്യക്ഷപ്പെട്ടു. സഖിമാർ ആ ഗോപിയെ രാധാറാണിയോടൊപ്പം ഊഞ്ഞാലിൽ ഇരിക്കാൻ ക്ഷണിച്ചു. എന്നാൽ ഊഞ്ഞാലാട്ടാൻ തുടങ്ങിയതും ആ ഗോപി പരമാനന്ദത്താൽ മൂർച്ഛിച്ച് വീണു. സഖിമാർ ആശ്വസിപ്പിക്കാനായി അടുത്തുചെന്നപ്പോൾ, ഗോപിയുടെ വസ്ത്രങ്ങൾക്കിടയിൽ നിന്നും ഭഗവാന്റെ ദിവ്യവേണു (മുരളി) കണ്ടെത്തുകയും, അത് രാധാറാണിയോടൊപ്പം ഇരിക്കാനായി വേഷപ്രച്ഛന്നനായി വന്ന സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്തു.
തന്റെ പ്രാണനാഥനായ ശ്രീകൃഷ്ണനെ മുന്നിൽ കണ്ടതോടെ ശ്രീ രാധയുടെ വിരഹവേദന ശമിക്കുകയും ദിവ്യദമ്പതിമാർ പുനഃസമാഗമത്തിൽ ആനന്ദിക്കുകയും ചെയ്തു. തുടർന്ന് സഖിമാർ അതീവ സന്തോഷത്തോടെ ഊഞ്ഞാൽലീല തുടർന്നു. ആ പ്രദേശം മുഴുവൻ ഭക്തിരസത്താൽ നിബിഡമായി. ശ്രീ ശ്രീ രാധാകൃഷ്ണന്മാരുടെ ഈ മധുരമായ ലീലയെ ഭക്തിപൂർവ്വം സ്മരിച്ചുകൊണ്ടാണ് ജൂലൻ യാത്ര ഇന്നും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്.
വ്രജധാമവും വർഷാഋതുവും ജൂലൻ യാത്രയും
പവിത്രമായ ശ്രാവണമാസത്തിൽ മാനത്തു തെളിയുന്ന കാർമേഘങ്ങൾക്ക് കണ്ണന്റെ അഞ്ജനനിഭമായ ശ്യാമവർണ്ണമാണ്. വർഷാകാലത്തിന്റെ ആഗമനത്തോടെ വ്രജമണ്ഡലത്തിലെ പന്ത്രണ്ട് വനങ്ങളും ഹരിതാഭമാവുകയും, അവിടെ കുളിർകാറ്റ് വീശിയടിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ മനോഹാരിത, ശ്രീ രാധാകൃഷ്ണന്മാർ തങ്ങളുടെ മധുരലീലകൾ ആടിയ വ്രജഭൂമിയുടെ മനോജ്ഞമായ അന്തരീക്ഷത്തെ പുനഃസൃഷ്ടിക്കുന്നു.
ശ്രീ രാധാകൃഷ്ണന്മാരുടെ ഊഞ്ഞാൽലീലയ്ക്ക് വ്രജധാമവുമായി ഗാഢമായ ബന്ധമാണുള്ളത്. ഭഗവാന്റെ ആനന്ദത്തിനായി ഗോപികമാർ അവിടുത്തെ ഭീമാകാരമായ പുളിമരത്തിൽ ഊഞ്ഞാൽ ആട്ടിയതായി പറയപ്പെടുന്നു. അതിനാൽ തന്നെ ജൂലൻ യാത്ര വ്രജധാമവുമായി ഭക്തിപൂർവ്വം ബന്ധപ്പെട്ടിരിക്കുന്നു; ഭക്തജനങ്ങൾ ഈ പുണ്യഭൂമിയിൽ അവിടുത്തെ ലീലാവിനോദങ്ങളെ സ്മരിച്ചുകൊണ്ട് ദിവ്യദമ്പതികളെ ആനന്ദത്തോടെ പരിചരിക്കുന്നു.
ജൂലൻ സേവയുടെ ഭക്തിരസം
ശ്രീ രാധാകൃഷ്ണന്മാർക്ക് അർപ്പിക്കുന്ന നിർവ്യാജമായ ഭക്തിസേവനത്തിന്റെ സുന്ദരരൂപമാണ് ജൂലൻ സേവ. ഭഗവാൻ ശ്രീകൃഷ്ണൻ അഖിലാണ്ഡത്തിന്റെയും നാഥനും ഉടമസ്ഥനുമാകുന്നു; അവിടുത്തെ ഭക്തിപൂർവ്വം സേവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ തിരുഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഊഞ്ഞാൽ അലങ്കരിക്കുകയോ, ജൂലൻ സേവയിൽ പങ്കാളികളാവുകയോ, ശ്രീ രാധാകൃഷ്ണന്മാർ എഴുന്നള്ളിയിരിക്കുന്ന ഊഞ്ഞാൽ പതുക്കെ ആട്ടുകയോ ചെയ്യുന്ന ഏതൊരു ചെറിയ സേവയിലൂടെയും ഭക്തർക്ക് ഭഗവാന്റെ പ്രീതി പ്രാപിക്കുവാൻ സാധിക്കുന്നു.
ജൂലൻ യാത്രയുടെ ആദ്ധ്യാത്മിക മഹിമ
ശ്രീ രാധാകൃഷ്ണന്മാരെ പരമമായ പ്രേമഭക്തിയാൽ സന്തോഷിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മഹോത്സവമാണ് ജൂലൻ യാത്ര. വ്രജത്തിലെ ഗോപികമാർ ദിവ്യദമ്പതികളെ സന്തോഷിപ്പിക്കാനായി മാത്രമാണ് ഊഞ്ഞാലുകൾ അലങ്കരിച്ചതും, ഊഞ്ഞാലാട്ടങ്ങൾ സംഘടിപ്പിച്ചതും, ഭഗവൽഗുണങ്ങളെ കീർത്തിച്ചതും. തങ്ങളുടെ സ്വയംസന്തോഷത്തിനപ്പുറം ശ്രീ രാധാകൃഷ്ണന്മാരുടെ പ്രീതി മാത്രം കാംക്ഷിക്കുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് അവരുടെ ഈ സേവനമനോഭാവം നമ്മെ പഠിപ്പിക്കുന്നു.
ഈ ഉത്തമസേവനഭാവം ഉൾക്കൊണ്ട്, നമ്മുടെ ഏറ്റവും ചെറിയ പ്രവൃത്തികൾ പോലും അവിടുത്തെ സന്തോഷത്തിനായി സമർപ്പിക്കാം. ഊഞ്ഞാൽസേവയിലൂടെയോ, സങ്കീർത്തനാലാപനങ്ങളിലൂടെയോ, നിഷ്കളങ്കമായ ഭഗവത്സ്മരണയിലൂടെയോ ചെയ്യുന്ന ഓരോ സേവനവും നമ്മിലെ ഭക്തിയെ ഗാഢമാക്കുകയും നമ്മെ ശാശ്വതമായ ആദ്ധ്യാത്മികാനന്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കീർത്തനം
ശ്രീമതീ രാധാറാണിയുടെയും ഭഗവാൻ ശ്രീകൃഷ്ണന്റെയും മധുരമായ ഊഞ്ഞാൽലീലകളെ വർണ്ണിച്ചുകൊണ്ട് ജഗന്നാഥ ദാസ ബാബാജി രചിച്ച പ്രശസ്തമായ ഒരു ജൂലൻ യാത്രാഗീതം താഴെ നൽകുന്നു:
(1)
ദെഖോ സഖി ജൂലത യുഗള കിശോര
നീലമണി ജഡാഓല കാഞ്ചന ജോര
ലളിതാ വിശാഖ സഖി ജൂലായത സുഖെ
ആനന്ദേ മഗന ഹേരി ദോൻഹെ ദോൻഹാ മുഖെ
ഭാവാർത്ഥം: ഹേ സഖി, സുവർണ്ണവർണ്ണത്താൽ തഴുകപ്പെട്ട ഇന്ദ്രനീലമണി പോലെ ശോഭിക്കുന്ന ആ ദിവ്യയുഗളകിശോരന്മാരെ നോക്കൂ! ലളിതയും വിശാഖയും ആനന്ദത്തോടെ ഊഞ്ഞാലാട്ടുമ്പോൾ, പരസ്പരം വദനഭംഗി കണ്ടുകൊണ്ട് ദിവ്യദമ്പതിമാർ ആനന്ദസാഗരത്തിൽ മുഴുകിയിരിക്കുന്നു!
(2)
ഗരജത ഗഗനേ സഘനേ ഘന ഘോര
രംഗിണി സംഗിണി ഘേരത ചൗത്താര
വിവിധ കുസുമേ സബേ രചിയ ഹിന്ദോല
ദോലായ യുഗള സഖി ആനന്ദേ വിഭോല
ഭാവാർത്ഥം: ആകാശത്തിൽ കാർമേഘങ്ങൾ ഘനമായി ഗർജ്ജിക്കുമ്പോൾ, നാനാവിധ പുഷ്പങ്ങളാൽ അലങ്കരിക്കപ്പെട്ട ഊഞ്ഞാലിൽ വിലാസിനിയായ രാധികയും അവിടുത്തെ പ്രിയസഖിമാരും ഉപവിഷ്ടരായിരിക്കുന്നു; സഖിമാർ ആനന്ദവിവശരായി ദിവ്യദമ്പതികളെ ഊഞ്ഞാലാട്ടുന്നു.
(3)
ജൂലാഓത സഖീഗണ കരതാലി ദിയാ
സുവദനി കൊഹെ പാഛെ ഗിരായേ ബന്ധുയാ
വിഗലിത ദുകൂല ഉദിത സ്വേദ ബിന്ദു
അമിയ ഝരയേ യെനോ ദുഹൂൻ മുഖ ഇന്ദു
ഭാവാർത്ഥം: സഖിമാർ തങ്ങളുടെ കരതലങ്ങളാൽ ശക്തിയായി ഊഞ്ഞാൽ തള്ളുമ്പോൾ, സുന്ദരിമുഖിയായ രാധിക തന്റെ പ്രാണനാഥനോട് “ഹേ പ്രിയസഖേ, നാം പിന്നിലേക്ക് വീണുപോകുമല്ലോ!” എന്ന് തമാശയായി പറയുന്നു. അവരുടെ വസ്ത്രങ്ങൾ അല്പം ഇളകുകയും, ചന്ദ്രസമാനമായ മുഖകമലങ്ങളിൽ പൊടിയുന്ന സ്വേദബിന്ദുക്കൾ (വിയർപ്പുതുള്ളികൾ) അമൃതുകണങ്ങൾ പൊഴിക്കുന്നത് പോലെ ശോഭിക്കുകയും ചെയ്യുന്നു.
(4)
ഹേരി സബ സഖീഗണ ദോൻഹാകര ശ്രമ
ചാമര വീജന ലേഇ കൊരോയേ സേവന
ഭ്രമര കോകില സബ ബോസി തരു ഡാലെ
രതി ജയ രാധാ-കൃഷ്ണ രാധാ കൃഷ്ണ ബോലെ
കൊഹെ ജഗന്നാഥ കൊബെ හොബെ ശുഭ ദിനേ
സഖി സഹേ ദോൻഹാകരേ ഹേരിബോ വിപിനേ
ഭാവാർത്ഥം: ദിവ്യദമ്പതിമാരുടെ ക്ലേശം കണ്ട് സഖിമാർ ചാമരങ്ങൾ വീശി അവിടുത്തെ പരിചരിക്കുന്നു. വൃക്ഷക്കൊമ്പുകളിൽ ഉപവിഷ്ടരായിരിക്കുന്ന വണ്ടുകളും കുയിലുകളും അതീവ പ്രേമത്തോടെ “ജയ രാധാകൃഷ്ണ! ജയ രാധാകൃഷ്ണ!” എന്ന് കളകൂജനം ചെയ്യുന്നു. ജഗന്നാഥ ദാസ ബാബാജി പ്രാർത്ഥിക്കുന്നു: “സഖിമാരോടൊപ്പം വൃന്ദാവനത്തിൽ വച്ച് ആ ദിവ്യദമ്പതികളെ എനിക്ക് ദർശിക്കുവാൻ സാധിക്കുന്ന ആ സുദിനം എന്നുണ്ടാകും?”
ഈ സങ്കീർത്തനത്തിന് പുറമെ, വിഭാവരീ ശേഷ, ജയ ജയ രാധാകൃഷ്ണ, രാധേ ജയ ജയ മാധവ ദയിതേ, രാധാകൃഷ്ണ പ്രാണ മോര, വൃന്ദാവന രമ്യ സ്ഥാന തുടങ്ങിയ പാവനമായ വൈഷ്ണവഗാനങ്ങളും ജൂലൻ യാത്ര വേളയിൽ ഭക്തിപൂർവ്വം ആലപിക്കപ്പെടുന്നു.
നിഗമനം
ശ്രീ രാധാകൃഷ്ണന്മാരുടെ ദിവ്യലീലകളെ സ്മരിക്കുവാനും, വ്രജവാസികളായ ഭക്തന്മാരുടെ നിഷ്കാമമായ സേവനഭാവം ജീവിതത്തിൽ പകർത്തുവാനുമുള്ള പാവനമായ അവസരമാണ് ജൂലൻ യാത്ര. ഊഞ്ഞാൽസേവയിലും, നാമസങ്കീർത്തനത്തിലും, ഭക്തിപൂർവ്വമായ അർച്ചനകളിലും പങ്കാളികളാകുന്നതിലൂടെ അവിടുത്തെ ദിവ്യസേവനത്തിൽ മുഴുകുവാനും കൃപാകടാക്ഷത്തിനായി പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കുന്നു. ഈ ജൂലൻ മഹോത്സവം ശ്രീ രാധാകൃഷ്ണന്മാരുടെ പ്രീതി മാത്രം കാംക്ഷിക്കുവാനും, അവിടുത്തെ പരമമായ പ്രേമസേവനത്തിൽ നിരന്തരം നിലകൊള്ളുവാനും നമ്മെ ഏവരെയും പ്രചോദിപ്പിക്കട്ടെ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.