ബലിമഹാരാജാവ് അദ്ദേഹത്തിൻ്റെ പിതാമഹനായ പ്രഹ്ലാദമഹാരാജാവിനൊപ്പം സുതലഗ്രഹത്തിൽ പ്രവേശിച്ചത് എങ്ങനെയാണെന്നും, ഇന്ദ്രന് സ്വർഗത്തിൽ പുനഃപ്രവേശിക്കാൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ എങ്ങനെയാണ് അനുവാദം നൽകിയതെന്നും ഈ അധ്യായത്തിൽ വിവരിക്കുന്നു.
ഭഗവാന്റെ പാദപങ്കജങ്ങളുടെ ആശ്രയത്തിൻകീഴിൽ പൂർണസമർപ്പിതനായി ഭക്തിയുതസേവനം സ്വായത്തമാക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് മഹാത്മാവായ ബലിമഹാരാജാവ് അനുഭവിച്ചറിഞ്ഞു. ഈ നിർണയത്തിൽ ഉറച്ചിരിക്കവെ ഹൃദയം ഭക്തിഹർഷത്തിലാവുകയും കണ്ണുകളിൽ അശ്രുക്കൾ നിറയുകയും ചെയ്ത അദ്ദേഹം പരമദിവ്യോത്തമപുരുഷനായ ഭഗവാന് സാദരപ്രണാമങ്ങളർപ്പിച്ച് തന്റെ അനുയായികളോടുകൂടി സുതലഗ്രഹത്തിൽ പ്രവേശിച്ചു. അപ്രകാരം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദിതിയുടെ അഭിലാഷങ്ങൾ സഫലമാക്കുകയും ഇന്ദ്രനെ പുനഃസ്ഥാപിക്കുകയും ചെയ്തു. ബലിമഹാരാജാവിനെ ബന്ധനമുക്തനാക്കിയതറിയുന്ന പ്രഹ്ലാദമഹാരാജാവ് പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഈ ഭൗതികലോകത്തിലെ അതീന്ദ്രിയ ലീലകളെക്കുറിച്ച് വിസ്തരിച്ചു. ഭൗതികലോകം സൃഷ്ടിച്ചതിലും, എല്ലാവരോടും തുല്യനായിരിക്കുന്നതിലും, ഭക്തന്മാരോട് അത്യന്തം ഉദാരമതിയായും, ഒരു കൽപവൃക്ഷത്തെപ്പോലെ വർത്തിക്കുന്നതിലും പരമോന്നതനായ ഭഗവാനെ പ്രഹ്ലാദമഹാരാജാവ് അങ്ങേയറ്റം പ്രകീർത്തിച്ചു. ഭഗവാൻ തീർച്ചയായും അദ്ദേഹത്തിന്റെ ഭക്തന്മാരോടു മാത്രമല്ല അസുരന്മാരോടും ദയയുള്ളവനാണെന്ന് പ്രഹ്ലാദമഹാരാജാവ് പറഞ്ഞു. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ അപരിമേയവും അഹൈതുകവുമായ കാരുണ്യത്തെ അദ്ദേഹം ഇപ്രകാരം വാഴ്ത്തി സ്തുതിച്ചു. തുടർന്ന് കൂപ്പുകൈകളോടെ ഭഗവാന് സാദരപ്രണാമങ്ങളർപ്പിച്ച് ഭഗവാനെ പ്രദക്ഷിണം ചെയ്ത അദ്ദേഹവും ഭഗവാന്റെ ആജ്ഞാനുസരണം സുതലലോകത്തിൽ പ്രവേശിച്ചു. ഭഗവാൻ ഇപ്പോൾ ബലിമഹാരാജാവിന്റെ അപരാധങ്ങളും യജ്ഞനിർവഹണത്തിലെ വീഴ്ചകളും വിവരിക്കാൻ ശുക്രാചാര്യരോട് ആജ്ഞാപിച്ചു. ഭഗവാന്റെ തിരുനാമം കീർത്തിച്ച് ഫലേച്ഛാകർമങ്ങളിൽ നിന്ന് മോചിതനായ ശുക്രാചാര്യർ, ബദ്ധാത്മാവിന്റെ സമസ്താപരാധങ്ങളും തിരുനാമജപം എങ്ങനെ ഇല്ലാതാക്കുമെന്ന് വിവരിച്ചു. അനന്തരം അദ്ദേഹം ബലിമഹാരാജാവിന്റെ യജ്ഞച്ചടങ്ങ് പൂർത്തീകരിച്ചു. ഇന്ദ്രനെ സ്വർഗലോകത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനാൽ വാമനദേവനെ എല്ലാ സാധുക്കളും ഇന്ദ്രന്റെ ഉപകാരിയായി അംഗീകരിച്ചു. അവർ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ പ്രപഞ്ചകാര്യങ്ങളുടെ മുഴുവൻ പരിപാലകനായി അംഗീകരിച്ചു. വളരെ സന്തുഷ്ടരായ ഇന്ദ്രനും അദ്ദേഹത്തിന്റെ സഹായികളും വാമനദേവനെ മുൻനിർത്തി അവരുടെ വിമാനത്തിലേറിച്ചെന്ന് സ്വർഗലോകത്തിൽ പുനഃപ്രവേശിച്ചു. ബലിമഹാരാജാവിന്റെ യാഗശാലയിൽ വിഷ്ണുഭഗവാൻ നടത്തിയ അത്ഭുതകർമങ്ങൾ ദർശിച്ച എല്ലാ ദേവന്മാരും, മഹാമുനിമാരും, പിതൃക്കളും, ഭൂതങ്ങളും, സിദ്ധന്മാരും ഭഗവാനെ വീണ്ടും വീണ്ടും പുകഴ്ത്തി സ്തുതിച്ചു. വിഷ്ണുഭഗവാന്റെ മഹനീയ കർമങ്ങളുടെ കീർത്തനവും ശ്രവണവുമാണ് ബദ്ധാത്മാവിന്റെ ഏറ്റവും മംഗളകരമായ കൃത്യമെന്ന് സമർപ്പിച്ചുകൊണ്ടാണ് ഈ അധ്യായം സമാപിക്കുന്നത്.
( ശ്രീമദ് ഭാഗവതം 8 .23 / സംഗ്രഹം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.