കൃഷ്ണേ സ്വധാമോപഗതേ ധർമജ്ഞാനാദിഭിഃ സഹ
കലൗ നഷ്ടദൃശാമേഷ പുരാണാർക്കോfധുനോദിതഃ
വിവർത്തനം
ധർമം, വിജ്ഞാനം തുടങ്ങിയവയുടെ അകമ്പടിയോടെ സ്വധാമത്തിലേക്ക് ശ്രീകൃഷ്ണ ഭഗവാൻ പ്രയാണം ചെയ്തയുടൻതന്നെ അത്യുജ്ജ്വലമായ സൂര്യതേജസ്സോടെ ശ്രീ ഭാഗവത പുരാണം ആവിർഭവിച്ചു. ഈ കലിയുഗത്തിൽ അജ്ഞതയുടെ കടും അന്ധകാരത്താൽ കാഴ്ച നഷ്ടപ്പെട്ടവർക്ക് ഈ പുരാണം പ്രകാശമേകും.
ഭാവാർത്ഥം
ശ്രീകൃഷ്ണ ഭഗവാന് സ്വധാമം, അഥവാ വാസസ്ഥലമുണ്ട്. അവിടം അദ്ദേഹം ശാശ്വത സഹചാരികളോടും, അദ്ദേഹത്തിന്റെ പരിച്ഛദങ്ങജോടും കൂടി നിത്യമായി സ്വയം ആനന്ദിക്കുന്നു. ഭഗവാന്റെ ആന്തരിക ശക്തിയുടെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ ശാശ്വത ധാമം. ഭൗതിക ലോകം ഭഗവാന്റെ ബാഹ്യശക്തിയുടെ ആവിഷ്കാരമാണ് എപ്പോൾ ഭഗവാൻ ഭൗതികലോകത്തിൽ ആരോഹണം ചെയ്ത് അവതരിക്കുന്നുവോ, അപ്പോൾ ‘ആത്മ-മായ’ എന്ന് വിശേഷിപ്പിക്കുന്ന ആന്തരിക ശക്തിയുടെ അഖില പരിച്ഛദങ്ങളോടും കൂടി ഭഗവാൻ സ്വയം പ്രശോഭിക്കുന്നു. സ്വശക്തി, അഥവാ തൻ്റെ ആത്മമായയാൽ അവരോഹണം ചെയ്ത് സ്വയം അവതരിക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ അരുളിച്ചെയ്യുന്നു. ആകയാൽ ഭഗവാൻ്റെ നാമം, രൂപം, യശസ്സ്, പരിച്ഛദങ്ങൾ തുടങ്ങിയവയെല്ലാം ദ്രവ്യത്തിൻ്റെ സൃഷ്ടിയല്ല. ഭഗവാനാൽ നേരിട്ട് വിളംബരം ചെയ്യപ്പെട്ട ധർമസംഹിതകളെ ആർക്കും പുനഃസ്ഥാപിക്കാൻ കഴിയുകയില്ല. ധർമസംഹിതകളെ ആജ്ഞാപിക്കാൻ ഭഗവാനോ, അല്ലെങ്കിൽ ഭഗവാനാൽ അധികാരപ്പെടുത്തപ്പെട്ട യോഗ്യരായ വ്യക്തികൾക്കോ മാത്രമേ കഴിയുകയുള്ളൂ. ഭഗവാനെ അറിയുക, ഭഗവാനുമായുളള നമ്മുടെ ബന്ധത്തെക്കുറിച്ച് അറിയുക, ഭഗവാനുമായി ബന്ധപ്പെട്ട നമ്മുടെ കർത്തവ്യമെന്തെന്നറിയുക, ഈ ഭൗതിക ശരീരം ഉപേക്ഷിച്ചശേഷം പരമമായ നമ്മുടെ പ്രാപ്യസ്ഥാനം എന്തെന്ന് അറിയുക എന്നിവയൊക്കെയാണ് യഥാർത്ഥ ധർമം. മായാശക്തിയുടെ കുരുക്കിൽ അകപ്പെട്ട പതിതാത്മാക്കൾ ഈ ജീവിതതത്ത്വങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണ്. ഭൂരി പക്ഷം പേരും മൃഗങ്ങളെപ്പോലെ ഭോജനം, ശയനം, ഭയം, സംയോഗം എന്നിവയിൽ വ്യാപൃതരായിരിക്കുന്നു. മതാനുഷ്ഠാനപരം, വിജ്ഞാനം, അഥവാ പരിത്രാണം എന്നീ നാട്യത്തിൽ അധികപക്ഷവും ഇന്ദ്രിയാ സ്വാദനത്തിൽ നിരതരായിരിക്കുന്നു. വർത്തമാന കലഹയുഗത്തിൽ അവർ അതിരേകമായി അന്ധരായിത്തീർന്നിരിക്കുന്നു. കലിയുഗത്തിൽ ജനങ്ങൾ വെറും മൃഗങ്ങളുടെ രാജകീയ പതിപ്പാണ്. ദൈവികമായ മതാനുസാരിയായി ജീവിതത്തോടോ, അഥവാ ആത്മജ്ഞാനത്തോടോ അവർക്ക് യാതൊരു താത്പര്യവുമില്ല. സൂക്ഷ്മ മനസ്സിനും, ബുദ്ധി, അഥവാ അഹന്ത എന്നിവയുടെ അധികാരപരിധിക്കുമപ്പുറത്തായി യാതൊന്നും തന്നെ ദർശിക്കാൻ സാധിക്കാത്തവിധം അത്രയ്ക്കും അവർ അന്ധരായിത്തീർന്നിരിക്കുന്നു. അതേസമയം, വിജ്ഞാനം, ശാസ്ത്രം, ഭൗതിക ക്ഷേമം എന്നിവയുടെ പുരോഗതിയിൽ അവർ ആധിക്യമായി അഭിമാനിക്കുകയും ചെയ്യുന്നു. ജീവിതത്തിൻ്റെ ആത്യന്തികമായ ലക്ഷ്യമെന്ന ദർശനത്തെ അവർ പൂർണമായും നഷ്ടപ്പെടുത്തിയിരിക്കയാൽ നിലവിലെ ശരീരം വെടിഞ്ഞാലുടൻ നായയും, പന്നിയുമായി ജന്മമെടുക്കത്തക്കവിധം അവരുടെ ജീവിതത്തെ അവർ അപകടത്തിലാക്കിയിരിക്കുന്നു. കലിയുഗ ആരംഭത്തിനു തൊട്ടുമുമ്പ്, പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സമക്ഷം അവതരിക്കുകയുണ്ടായി. അനന്തരം കലിയുഗ പ്രാരംഭ സമയത്ത് ഭഗവാൻ നിത്യമായ സ്വധാമത്തിലേക്ക് മടങ്ങിപ്പോയി, ഭഗവാൻ ആഗതനായ സമയത്ത് വ്യത്യസ്തങ്ങളായ നിരവധി സ്വകൃത്യങ്ങളാൽ അദ്ദേഹം സർവതും പ്രദർശിപ്പിച്ചു. ഭഗവാൻ, അതിർ കടന്ന വൃഥാഭിമാനം ഭാവിക്കുന്ന സർവ മതാനുഷ്ഠാന തത്ത്വങ്ങളെയും സമൂലം നശിപ്പിക്കുകയും, ഭഗവദ്ഗീത സവിശേഷമായി അരുളിച്ചെയ്യുകയും ചെയ്തു. അനന്തരം, ഭൗതികലോകത്തിൽനിന്നും പ്രയാണം ചെയ്യുന്നതിനുമുമ്പ് ശ്രീമദ് ഭാഗവത സന്ദേശങ്ങളെ രചിക്കുവാനായി ശ്രീ വ്യാസദേവനെ നാരദൻ മുഖാന്തിരം അധികാരപ്പെടുത്തി.
ആകയാൽ രണ്ടും: ശ്രീമദ് ഭാഗവതവും, ഭഗവദ്ഗീതയും ഈ യുഗത്തിലെ അന്ധർക്ക് വഴികാട്ടിയാകുന്നു. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, ഈ കലിയുഗത്തിൽ ജീവിതത്തിൻ്റെ യഥാർത്ഥ പ്രകാശം ദർശിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, വഴികാട്ടിയായി ഈ ഇരു ഗ്രന്ഥങ്ങളെയും നിശ്ചയമായും സ്വീകരിക്കണം. എങ്കിൽ മാത്രമേ അവരുടെ ജീവിത ലക്ഷ്യം പരിപൂരിതമാകൂ. ഭാഗവതത്തിന്റെ പ്രാരംഭ അധ്യയനം ഭഗവദ്ഗീതയാണ്. ശ്രീകൃഷ്ണ ഭഗവാൻ്റെ ആകാരം പൂണ്ട ശ്രീമദ് ഭാഗവതം, ജീവിതത്തിൻ്റെ പരമകോടിയാകുന്നു. ആകയാൽ ശ്രീമദ് ഭാഗവതത്തെ പ്രത്യക്ഷ പ്രതിനിധിയായി നാം നിശ്ചയമായും അംഗീകരിക്കണം. ശ്രീമദ് ഭാഗവതത്തെ ദർശിക്കാൻ സാധ്യമാകുന്ന ഒരാൾ ശ്രീകൃഷ്ണ ഭഗവാനെ വ്യക്തിരൂപത്തിൽ ദർശിക്കുന്നു. അവ അഭിന്നങ്ങളാകുന്നു.
(ശ്രീമദ് ഭാഗവതം 1/3/43)

