ശ്ലോകം 29
സ ഏവ ഗോധനം ലക്ഷ്മ്യാ നികേതം സിതഗോവൃഷം
ചാരയന്നനുഗാൻ ഗോപാൻ രണദ്വേണുരരീരമത്.
വിവർത്തനം
അതിമനോഹരങ്ങളായ കാളകളെ മേയ്ച്ചു നടക്കുന്നതിനിടയിൽ, എല്ലാ ഐശ്വര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും സംഭരണിയായിരുന്ന ഭഗവാൻ പതിവായി തന്റെ ഓടക്കുഴൽ വായിച്ച് വിശ്വസ്ത അനുയായികളായ ഗോപാലക ബാലന്മാരെ ഉന്മേഷഭരിതരാക്കുമായിരുന്നു.
ഭാവാർത്ഥം
ഭഗവാൻ ആറേഴു വയസ്സ് വളർന്നപ്പോൾ അദ്ദേഹത്തിന് മേച്ചിൽപ്പുറങ്ങളിൽ പശുക്കളെയും കാളകളെയും മേയ്ക്കുന്ന ചുമതല ഏൽപ്പിക്കപ്പെട്ടു. നൂറുകണക്കിന്, ആയിരക്കണക്കിന് പശുക്കൾ സ്വന്തമായുള്ള സമ്പന്നനായൊരു ഭൂവുടമയുടെ പുത്രനായിരുന്നു അദ്ദേഹം. വൈദിക സാമ്പത്തിക പ്രകാരം ഒരുവൻ ധനികനായി പരിഗണിക്കപ്പെടുന്നത്, അയാളുടെ ധാന്യശേഖരത്തിന്റെയും, പശുക്കളുടെ സംഖ്യയുടെയും സ്ഥിതിയനുസരിച്ചാണ്. ഈ രണ്ടു കാര്യങ്ങളും – ഗോക്കളും ധാന്യവും – കൊണ്ടു മാത്രമേ മനുഷ്യകുലത്തിന് അതിന്റെ ആഹാര പ്രശ്നം പരിഹരിക്കാൻ കഴിയൂ. മനുഷ്യസമൂഹത്തിന് അതിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ആവശ്യത്തിന് ധാന്യവും ഗോക്കളും മാത്രം മതി. ഇവ രണ്ടുമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും കൃത്രിമവും അനാവശ്യവും മനുഷ്യന്റെ നിലവാരത്തിലുള്ള അവന്റെ വിലപ്പെട്ട ജീവിതം നശിപ്പിക്കാനും, സമയം വ്യർഥമാക്കാനുമുള്ളവയാണ്. വ്യാപാരിസമൂഹം, അഥവാ വൈശ്യർ, പശുക്കളെയും കാളകളെയും പരിപാലിക്കുകയും, ആ വിലപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണമെന്ന് മനുഷ്യകുലത്തിന്റെ ഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ വ്യക്തിപരമായ പ്രവൃത്തികളിലൂടെ ലോകത്തെ കാണിച്ചു. സ്മൃതിക്രമ പ്രകാരം ഗോവ് മനുഷ്യന്റെ മാതാവും, കാള പിതാവുമാണ്. ഒരുവൻ തന്റെ മാതാവിന്റെ പാൽ കുടിക്കുന്നതുപോലെ മനുഷ്യസമൂഹം പശുവിന്റെ പാൽ കുടിക്കുന്നതിനാൽ പശു മാതാവാണ്. പിതാവ് മക്കൾക്കു വേണ്ടി സമ്പാദിക്കുന്നതുപോലെ മനുഷ്യനു വേണ്ടി നിലമുഴുത് ധാന്യം ഉൽപ്പാദിപ്പിക്കുന്നതിനാൽ കാള പിതാവാണ്. മാതാവിനെയും പിതാവിനെയും കൊന്ന് മനുഷ്യസമൂഹം അതിന്റെ ജീവിതത്തിന്റെ ആത്മാവിനെ നശിപ്പിക്കും. മനോഹരങ്ങളായ പശുക്കളും കാളകളും ആകർഷകമായ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. അവയുടെ നിറങ്ങളും ആരോഗ്യകരവും പ്രസന്നവുമായ ഘടനയും അന്തരീക്ഷത്തെ ജീവത്താക്കുന്നു.
ഇതിനെല്ലാമുപരി ഭഗവാൻ പതിവായി തന്റെ പ്രശസ്തമായ മുരളിക വായിക്കും. ആ ദിവ്യവേണുവില്നിന്നൊഴുകിവരുന്ന മന്ദ്രമധുരമായ നാദവീചികൾ അദ്ദേഹത്തിന്റെ പ്രിയ ചങ്ങാതികളെ അതീന്ദ്രിയാനന്ദ തലങ്ങളിലേക്ക് ആനയിച്ചുകൊണ്ടുപോവുകയും, അതിൽ അലിച്ചുചേരുന്ന അവർ നിർവ്യക്തികവാദികൾ പ്രചാരത്തിലാക്കിയിരുന്ന ബ്രഹ്മാനന്ദ വർത്തമാനങ്ങൾ മറക്കുകയും ചെയ്യും. ഈ ഗോപാലക ബാലന്മാർ, ശുകദേവ ഗോസ്വാമി വിശദീകരിച്ചതുപോലെ, വർധിച്ച അളവിൽ എണ്ണമറ്റ പുണ്യങ്ങൾ ചെയ്തിട്ടുള്ള ജീവികളാകയാൽ അവർക്ക് ഭഗവാന്റെ സാന്നിധ്യവും അതീന്ദ്രിയമായ മുരളീഗാനവും ആസ്വദിക്കാനായി. ഭഗവാൻ അതീന്ദ്രിയമായ മുരളീവാദനത്തെപ്പറ്റി ബ്രഹ്മസംഹിത (5.30) സ്ഥിരീകരിക്കുന്നു:-
വേണും ക്വണന്തം അരവിന്ദ-ദളായതാക്ഷം
ബർഹാവതംസം അസിതാംബുദ-സുന്ദരാംഗം
കന്ദർപ-കോടി-കമനീയ-വിശേഷ-ശോഭം
ഗോവിന്ദം ആദി-പുരുഷം തം അഹം ഭജാമി
ബ്രഹ്മാജി പറഞ്ഞു: “തന്റെ അതീന്ദ്രിയ മുരളി വാദിക്കുന്ന പരമേശ്വരനായ ഭഗവാൻ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ താമരപ്പൂവുകൾ പോലെയാണ്. മയിൽപ്പീലികളാൽ അലംകൃതനായ അദ്ദേഹത്തിന്റെ നിറം ഒരു പുതുമഴക്കാറിന്റേതുപോലെ കറുപ്പാണെങ്കിലും, അദ്ദേഹത്തിന്റെ ശാരീരിക ഘടനകൾ ദശലക്ഷക്കണക്കിന് കാമദേവന്മാരുടേതിനേക്കാൾ സുന്ദരമാണ്.” ഇവയൊക്കെ ഭഗവാന്റെ വിശേഷാൽ ഘടനകളാണ്.
( ശ്രീമദ് ഭാഗവതം 3/2/29 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆